22 December 2024, Sunday
KSFE Galaxy Chits Banner 2

ഉത്രട്ടാതിയിൽ ഉച്ചതിരിഞ്ഞപ്പോൾ

ഡോ. എം ഡി മനോജ്
October 2, 2022 7:30 am

പ്രണയത്തിന്റെ പ്രാദേശികതകൾ ഭാസ്കരൻ മാഷിന്റെ പാട്ടുകളിലുള്ളതു പോലെ മറ്റൊന്നിലും കണ്ടിട്ടില്ല. കാലദേശ വ്യത്യാസമില്ലാതെ പാട്ട് ഒരു പ്രണയ സ്മൃതിയാവുകയാണ്. പ്രണയികൾ സ്വയമറിഞ്ഞ് നടത്തുന്ന ഒരാവിഷ്കാരമായി മാറും ഇവിടെ പാട്ടുകൾ. കഥ നടക്കുന്ന സ്ഥലത്തിന്റെ പ്രകൃതിയും പാടുന്നയാളിന്റെ പ്രകൃതവും തമ്മിലുള്ള ചാർച്ചയാണ് ഭാസ്കരൻ മാഷ് എന്നും കണക്കിലെടുത്തത്. പ്രണയത്തെയും സാധാരണ ലോകത്തെയും അദ്ദേഹം പാട്ടിൽ ഒരുമിച്ചു ചേർത്തു. വള്ളംകളി എന്ന സാമൂഹികാഘോഷത്തിന്റെ സജീവതയിൽ പുലർന്ന ഒരു പാട്ടുണ്ട്, പ്രണയ സ്വകാര്യതകളുടെ നിറവേറലുകൾ പകർന്നു തരുന്നത്. കാക്കത്തമ്പുരാട്ടി എന്ന സിനിമയിൽ ഭാസ്കരൻ മാഷിന്റെ വരികളിൽ രാഘവൻ മാഷ് ഈണമിട്ട് ജാനകി പാടിയ ഉത്രട്ടാതിയിൽ ഉച്ചതിരിഞ്ഞപ്പോൾ എന്ന പാട്ട് ശ്രദ്ധേയമാകുന്നു.
ഉത്രട്ടാതിയിൽ ഉച്ചതിരിഞ്ഞപ്പോൾ വടക്കായലിൽ വളളം കളി, പുല്ലാനി വരമ്പത്തുകളി കാണാൻ എന്റെ കല്യാണച്ചെറുക്കനും ഞാനും പോയ് എന്ന പല്ലവിയിൽ തുടങ്ങുന്ന പാട്ടിൽ പ്രണയിയുടെ ശബ്ദ സ്മൃതികളിൽ അവിടുത്തെ പ്രകൃതി ജീവസുറ്റ ഒരു ഇടമായിത്തീരുന്നു. ഒട്ടും അലങ്കാരപ്പണികളില്ലാതെയാണ് മാഷ് ഈ പാട്ടിനെ അവതരിപ്പിക്കുന്നത്. പാട്ടിലുൾച്ചേർത്ത സ്ഥലം. കാലം, വാക്കുകൾ ശബ്ദങ്ങൾ എന്നിവ അതിന്റെ സൗന്ദര്യത്തിന് വ്യാപ്തി കൂട്ടുന്നുണ്ട്. പ്രണയത്തെ സൂക്ഷ്മത്തിലും സ്ഥൂലത്തിലും കാണുന്ന ഭാവനയുടെ സൗന്ദര്യലയമുണ്ട് ഈ പാട്ടിൽ.

