15 June 2024, Saturday

Related news

October 16, 2023
March 28, 2023
February 15, 2023
February 14, 2023
January 31, 2023
December 14, 2022
October 31, 2022
July 6, 2022
May 11, 2022
January 14, 2022

ജന്തുജന്യരോഗങ്ങളും ഏകാരോഗ്യവും

ഇന്ന് ലോക ജന്തുജന്യരോഗ ദിനം
Janayugom Webdesk
July 6, 2022 5:34 am

ജൂലൈ ആറ് ലോക ജന്തുജന്യരോഗ ദിനമാണ്. പേവിഷബാധക്കെതിരെ ലൂയി പാസ്ചർ ഫലപ്രദമായ വാക്സിൻ കണ്ടുപിടിച്ചതിന്റെ ഓർമ്മ പുതുക്കിയാണ് ഈ ദിനം ആചരിക്കുന്നത്. മൃഗങ്ങളും മനുഷ്യരും പരസ്പരം പങ്കുവയ്ക്കുന്ന സാംക്രമിക രോഗങ്ങളെയാണ് ജന്തുജന്യരോഗങ്ങൾ എന്ന് വിശേഷിപ്പിക്കുന്നത്. ജന്തുജന്യരോഗങ്ങൾ ലോകം മുഴുവൻ പ്രശ്നങ്ങളും ആശങ്കകളും സൃഷ്ടിക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം ഇപ്പോൾ ജീവിക്കുന്നത്. ഈ വിധത്തിലുള്ള രോഗങ്ങളെക്കുറിച്ചുള്ള അവബോധം പൊതുജനങ്ങളിൽ ഉണ്ടാക്കുക, നിയന്ത്രണമാർഗങ്ങൾ നടപ്പിലാക്കുക എന്നിവയൊക്കെയാണ് ഈ ദിനാചരണം കൊണ്ട് ഉദ്ദേശിക്കുന്നത്.

പുതുതായി മനുഷ്യരിൽ പ്രത്യക്ഷമാകുന്ന സാംക്രമിക രോഗങ്ങളിൽ 75 ശതമാനവും മൃഗങ്ങളിൽ നിന്ന് ഉത്ഭവിക്കുന്നതായാണ് കാണുന്നത്. മനുഷ്യരും മൃഗങ്ങളുമായി സമ്പർക്കം വർധിച്ചുവരുന്ന ഇന്നത്തെ സാഹചര്യത്തിൽ ജന്തുജന്യരോഗങ്ങളുടെ എണ്ണവും വ്യാപനവും ഇനിയും വർധിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.

പേവിഷബാധ, എലിപ്പനി, ആന്ത്രാക്സ്, ക്ഷയരോഗം, ബ്രൂസല്ലോസിസ് തുടങ്ങിയവയൊക്കെ കാലാകാലങ്ങളായി നമ്മുടെ സംസ്ഥാനത്ത് വ്യാപകമായി കണ്ടുവരുന്നു. പക്ഷിപ്പനി, കുരങ്ങുപനി, നിപരോഗം, വെസ്റ്റ് നൈൽ പനി എന്നിവയൊക്കെ കഴിഞ്ഞ കുറച്ചു വർഷങ്ങൾക്കുള്ളിൽ ഇവിടെ റിപ്പോർട്ട് ചെയ്യപ്പെട്ടവയാണ്. ഇന്ന് നമ്മൾ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന കോവിഡിന്റെയും ഉത്ഭവം മൃഗങ്ങളിൽ നിന്ന് തന്നെയായിരുന്നു.


