വല്ലാത്തൊരു നൊമ്പരം മനസ്സിനെ മഥിച്ചൊരു സായാഹ്നത്തിലാണ് വെറുതേ വണ്ടിയോടിച്ച് ആ മലയോര ഗ്രാമത്തിലേക്ക് പുറപ്പെട്ടത്. നീണ്ടു നിവർന്നു കിടക്കുന്ന മലനിരകളിൽ പച്ചയുടെ പ്രളയം. ദൂരെ നിന്ന് നോക്കിയാൽ ഒരു പച്ച പരവതാനി വിരിച്ചിരിക്കുകയാണെന്നേ തോന്നൂ. മലയടിവാരത്തിലൂടെ അലസമായൊരു യാത്ര. എല്ലായ്പ്പോഴുമെന്ന പോലെ എന്റെ മനസ്സറിഞ്ഞെന്നോണം സ്റ്റീരിയോയിൽ നിന്നും ഒഴുകിയെത്തിയ മാപ്പിള പാട്ടിന്റെ ഇശലുകൾ… തൊണ്ണൂറുകളിൽ എന്റെ സായന്തനങ്ങൾ സംഗീതസാന്ദ്രമാക്കിയ ശബ്ദം… ഇമ്പമാർന്ന മാപ്പിളപ്പാട്ടുകളിലൂടെ മലയാളി മനസിൽ ചേക്കേറിയ അനശ്വര ഗായകൻ പീർ മുഹമ്മദ്.
“കാഫ് മല കണ്ട പൂങ്കാറ്റേ
കാണിക്ക നീ കൊണ്ടു വന്നാട്ടെ
കാരയ്ക്ക കായ്ക്കുന്ന നാടിന്റെ
മധുവൂറും കിസ്സ പറഞ്ഞാട്ടെ… ”
കാഫ് മല കണ്ട പൂങ്കാറ്റിന്റെ സൗരഭ്യം നുകരാൻ ഇതിലും അനുയോജ്യമായ മറ്റൊരു സന്ദർഭം അതിനു മുമ്പും ശേഷവും ഉണ്ടായതായി ഓർമ്മയില്ല.
പീർ മുഹമ്മദ്, പ്രിയമുള്ളവരുടെ പീറിക്ക… മാപ്പിളപ്പാട്ടു ലോകത്ത് തന്റേതായൊരു സാമ്രാജ്യം പടുത്തുയർത്തിയ അതുല്യ പ്രതിഭ. തെങ്കാശിക്കാരിയായ ബിൽക്കീസിന്റെയും തലശേരിക്കാരനായ അസീസ് അഹമ്മദിന്റെയും മകനായി 1945 ജനുവരി എട്ടിന് തെങ്കാശിയിൽ ജനനം. നാലു വയസുള്ളപ്പോൾ പിതാവുമൊത്ത് തലശ്ശേരിയിലേക്ക്.
തായത്തങ്ങാടി താലിമുൽ അവാം മദ്രസ യുപി സ്കൂൾ, തലശ്ശേരിയിലെ സെന്റ് ജോസഫ്സ് ഹൈസ്കൂൾ, മുബാറക് ഹൈസ്കൂൾ എന്നിവിടങ്ങളിലായി പഠനം. പിന്നീട് തളിപ്പറമ്പ് സർ സയ്യിദ് കോളേജിൽ നിന്നും ബിരുദം. സർ സയ്യിദ് കോളജിലെ പഠന കാലം. അക്കാലത്ത് ക്യാമ്പസിലെ ഹീറോ ആയിരുന്ന പീർ, ഫൈൻ ആർട്ട്സ് ക്ലബ് സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ചു. അന്ന് പീറിനോട് പരാജയപ്പെട്ടത് പി കെ കുഞ്ഞാലിക്കുട്ടി.
സംഗീതത്തിന്റെ ബാലപാഠങ്ങളൊന്നും പഠിക്കാനവസരം ലഭിക്കാതിരുന്ന തന്നെ ഒരു പ്രൊഫഷണൽ ഗായകനാക്കി മാറ്റുന്നതിൽ സംഗീത സംവിധായകനായിരുന്ന എ ടി ഉമ്മർ വലിയ പങ്കുവഹിച്ചുവെന്ന് പലപ്പോഴും പീർ മുഹമ്മദ് അനുസ്മരിച്ചിട്ടുണ്ട്. എന്നാൽ കുടുംബ പശ്ചാത്തലം തന്നെയാണ് പീറിനെ സംഗീത ലോകത്ത് എത്തിച്ചത്. ലണ്ടനിലെ ട്രിനിറ്റി മ്യൂസിക് ക്ലബിൽ സംഗീതം പഠിച്ചിറങ്ങിയ പിതാവിന്റെ സഹോദരി ഡോ. ആമിന ഹാഷിം ആണ് പീറിന്റെ ആദ്യ വഴികാട്ടി.
