15 November 2024, Friday
KSFE Galaxy Chits Banner 2

Related news

July 28, 2024
February 25, 2023
December 4, 2022
August 5, 2022
June 9, 2022
May 23, 2022
March 1, 2022
January 4, 2022

കൂറുമാറ്റ നിരോധന നിയമം: നിലവിലുള്ളത് 78 കേസുകള്‍

Janayugom Webdesk
തിരുവനന്തപുരം
December 4, 2022 9:25 pm

കൂറുമാറ്റ നിരോധന നിയമപ്രകാരം സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്റെ പരിഗണനയില്‍ നിലവിലുള്ളത് 78 കേസുകള്‍. കൂറുമാറ്റ നിരോധന നിയമമനുസരിച്ചുള്ള കേസുകളിൽ കമ്മിഷൻ വിധി പറയുന്നതോടെ തദ്ദേശ സ്ഥാപനങ്ങളിലെ അംഗത്വം നഷ്ടപ്പെടുകയും അടുത്ത ആറ് വർഷത്തേക്ക് തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് കഴിയാതെ വരികയും ചെയ്യും. തദ്ദേശ സ്ഥാപനങ്ങളിലേക്ക് 2020ൽ നടന്ന പൊതുതെരഞ്ഞെടുപ്പിനു ശേഷം കൂറുമാറ്റ നിരോധന നിയമ പ്രകാരം എട്ട് അംഗങ്ങളെയാണ് അയോഗ്യരാക്കിയത്. ഇവരുടെ വാർഡുകളിലേക്ക് ഉപതെരഞ്ഞെടുപ്പിലൂടെ പുതിയ അംഗങ്ങളെ തിരഞ്ഞെടുക്കുകയും ചെയ്തുവെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണർ എ ഷാജഹാൻ അറിയിച്ചു. കമ്മിഷന്റെ മുപ്പതാം സ്ഥാപക ദിനത്തോടനുബന്ധിച്ച് നടന്ന ശില്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

തെരഞ്ഞെടുക്കപ്പെട്ട അംഗം സ്വന്തം പാർട്ടി അംഗത്വം സ്വമേധയാ ഉപേക്ഷിക്കുകയോ പാർട്ടി വിപ്പ് ലംഘിക്കുകയോ സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചയാൾ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയിൽ ചേരുകയോ ചെയ്താൽ കൂറുമാറ്റം ആരോപിച്ച് അതേ തദ്ദേശ സ്ഥാപനത്തിലെ മറ്റൊരു അംഗമോ രാഷ്ട്രീയ പാർട്ടി ചുമതലപ്പെടുത്തുന്നയാളോ നൽകുന്ന പരാതിയാണ് കമ്മിഷൻ പരിഗണിച്ച് കോടതി നടപടിക്രമം പാലിച്ച് തീർപ്പാക്കുന്നത്. ഗ്രാമപഞ്ചായത്തിൽ ഗ്രാമസഭയും മുനിസിപ്പാലിറ്റിയിൽ വാർഡ് സഭയും കോർപറേഷനിൽ വാർഡ് കമ്മിറ്റിയും നിശ്ചിത ഇടവേളകളിൽ വിളിച്ചു ചേർക്കാത്ത വാർഡ് അംഗത്തിനെ അയോഗ്യനാക്കാൻ പ്രസ്തുത തദ്ദേശ സ്ഥാപനത്തിലെ മറ്റൊരംഗത്തിനോ തദ്ദേശ സ്ഥാപന സെക്രട്ടറിക്കോ സർക്കാർ ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ ആ വാർഡിലെ ഒരു വോട്ടർക്കോ കമ്മിഷന്റെ കോടതിയിൽ ഹർജി ഫയൽ ചെയ്യാം. ഇക്കാര്യത്തിലും അയോഗ്യത സംബന്ധിച്ച് തീരുമാനമെടുക്കുന്നത് കമ്മീഷനാണ്. 

കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പിൽ മത്സരിച്ചശേഷം കൃത്യമായി ചെലവ് കണക്ക് നൽകാത്ത 9014 സ്ഥാനാർത്ഥികളെ കമ്മിഷൻ നേരത്തെ അയോഗ്യരാക്കിയിരുന്നു. അയോഗ്യതയ്ക്കിടയാക്കുന്ന സാഹചര്യങ്ങൾ ഉപതിരഞ്ഞെടുപ്പിലേക്ക് നയിക്കുകയും തദ്ദേശ സ്ഥാപനങ്ങളുടെ സുഗമമായ പ്രവർത്തനത്തെ ബാധിക്കുകയും ചെയ്യുന്നുണ്ടെന്ന് കമ്മിഷണര്‍ ചൂണ്ടിക്കാട്ടി. സ്ഥാനാർത്ഥികളും തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും ഉദ്യോഗസ്ഥരും തെരഞ്ഞെടുപ്പ് രേഖകൾ തയാറാക്കുന്നതിലും സൂക്ഷിക്കുന്നതിലും സൂക്ഷ്മത പുലർത്തി അയോഗ്യതയ്ക്കിടയാക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നും കമ്മിഷണർ ആവശ്യപ്പെട്ടു. ശില്പശാലയിൽ അടുത്ത ഒരു വർഷക്കാലം നടത്തേണ്ട പരിപാടികളുടെ കരട് രേഖ തയാറാക്കി. 

Eng­lish Summary:Anti-Defection Law; 78 cas­es present
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.