ഇതുകൂടി വായിക്കൂ:  മൃഗസംരക്ഷണ മേഖലയ്ക്ക് പുത്തൻ പ്രതീക്ഷ


വളർത്തുമൃഗങ്ങളും മനുഷ്യരും പരസ്പരം അടുത്ത സമ്പർക്കത്തിൽ വസിക്കുന്ന സാമൂഹിക സ്ഥിതിയാണ് ഇന്ന് നിലവിലുള്ളത്. നേരിട്ടുള്ള സമ്പർക്കത്തിലൂടെയും മൃഗജന്യമായ ഭക്ഷണപദാർത്ഥങ്ങൾ കൈകാര്യം ചെയ്യുമ്പോഴും ഉപയോഗിക്കുമ്പോഴും രോഗാണുക്കളാൽ മലിനമാക്കപ്പെട്ട വായു, വെള്ളം എന്നിവയിലൂടെയും ചെള്ള് തുടങ്ങിയ പരാദങ്ങളിലൂടെയും ജന്തുജന്യരോഗങ്ങൾ പരസ്പരം പകരാം. പല രോഗാണുക്കളും വന്യമൃഗങ്ങളിൽ നിന്ന് വളർത്തുമൃഗങ്ങളിലേക്കും തുടർന്ന് മനുഷ്യരിലേക്കും പകരുകയാണ്. ലോകത്തെ വിറപ്പിച്ച കോവിഡ് ഈ വിധത്തിൽ ഉരുത്തിരിഞ്ഞതായാണ് അനുമാനിക്കപ്പെടുന്നത്.

മനുഷ്യരും മൃഗങ്ങളും ഒന്നിച്ച് വസിക്കുന്ന ഈ ലോകത്തിൽ മൃഗങ്ങളുടെ ആരോഗ്യപരിപാലനത്തിലൂടെയും പരിസ്ഥിതി സംരക്ഷണത്തിലൂടെയും മാത്രമെ മനുഷ്യരുടെ ആരോഗ്യം സംരക്ഷിക്കാൻ സാധിക്കുകയുള്ളൂ. എല്ലാ മേഖലകളിലും നിലവിലുള്ള വൈദഗ്ധ്യത്തെയും സൗകര്യങ്ങളെയും ഉപയോഗപ്പെടുത്തിയും വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനവും സഹകരണവും വർധിപ്പിച്ചും സാംക്രമിക രോഗങ്ങളുടെ വ്യാപനവും അതുമൂലമുള്ള സാമ്പത്തിക നഷ്ടവും സാമൂഹിക ആഘാതവും കുറയ്ക്കുക എന്നതാണ് ഏകാരോഗ്യ പ്രവർത്തനങ്ങളിലൂടെ ലക്ഷ്യംവയ്ക്കുന്നത്.

സംസ്ഥാനത്ത് കുട്ടനാടൻ പ്രദേശത്ത് പക്ഷിപ്പനി, കോഴിക്കോടും മറ്റും നിപ തുടങ്ങിയവ പൊട്ടിപ്പുറപ്പെട്ടപ്പോൾ മൃഗസംരക്ഷണ, ആരോഗ്യ, വനം വകുപ്പുകള്‍ ഒന്നിച്ച് പ്രവർത്തിച്ചത് കേരളം കണ്ടതാണ്. പേവിഷബാധ നിർണയത്തിനും മറ്റും മൃഗസംരക്ഷണവകുപ്പിന്റെ പാലോട് പ്രവർത്തിക്കുന്ന ‘സിയാദ്’ പോലെയുള്ള ലാബുകളുടെ സേവനം ആരോഗ്യവകുപ്പിനും മറ്റും യഥേഷ്ടം നൽകുന്നതും ഇതിനുദാഹരണമാണ്.


ഇതുകൂടി വായിക്കൂ: അതിജീവന പോരാട്ടങ്ങൾക്ക് കരുത്തായി മൃഗസംരക്ഷണ മേഖലയും


കേരളത്തിലെ കാലാവസ്ഥയിൽ എല്ലാവർഷവും പൊതുജനാരോഗ്യ രംഗത്ത് വെല്ലുവിളിയുയർത്തുന്ന മറ്റൊരു രോഗബാധയാണ് എലിപ്പനി. ഇതിന്റെ നിർണയത്തിനും നിരീക്ഷണത്തിനും പ്രതിരോധത്തിനും നിയന്ത്രണത്തിനുമെല്ലാം ആരോഗ്യവകുപ്പിന്റെയും മൃഗസംരക്ഷണ വകുപ്പിന്റെയും തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും സംയോജിതമായ പ്രവർത്തനങ്ങളിലൂടെ മാത്രമെ ശാശ്വതമായ ഒരു പരിഹാരം രൂപപ്പെടുത്താൻ കഴിയുകയുള്ളൂ എന്ന് തെളിയുന്നുണ്ട്. രോഗബാധിതരായ വളർത്തുമൃഗങ്ങളിൽ നിന്നും അരുമമൃഗങ്ങളിൽ നിന്നും എലിമൂത്രത്താൽ മലീമസമായ വെള്ളക്കെട്ടുകളിൽ നിന്നുമൊക്കെ എലിപ്പനിയുടെ രോഗാണുക്കൾ മനുഷ്യരിലേക്ക് പകരാമെന്നിരിക്കെ ബന്ധപ്പെട്ട വകുപ്പുകളുടെ ഏകോപനം ഈ വിഷയത്തിൽ അടിയന്തരമായി ഉണ്ടാകുകയും ഏകാരോഗ്യ പ്രവർത്തനങ്ങളുടെ ശ്രദ്ധ ഇതിലേക്ക് കേന്ദ്രീകരിക്കുകയും വേണം.

