27 July 2024, Saturday
KSFE Galaxy Chits Banner 2

ഏപ്രിൽ 22: ഇന്റർനാഷണൽ മദർ എർത്ത് ഡേ: ഒരൊറ്റ ഭൂമിയും എട്ടു ബില്യൺ സ്വപ്നങ്ങളും

സജി ജോൺ
April 22, 2022 10:30 am

പ്രകൃതിയുമായി സമരസപ്പെട്ടു പോകുന്ന ഒരു പുത്തൻ ജീവിത ക്രമത്തിന് ലോക ജനത തയ്യാറായില്ലെങ്കിൽ ഭൂമിയുടെ നിലനിൽപ്പു തന്നെ അപകടത്തിലാകുമെന്ന തിരിച്ചറിവിലാണ്, 2009 ൽ ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലി, എല്ലാ വർഷവും ഏപ്രിൽ 22, ‘അന്താരാഷ്ട്ര ഭൂമാതാ ദിനം’ (ഇന്റർനാഷണൽ മദർഎർത്ത് ഡേ) ആയി ആചരിക്കുന്നതിനുള്ള തീരുമാനം കൈക്കൊണ്ടത്. 2016 ഏപ്രിൽ 22നു 195 രാഷ്ട്രങ്ങൾ ചേർന്ന് പരിസ്ഥിതി സംരക്ഷണത്തിനായുള്ള പാരീസ് ഉടമ്പടിയിൽ ഒപ്പുവച്ചതോടെ ഈ അന്താരാഷ്ട്ര ദിനാചരണത്തിന്റെ പ്രാധാന്യം പതിന്മടങ്ങു വർധിച്ചിട്ടുണ്ട്. നമ്മുടെ ആവാസ വ്യവസ്ഥകളെ വീണ്ടെടുക്കുന്നതിനുള്ള “ഐക്യരാഷ്ട്രസഭാ ദശാബ്ദമായി” 2021 മുതൽ 2030 വരെ ആചരിക്കുന്നതിനുള്ള തീരുമാനവും ഇതിനു തുടർച്ചയായി, യു. എൻ ജനറൽ അസംബ്ലി പ്രഖ്യാപിക്കുകയുണ്ടായി. ആവാസവ്യവസ്ഥകളുടെ വീണ്ടെടുക്കലിലൂടെ മാത്രമേ, ലോകജനതയുടെ സുസ്ഥിര വികസന സങ്കല്പങ്ങളെ യാഥാർഥ്യമാക്കുവാനും കാലാവസ്ഥാ വ്യതിയാനം ഉയർത്തുന്ന ദുരന്തഭീഷണിയിൽ നിന്നും ഭൂഗോളത്തെ രക്ഷിക്കുവാനും കഴിയുള്ളുവെന്ന സത്യം ലോകത്തെ ബോധ്യപ്പെടുത്തലാണ് ഐക്യരാഷ്ട്രസഭയുടെ ലക്‌ഷ്യം.

