26 April 2024, Friday

ഇന്ത്യയെ ലഹരിക്കടത്തിന്റെ കേന്ദ്രമാക്കി മാറ്റാൻ ശ്രമം!

Janayugom Webdesk
October 10, 2022 5:00 am

ലോകത്തെ ഭീതിയിലാഴ്ത്തിയ ലഹരിമാഫിയകളെക്കുറിച്ചുള്ള യഥാർത്ഥവും നിറംപിടിപ്പിച്ചതുമായ കഥകൾ ഒട്ടേറെ നാം കേട്ടിട്ടുണ്ട്. ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളായ കൊളംബിയയും മെക്സിക്കോയും യൂറോപ്യൻ രാജ്യമായ ഇറ്റലിയുമൊക്കെ ഒരു കാലത്ത് ലഹരിമാഫിയകളുടെ കാൽക്കീഴിലായിരുന്നു. ലാറ്റിൻ അമേരിക്കയുടെ പലയിടങ്ങളിലും ഇപ്പോഴും വൻകിട ലഹരിസംഘങ്ങളുടെ പിടിയിലാണെങ്കിലും കടുത്ത നടപടികളെത്തുടർന്ന് ഇറ്റാലിയൻ ലഹരി മാഫിയ ഏതാണ്ടൊതുങ്ങിയ മട്ടാണ്. ശ്രീലങ്കയിൽ തമിഴ് പുലികൾ ശക്തമായിരുന്ന കാലത്ത് അവർ ആയുധങ്ങൾക്കും മറ്റും പണം സ്വരൂപിക്കാൻ ലോകത്തൊട്ടാകെ ലഹരിക്കടത്തിന്റെ പ്രധാന ഏജന്റുമാരായി പ്രവർത്തിച്ചിരുന്നു എന്ന വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. ലഹരി വസ്തുക്കളുടെ ഉല്പാദനവും വിപണനവും കടത്തും ചെറുതും വലുതുമായ തോതിൽ ലോകത്തെല്ലായിടത്തും നടക്കുന്നുണ്ട്. നമ്മുടെ രാജ്യത്തും മാരകമായ ലഹരിവസ്തുക്കൾ കടത്തുകയും വിൽക്കുകയും ചെയ്യുന്ന സംഘങ്ങൾ സജീവമാണ്.

അതുപയോഗിക്കുന്നവരുടെ എണ്ണവും വൻതോതിൽ വർധിച്ചിട്ടുണ്ട്. എന്നാൽ ഭയാനകമായ മറ്റൊരു സംഗതി ഇന്ത്യയെ ലക്ഷ്യമിട്ട് സംഭവിച്ചുകൊണ്ടിരിക്കുന്നു. ലോകത്തെ ലഹരിക്കടത്തിന്റെ അതിപ്രധാന കേന്ദ്രമായി നമ്മുടെ രാജ്യത്തെ മാറ്റാനുള്ള ശ്രമം നടക്കുന്നു എന്നാണ് അടുത്ത കാലത്ത് പുറത്തുവന്ന വിവരങ്ങൾ വ്യക്തമാക്കുന്നത്. മലയാളികൾ ഉൾപ്പെട്ട സംഘം രണ്ടാഴ്ചയ്ക്കുള്ളിൽ കണ്ടെയ്നറുകൾ വഴി കടത്തിയ രണ്ടായിരം കോടി രൂപ വിലവരുന്ന അതിമാരക ലഹരിവസ്തുക്കളായ ക്രിസ്റ്റൽ മെത്താംഫെറ്റാമൈനും കൊക്കൈയ്‌നും രണ്ട് തവണയായി പിടികൂടിയിരിക്കുന്നു. പിടിയിലായതിന്റെ എത്രയോ മടങ്ങ് ലഹരിവസ്തുക്കൾ ഇതിനകം ഈ സംഘം രാജ്യത്തേക്ക് കടത്തിയിരിക്കാം.
കഞ്ചാവും ഹെറോയിനും ഉൾപ്പെടെയുള്ള ലഹരിവസ്തുക്കളുടെ അന്തർസംസ്ഥാനക്കടത്ത് കേരളത്തിൽ സജീവമാണ്. ഛത്തീസ്ഗഡ്, ആന്ധ്രപ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്ന് വൻതോതിൽ കഞ്ചാവും അനുബന്ധ ലഹരിവസ്തുക്കളും വ്യാപകമായി കേരളത്തിലേക്ക് വരുന്നുണ്ട്. എംഡിഎംഎ പോലെയുള്ള രാസലഹരി വസ്തുക്കൾ കർണാടകത്തിൽ നിന്നും തമിഴ്‌നാട്ടിൽ നിന്നും കേരളത്തിലേക്ക് കടത്തുന്ന ഒട്ടേറെ സംഘങ്ങളുണ്ട്. എന്നാൽ അതിനെയെല്ലാം നിഷ്പ്രഭമാക്കിയാണ് അന്തർദ്ദേശീയ ലഹരിക്കടത്ത് വ്യാപകമായ തോതിലായിരിക്കുന്നത്.


