പറഞ്ഞു തീർക്കാനാവാത്തത്ര നീതിനിഷേധങ്ങളുടെയും വേദനകളുടെയും കണ്ണീർ വറ്റിയ അനുഭവങ്ങളാണ് ഇന്ത്യയിൽ കഴിഞ്ഞ ദശകത്തിൽ സംഭവിച്ചത്. വംശഹത്യക്ക് നേതൃത്വം കൊടുത്തവർ ആദരിക്കപ്പെടുന്ന കാഴ്ചകണ്ടു. അതിന്റെ ഇരകളായവരും അവരുടെ പിന്മുറക്കാരും മതനിരപേക്ഷ കാഴ്ചപ്പാട് പുലർത്തുന്ന മുഴുവൻ മനുഷ്യരും അവഹേളിക്കപ്പെടുന്നത് കണ്ടു. അവർക്ക് നിലവിളിക്കാൻ പോലുമുള്ള സ്വാതന്ത്ര്യം ഉണ്ടായില്ല. പീഡനങ്ങളുടെ കരളലിയിപ്പിക്കുന്ന കഥകൾ നിർവികാരമായിട്ടവർ പറഞ്ഞപ്പോൾ, മനുഷ്യനെ സ്നേഹിക്കാൻ കഴിയുന്നവർ കേട്ട് ഭയന്നു. പക്ഷെ ഭരണകൂടം അവരെ നിഷ്ഠുരം അടിച്ചമർത്തി. എത്രയെത്ര നിരാലംബരായ മനുഷ്യർ നിത്യജീവിതം തള്ളിനീക്കാൻ പാടുപെടുന്നു. തൊഴിലില്ലാത്ത കോടിക്കണക്കിന് മനുഷ്യർ തെരുവീഥികളിൽ അലയുന്നു. അതിശക്തമായ സമരങ്ങൾ ഈ അവസ്ഥകൾക്കെതിരെ ഉയർന്നു വരേണ്ടതാണ്.
ആഗോളവൽക്കരണ ശക്തികൾക്ക് കീഴ്പ്പെട്ടുനിൽക്കുന്ന ഇന്ത്യൻ മുതലാളിത്തം ഇന്ത്യൻ സമൂഹത്തെയും പ്രകൃതിയെയും തകർക്കുന്നു. ആദിവാസി സമൂഹങ്ങളെ കുടിയൊഴിപ്പിക്കുന്നു. ദളിത് സമൂഹങ്ങളെ ചേരികളിലേക്ക് ആട്ടിയോടിക്കുന്നു. വികസനത്തിനു വേണ്ടിയാണ് എന്നാണവര്‍ പറയുന്നത്. ആരുടെ വികസനം? പ്രകൃതിയെ തകർക്കുന്നവർക്കെതിരെ പ്രതിരോധമുയരുമ്പോൾ, അതുയർത്തിയവരെ വികസനവിരുദ്ധരാക്കി. വ്യത്യസ്ത അഭിപ്രായങ്ങൾ പറഞ്ഞവരെ ദേശദ്രോഹി എന്ന് വിളിച്ചു. മുതലാളിത്ത വികസനം കോടിക്കണക്കിനു പാർശ്വവൽക്കരിക്കപ്പെട്ട ജനതയുടെ നിത്യജീവിതത്തെ സാരമായി ബാധിക്കുന്നു. അവർക്ക് നിലവിളിക്കാനുള്ള സ്വാതന്ത്ര്യമുണ്ടോ?
ലോകത്തുള്ള എല്ലാ വെറുപ്പിന്റെയും അതിൽ നിന്ന് രൂപപ്പെടുന്ന എല്ലാ തിന്മകളുടെയും ഉറവിടം സ്നേഹത്തിന്റെ അഭാവമാണ്. സ്നേഹം നിഷേധിക്കപ്പെട്ട കോടാനുകോടികള്‍, നിലവിളിക്കാനുള്ള സ്വാതന്ത്ര്യം നഷ്ടപ്പെട്ട ജനതയാണ്. അങ്ങനെയുള്ളവരെ സൃഷ്ടിക്കലാണ് മൂലധന ശക്തികൾ ചെയ്യുന്നത്. അത്തരം അവസ്ഥയിൽ ജനങ്ങൾക്ക് സ്നേഹം നൽകേണ്ട ഉത്തരവാദിത്തവും കടമയും ഇടതുപക്ഷത്തിനാണ്. നിലവിളികൾക്ക് പരിഹാരം കാണേണ്ടത് ഇടതുപക്ഷമാണ്. അത് സാധിക്കണമെങ്കിൽ ഇടതുപക്ഷം ഇടതുപക്ഷമാകണം.