1969ൽ സാൻഫ്രാൻസിസ്‌കോയിൽ നടന്ന യുനെസ്കോ സമ്മേളനത്തിൽ, സമാധാന പ്രവർത്തകനായ ജോൺ മക്ഡോണൽ ആണ് ഭൗമദിനാചരണം എന്ന ആശയം ആദ്യമായി മുന്നോട്ടു വച്ചത്. തുടർന്ന്, സെനറ്റർ ഗെയ്‌ലോർഡ്‌ നെൽസണിന്റെ നേതൃത്വത്തിൽ അമേരിക്കയിൽ 1970 ഏപ്രിൽ 22നു ആദ്യ ഭൗമദിനാചരണം സംഘടിപ്പിക്കപ്പെട്ടു. 20 മില്യണിലധികം ജനങ്ങൾ തെരുവിലിറങ്ങിയ ഈ ദിവസമാണ് ചരിത്രത്തിലെ ഏറ്റവും വലിയ ഏകദിന പ്രക്ഷോഭമായി ഇന്നും കരുതപ്പെടുന്നത്. തൊണ്ണൂറുകളിൽ എത്തിയപ്പോഴേക്കും, ഭൗമദിനാചരണം അമേരിക്കയ്ക്ക് പുറത്തു 193 രാജ്യങ്ങളിലേക്ക് വ്യാപിച്ചു. 2022 ലെ “അന്താരാഷ്ട്ര ഭൂമാതാ ദിനം” ഈ വിധത്തിൽ, അൻപത്തിരണ്ടാമത് ഭൗമദിനാചരണം കൂടിയാണ്. ആഗോള താപനത്തിലെ വർദ്ധനവ് വ്യാവസായിക വിപ്ലവ കാലഘട്ടത്തിനു മുൻപുള്ള താപനിലയിൽ നിന്നും 1.5 ഡിഗ്രിയിലധികം ഉയരാതിരിക്കുവാനുള്ള ധാരണാപത്രമാണ് പാരീസ് ഉടമ്പടി. എന്നാൽ കാർബൺ ബഹിർഗ്ഗമനവും അതുവഴിയുള്ള ആഗോള താപനവും ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിൽ എത്തിനിൽക്കുന്നു.


ഇതുകൂടി വായിക്കൂ:  കൊറോണ കാലത്തെ ഭൂമി


ചുഴലിക്കാറ്റ്, പേമാരി, ഉഷ്ണപാതം, വെള്ളപ്പൊക്കം, വരൾച്ച തുടങ്ങിയ തീവ്ര കാലാവസ്ഥാ പ്രതിഭാസങ്ങൾ നിത്യേനയെന്നോണം ലോകത്തിന് അഭിമുഖീകരിക്കേണ്ടിവരുന്നു. ജൈവവൈവിധ്യവും ആവാസ വ്യവസ്ഥകളും വലിയ ഭീഷണി നേരിടുന്നു. ശുദ്ധജല ലഭ്യതയും ഭക്ഷ്യസുരക്ഷയും അപകടത്തിലേക്ക് നീങ്ങുന്നു. സമുദ്രനിരപ്പ് ഉയരുന്നത് ലക്ഷക്കണക്കിന് ജനങ്ങളെ പുനരധിവാസത്തിലേക്കും പട്ടിണിയിലേക്കും നയിക്കുന്നു. പ്രധാനപ്പെട്ട ഭക്ഷ്യമേഖലകളിൽ പലതും കൃഷിക്ക് അനുയോജ്യമല്ലാത്തവിധം മാറ്റത്തിനു വിധേയമായിക്കൊണ്ടിരിക്കുന്നു. ഈ വെല്ലുവിളികളെല്ലാം നേരിടുന്നതിനു നമുക്കു ശേഷിക്കുന്നത് വെറും ഒമ്പതാം വർഷങ്ങൾ മാത്രമാണെന്ന ഓർമപ്പെടുത്തലാണ് ഈ വർഷത്തെ അന്താരാഷ്ട്ര ഭൂമാതാ ദിനാചരണം. രണ്ടു വർഷത്തിലധികമായി നീണ്ടുനിൽക്കുന്ന കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയിൽ നിന്ന് കരകയറുവാൻ ഒരു രാജ്യത്തിനും നാളിതുവരെ കഴിഞ്ഞിട്ടില്ല.

ഇത് ഹരിത സമ്പദ് ഘടനയ്ക്കായുള്ള ആഗോള നിക്ഷേപങ്ങൾക്കു പ്രതിബന്ധം സൃഷ്ടിക്കുകയാണ്. പാരീസ് ഉടമ്പടി പ്രകാരം ആഗോള താപനം 1.5 ഡിഗ്രിയിൽ പിടിച്ചു നിർത്തുന്നതിന്, പുനരുപയോഗ ഊർജ്ജസ്രോതസ്സുകൾക്കായി മാത്രം 2050 നുള്ളിൽ 131 ട്രില്യൻ ഡോളറിന്റെ നിക്ഷേപം വേണ്ടിവരും. വികസ്വര രാജ്യങ്ങൾക്കു കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കുന്നതിന് 2030നുള്ളിൽ 300 ബില്യൺ ഡോളർ കണ്ടെത്തേണ്ടിവരും. ഇന്ത്യയെ പോലെയുള്ള വികസ്വര രാഷ്ട്രങ്ങൾക്ക് ഇതെല്ലാം വലിയ വെല്ലുവിളി തന്നെയാണ്. മാത്രവുമല്ല, തൊഴിൽ മേഖലയിൽ വലിയ നഷ്ടം നേരിടേണ്ടിവരുമെന്ന ഭയവുമുണ്ട്.


