22 December 2024, Sunday
KSFE Galaxy Chits Banner 2

മികച്ച രചനകൾക്ക് മികവുറ്റ ചലച്ചിത്ര ഭാഷ്യമൊരുക്കിയ സംവിധായകന്‍

കെ കെ ജയേഷ്
കോഴിക്കോട്
December 24, 2021 12:24 pm

മലയാള സാഹിത്യത്തിലെ മികച്ച രചനകൾക്ക് മികവുറ്റ ചലച്ചിത്ര ഭാഷ്യമൊരുക്കിയ കെഎസ് സേതുമാധവൻ അതിവൈകാരികതയുടെ പിടിയിലമർന്നിരുന്ന മലയാള സിനിമയെ യാഥാർഥ്യങ്ങളുടെ തീഷ്ണതയിലേക്ക് വഴി നടത്തിയ സംവിധായകൻ കൂടിയായിരുന്നു. പുരാണങ്ങളെയും വടക്കൻ പാട്ടുകളെയും കൈവിട്ട് അദ്ദേഹം ജീവിതത്തിന്റെ സത്യസന്ധമായ കാഴ്ചകൾ തേടി യാത്രയായി. സാഹിത്യ രചനകളിലെ ജീവിതങ്ങൾ തൊട്ടറിഞ്ഞ സംവിധായകൻ ഭാഷയുടെ അതിർവരമ്പുകൾ ഭേദിച്ച് മുന്നേറുകയായിരുന്നു. ഏറ്റവും കൂടുതൽ പുരസ്ക്കാരങ്ങൾ നേടിയ ഈ സംവിധായകൻ ഇന്നത്തെ പല സൂപ്പർ താരങ്ങളെയും സിനിമാലോകത്തേക്ക് കൈപിടിച്ചുകയറ്റിയ വ്യക്തി എന്ന നിലയിലും അടയാളപ്പെടുത്തപ്പെടുന്നു.
മികച്ച ചിത്രത്തിനും തിരക്കഥയ്ക്കുുമുൾപ്പെടെ പത്ത് ദേശീയ പുരസ്ക്കാരങ്ങളാണ് അദ്ദേഹത്തെ തേടിയെത്തിയത്. സംസ്ഥാന പുരസ്ക്കാരങ്ങൾക്ക് പുറമെ തമിഴ്, തെലുങ്ക് ചിത്രങ്ങൾക്കുള്ള പുരസ്ക്കാരങ്ങളും അദ്ദേഹം സ്വന്തമാക്കി. സംവിധാനം ചെയ്ത 56 ചിത്രങ്ങളിൽ 37 എണ്ണവും സാഹിത്യ കൃതികളെ ആസ്പദമാക്കി ഒരുക്കിയതാണെന്നത് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നു. പി കേശവദേവ്, തകഴി, തോപ്പിൽ ഭാസി, പൊൻകുന്നം വർക്കി, മുട്ടത്തുവർക്കി, മലയാറ്റൂർ, ഉറൂബ്, കെ ടി മുഹമ്മദ്, സി രാധാകൃഷ്ണൻ, എം ടി വാസുദേവൻ നായർ, പാറപ്പുറത്ത്, അയ്യനേത്ത് തുടങ്ങിയ പ്രശസ്ത എഴുത്തുകാരുടെയെല്ലാം രചനകൾക്കെല്ലാം കെ എസ് സേതുമാധവൻ ചലച്ചിത്ര ഭാഷ്യമൊരുക്കി. തമിഴിലെ ഇന്ദിരാ പാർഥസാരഥി, ബാലഹരി, തെലുങ്കിലെ പത്മരാജൻ തുടങ്ങിയവരുടെ രചനകളും അദ്ദേഹം സിനിമകളാക്കി.

