17 November 2024, Sunday
KSFE Galaxy Chits Banner 2

മദ്യവും മയക്കുമരുന്നും ഒന്നാണോ?

വലിയശാല രാജു
November 2, 2022 4:30 am

കേരളത്തിൽ മയക്കുമരുന്നിനെതിരെ വലിയൊരു ക്യാമ്പയിൻ നടക്കുകയാണ്. അന്തർദേശീയ തലത്തിൽത്തന്നെ വളരെ ഗൗരവതരമായ വിഷയമാണിത്. ലോകാരോഗ്യ സംഘടന തന്നെ ഭാവിതലമുറയെ സംരക്ഷിക്കാൻ ഇത്തരമൊരു സംരംഭത്തിന് നേതൃത്വം കൊടുക്കുന്ന അവസരത്തിൽ തന്നെയാണ് കേരള സർക്കാർ ഇപ്പോൾ മുന്നിട്ടിറങ്ങിയിരിക്കുന്നത്. ഇന്ത്യയിൽ വിവിധ എയർപോർട്ടുകളിൽ നിന്നും ദിവസേനയെന്നോണം മയക്കുമരുന്നുകളുടെ വലിയ ശേഖരങ്ങളാണ് പിടിക്കുന്നത്. കേരളത്തിലും ഇവ എത്തുന്നുണ്ട്. പൊലീസും എക്സെെസും ചേർന്ന് അടുത്തിടെ വ്യാപകമായി കണ്ടെത്തുകയുണ്ടായി. ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്.
യുവജനങ്ങളെ ലക്ഷ്യമിട്ട് വലിയൊരു മാഫിയ തന്നെ പ്രവർത്തിക്കുന്നുണ്ട്. അതുകൊണ്ടാണ് ഇന്ത്യയിൽത്തന്നെ ആദ്യമായി ഇങ്ങനെയൊരു സംഘടിത മുന്നേറ്റം മയക്കുമരുന്നിനെതിരെ സംസ്ഥാനത്ത് ഉണ്ടായത്. അറിഞ്ഞോ അറിയാതെയോ ചില വിമര്‍ശനങ്ങളും ഇതിനെതിരെ ഉയരുന്നുണ്ട്. ചിലർ മറ്റ് ലക്ഷ്യങ്ങളോടെ ബോധപൂർവം തെറ്റിദ്ധാരണ പരത്താനാണ് ശ്രമമെങ്കിൽ ചില ശുദ്ധഗതിക്കാരും ഇതിൽപ്പെട്ട് പോകുന്നു എന്നതാണ് വാസ്തവം.


ഇതുകൂടി വായിക്കൂ: ഇന്ത്യയെ ലഹരിക്കടത്തിന്റെ കേന്ദ്രമാക്കി മാറ്റാൻ ശ്രമം!


വിമര്‍ശനത്തിന്റെ ഭാഗമായ പ്രധാനപ്പെട്ട ഒരു വാദമാണ് സർക്കാർ മദ്യഷോപ്പുകൾ തുറന്ന് വച്ചിട്ട് മയക്കുമരുന്നിനെതിരെ ലഹരിവിരുദ്ധ ക്യാമ്പയിൻ നടത്തുന്നതിൽ ആത്മാർത്ഥത ഇല്ലായെന്നത്. മയക്കുമരുന്നിനെ മദ്യവുമായി കൂട്ടിക്കെട്ടി നിസാരവല്ക്കരിക്കുകയാണ് ഇവർ ചെയ്യുന്നത്. ഒരിക്കൽ ഉപയോഗിച്ചാൽ തന്നെ ജീവിതത്തിൽ പിന്നീട് തിരിച്ച് വരാനാവാത്ത വിധം അതിന് കീഴ്പ്പെട്ട് പോകുന്ന മാരകമായ ലഹരികളാണ് മയക്കുമരുന്നുകൾ. എംഡിഎംഎ പോലുള്ളവ ഉപയോഗിക്കുന്നവരുടെ ആയുസ് പരമാവധി പത്തു വർഷം വരെയാണെന്നാണ് പഠനം. അതിന് മുൻപുതന്നെ ചിലർ ആത്മഹത്യ ചെയ്യുന്നു. നമ്മുടെ കർമ്മശേഷിയെ മുച്ചൂടും നശിപ്പിച്ച് നരകയാതനയിലേക്ക് തള്ളിവിടുന്ന മയക്കുമരുന്നിനെതിരായ പോരാട്ടമാണ് വർത്തമാന കാലഘട്ടം അടിയന്തരമായി നമ്മോട് ആവശ്യപ്പെടുന്നത്. അതിനർത്ഥം മദ്യം കൊള്ളാവുന്ന ലഹരിവസ്തു എന്നല്ല. പക്ഷേ വ്യത്യസ്തത മനസിലാക്കണം അതോടൊപ്പം ചരിത്രപരമായി അത് നിലനിൽക്കുന്നതിന്റെ കാരണങ്ങളും മനസിലാക്കണം.


