28 April 2024, Sunday

Related news

November 16, 2023
November 9, 2023
November 3, 2023
October 10, 2023
September 18, 2023
September 8, 2023
August 3, 2023
July 25, 2023
July 16, 2023
July 4, 2023

നിർമ്മിതബുദ്ധി ഗോലിയാത്താകുമോ?

രമേശ് ബാബു
മാറ്റൊലി
November 16, 2023 4:45 am

കല്പറ്റയിൽ വിദ്യാർത്ഥിനികളുടെ ചിത്രങ്ങൾ നിർമ്മിതബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്-എഐ) ഉപയോഗിച്ച് നഗ്നചിത്രങ്ങളായി രൂപാന്തരപ്പെടുത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച 14കാരൻ പൊലീസ് പിടിയിലായി എന്ന വാർത്ത കഴിഞ്ഞ സെപ്റ്റംബറിൽ മാധ്യമങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു. ഒരു കൗമാരക്കാരന്റെ മനസിൽ വിഷചിന്തകൾ ഉണരുകയും അവ എഐ എന്ന ആധുനിക സാങ്കേതികത ഉപയോഗിച്ച് പ്രതിലോമമായി വിനിയോഗിക്കുകയും ചെയ്തുവെങ്കിൽ ഈ രംഗത്തെ വിദഗ്ധർക്ക് എന്തൊക്കെ കഴിയില്ല? നിർമ്മിതബുദ്ധി സാങ്കേതികത മൊബെെൽ ഫോൺ എന്നപോലെ നിത്യജീവിതത്തിൽ യാഥാർത്ഥ്യവും അനിവാര്യതയുമായിക്കഴിഞ്ഞു. ലോകത്തെങ്ങും അതിന്റെ സ്വാധീനം പ്രത്യക്ഷമായിത്തുടങ്ങി. എഐയുടെ ഗുണങ്ങളെയും ദോഷവശങ്ങളെയുംകുറിച്ച് ഉപജ്ഞാതാക്കൾ നമുക്ക് മുന്നറിയിപ്പ് തരുന്നു. എഐയുടെ തലതൊട്ടപ്പൻ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ജഫ്രി ഹിന്റൺ തന്നെ, ഇത് മനുഷ്യർക്ക് ഭീഷണിയാകുമെന്ന് പറയുന്നു. ആപ്പിൾ സഹസ്ഥാപകൻ സ്റ്റീവ് വോസ്നിക്കും ടെസ്ല സ്ഥാപകൻ ഇലോൺ മസ്കും ഇതേ ആശങ്കകൾ പങ്കുവയ്ക്കുന്നു. എഐ ഉപയോഗിച്ച് ഇലോൺ മസ്കിനെ ഇന്ത്യൻ വരനായും നടി രേഖയെ ബാർബി പാവയാക്കിയും രൂപമാറ്റം ചെയ്ത് കൗതുകം പകർന്ന വേളയിൽത്തന്നെ പ്രശസ്തിയിലേക്ക് ഉയർന്നുകൊണ്ടിരിക്കുന്ന ബോളിവുഡ് നടി രശ്മിക മന്ദാനയെ അപകീർത്തിപ്പെടുത്തുന്നതും നാം കണ്ടു.

