26 April 2024, Friday

Related news

April 20, 2024
April 4, 2024
April 3, 2024
March 20, 2024
March 18, 2024
March 16, 2024
March 13, 2024
February 15, 2024
November 3, 2023
November 3, 2023

ദുരൂഹതകൾക്കിടെ വീണ്ടും ഇലക്ടറൽ ബോണ്ടുകൾക്ക് അനുമതി

Janayugom Webdesk
ന്യൂഡൽഹി
December 31, 2021 8:14 pm

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജനുവരി ഒന്നു മുതൽ 10 വരെ ഇലക്ടറൽ ബോണ്ടുകളുടെ വില്പനക്ക് കേന്ദ്രത്തിന്റെ അനുമതി. ഈ ബോണ്ടുകൾ വഴിയുള്ള അജ്ഞാത ഫണ്ടിങ്ങിൽ ഗുരുതരമായ ആശങ്കകൾ രാഷ്ട്രീയപാർട്ടികളും സാമ്പത്തിക വിദഗ്ദരും ഉയർത്തിയിരിക്കുന്നതിനിടെയാണ് ബോണ്ടുകൾക്ക് മോഡി സർക്കാരിന്റെ അനുമതി. ഇലക്ടറൽ ബോണ്ട് പാർട്ടികളെ വൻതോതിൽ ഉറവിടമറിയാത്ത സംഭാവനകൾ വാങ്ങാൻ അനുവദിക്കുന്നുവെന്നും ജനാധിപത്യത്തിന്റെ അന്തസത്തയെ തകർക്കുന്നുവെന്നും പ്രതിപക്ഷ പാർട്ടികൾ തന്നെ പറയുന്നു. 

ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഹിമാചൽ പ്രദേശ്, ഗോവ എന്നീ അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പ് വിജ്ഞാപനം അടുത്ത മാസം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ഇതിന്റെ പേരിലാണ് ഇപ്പോൾ ഇലക്ടറൽ ബോണ്ടുകൾക്കുള്ള അനുമതി. വ്യവസ്ഥകളനുസരിച്ച് ഇന്ത്യൻ പൗരനായ ഒരു വ്യക്തിക്കോ അല്ലെങ്കിൽ ഇന്ത്യയിൽ സ്ഥാപിതമായതോ സംയുക്ത സംരംഭമോ ആയ സ്ഥാപനങ്ങൾക്കോ ഇലക്ടറൽ ബോണ്ടുകൾ വാങ്ങാവുന്നതാണ്. ലോക്‌സഭയിലോ നിയമസഭയിലോ പോൾ ചെയ്ത വോട്ടിന്റെ ഒരു ശതമാനത്തിൽ കുറയാതെ നേടിയ രജിസ്റ്റർ ചെയ്ത രാഷ്ട്രീയ പാർട്ടികൾക്കാണ് ബോണ്ടുകൾ സ്വീകരിക്കാൻ അർഹത. എസ്ബിഐ മാത്രമാണ് ബോണ്ടുകൾ ഇഷ്യൂ ചെയ്യാനുള്ള അംഗീകൃത ബാങ്ക്.
നിലവിൽ പദ്ധതിയുടെ ഏറ്റവും വലിയ ഗുണഭോക്താവ് ബിജെപിയാണ്. 2019–20 സാമ്പത്തിക വർഷത്തിൽ വിറ്റ ഇലക്ട്രറൽ ബോണ്ടുകളുടെ 76 ശതമാനവും ബിജെപിയാണ് സ്വന്തമാക്കിയത്.
തെരഞ്ഞെടുപ്പ് കമ്മിഷനിൽ നിന്നുള്ള കണക്കനുസരിച്ച് മൊത്തം ബോണ്ടുകളുടെ ഒമ്പത് ശതമാനം മാത്രമാണ് കോൺഗ്രസ് നേടിയത്. മൊത്തം 3,355 കോടിയിൽ 2,555 കോടി ബിജെപിക്ക് ലഭിച്ചു. മുൻ വർഷം ലഭിച്ച 1,450 കോടിയിൽ നിന്ന് 75 ശതമാനം വർധന. കോൺഗ്രസിന് 318 കോടിയാണ് കിട്ടിയത്. മുൻ വർഷത്തെക്കാൾ 17 ശതമാനം കുറവ്. 

ഫണ്ടിങ്ങിൽ സുതാര്യത വരുത്താനെന്ന പേരിൽ മുമ്പുണ്ടായിരുന്ന കോർപ്പറേറ്റ് സംഭാവനകളുടെ പരിധി കുറച്ചുകൊണ്ടാണ് പുതിയ സംവിധാനം കൊണ്ടു വന്നത്. മൂന്ന് വർഷത്തെ ശരാശരി അറ്റാദായത്തിന്റെ 7.5 ശതമാനം മാത്രമേ നേരിട്ട് സംഭാവന നൽകാൻ കോർപ്പേററ്റുകൾക്ക് അനുവാദമുള്ളൂ. എന്നാൽ ബോണ്ടുകളിലൂടെ അജ്ഞാതമായി സംഭാവനകൾ നൽകാൻ അവർക്ക് സൗകര്യമൊരുങ്ങുകയും ചെയ്തു. സംഭാവനകളിലെ സുതാരത്യയില്ലായ്മ പ്രോത്സാഹിപ്പിക്കുന്നതാണ് പദ്ധതിയെന്നാണ് പ്രധാന വിമർശനം. 2017ൽ തെരഞ്ഞെടുപ്പ് കമ്മീഷൻ തന്നെ പദ്ധതിയെക്കുറിച്ച് ഗുരുതരമായ ആശങ്കകൾ ഉന്നയിച്ചിരുന്നു. 2018 മുതൽ സുപ്രിം കോടതിയിൽ നിരവധി ഹർജികൾ ഫയൽ ചെയ്തിട്ടുണ്ട്. എന്നാൽ 2021 മാർച്ച് 26 ന് ഉൾപ്പെടെ രണ്ട് തവണ പദ്ധതിക്ക് ഇടക്കാല സ്റ്റേ കോടതി നിരസിച്ചു. എന്നാൽ പദ്ധതിയുടെ ഭരണഘടനാ സാധുതയെ ചോദ്യം ചെയ്തുള്ള ഹരജികൾ അടിയന്തിരമായി കേൾക്കണമെന്ന് ആവശ്യപ്പെട്ട് ഇടതുപക്ഷം കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്.
eng­lish summary;As Elec­toral Bonds Go on Sale Again, Con­cerns on Scheme’s Opac­i­ty Remain Unheard
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.