ഇതുകൂടി വായിക്കൂ:  ഏപ്രിൽ 22 ലോകഭൗമദിനം: ഭൂമി കോവിഡ് കാലത്ത്


എന്നാൽ ഈ വാദങ്ങളെയെല്ലാം ഐക്യരാഷ്ടസഭ ശക്തമായി പ്രതിരോധിക്കുകയാണ്. പരിസ്ഥിതി ലക്ഷ്യങ്ങൾ നേടുന്നതിനാവശ്യമായ അടിസ്ഥാനസൗകര്യ വികസനം സാധ്യമാക്കുവാൻ 2030നുള്ളിൽ 90 ട്രില്യൻ ഡോളർ അധികമായി ചെലവഴിക്കേണ്ടി വന്നേക്കാം. എന്നാൽ, ഹരിത സമ്പദ്ഘടനയ്ക്ക് അതിലും വലിയ നേട്ടങ്ങൾ ഉറപ്പാക്കുവാൻ കഴിയും. ഒരു ഡോളറിന്റെ നിക്ഷേപം, ശരാശരി 4 ഡോളറിന്റെ സുസ്ഥിര നേട്ടം കൈവരിക്കുവാൻ വഴിയൊരുക്കുമെന്നാണ് യു. എൻ വ്യക്തമാക്കുന്നത്. സുസ്ഥിര കാർഷിക നയങ്ങളും വനസംരക്ഷണവും വഴി പ്രതിവർഷം 2 ട്രില്യൻ ഡോളറിന്റെ നേട്ടമുണ്ടാകും. സുസ്ഥിര നഗരവികസനവും 2 ട്രില്യൻ ഡോളറിന്റെ നേട്ടമുണ്ടാക്കും. പുനരുപയോഗ ഊർജ്ജ സ്രോതസ്സുകളിലേക്കുള്ള മാറ്റവും ഇലക്ട്രിക്ക് വാഹനങ്ങളുടെ ഉപയോഗവും സമാനമായ ‘ഗ്രീൻ ട്രാൻസിഷൻ’ ഉദ്യമങ്ങളും വഴി, 2030ഓടെ 24 മില്യൺ തൊഴിലവസരങ്ങൾ പുതുതായി സൃഷ്ടിക്കുവാൻ കഴിയുമെന്നും ഐക്യരാഷ്ട്രസഭ പ്രത്യാശിക്കുന്നു. ഈ കാലയളവിൽ നഷ്ടപ്പെടുന്ന തൊഴിലവസരങ്ങളുടെ എണ്ണം 6 മില്യൺ മാത്രമായിരിക്കുമെന്നും ആകെയുള്ള 163 സമ്പദ്മേഖലകളിൽ 10,000നു മുകളിൽ തൊഴിൽ നഷ്ടപ്പെടുന്നത് 14 മേഖലകളിൽ മാത്രമായിരിക്കുമെന്നാണ് യുഎൻ അനുമാനിക്കുന്നത്. അതേസമയം, അതിതാപനം മൂലം ആഗോളതലത്തിൽ 2.2% തൊഴിൽ ദിനങ്ങൾ നഷ്ടപ്പെട്ടേക്കാമെന്നും അത് 80 മില്യൺ തൊഴിലവസരങ്ങൾക്കു തുല്യമായിരിക്കുമെന്നും യു.എൻ ഓർമിപ്പിക്കുന്നു. വായൂമലിനീകരണം കുറയുന്നതുവഴി മാത്രം ആഗോള സമ്പദ് വ്യവസ്ഥയിൽ പ്രതിവർഷം 1.2 മുതൽ 4.2 വരെ ട്രില്യൻ ഡോളറിന്റെ നേട്ടം ഉണ്ടാകും. ശരിയായ ജല പരിപാലന മാർഗങ്ങൾ അവലംബിക്കുന്നത്, സാമ്പത്തിക വളർച്ച 6% വരെ വർധിക്കുന്നതിനു സഹായകമാകും. കാലാവസ്ഥാ വ്യതിയാനം
സൃഷ്ടിക്കുന്ന ദുരന്തങ്ങൾ നേരിടുവാൻ വേണ്ടിവരുന്ന തുക, 50% ആയി കുറയ്ക്കുവാനും കഴിയും.