ആദ്യം അത്ഭുതമായി, പിന്നെ കൗതുകമായി ഇപ്പോൾ ഉത്കണ്ഠയും ആശങ്കയുമായി എഐ മാറുന്നുവെങ്കിൽ അതിന്റെ കർതൃത്വം പ്രയോക്താവിൽ നിക്ഷിപ്തമായിരിക്കുന്നു. എഐയിലൂടെ അപരനെ സൃഷ്ടിക്കുന്ന ‘ഡീപ് ഫേക്ക്’ വ്യക്തികളെ തേജോവധം ചെയ്യുന്നതിന് വ്യാപകമായി ഉപയോഗിക്കപ്പെടുകയാണ്. ചാറ്റ് ജിപിടി, ബാർ‍ഡ് എന്നിങ്ങനെയുള്ള ചാറ്റ് ബോട്ടുകൾ പ്രചാരത്തിലായതോടെയാണ് ഡീപ് ഫേക്ക് പ്രതിഭാസം സർവത്ര ഭീഷണിയായത്. (റഷ്യൻ ഭരണകൂടത്തിന് മുന്നിൽ അടിയറവ് പറയുന്ന ഉക്രെയ്ൻ പ്രസിഡന്റ് വ്ലാദിമിർ സെലൻസ്കിയുടെ വ്യാജവീഡിയോ ഒരു ഉദാഹരണം). ഇന്ത്യയിലെ രാഷ്ട്രീയക്കാരും ഡീപ് ഫേക്കിനെക്കുറിച്ച് ജാഗ്രത പുലർത്തിയില്ലെങ്കിൽ തെരഞ്ഞെടുപ്പുവേളകളിൽ അപരിഹാര്യമായ പ്രതിച്ഛായാനഷ്ടത്തിന് ഇരയായേക്കാം. പഴയനിയമത്തിലെ ഭീമാകാര രൂപിയായ ഗോലിയാത്തിനോട് എഐയെ ഉപമിക്കുന്നുണ്ട്. തിന്മയുടെ പ്രതിരൂപമായ ഗോലിയാത്തിനെതിരെ നന്മയുടെ മൂർത്തിയായ ദാവീദ് നടത്തിയ യുദ്ധത്തോട് എഐ വിരുദ്ധതയെ തുലനം ചെയ്യേണ്ടതില്ല. കാരണം സങ്കീർണമായ പ്രശ്നങ്ങൾ ചിന്തിച്ച് പരിഹരിക്കുന്നതിന് മനുഷ്യർ അവലംബിക്കുന്നത് അവരുടെ ബുദ്ധിയെയാണ്. അവിടെ സഹായത്തിനെത്തുന്ന മനുഷ്യനിർമ്മിതമായ ഒരു കണ്ടെത്തൽ മാത്രമാണ് എഐ. അല്ലാതെ മനുഷ്യനുമായി മത്സരിക്കുന്ന ഒരു സത്തയല്ല. യന്ത്രങ്ങളുടെ ബുദ്ധിയായ എഐ മനുഷ്യന്റെ ദെെനംദിന ജീവിതത്തിന്റെ സമസ്തമേഖലകളിലേക്കും കടന്നെത്തുന്നുമുണ്ട്. എങ്കിലും മനുഷ്യന്റെ വികാരമോ ബോധമോ അതിനുണ്ടാകില്ല. ഗൂഗിളിന്റെ ലംഡ എന്ന എഐക്ക് സ്വന്തം വെെകാരികതയുണ്ടെന്ന് അവർ അവകാശപ്പെടുന്നു. ആശയവിനിമയത്തിന് കഴിയുന്ന എഐ മാതൃകകൾ ഗൂഗിൾ അവതരിപ്പിക്കുകയും ചെയ്തു. അതൊന്നും മനുഷ്യന് പകരമാവില്ല.


ഇതുകൂടി വായിക്കൂ : ഫോണ്‍ ചോര്‍ത്തല്‍ വെളിപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാരിന്റെ ഭീരുത്വം