പാട്ടുകളോട് വലിയ ഇഷ്ടം പുലർത്തിയിരുന്ന കുട്ടി. എട്ടാംവയസ്സിലായിരുന്നു ആദ്യവേദി. മുഹമ്മദ് റാഫിയുടെയും ലതാ മങ്കേഷ്ക്കറിന്റെയും സിനിമാഗാനങ്ങളാണ് അക്കാലത്ത് വേദിയിൽ പാടിയത്. മുഖ്യമന്ത്രിയായ ഇഎംഎസിന് കോഴിക്കോട്ട് നൽകിയ ആദ്യസ്വീകരണച്ചടങ്ങിൽ നാലാം ക്ലാസ്സുകാരനായ പീർ ‘ചുകപ്പേറും യവനിക പൊന്തിടുമ്പോൾ…’ എന്ന മാപ്പിളപ്പാട്ടുമായി വേദിയിലെത്തി കാണികളെ അത്ഭുതപ്പെടുത്തി.
ഒമ്പതാം വയസിൽ എച്ച്എംവിയുടെ എൽപി റെക്കോർഡിൽ നാലു പാട്ടുകൾ പാടിയ ചരിത്രമുണ്ട് പീർ മുഹമ്മദിന്. “ഏറനാട്ടിലെ മാപ്പിള പെണ്ണിന്റെ നർത്തനം കണ്ടോളെ…, കാമുകൻ വന്നു കാമുകിയെ കണ്ടു…, വരുമോ മക്കളെ പുതിയൊരു ലോകം കാണാനായ്…, ചുകപ്പേറും യവനിക പൊന്തിടുമ്പോൾ…” എന്നിവയായിരുന്നു ആ നാല് ഗാനങ്ങൾ..
മകന്റെ സംഗീത വാസന തിരിച്ചറിഞ്ഞ പിതാവ് നിരവധി കലാകാരന്മാരെ വാർത്തെടുത്ത തലശ്ശേരിയിലെ ജനത ക്ലബിൽ പീറിനെയും ചേർത്തു. അതൊരു വഴിത്തിരിവായിരുന്നു. ജനത മ്യൂസിക് ക്ലബ്ബി’ലൂടെയാണ് മാപ്പിള പാട്ടിന്റെ ലോകത്ത് പീർ മുഹമ്മദ് സജീവമാവുന്നത്. ക്ലബിന്റെ യുവഗായക വിഭാഗമായ ‘ബ്ലൂ ജാക്സ്’ ടീമിലായിരുന്നു തുടക്കം. പിന്നീടാണ് സ്വന്തം ട്രൂപ്പുമായി വേദികളിലെത്തിയത്.
മലയാളികൾ ഇന്നും ഗൃഹാതുരത്വത്തോടെ ഏറ്റുപാടുന്ന ഒട്ടെറെ മാപ്പിളപ്പാട്ടുകൾ പാടിയതും ഈണമിട്ടതും പീർ മുഹമ്മദാണ്. പി ടി അബ്ദുറഹ്മാന്റെ മൂവായിരത്തോളം ഗാനങ്ങൾക്ക് പീർ മുഹമ്മദ് ശബ്ദം നൽകി. ‘അന്യരുടെ ഭൂമി’ എന്ന സിനിമയിൽ എ ടി ഉമ്മറിന്റെ സംഗീതത്തിൽ ‘കോടി ചെന്താമര വിരിക്കും പീലിക്കണ്ണാൽ…’ എന്ന ഗാനവും ‘തേൻതുള്ളി’ എന്ന ചിത്രത്തിൽ കെ രാഘവൻ മാസ്റ്ററുടെ സംഗീതത്തിൽ ”നാവാൽ മൊഴിയുന്നേ… ” എന്നൊരു ഗാനവും പീർ മുഹമ്മദ് പാടിയിട്ടുണ്ട്. പീർ മുഹമ്മദിന്റെ ശബ്ദ സൗകുമാര്യത്തിൽ ആകൃഷ്ടനായ രാഘവൻ മാസ്റ്റർ അദ്ദേഹത്തെ കൊണ്ട് ആകാശവാണിയിൽ പാടിച്ചു. പിന്നീട് പീർ ആകാശവാണിയിലെ സ്ഥിരം സാന്നിധ്യമായി. തുടർന്നങ്ങോട്ട് മാപ്പിള പാട്ടുകളുടെ ലോകത്തിൽ സജീവമാവുകയായിരുന്നു.