കാലാവസ്ഥാ വ്യതിയാനം സൃഷ്ടിച്ചേക്കാവുന്ന സർവ്വനാശത്തിൽ നിന്നും ഭൂഗോളത്തെ രക്ഷിക്കുവാനുള്ള അവസാനത്തെ അവസരമായാണ്, 20202030 ദശാബ്ദത്തെ ശാസ്ത്രകാരന്മാർ വിശേഷിപ്പിക്കുന്നത്. ആഗോളതാപനത്തിനു നിദാനമായ കാർബൺ ബഹിർഗമനത്തിന് എല്ലാ ലോകരാഷ്ട്രങ്ങളും ഉത്തരവാദികളാണ്. എന്നാൽ ലോകത്തിലെ 10 രാഷ്ട്രങ്ങളുടെ മാത്രം വിഹിതം 68 ശതമാനമാണ്. കുറഞ്ഞ ബഹിർഗമന നിരക്കുള്ള 100 രാജ്യങ്ങളുടെ വിഹിതം മൊത്തം ബഹിർഗമനത്തിന്റെ മൂന്ന് ശതമാനം മാത്രമാണെന്നുള്ളത് ഉയർന്ന ബഹിർഗമന നിരക്കുള്ള രാജ്യങ്ങളുടെ ഉത്തരവാദിത്തം പതിന്മടങ്ങു വർധിപ്പിക്കുന്നു. എന്നാൽ രാഷ്ട്രങ്ങൾക്കു മാത്രമല്ല, പ്രകൃതിയുടെ പരിലാളനം നിത്യം അനുഭവിച്ചറിയുന്ന ഓരോ മനുഷ്യനും ഈ ഭൂഗോളത്തെ പരിരക്ഷിക്കുന്നതിനുള്ള ഉത്തരവാദിത്തമുണ്ടെന്ന് നമ്മൾ തിരിച്ചറിയേണ്ടതുണ്ട്.

 


ഇതുകൂടി വായിക്കൂ: കാലാവസ്ഥാ വ്യതിയാനം: കേരളീയര്‍ ഇനി കാഴ്ചക്കാരല്ല


 

2020 വർഷം, ആഗോളതലത്തിൽ 811 മില്യൺ ജനങ്ങളാണ് പട്ടിണിയെ അഭിമുഖീകരിച്ചത്. എന്നാൽ പ്രതിദിനം 17% ഭക്ഷ്യവസ്തുക്കളാണ് നാം പാഴാക്കി കളയുന്നത്. കാർബൺ ബഹിർഗമനത്തിന്റെ 10 ശതമാനവും ഇതുമൂലമാണെന്നു തിരിച്ചറിയുമ്പോഴാണ് പ്രകൃതിയോട് നാം ചെയ്യുന്ന ദ്രോഹത്തിന്റെ ആഴം മനസ്സിലാകുന്നത്. ആഗോള കാർബൺ ബഹിർഗമനത്തിൽ, മൃഗ പരിപാലനം ഉൾപ്പെടെയുള്ള കൃഷിമേഖലയുടെ സംഭാവന 25% ആണ്. അതിൽ 75 ശതമാനവും മാംസാഹാരങ്ങൾ വഴിയാണ്. എന്നാൽ, ജന്തുജന്യ പ്രോട്ടീനുകളുടെ 20 ശതമാനവും ലഭ്യമാകുന്നത് മൽസ്യങ്ങളിൽ നിന്നുമാണ്. സന്തുലിതമായ ഭക്ഷ്യക്രമം കൊണ്ടുമാത്രം കാർബൺ ബഹിർഗമനത്തിൽ വലിയ നിയന്ത്രണം സാധ്യമാകുമെന്നാണ് ഇതുകാണിക്കുന്നത്.