 

sethu

 

1960 കാലഘട്ടം. സേലത്തെ മോഡേൺ തിയേറ്റേഴ്സിൽ ടി ആർ സുന്ദരത്തിന്റെ ആർട്ടിസ്റ്റായി ജോലി ചെയ്യുന്ന കാലം. നിരവധി സിംഹള ചിത്രങ്ങൾ മോഡേൺ തിയേറ്റേഴ്സിൽ നിർമ്മിച്ചിരുന്നു. പുതിയൊരു സംവിധായകനെ തേടിയ സിംഹള നിർമ്മാതാക്കൾ കെ എസ് സേതുമാധവനിലേക്കെത്തി. അങ്ങിനെയാണ് വീര വിജയ എന്ന സിംഹള ചിത്രം സംവിധാനം ചെയ്യാനുള്ള അവസരം ഇദ്ദേഹത്തെ തേടിയെത്തുന്നത്. മലയാളത്തിലേക്കെത്തിയപ്പോൾ ആദ്യ സിനിമ തന്നെ സാഹിത്യ ലോകത്തിൽ നിന്നായിരുന്നു. മുട്ടത്തുവർക്കിയുടെ ചെറുകഥയെ അടിസ്ഥാനമാക്കി ഒരുക്കിയ ജ്ഞാന സുന്ദരികളായിരുന്നു ആദ്യ മലയാള ചിത്രം. പിന്നീടങ്ങളോട്ട് ജീവിതം തൊട്ടറിയുന്ന നിരവധി സിനിമകൾ.
പി കേശവദേവിന്റെ ഓടയിൽ നിന്ന് സത്യനെ നായകനാക്കി സിനിമയാക്കിയപ്പോൾ മലയാളത്തിലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായി അതു മാറി. മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ പുരസ്ക്കാരവും ഈ ചിത്രത്തിന് ലഭിച്ചു. പമ്മന്റെ രചനയെ ആസ്പദമാക്കി തോപ്പിൽ ഭാസി തിരക്കഥയൊരുക്കിയതായിരുന്നു അടിമകൾ. 1969 ലെ മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ പുരസ്ക്കാരം ഈ ചിത്രത്തെയും തേടിയെത്തി. കെ ടി മുഹമ്മദിന്റെ നാടകത്തെ ആസ്പദമാക്കി അദ്ദേഹം തന്നെ തിരക്കഥയൊരുക്കിയ അച്ഛനും ബാപ്പയും മതങ്ങൾക്കതീതമായി മനുഷ്യൻ ജീവിക്കുന്ന ഒരു ലോകത്തെക്കുറിച്ചുള്ള സ്വപ്നം പങ്കുവെച്ചു. വർത്തമാനകാലത്തും ഏറെ പ്രസക്തമാണ് ഈ ചിത്രത്തിന്റെ പ്രമേയം. മികച്ച ദേശീയോദ്ഗ്രഥന ചിത്രത്തിനുള്ള നർഗീസ് ദത്ത് പുരസ്ക്കാരവും ചിത്രം നേടി. ഈ ചിത്രത്തിലെ “മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു” എന്ന ഗാനത്തിനാണ് കെ ജെ യേശുദാസിന് ആദ്യമായി മികച്ച ഗായകനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം ലഭിച്ചത്. പാറപ്പുറത്തിന്റെ രചനയെ അടിസ്ഥാനമാക്കി പാറപ്പുറത്ത് തന്നെ തിരക്കഥയൊരുക്കിയതാണ് പണി തീരാത്ത വീട് എന്ന ചിത്രം. 72 ലെ മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ പുരസ്ക്കാരം ഈ ചിത്രം സ്വന്തമാക്കി. തന്റെ ചെറുകഥയെ ആസ്പദമാക്കി എം ടി വാസുദേവൻ നായർ തന്നെ തിരക്കഥയെഴുതിയ ചിത്രമായിരുന്നു ഓപ്പോൾ. 80ലെ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള ദേശീയ പുരസ്കാരമാണ് ഈ ചിത്രത്തെ തേടിയെത്തിയത്. പാറപ്പുറത്തിന്റെ നോവലിനെ ആസ്പദമാക്കി ഒരുക്കിയ അരനാഴിക നേരം എന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയതാവട്ടെ കെ എസ് സേതുമാധവൻ തന്നെയായിരുന്നു. ഇന്ദിര പാർഥ സാരഥിയുടെ നോവലായ ഉച്ചിവെയിലിനെ ആസ്പദമാക്കി ഒരുക്കിയ തമിഴ് ചിത്രം മറുപക്കം സ്വർണ്ണ കമലം നേടുന്ന ആദ്യ തമിഴ് ചിത്രമായി. മികച്ച ചിത്രത്തിനും മികച്ച തിരക്കഥയ്ക്കുള്ള ദേശീയ പുരസ്ക്കാരം ഈ ചിത്രത്തിന് ലഭിച്ചു. പ്രൊഫ. ആർ പാർഥസാരഥിയുടെ ഉച്ചിവെയിൽ എന്ന നോവലിനെ ഒരു കഥാപാത്രത്തിന് താനുമായി സാമ്യം തോന്നി. അമ്മയെ കൂടുതൽ അനുസരിക്കുന്ന ആ കഥാപാത്രത്തിന് തന്റെ ജീവിതവുമായി ബന്ധമുണ്ടെന്ന് തോന്നിയതുകൊണ്ടാണ് ആ നോവൽ സിനിമയാക്കിയതെന്ന് കെ എസ് സേതുമാധവൻ പറഞ്ഞിട്ടുണ്ട്. ഉച്ചിവെയിൽ എന്ന പേരിൽ മറ്റൊരു ചിത്രം പുറത്തിറങ്ങിയതുകൊണ്ട് സിനിമയുടെ പേര് മറുപക്കം എന്നാക്കി മാറ്റുകയായിരുന്നു.