വളർത്തുമൃഗങ്ങളായ പശു, ആട്, പന്നി എന്നിവയിൽ കണ്ടുവരുന്ന ബ്രസല്ലോസിസ് എന്ന രോഗവും മനുഷ്യരിലേക്ക് പടരുവാൻ സാധ്യതയുള്ളതാണ്. ഈ കാലയളവിൽ മനുഷ്യരിലും മൃഗങ്ങളിലും പ്രസ്തുത രോഗം കൂടുതലായി റിപ്പോർട്ടു ചെയ്യപ്പെടുന്നുണ്ട്. നേരിട്ടുള്ള സമ്പർക്കം മൂലവും നന്നായി തിളപ്പിക്കാത്ത പാലിലൂടെയും പാലുല്പന്നങ്ങളിലൂടെയും രോഗം പടരും എന്നുള്ളതിനാൽ ഈ രോഗത്തിന്റെ നിയന്ത്രണത്തിനും പ്രതിരോധത്തിനും ഏകാരോഗ്യ കാഴ്ചപ്പാടിൽ ശ്രദ്ധചെലുത്തേണ്ടതായുണ്ട്. രോഗനിർണയത്തിനായി മൃഗസംരക്ഷണവകുപ്പിന്റെ പാലോടുള്ള സിയാദിലെ ലാബിന്റെ സേവനം ആരോഗ്യവകുപ്പ് ഉപയോഗപ്പെടുത്താറുമുണ്ട്.

മറ്റൊരു പ്രധാനപ്പെട്ട ജന്തുജന്യരോഗമായ ആന്ത്രാക്സ് അഥവാ അടപ്പൻ കഴിഞ്ഞ ദിവസങ്ങളിൽ തൃശൂർ ജില്ലയിലെ അതിരപ്പള്ളി മേഖലയിൽ കാട്ടുപന്നികളിൽ റിപ്പോർട്ട് ചെയ്യപ്പെടുകയും ഇതിന്റെ രോഗനിർണയത്തിനും പ്രതിരോധത്തിനും നിയന്ത്രണത്തിനും വനംവകുപ്പിന്റെയും മൃഗസംരക്ഷണ വകുപ്പിന്റെയും ആരോഗ്യവകുപ്പിന്റെയും ഏകോപിതമായ പ്രവർത്തനങ്ങൾ വേണ്ടിവന്നു. പേവിഷബാധ പോലുള്ള രോഗത്തിന്റെ നിയന്ത്രണവും പ്രതിരോധവും ഏകോപിതമായ ശ്രമങ്ങൾ ഇല്ലാതെ ഫലപ്രാപ്തി കാണുകയില്ല.


ഇതുകൂടി വായിക്കൂ: മഴക്കാല രോഗങ്ങൾക്കെതിരെ കരുതിയിരിക്കാം


മൃഗസംരക്ഷണവകുപ്പും ആരോഗ്യവകുപ്പും തദ്ദേശ സ്വയംഭരണവകുപ്പും ഒന്നിച്ചുനിന്ന് ഈ പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുന്നുണ്ട്. മനുഷ്യരിലെയും മൃഗങ്ങളിലെയും പ്രതിരോധ കുത്തിവയ്പ് കാര്യക്ഷമമാക്കുകയും തെരുവുനായ നിയന്ത്രണ പദ്ധതികൾ ഊർജിതമായി നടപ്പിലാക്കുകയും എല്ലാത്തിലുമുപരി മാലിന്യസംസ്കരണവും പരിസ്ഥിതി ശുചിത്വവും ഈ കാര്യത്തിൽ ഉറപ്പാക്കേണ്ടതുമുണ്ട്.