പെട്രോള്‍, കല്‍ക്കരി തുടങ്ങിയ ജൈവ ഇന്ധനങ്ങളുടെ വർധിച്ച ഉപയോഗം മൂലം 90 ശതമാനം ജനങ്ങളും വായൂമലിനീകരണം വഴിയുള്ള ആരോഗ്യപ്രശ്നങ്ങൾനേരിടുന്നു. പാരീസ് ഉടമ്പടി പ്രകാരമുള്ള പ്രതിരോധ മാർഗങ്ങൾ നിറവേറ്റുവാൻ കഴിഞ്ഞില്ലെങ്കിൽ വായുമലിനീകരണത്തിനു നമുക്കു നല്കേണ്ടിവരുന്ന വില പ്രതിവർഷം ഒരു മില്യൺ മനുഷ്യജീവനാണ്. അതിതാപനം കൊണ്ടും പട്ടിണി
കൊണ്ടും; മലേറിയ, ഡയേറിയ തുടങ്ങിയ രോഗങ്ങൾ കൊണ്ടും പ്രതിവർഷം 250,000 പേരുടെ ജീവനും ഇതിനൊപ്പം ഭീഷണി നേരിടുന്നുണ്ട്.

നമ്മുടെ ജലസ്രോതസ്സുകളിൽ വെറും 3% മാത്രമാണ് കുടിവെള്ളത്തിനായി ലഭ്യമായിട്ടുള്ളത്. ഇതിൽ 2.5 ശതമാനവും ആർട്ടിക്അന്റാർട്ടിക് മേഖലകളിലെ ഹിമകട്ടികളാണ്. കൃത്യമായ സംരക്ഷണ മാർഗങ്ങൾ അവലംബിച്ചില്ലെങ്കിൽ, വർഷത്തിൽ ഒരു മാസമെങ്കിലും ശുദ്ധജലം ലഭിക്കാത്ത ലോകജനതയുടെ എണ്ണം 2050ൽ ഇപ്പോഴത്തെ 3.6 ബില്യണിൽ നിന്നും 5 ബില്യണായി ഉയരും. ലോകത്തെ മൂന്നിൽ രണ്ടു ജനങ്ങൾ കുടിവെള്ള ക്ഷാമം നേരിടുമ്പോൾ നാം ദുരുപയോഗപ്പെടുത്തുന്നതും മലിനപ്പെടുത്തുന്നതുമായ വെള്ളത്തിന്റെ വില എന്തുമാത്രമെന്ന് നമുക്ക് ഊഹിക്കുവാൻ കഴിയും. വീടുകളിൽ പാഴാക്കുന്ന ഓരോ തുള്ളി വെള്ളത്തിന്റെയും വില അമൂല്യമാണെന്ന് നാം തിരിച്ചറിയേണ്ടതുണ്ട്. അതുപോലെ, ലോകത്തെ 790 മില്യൺ ജനങ്ങൾക്കും വൈദ്യുതി ഇന്നുമൊരു സ്വപ്നമാണ്. വീടുകളിലും സ്ഥാപനങ്ങളിലുമെല്ലാം പാഴാക്കുന്ന വൈദ്യുതോർജ്ജത്തിന്റെ വിലയും അതിനു പ്രകൃതി നൽകേണ്ടി വരുന്ന വിലയും നമ്മൾ തിരിച്ചറിഞ്ഞേ തീരൂ. ലോകത്ത് മൊത്തം ഉപയോഗിക്കുന്ന കാറുകളുടെ എണ്ണം, 2050ൽ ഇപ്പോഴുള്ളതിന്റെ മൂന്നിരട്ടിയായി വർധിക്കും. അങ്ങനെ, ഏറ്റവും കൂടുതൽ കാർബൺ ബഹിർഗമന വർദ്ധനവ് സൃഷ്ടിക്കുന്ന മേഖലയായി ഉപരിതല ഗതാഗതം മാറുകയാണ്. എന്നാൽ, 60% വാഹനങ്ങളെങ്കിലും വൈദ്യുതിയിലേക്കു മാറിയാൽ, ഒഴിവാക്കാനാകുന്നത് 60 ബില്യൺ മെട്രിക്‌ടൺ കാർബൺ ബഹിർഗമനമാണ്. ആഡംബര ചെരുപ്പുകളിലും വസ്ത്രങ്ങളിലുമുള്ള നമ്മുടെ ഭ്രമം പോലും പ്രകൃതിക്കു താങ്ങാനാവാത്തതാണെന്ന് നാം മനസ്സിലാക്കേണ്ടതുണ്ട്. 8% കാർബൺ ബഹിർഗമനത്തിനും 20% മലിനജല സ്രാവത്തിനും ഇടയാക്കുന്നത്, ഫാഷൻ വ്യവസായമാണ്.