 

achanum bappayum

 

ക്ലാസ് ഓഫ് 1984 എന്ന കനേഡിയൻ ചലച്ചിത്രത്തിന്റെ മൂലകഥയെ ആസ്പദമാക്കി ഒരുക്കിയ തമിഴ് ചിത്രമായ നമ്മവറിൽ കമൽഹാസനായിരുന്നു നായകൻ. മികച്ച തമിഴ് ചിത്രത്തിനുള്ള ദേശീയ പുരസ്ക്കാരം നമ്മവർ സ്വന്തമാക്കി. പമ്മന്റെ ജനപ്രിയമായ ചട്ടക്കാരി തോപ്പിൽ ഭാസിയുടെ തിരക്കഥയിൽ പുറത്തുവന്നപ്പോൾ മലയാളത്തിലെ വൻ വിജയങ്ങളിലൊന്നായി അതു മാറി. മലയാറ്റൂരിന്റെ ശക്തമായ രചനയ്ക്ക് തോപ്പിൽ ഭാസി അതിഗംഭീരമായ ചലച്ചിത്രഭാഷ്യം ചമച്ച ചിത്രമായിരുന്നു കെ എസ് സേതുമാധവന്റെ യക്ഷി. യുക്തിവാദിയും മനശാസ്ത്രജ്ഞനുമായ എ ടി കോവൂരിന്റെ കേസ് ഹിസ്റ്ററിയെ ആസ്പദമാക്കി സേതുമാധവൻ ഒരുക്കിയ പുനർജന്മവും മലയാളത്തിലെ മികച്ച ചിത്രങ്ങളിലൊന്നാണ്. ഇന്ത്യൻ സിനിമയിലെ തന്നെ ആദ്യത്തെ ഇറോട്ടിക് സൈക്കിക്ക് ത്രില്ലറായാണ് ചിത്രം വിശേഷിപ്പിക്കപ്പെടുന്നത്.
കരകാണാക്കടൽ എന്ന ചിത്രത്തിന് 1971 ൽ ദേശീയ പുരസ്ക്കാരം ലഭിച്ചു. സ്ത്രീ എന്ന തെലുങ്കു ചിത്രത്തിനും മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്ക്കാരം ലഭിച്ചിട്ടുണ്ട്. അരനാഴിക നേരം, കരകാണാക്കടൽ, പണിതീരാത്ത വീട്, ചട്ടക്കാരി, ഓപ്പോൾ തുടങ്ങിയ ചിത്രങ്ങൾ സംസ്ഥാന പുരസ്ക്കാരങ്ങളും സ്വന്തമാക്കി. തെലുങ്കിലെ നന്ദി അവാർഡ്, ഫിലിംഫെയർ പുരസ്കാരങ്ങൾ എന്നിവയും അദ്ദേഹത്തെ തേടിയെത്തി. ചലച്ചിത്ര ലോകത്ത് നൽകിയ സമഗ്രസംഭാവനകളെ പരിഗണിച്ച് 2009‑ലെ ജെ സി ഡാനിയേൽ പുരസ്കാരവും കെ എസ് സേതുമാധവന് ലഭിച്ചിട്ടുണ്ട്. 1991ൽ എംടിയുടെ തിരക്കഥയിൽ സംവിധാനം ചെയ്ത ‘വേനൽക്കിനാവു’കളാണ് അവസാന മലയാള ചിത്രം.