വ്യത്യസ്ത ചിന്തകൾ പുലർത്തുന്നവരെ നശിപ്പിക്കുന്ന പ്രവണത സമൂഹത്തിലും പ്രസ്ഥാനങ്ങളിലും വ്യാപകമാണ്. ജീവിച്ചിരിക്കുന്നവരെ പിച്ചിചീന്തിയും പീഡിപ്പിച്ചും മാത്രമല്ല, മരിച്ചവരെപ്പോലും വേട്ടയാടിക്കൊണ്ടാണ് ഫാസിസം അതിന്റെ ഭരണം നടത്തിയതും നടത്തുന്നതും. ഫാസിസം അവർക്കിഷ്ടമില്ലാത്തവരെ ഇല്ലായ്മ ചെയ്യുന്നു. ലക്ഷക്കണക്കിനു ജൂതരെ കൂട്ടക്കൊല ചെയ്യുന്നത് കണ്ട് മനസുമടുത്ത ഫാസിസ്റ്റുകൾക്കിടയിൽ തന്നെ പൂർണമായും മനുഷ്യത്വം മരവിച്ചിട്ടില്ലാത്ത ഒരു യുവാവ് ‘യഹൂദരും മനുഷ്യരല്ലേ’ എന്ന് ചോദിച്ചപ്പോൾ ഗീബൽസ് ഉറക്കെപ്പറഞ്ഞത് യഹൂദർ മനുഷ്യരല്ല, അവർ ജീർണതയുടെ പ്രതിരൂപങ്ങളായ പിശാചുക്കളാണ് എന്നായിരുന്നു. നമ്മുടെ രാജ്യത്ത് കഴിഞ്ഞ ദശകത്തിൽ അനീതി ചോദ്യം ചെയ്യുന്നവരെ മൃഗീയമായി അടിച്ചമർത്തി. ദുരധികാരത്തിനെതിരെ സമരം ചെയ്തവരെ ഇല്ലായ്മ ചെയ്തു. അത്തരം ചെയ്തികൾ ഫാസിസ്റ്റുകൾ ഇനിയും ആവർത്തിക്കും. അവരെപ്പോഴും ആഗ്രഹിക്കുന്നത് സമഗ്രാധിപത്യമാണ്. അതിനെ ചെറുക്കാൻ അസന്ദിഗ്ധമായ ബഹുജന സമരങ്ങൾ വേണം.
നാം നേടുന്ന അറിവ് നമ്മുടെ സാമൂഹ്യബോധത്തിന്റെ ഭാഗമാകാത്തിടത്തോളം കാലം മതത്തിന്റെ പേരിൽ അന്യോന്യം ഏറ്റുമുട്ടലും മറ്റുള്ളവരെ കുറ്റവാളിയെന്നു പ്രഖ്യാപിക്കലും നടക്കും. വേഷത്തിന്റെ, ഭക്ഷണത്തിന്റെ പേരിൽ ചിലരെ അകറ്റിനിർത്തും. അത്തരം ഒരവസ്ഥ ഇല്ലാതാകാൻ ചരിത്രബോധത്തെ നാം കൂടുതൽ വികസിപ്പിക്കണം. നിർഭാഗ്യവശാൽ നമ്മുടെ ചരിത്രബോധമെന്നത്, രാഷ്ട്രത്തെക്കുറിച്ചുള്ള നമ്മുടെ ധാരണയെന്നു പറയുന്നത്, മതപരമായ ഇടുങ്ങിയ ചിന്തകളായി മാറുന്നു. നമ്മുടേതു മാത്രമായ തനിമയെക്കുറിച്ചുള്ള മിഥ്യാഭിമാനങ്ങൾ നമ്മുടെ ജീവിത പരിസരത്തെ കൂടുതൽ കൂടുതൽ വലയം ചെയ്യുന്നു. അതുകൊണ്ട് ഇത്തിരി വട്ടങ്ങളിൽ നിന്ന് മനുഷ്യവംശ മഹിമയോളമുള്ള വലിപ്പങ്ങളെ വീണ്ടെടുക്കുന്നതിനുള്ള ഒരു രാഷ്ട്രീയ ദൗത്യം നിറവേറ്റേണ്ടതുണ്ട്. അത് പ്രധാനമാണ്. അത് ജനാധിപത്യപരമായ ദൗത്യമാണ്. ആ ദൗത്യം നിറവേറ്റേണ്ടത് ഇടതുപക്ഷമാണ്.