ഇതുകൂടി വായിക്കൂ: അവഗണിക്കാനാകാത്ത അനിവാര്യ മുന്നറിയിപ്പ്


 

അഞ്ച് മില്യൺ ജനങ്ങൾക്കു കുടിവെള്ളം നൽകുവാൻ മതിയായ 93 ബില്യൺ ക്യൂബിക് മീറ്റർ വെള്ളമാണ് ഓരോവർഷവും ഫാഷൻ മേഖല ഉപയോഗിക്കുന്നത്. പരുത്തിത്തുണിയില്‍ ഒരു ജോഡി ജീൻസിന്റെ നിർമാണത്തിനുവേണ്ടത് 7500 ലിറ്റർ വെള്ളമാണ്. നമ്മൾ ഉപേക്ഷിക്കുന്ന വസ്ത്രങ്ങളിൽ ഏതാണ്ട് 85 ശതമാനവും പുനരുപയോഗിക്കാതെ മണ്ണിലേക്ക് തള്ളപ്പെടുകയാണ്. അതുപോലെ, പ്ലാസ്റ്റിക് വേസ്റ്റുകളിൽ 9% മാത്രമാണ് പുനരുപയോഗിക്കപ്പെടുന്നത്. ശേഷിക്കുന്നതിൽ വലിയ പങ്കും മണ്ണിലേക്ക് നിക്ഷേപിക്കപ്പെടുമ്പോൾ അതു മണ്ണിന്റെ ജീവനെ തന്നെ ഇല്ലാതാക്കുന്നു. ചുരുക്കത്തിൽ, ഭൂഗോളത്തിലെ സർവ ആവാസ വ്യവസ്ഥകൾക്കുമൊപ്പം, സഹവർത്തിത്തത്തോടെ ജീവിക്കുവാനുള്ള അവകാശം മാത്രമാണ് നമുക്കുള്ളതെന്ന് അന്താരാഷ്ട്ര ഭൗമദിനാചരണം നമ്മെ ഓർമപ്പെടുത്തുന്നു. അതു സാധ്യമായ വിധത്തിൽ, സുസ്ഥിരമായ ഒരു ഉല്പാദനഉപഭോഗ, സാമൂഹ്യസാമ്പത്തിക ലോകക്രമം ഉരുത്തിരിയേണ്ടതുണ്ട്. അതിനു കഴിഞ്ഞില്ലെങ്കിൽ, നമുക്കു നഷ്ടമാകുന്നത് നല്ല നാളെയുടെ നമ്മുടെ സ്വപ്നങ്ങൾ തന്നെയാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.