 

venalkkinavukal

 

സിനിമാ സ്വപ്നങ്ങളുമായി നടന്ന മമ്മൂട്ടിയെ അനുഭവങ്ങൾ പാളിച്ചകൾ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിച്ചത് കെ എസ് സേതുമാധവനാണ്. മഹാ നടനായ സത്യന്റെ അവസാന ചിത്രങ്ങളിലൊന്നായ അനുഭവങ്ങൾ പാളിച്ചകളിലൂടെ മമ്മൂട്ടി എന്ന മറ്റൊരു മഹാനടൻ വെള്ളിത്തിരയിലെത്തുകയായിരുന്നു. ഊരും പേരുമില്ലാതെ ആൾക്കൂട്ടത്തിൽ ഒരുവനായി ബഹദൂറിന്റെ കൂടെ ഓടി വന്ന പി ഐ മുഹമ്മദ് കുട്ടി പിന്നീട് മമ്മൂട്ടിയായി വെള്ളിത്തിര കീഴടക്കി. ഓടയിൽ നിന്ന് എന്ന ചിത്രത്തിലൂടെ ബാലതാരമായി സുരേഷ് ഗോപിയേയും കെ എസ് സേതുമാധവൻ സിനിമയിലെത്തിച്ചു. കുളത്തൂർ കണ്ണമ്മ എന്ന സിനിമയിൽ ബാലതാരമായി അഭിനയിച്ച കമൽഹാസനെ കണ്ണും കരളും എന്ന ചിത്രത്തിലൂടെ മലയാളത്തിലെത്തിച്ചതും ഇദ്ദേഹം തന്നെയാണ്. പിന്നീട് കന്യാകുമാരി, നമ്മവർ തുടങ്ങിയ ചിത്രങ്ങളിലും കമൽഹാസൻ നായകനായി. മുൻ മുഖ്യമന്ത്രി ഇ എം എസും സേതുമാധവന്റെ ചിത്രത്തിൽ മുഖം കാണിച്ചു. മുഖ്യമന്ത്രി ആയ കാലത്ത് ‘ഒള്ളതുമതി’ എന്ന ചിത്രത്തിൽ മുഖ്യമന്ത്രിയായി തന്നെയാണ് ഇ എം എസ് അഭിനയിച്ചത്. നിരവധി പുരസ്ക്കാരങ്ങൾ ലഭിച്ച ദാഹം, മറുപക്കം തുടങ്ങിയ സിനിമകളുടെ തിരക്കഥകൾ എഴുതിയ സേതുമാധവൻ തന്നെയായിരുന്നു. എന്നാൽ ആ വഴിയിലൂടെ അദ്ദേഹം മുന്നോട്ടുപോയില്ല. മറ്റു തിരക്കഥാകൃത്തുക്കളുടെ മികച്ച രചനകൾ ലഭിക്കുമ്പോൾ താൻ പിന്നെയെന്തിന് എഴുതണമെന്നായിരുന്നു ഇതിനുള്ള അദ്ദേഹത്തിന്റെ മറുപടി.

Eng­lish Sum­ma­ry: Arti­cle on Direc­tor Sethumadhavan

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.