ജനാധിപത്യപരമായ കൂടിച്ചേരലുകളെ മുഴുവൻ കൊലചെയ്യാൻ ഉയർത്തിപ്പിടിച്ച ഫാസിസത്തിന്റെ വാളിനുകീഴിൽ ജനതയ്ക്ക് നിലവിളിക്കാൻ പോലുമുള്ള സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നു. അവരുടെ ജീവിതസ്വാതന്ത്ര്യം നിലനിൽക്കാൻ പോരാടുക എന്നതാണ് ഇടതുപക്ഷ കർത്തവ്യം. ‘നിങ്ങൾ സിംഹത്തെ നോക്കൂ’ എന്നാണ് ഫാസിസ്റ്റ് ഗ്രന്ഥങ്ങളെല്ലാം ഒരേ സ്വരത്തിൽ പറയുന്നത്, അല്ലാതെ ‘നിങ്ങൾ നദീതട സംസ്കാരങ്ങൾ സൃഷ്ടിച്ച മനുഷ്യരെ നോക്കൂ’ എന്നല്ല . മനുഷ്യരെ, വലിയ ജന്തുക്കളായി താരതമ്യപ്പെടുത്തുന്ന രീതി ഫാസിസത്തിന്റെതാണ്. അവർ ഉയർത്തിപ്പിടിക്കുന്നത് ശക്തിയെയാണ്, ഭരണകൂടത്തിന്റെ ശക്തി. ജനമനസിൽ വിഭാഗീയത സൃഷ്ടിച്ച് നേടുന്ന ശക്തി. ബലമാണ് മോക്ഷം എന്നാണവരുടെ കാഴ്ചപ്പാട്. അവർ എപ്പോഴും മനുഷ്യർ തമ്മിലുള്ള യുദ്ധത്തെ സ്വാഗതം ചെയ്യുന്നു. അതിനു വേണ്ടിയാണവർ കഴിഞ്ഞ ദശകത്തിൽ പ്രവർത്തിച്ചത്. ഇവിടെയാണ് ഇടതുപക്ഷ മാനവികത ഉയർന്നുവന്ന്, മനുഷ്യനാണ് ഏറ്റവും വലിയ ശക്തി എന്ന് നിരന്തരം പ്രഖ്യാപിക്കേണ്ടത്.
ഉപരിപ്ലവമായ കാര്യങ്ങളിലല്ല ഇടതുപക്ഷം ശ്രദ്ധയൂന്നേണ്ടത്. ഒരു വശത്ത് മനുഷ്യ ജീവിതത്തെയും പ്രകൃതിയെയും ഒന്നാകെ കൊള്ള ചെയ്യുന്ന കോർപറേറ്റുകളും, അവയെ നയിക്കുന്ന കോടീശ്വരന്മാരും. മറുവശത്ത് നാനാരീതിയിൽ ചൂഷണങ്ങൾക്കും അടിച്ചമർത്തലുകൾക്കും വിധേയമായിക്കൊണ്ടിരിക്കുന്ന ജനസഞ്ചയങ്ങളും. ഇവര്‍ തമ്മിൽ നേർക്കുനേർ നിൽക്കുന്ന വിരുദ്ധതയിലേക്ക് ലോകം എത്തിയിരിക്കുന്നു. അന്റോണിയോ ഗ്രാംഷിയുടെ പരികല്പനയെ പിന്തുടർന്നാൽ ഈ വിരുദ്ധതയെ ഒരു ശതമാനം വരുന്ന ശതകോടീശ്വരരായ മേലാളന്മാരും, 99 ശതമാനം വരുന്ന കീഴാള ബഹുജനതയും തമ്മിലുള്ള ഏറ്റുമുട്ടലായി കാണാം. അതുകൊണ്ടുതന്നെ ഇടതുപക്ഷ രാഷ്ട്രീയം ആഗോള മുതലാളിത്തത്തിനും അതിന്റെ സാമന്ത ശക്തികളായ ഭരണവർഗങ്ങൾക്കും എതിരെ നിലകൊള്ളുന്ന കീഴാള ബഹുജന ജനാധിപത്യത്തിന്റെ രാഷ്ട്രീയമാകണം.