മനംമയക്കുന്ന മാപ്പിളപ്പാട്ടുകളിലൂടെ മലയാളി മനസ്സുകളിൽ ഇടം നേടിയ പീർ മുഹമ്മദിന്റേതായി നിരവധി ഹിറ്റുകൾ ഉണ്ട്. ‘കാഫ് മലകണ്ട പൂങ്കാറ്റേ…’, ‘മലർക്കൊടിയേ ഞാനെന്നും പുഴയരികിൽ പോയെന്നും…’, ‘നിസ്കാരപ്പായ പൊതിർന്ന് പൊടിഞ്ഞല്ലോ…’, ‘അഴകേറുന്നോളെ വാ കാഞ്ചന മാല്യം ചൂടിക്കാൻ…’, ‘പടവാള് മിഴിയുള്ളോള് പഞ്ചാര മൊഴിയുള്ളോള്…’, ‘പുതുമാരൻ സമീറിന്റെ പൂമാല ചൂടിയ പെണ്ണേ…’, ‘നോമ്പിൽ മുഴുകിയെൻ മനസ്സും ഞാനും…’, ‘അറഫാ മലക്ക് സലാം ചൊല്ലി പാഞ്ഞുവരും പൂങ്കാറ്റേ…’ തുടങ്ങി മലയാളികൾ ഇന്നും ഗൃഹാതുരത്വത്തോടെ മൂളുന്ന എത്രയെത്ര അനശ്വരഗാനങ്ങൾ. ‘നിസ്ക്കാരപ്പായ നനഞ്ഞ് കുതിർന്നല്ലോ…’ എന്ന പാട്ട് കല്യാണി മേനോനൊപ്പം തമിഴിൽ പാടാനും അദ്ദേഹത്തിന് കഴിഞ്ഞു.
ഒരു കാലത്ത് വടക്കൻ മലബാറിലെ കല്യാണരാവുകളിൽ തരംഗമായിരുന്നു പീറിന്റെ ഗാനങ്ങൾ. മാപ്പിള പാട്ടിനെ ജനകീയമാക്കിയ അതുല്യപ്രതിഭയായിരുന്നു പീർ മുഹമ്മദ്. ‘പൂങ്കുയിൽ കണ്ഠത്തിലൊളിച്ചിരിക്കുന്ന മഹാഗായകൻ’ എന്നാണ് പീർ മുഹമ്മദിനെ മഹാകവി വൈലോപ്പിള്ളി ശ്രീധരമേനോൻ വിശേഷിപ്പിച്ചത്. ‘കേരളത്തിന്റെ ഗാനകോകിലം’ എന്ന് വൈക്കം മുഹമ്മദ് ബഷീറും.
“ഒട്ടകങ്ങൾ വരി വരി വരിയായ്,
കാരക്ക മരങ്ങൾ നിര നിര നിരയായ് ഒട്ടിടവിട്ടുയരത്തിൽ മലയുള്ള
മരുഭൂമി വിലസിടുന്നു…”
പീറിന്റെ എക്കാലത്തേയും ഹിറ്റുകളിൽ ഒന്നാണ് ഈ ഗാനം. ഇന്നും ഈ ഗാനം യുവതലമുറ റിയാലിറ്റി ഷോകളിലും സ്റ്റേജുകളിലും ആലപിച്ച് കൈയ്യടി നേടുന്നു.
മൂവായിരത്തിലേറെ പാട്ടുകൾക്കു സംഗീതം നൽകിയിട്ടുള്ള പീർ മുഹമ്മദിന്റെ ശബ്ദത്തിൽ പതിനായിരത്തിലേറെ മാപ്പിള പാട്ടുകൾ പുറത്തിറങ്ങിയിട്ടുണ്ട്. നൂറ്റമ്പതിൽപ്പരം ഗ്രാമഫോണ്‍ റെക്കോർഡുകളും, ആയിരത്തിൽപ്പരം കാസറ്റുകളും അദ്ദേഹത്തിന്റേതായുണ്ട്. രാജ്യത്തിന് അകത്തും പുറത്തുമായി പതിനായിരക്കണക്കിന് വേദികൾ. കേരളത്തിലും ഗൾഫ് നാടുകളിലുമുള്ള മാപ്പിളപ്പാട്ട് ആസ്വാദകരുടെ നിറഞ്ഞ ആദരം എപ്പോഴും അനുഭവിച്ചിരുന്നതായി ഒരു അഭിമുഖത്തിൽ അദ്ദേഹം പറയുകയുണ്ടായി. അക്ഷരസ്ഫുടത, ശബ്ദ സൗകുമാര്യം, ആലാപനത്തിനിടയിൽ മുഖത്ത് മിന്നിമറയുന്ന ഭാവപ്രകടനങ്ങൾ ഇതൊക്കെയാണ് പീറിക്കയുടെ മുഖമുദ്രയെന്ന് മലബാറിലെ സംഗീത പ്രേമികൾ പറയും.