ഇതുകൂടി വായിക്കൂ:  ലഹരിക്കെതിരെ നാടൊന്നാകെ സ്നേഹച്ചലങ്ങല


2000 വർഷം മുൻപ് എഴുതപ്പെട്ടതായി കരുതുന്ന കൗടില്യന്റെ അർത്ഥശാസ്ത്രത്തിൽ തന്നെ മദ്യം ഉണ്ടാക്കുന്നതും വിതരണം ചെയ്യുന്നതുമൊക്കെ പരാമർശിക്കപ്പെടുന്നുണ്ട്. മറ്റ് പൗരാണിക ഗ്രന്ഥങ്ങളിലും സമാനമായ പരാമർശങ്ങളുണ്ട്. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും ഇത് തന്നെയാണ് സ്ഥിതി. നൂറ്റാണ്ടുകൾക്ക് മുൻപ് മുതൽ മദ്യം ഇവിടെ നില നിന്നിരുന്നതിൽ നിന്നുതന്നെ മദ്യപാനവും നിലനിന്നിരുന്നു എന്ന് വേണം കരുതാൻ അതുകൊണ്ട് തന്നെ അതിനെതിരായ പോരാട്ടം ദീർഘകാല അടിസ്ഥാനത്തിൽ നടത്തേണ്ടുന്ന ഒന്നായാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. മദ്യ നിരോധനമല്ല മദ്യവർജ്ജനമാണ് വേണ്ടതെന്നും അതിനായുള്ള ബോധവല്ക്കരണമാണ് പ്രധാനമെന്നും മദ്യദുരന്തങ്ങൾ അന്വേഷിക്കാൻ നിയോഗിക്കപ്പെട്ട വിവിധ കമ്മിഷനുകൾ നൽകിയ റിപ്പോർട്ടുകളിൽ പറയുന്നത്. മദ്യം നിരോധിച്ച മറ്റ് സംസ്ഥാനങ്ങളിൽ ഇത് അനായാസം കിട്ടുന്ന സ്ഥിതിയുമാണ് ഇന്നുള്ളത്. അവിടെയൊക്കെ മദ്യദുരന്തങ്ങളും വര്‍ധിക്കുന്നു.


ഇതുകൂടി വായിക്കൂ: കേരളമാകെ ഒറ്റ മനസായി ലഹരിക്കെതിരെ നിൽക്കണം: മുഖ്യമന്ത്രി


ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തു കുറച്ചുകാലം ബാറുകൾ അടച്ചിട്ടപ്പോൾ മദ്യത്തിന്റ ലഭ്യത കുറഞ്ഞതുമൂലം ആ വിടവിൽ മയക്കുമരുന്നിന്റെ വരവ് കൂടുകയും 30 ശതമാനം അതിന്റെ ഉപയോഗം വര്‍ധിച്ചതായും അക്കാലത്തു നിയമസഭയിൽ വച്ച കണക്കുകള്‍ സമ്മതിക്കുന്നുണ്ട്. മയക്കുമരുന്ന് മാഫിയ ശക്തമായി ഇവിടെ വേരുറപ്പിച്ചതും ഈ കാലഘട്ടത്തിലാണ്. ദീർഘകാല കടമയും അടിയന്തര കടമയും ഇവിടെ കൂട്ടിക്കുഴയ്ക്കപ്പെടുകയാണ്. ചെറിയ സമയത്തിനുള്ളിൽ തന്നെ യുവതലമുറയെ മുഴുവൻ കൊന്നുതള്ളുന്നതും ഒരിക്കൽ ഉപയോഗിച്ചാൽത്തന്നെ ജീവിതത്തിൽ തിരിച്ചുവരാനാവാത്ത വിധം കെണിയിൽ പെടുന്നതാണ് ഈ മഹാവിപത്ത്. അതിനെതിരെ പോരാടേണ്ട ഈ സമയം മദ്യത്തിന്റെയും മറ്റും പേരിൽ വിവാദം ഉണ്ടാക്കി നാം അമാന്തം കാണിച്ചാൽ കൊടുക്കേണ്ടി വരുന്നത് ചെറിയ വിലയായിരിക്കില്ല.

TOP NEWS

November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 16, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.