ഇതുകൂടി വായിക്കൂ: മാരക ലഹരിക്കെതിരെ ജനകീയ യുദ്ധം


ഇന്ത്യൻ മഹാസമുദ്രം വഴി 3000 കോടിയുടെ ലഹരിയും എകെ 47 തോക്ക് അടക്കമുള്ള ആയുധങ്ങളും അടുത്തകാലത്ത് കടത്തിയ സംഭവം എൻഐഎ അന്വേഷിക്കുന്നു. ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികളായ റോ, ഐബി എന്നിവയും എൻസിആർബിയും സംയുക്തമായാണ് ലഹരിക്കടത്ത് തടയുന്നതിന് നടപടി സ്വീകരിച്ചിരിക്കുന്നത്. ഇന്ത്യയുടെ സമുദ്രാതിർത്തിയിലെ മയക്കു മരുന്നു വേട്ട ഇന്ത്യൻ നാവികസേന നേരിട്ട് നടത്താനും തീരുമാനമായിട്ടുണ്ട്. ഗുജറാത്തിലെ മുന്ദ്ര തുറമുഖമാണ് ഇന്ത്യയിലേക്കുള്ള ലഹരിക്കടത്തിന്റെ പ്രധാനകേന്ദ്രമെന്ന് പുറത്തുവന്ന വാർത്തകളും അന്വേഷണ ഏജൻസികളുടെ റിപ്പോർട്ടുകളും സ്ഥിരീകരിക്കുന്നുണ്ട്. 2021 സെപ്റ്റംബറിൽ മൂവായിരം കിലോ ഹെറോയിനാണ് മുന്ദ്ര തുറമുഖത്തുനിന്നും പിടിച്ചെടുത്തത്. തുറമുഖം അധികൃതർക്ക് ഈ കടത്തിൽ പങ്കുണ്ടോ എന്നകാര്യം അന്വേഷിക്കാൻ ഈ കേസ് പരിഗണിക്കുമ്പോൾ കോടതി ഉത്തരവിട്ടിരുന്നു. ഇക്കഴിഞ്ഞ ജൂലൈ മാസത്തിൽ 75 കിലോ ഹെറോയിൻ അവിടെ നിന്നും പിടികൂടി. ഈ വർഷം തന്നെ മേയിൽ 56 കിലോ കൊക്കൈയ്‌നും മുന്ദ്ര തുറമുഖത്തുനിന്നും പിടികൂടിയിരുന്നു. മേയിൽ തന്നെ കച്ചിലെ കണ്ട്‍ല തുറമുഖത്തുനിന്നും 205 കിലോ ഹെറോയിനും പിടികൂടി. ഇപ്പോഴിതാ കൊച്ചി തുറമുഖം വഴി എത്തിയ ഹെറോയിനും അതിമാരകമായ രാസലഹരി വസ്തുക്കളും വൻതോതിൽ പിടികൂടിയിരിക്കുന്നു. ഇതിനർത്ഥം ഇന്ത്യൻ തുറമുഖങ്ങളെ ലക്ഷ്യമാക്കിയാണ് അന്താരാഷ്ട്ര ലഹരിക്കടത്തുസംഘം സജീവമായിരിക്കുന്നതെന്നാണ്.

മുന്ദ്ര തുറമുഖത്തിന്റെ നടത്തിപ്പ് അഡാനി ഗ്രൂപ്പിനാണ്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെയും ആഭ്യന്തരമന്ത്രി അമിത് ഷായുടെയും അടുത്ത സുഹൃത്താണ് അഡാനി ഗ്രൂപ്പ് ചെയർമ‍ാൻ ഗൗതം അഡാനി. രാജ്യത്തെ പല തുറമുഖങ്ങളും വിമാനത്താവളങ്ങളും ഏറ്റെടുത്ത് നടത്തുന്നത് അഡാനി ഗ്രൂപ്പ് ആണ്. തിരുവനന്തപുരം വിമാനത്താവളവും നിർദ്ദിഷ്ട വിഴിഞ്ഞം തുറമുഖവും ഇക്കൂട്ടത്തിൽപ്പെടും. ബി ജെപിയുമായും പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവരുമായും അടുത്ത ബന്ധം പുലർത്തുന്ന അഡാനിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന തുറമുഖങ്ങൾ രാജ്യാന്തര മയക്കുമരുന്ന് കടത്തിന്റെ പ്രധാന കവാടങ്ങളാകുന്നത് രാജ്യത്തിന്റെ നിലനിൽപ്പിന് തന്നെ വലിയ ഭീഷണിയാണ്. രഹസ്യാന്വേഷണ ഏജൻസികളുടെയും സൈന്യത്തിന്റെയും സഹായത്തോടെ ഇന്ത്യയെ ലാക്കാക്കുന്ന രാജ്യാന്തര ലഹരിക്കടത്ത് മാഫിയയെ തകർക്കാൻ കേന്ദ്രഭരണകൂടം വലിയ ശ്രദ്ധ കൊടുക്കേണ്ടിയിരിക്കുന്നു. ലഹരിയൊഴുകുന്ന ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ ഭരണകൂടത്തിനും ജനങ്ങളുടെ സ്വൈരജീവിതത്തിനും വലിയ ഭീഷണിയായി മാറിയ ലഹരിമാഫിയയുടെ പ്രവർത്തനം നമ്മുടെ രാജ്യത്തിനും പാഠമാകണം. ആഗോള തീവ്രവാദത്തിനും രാജ്യാന്തര വിധ്വംസകപ്രവർത്തനങ്ങൾക്കും ശക്തിപകരുന്ന സാമ്പത്തിക സ്രോതസ്സ് എന്ന നിലയിൽ യാതൊരു കാരണവശാലും ലഹരിമാഫിയയുടെ അഴിഞ്ഞാട്ടം ഇന്ത്യൻ മണ്ണിൽ അനുവദിക്കാൻ പാടില്ല. ലഹരിയുടെ കറ ലോകത്തൊരു രാജ്യത്തിനും ശാന്തിയും സമാധാനവും ഉയർച്ചയും നൽകിയിട്ടില്ലെന്ന് ചരിത്രം നമ്മോടു പറയുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.