സംസ്ഥാന സർക്കാറിന്റെതും കേരള ഫോക്‌ലോർ അക്കാദമിയുടേതുൾപ്പെടെ ഒട്ടേറെ പുരസ്കാരങ്ങൾ. അതിലുപരി പതിനായിരങ്ങൾ ഇന്നും മൂളുന്ന നിരവധി ഹിറ്റുകൾ. സൗത്ത് ഇന്ത്യൻ ഫിലിം ഫെയർ അവാർഡ് നൈറ്റിൽ മാപ്പിളപ്പാട്ട് അവതരിപ്പിക്കാനുള്ള അവസരം പീർ മുഹമ്മദിന് മാത്രമേ ലഭിച്ചിട്ടുള്ളു. 1976 ൽ ടെലിവിഷൻ ചരിത്രത്തിൽ ആദ്യമായി, ചെന്നൈ ദൂരദർശനിലൂടെ മാപ്പിളപ്പാട്ട് അവതരിപ്പിക്കാനുള്ള അവസരവും. മാപ്പിളപ്പാട്ടുകാരൻ തമിഴ്മുരുക ഭക്തിഗാനങ്ങളുടെ ഉപാസകനാവുക എന്ന അപൂർവ്വ ഭാഗ്യവും അദ്ദേഹത്തിനുണ്ടായി.
ഗായിക കൂടിയായ രഹനയാണ് ഭാര്യ. പി ടി അബ്ദു റഹിമാൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ‘ബാല്യകാലസഖി’ സംഗീത ശില്പമാക്കിയപ്പോൾ അതിലെ ഗാനങ്ങൾ ആലപിച്ചത് രഹനയാണ്. സമീർ, ഗായകനായ നിസാം, ഷെറിൻ, സാറ എന്നിവരാണ് മക്കൾ.
അഞ്ചര പതിറ്റാണ്ടുകാലം മാപ്പിളപ്പാട്ടുകളുടെ ലോകത്ത് നിറഞ്ഞു നിന്ന അദ്ദേഹം 2007 ൽ അപ്രതീക്ഷിതമായുണ്ടായ പക്ഷാഘാതത്തെ തുടർന്ന് വേദികളിൽ നിന്നും വിട്ട് നിൽക്കുകയായിരുന്നു. 2011 ൽ ആകാശവാണിക്ക് വേണ്ടി അഞ്ച് മാപ്പിള പാട്ടുകൾ പാടിക്കൊണ്ട് അദ്ദേഹം സംഗീത ലോകത്ത് തിരിച്ചുവരവ് അറിയിച്ചു.
2021 നവംബർ 16… ഞാനിതെഴുതുമ്പോൾ മലയാളി മനസ്സിൽ ഇശലിന്റെ തേൻ മഴ ചൊരിയിച്ച, ഇശൽ ചക്രവർത്തി പീർ മുഹമ്മദ് നമ്മോടൊപ്പമില്ല. ഇശൽ തേൻകണം ചൊരിഞ്ഞിരുന്ന ആ ചുണ്ടുകൾ നിശബ്ദമായി… ആ നാദം നിലച്ചു… പക്ഷേ, എവിടെ നിന്നോ ഒരിശലിന്റെ അലകൾ ഒഴുകിയെത്തുന്നില്ലേ…
“.…. മണവാളൻ മഹ്മൂദിന്ന് എന്തൊരാനന്ദം
പുതുനാരി ആയിഷാക്ക് എന്തൊരാഹ്ലാദം
പുതിയൊരു ജീവിത ഗാനം തുടങ്ങാൻ
പുതിയൊരു ജീവിത രാഗം ചരിക്കാൻ
പുതിയൊരു ജീവിത കഥകൾ രചിക്കാൻ…
അഴകേറുന്നോളേ വാ.… ”
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.