വള്ളംകളിയുടെ തുറസിൽ വിടരുന്ന പ്രണയമാണീ പാട്ടിന്റെ കാതൽ. സാധാരണതയും ലാളിത്യവും ഈ പാട്ടിന്റെ ഹൃദയതലത്തെ ഉയർത്തുന്നു. പ്രണയമനുഭവിക്കുന്ന ഒരാളും അതിന് പാത്രമാകുന്ന ഒരാൾക്കൂട്ടവും തമ്മിലുള്ള നിശബ്ദ സംവാദ സ്മൃതിയാകുന്നു ഈ ഗാനം. ആളുകൾ ഒന്നിക്കുമ്പോൾ ഉണ്ടാകുന്ന കാഴ്ചക്കാരുടെ മനോഗതങ്ങളും പാട്ടിൽ പ്രകടമാവുന്നു. ഉത്രട്ടാതിയും ഉച്ചയും വട്ടക്കായലും വള്ളംകളിയും പുല്ലാനി വരമ്പും കല്യാണച്ചെറുക്കനുമെല്ലാം ചേർന്ന് ഒരു കാഴ്ചയുടെ അനുഭവം സാധ്യമാകുന്നു. അവിടെ പ്രണയത്തിന്റെ പുതിയ ഒരു അനുഭൂതി മേഖല തെളിഞ്ഞു വരുന്നു. പ്രണയം എന്ന സഹജ വികാരത്തെ പല മട്ടുകളിൽ പുതിയൊരു ഭൂമികയിലേക്ക് കൊണ്ടുവരികയാണ് മാഷ്. അതിൽ ഓർമ്മ എന്ന പ്രവൃത്തിയുടെ നിർമ്മാണം കൂടി സംഭവിക്കുന്നുണ്ട് വള്ളം കളി കാണുക എന്ന പ്രവൃത്തിയിൽ നിന്നുണ്ടാകുന്ന ഓർമ്മത്തുടർച്ചകളുടെ ചരിത്രമാണ് ഈ പാട്ടിനെ സാർത്ഥകമാക്കുന്നത്. “അഞ്ജനക്കല്ലിന്റെ തിളക്കം കണ്ടപ്പോൾ അങ്ങേതിൽ പെണ്ണുങ്ങൾ കളിയാക്കി, കണ്ണാടിക്കവിളിലെ സിന്ദൂരം കണ്ടപ്പോൾ കിന്നാരം പറഞ്ഞവർ ചിരി തൂകി…” എന്ന അനുപല്ലവിയുടെ അകഭംഗികൾ സമ്മാനിക്കുന്ന സ്വാഭാവികതകൾക്കാണ് പാട്ടിൽ പ്രാമുഖ്യം.


ആ സ്വാഭാവികതകളെ ലയഭാവത്തിലുള്ള ഒരീണമാക്കി മാറ്റുകയായിരുന്നു രാഘവൻ മാഷ്. സാധാരണതയിൽ നിന്നുയർന്നുവരുന്ന അപ്രതീക്ഷിത കലാ വിചാരമാണിത്. അവിടെ പ്രണയ സ്വാതന്ത്ര്യത്തിന്റെ വെളിവാകലുകൾ അവയുടെ വ്യത്യസ്തതകളിൽ ചേതോഹരമാകുന്നു. “കായൽത്തിരകൾക്ക് കുമ്മിയടി, എന്റെ കളിത്തോഴിമാർക്കോ കൂട്ടച്ചിരി. ഞാനൊന്നു നോക്കിയപ്പോൾ മണിമാരൻ തന്റെ കണ്ണിന്റെ മണികളിൽ ഓണക്കളി…” എന്ന ചരണത്തിൽ പരസ്പര പ്രണയത്തിന്റെ സമ്പൂർണ സമൃദ്ധി മറ്റൊരു സൗന്ദര്യ നില കൈവരിക്കുന്നു. പാട്ടിനുള്ളിൽ പ്രണയത്തിന്റെ സന്ദർഭം വെളിപ്പെടുകയാണ്. ഇവിടെ നാട്ടറിവിന്റെ നാനാവിധം സംസാരങ്ങളിലാണ് പ്രണയത്തിന്റെ സ്വാഭാവികാന്വേഷണങ്ങൾ.അതിൽ കൗതുകത്തിന്റെയും പ്രേമാദരവിന്റെയുമെല്ലാം വിനിമയങ്ങൾ കാണാം. വള്ളംകളി എന്നൊരു സാമൂഹികക്കാഴ്ചയുടെ നിറവിൽ നിർമ്മിക്കപ്പെടുന്ന സാധാരണവും ലളിതവുമായ ഈ പാട്ടനുഭവവും ആസ്വാദകനിലുണ്ടാക്കുന്ന അനുപമ വിചാരങ്ങൾക്ക് അത്രയേറെ ഔചിത്യവും ഉത്കൃഷ്ടതയുമുണ്ടെന്ന് തിരിച്ചറിയുന്നതിലാണ് ഒരു പാട്ട് സൗന്ദര്യപൂർണമായിത്തീരുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.