ഈ കഴിഞ്ഞ മാസം തിരുവനന്തപുരം ജില്ലയിൽ റിപ്പോർട്ട് ചെയ്ത ചെള്ള് പനി രണ്ടു ജീവനുകളാണ് അപഹരിച്ചത്. പണ്ട് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ മാത്രം കണ്ടുവന്നിരുന്ന കരിമ്പനി (ലീഷ്മാനിയാസിസ്) എന്ന രോഗവും ഇന്ന് കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നു. പലതരം പരാദങ്ങൾ വഴി പടരുന്ന ഈ രോഗങ്ങളുടെ നിയന്ത്രണത്തിനും സ്ഥായിയായ കർമ്മ പരിപാടികൾ നടപ്പിലാക്കണം. രോഗങ്ങൾ ഉണ്ടാകുമ്പോൾ തന്നെ ഒരു പരിധിവരെ കൃത്യമായ രോഗനിർണയത്തിലേക്ക് എത്താൻ കഴിയുന്നു എന്നുള്ളത് നമ്മുടെ വകുപ്പുകളുടെ പ്രവർത്തന മികവ് തെളിയിക്കുന്നു.

വർധിച്ചുവരുന്ന വനനശീകരണം, നഗരവല്ക്കരണം എന്നിവ മൃഗങ്ങളുടെ ആവാസവ്യവസ്ഥകളിൽ കാര്യമായ മാറ്റങ്ങൾ ഉണ്ടാക്കിയിരിക്കുന്നു. ഈ കാലയളവിൽ ഉണ്ടായ നിപ രോഗബാധ, കുരങ്ങുപനി എന്നിവയുടെ ആവിർഭാവം ഇവയുമായി ബന്ധപ്പെടുത്താവുന്നതാണ്. വിനോദസഞ്ചാരവികസനം, മൃഗോല്പന്നങ്ങളുടെ കയറ്റുമതി, ഇറക്കുമതി എന്നിവയിലുണ്ടായ വർധന, കാലാവസ്ഥാവ്യതിയാനം എന്നിവ ഈ രോഗങ്ങളുടെ പുനരാവിർഭാവത്തിനും വഴിതെളിക്കുന്നു. കൂടാതെ രോഗാണുക്കളിൽ ഉണ്ടാകുന്ന ജനിതക മാറ്റങ്ങൾ പുതിയ സാഹചര്യങ്ങളിൽ അവയെ കൂടുതൽ വീര്യമുള്ളവയും പകർച്ചാസാധ്യതയുള്ളവയുമാക്കി മാറ്റുന്നു.


ഇതുകൂടി വായിക്കൂ: ഭൂമിയുടെ അവകാശികള്‍


വ്യക്തിശുചിത്വം, പരിസര ശുചിത്വം, കൊതുക്, ചെള്ള്, പട്ടുണ്ണി എന്നിവയുടെ നിയന്ത്രണം, പരിസ്ഥിതി സംരക്ഷണം എന്നിവ വളരെ പ്രാധാന്യം കൊടുത്തു ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്. ശ്രദ്ധയോടുകൂടിയ മൃഗപരിപാലനം, വ്യക്തിസുരക്ഷാ ഉപാധികളുടെ ഉപയോഗം, സുരക്ഷിതമായ ലബോറട്ടറി പ്രവർത്തനങ്ങൾ എന്നിവ കർശനമായി പാലിക്കണം. വേഗത്തിലുള്ള രോഗനിർണയം, കൃത്യമായ ചികിത്സ, പ്രതിരോധ വാക്സിനുകളുടെ ഉപയോഗം എന്നിവ ഈ രോഗങ്ങളുടെ നിയന്ത്രണത്തിന് അത്യാവശ്യമാണ്.

ആവശ്യമായ രോഗനിർണയ നിരീക്ഷണ നിയന്ത്രണ മാർഗങ്ങൾ അവലംബിക്കുന്നതിൽ എല്ലാ വകുപ്പുകളുടെയും ഏകോപിതമായ പ്രവർത്തനം ഉറപ്പാക്കിയാൽ ജന്തുജന്യ രോഗങ്ങളെ ഒരു പരിധിവരെ നമുക്ക് അകറ്റിനിർത്തുവാൻ കഴിയും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.