ആഗോളതലത്തിൽ എഐ തൊഴിൽനഷ്ടം വരുത്തിവയ്ക്കുന്നുണ്ട് എന്നതൊരു യാഥാർത്ഥ്യമാണ്. തൊഴിൽമേഖലയിൽ കാര്യമായ പ്രതിസന്ധി എഐ സൃഷ്ടിക്കുമെന്ന് ആഗോള സാമ്പത്തിക സ്ഥാപനമായ ഗോൾഡ്‌മാൻ സാക്സിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. 2023 മാർച്ചിനിടയിൽ 30 കോടി തൊഴിലവസരങ്ങൾ എഐ രാജ്യാന്തരമായി കവർന്നെടുത്തിട്ടുണ്ടെന്ന് സാക്സ് പറയുന്നു. നിലവിൽ ഇനിയും ലഭ്യമായ ജോലികളിലെ നാലിലൊന്ന് എഐ തട്ടിയെടുക്കുമെന്നാണ് പ്രവചനം. ഖനികളിലെയും മറ്റും അപകടം പിടിച്ച ജോലികൾ, ആവർത്തിച്ചുവരുന്ന മറ്റ് ജോലികൾ, കസ്റ്റമർ എക്സ്പീരിയൻസ്, വോയ്സ് അസിസ്റ്റന്റുകൾ, അളവെടുക്കൽ, ബഹിരാകാശം, വ്യോമയാനം, ഉപരിതല ഗതാഗതം, ആരോഗ്യ വ്യവസായ രംഗങ്ങൾ എന്നിവിടങ്ങളിലെല്ലാം എഐ അധിഷ്ഠിത സാങ്കേതികത്വം അവലംബിച്ചു തുടങ്ങിയതിനാൽ മനുഷ്യന്റെ കായിക വിഭവശേഷിയുടെ ആവശ്യം കുറഞ്ഞു തുടങ്ങി. അപകടകരമായ ഇടങ്ങളിൽ പെട്ടുപോകുന്ന മനുഷ്യരുടെ മുഖഭാവം കണ്ടറിഞ്ഞ് പ്രവർത്തിക്കുന്ന സംവിധാനങ്ങൾ വരെ എഐ അധിഷ്ഠിത സാങ്കേതികതയിലൂടെ നടപ്പായിക്കഴിഞ്ഞു. പരമ്പരാഗത തൊഴിൽമേഖലയിൽ തൊഴിൽനഷ്ടം എഐ വരുത്തിവയ്ക്കുമെന്ന് വ്യാകുലപ്പെടുമ്പോഴും ഭാവിയിൽ എഐ സൃഷ്ടിക്കുന്ന തൊഴിൽ സാധ്യതകൾ ഊഹിക്കാൻ പോലുമാകാത്തവിധമാണ്. അത് ഉല്പാദനക്ഷമതയെ ഗണ്യമായി ത്വരിതപ്പെടുത്തും. പുതിയ സ്റ്റാർട്ടപ്പുകൾക്ക് വാതിൽ തുറക്കും. വിനോദ‑വിദ്യാഭ്യാസ മേഖലകളിൽ അനുകൂല അനുരണനങ്ങൾ എമ്പാടും ദൃശ്യമായിക്കഴിഞ്ഞു. എഐ, എംഎൽ (മെഷീൻ ലേണിങ്) സാങ്കേതികവിദ്യയിൽ നെെപുണ്യവും ശക്തമായ അടിത്തറയുമില്ലാതെ തൊഴിൽ, സംരംഭകത്വ വിപണിയിൽ മത്സരക്ഷമതയോടെ നിലനിൽക്കാനേ ഇനിയാകില്ല. അല്പവിഭവൻമാരായ യശഃപ്രാർത്ഥികൾ നിർമ്മിതബുദ്ധിയുടെ സഹായത്തോടെ തങ്ങൾക്ക് കലയിലും സാഹിത്യത്തിലും രചനകൾ പടച്ചുവിടാമെന്ന വ്യാമോഹവും വച്ചുപുലർത്തുന്നുണ്ട്.

എഐ ഉപയോഗിച്ച് സർഗസൃഷ്ടി നടത്താമെന്നൊക്കെയുള്ളത് അതിമോഹം മാത്രമായിരിക്കും. കലയുടെ ആർദ്രസ്പർശം അനുഭവിപ്പിക്കാനും സർഗചേതനയുടെ ഊർജപ്രവാഹം അനുഭവേദ്യമാക്കാനും ഒരു നിർമ്മിതബുദ്ധിക്കും കഴിയില്ല. വിർച്വൽ ലോകത്ത് സത്യവും മിഥ്യയും കണ്ടെത്തുക പ്രത്യക്ഷത്തിൽ വിഷമകരമാണ് എങ്കിലും മനുഷ്യന്റെ ചൂടും ചൂരും നൽകാൻ ഒരു യന്ത്രത്തിനും കഴിയില്ല. വരുംകാലങ്ങളിൽ സംഘടിതശക്തിയുടെ പിൻബലത്തിൽ സ്ഥാനങ്ങളിലും സ്ഥാപനങ്ങളിലും കടിച്ചുതൂങ്ങിക്കിടക്കാമെന്നത് അത്യാഗ്രഹം മാത്രമായിരിക്കും. കഴിവും സാമർത്ഥ്യവും ഇല്ലാത്ത, കർമ്മവിമുഖതയുള്ള മനുഷ്യർക്ക് മാത്രമാകും എഐ കാലം ചോദ്യചിഹ്നമാകുക. മിടുക്കന്മാർക്ക് മാത്രമുള്ളതാണ് കാലം. മനുഷ്യന്റെ എല്ലാ കണ്ടുപിടിത്തങ്ങളെയുമെന്നപോലെ എഐയെയും നയിക്കേണ്ടത് മനുഷ്യന്റെ ഔചിത്യവും വിവേകവും തന്നെയാണ്. “ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ശ്രദ്ധിച്ചില്ലെങ്കിൽ അത്യന്തം അപകടകാരിയാണ്. നിലവിൽ അതിന് മനുഷ്യബുദ്ധിയെ വെല്ലാൻ സാധിക്കില്ല. എന്നാൽ ഭാവിയിൽ ഇതായിരിക്കില്ല സ്ഥിതി.” — ജഫ്രി ഹിന്റൺ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.