ജനാധിപത്യപരമായ മാർഗങ്ങളിലൂടെ മാത്രമേ ജനാധിപത്യത്തെ ശക്തിപ്പെടുത്താനാകൂ. ജനാധിപത്യം വ്യത്യസ്തതകളെ അടിയറവയ്ക്കുന്നതിന്റെ ഫലമായുണ്ടാകുന്ന ഒരു പൊതുധാരണയുടെ സൃഷ്ടിയല്ല. വിയോജിക്കുമ്പോൾ തകർന്നുപോകുന്നതുമല്ല. വിയോജിക്കാനുള്ള അവകാശത്തെക്കൂടി ഉൾക്കൊള്ളുമ്പോൾ ശക്തിപ്പെടുന്ന വികസ്വരമായ ഒന്നാണ് സാർവജനീന ജീവിത മണ്ഡലം എന്ന് മറ്റാരെക്കാളും ഗഹനമായി ഇടതുപക്ഷം തിരിച്ചറിയണം. കാറ്റും വെളിച്ചവും വെള്ളവും ജീവിതത്തെ നിലനിർത്തുന്ന പ്രകൃതിദത്തമായ സാർവജനീന യാഥാർത്ഥ്യങ്ങളാണെങ്കിൽ, ജനാധിപത്യം ഭാഷ പോലെ, കലകൾ പോലെ മനുഷ്യൻ സൃഷ്ടിക്കുന്ന ഒരു സാർവജനീന പ്രതിഭാസമാണ്.
ഇന്ത്യയിലെ ജനമനസ് എന്നും വൈവിധ്യം ഇഷ്ടപ്പെടുന്നുവെന്ന് തെരഞ്ഞെടുപ്പില്‍ വിധിയെഴുതി. ഇവിടെ സാഹോദര്യവും സഹവർത്തിത്വവും ജനം കാംക്ഷിക്കുന്നു. അത് നിലനിർത്താൻ മതേതര ഇടതുപക്ഷ ശക്തികൾ ഭംഗം കൂടാതെ പ്രവർത്തിക്കുന്ന കാലമാണിത്. ജാതിമത ശക്തികളുടെ വർധിക്കുന്ന സ്വാധീനത്തെ പ്രതിരോധിക്കണം. അതിന് ഗഹനമായ ചർച്ച വേണം, ഗഹനമായി പഠിക്കണം. ജാഗ്രതയോടുകൂടി, ഏറ്റവും വലിയ നിശ്ചയ ദാർഢ്യത്തിന്റെ പ്രതീകങ്ങളായി ആശയ പ്രബുദ്ധതയുടെ പ്രതീകങ്ങളായി പോരാട്ടത്തിനിറങ്ങണം. ഭയം, മാധ്യമ നിയന്ത്രണം, അനീതിക്കെതിരെയുള്ള ഭരണകൂട മൗനം, അത്യുന്നതങ്ങളിൽ നടക്കുന്ന ഭീതിജനകമായ അഴിമതി, ഭൂരിപക്ഷ വർഗീയതയുടെ വ്യാപകമായ ഉപയോഗം, ക്രമാതീതമായി വർധിക്കുന്ന സാമ്പത്തിക സാമൂഹിക അസമത്വം, വർധിക്കുന്ന തൊഴിലില്ലായ്മ ഇവയൊക്കെ വർത്തമാനകാല ഇന്ത്യൻ രാഷ്ട്രീയത്തിന്റെ പ്രധാന ചേരുവകളാണ്. ഇതിനെതിരെ ജനകോടികളെ അണിനിരത്തുക എന്നതാണ് മതേതര ഇടതുപക്ഷ കക്ഷികളുടെ കടമ.
നമ്മുടെ കൊച്ചുകൊച്ചു ഗുഹകളിൽ നിന്ന് നാമൊന്നിച്ച് പുറത്തുവന്നാൽ ആർക്കും തടയാനാവാത്ത കുത്തൊഴുക്കുള്ള മഹാനദിയായി മാറാം. അതിനു നാം നമ്മുടെ പരിമിതികളെ മറികടക്കണം. സ്വപ്നം കാണാനുള്ള ചങ്കൂറ്റമുണ്ടാകണം. മാനവികതയിലേക്ക് വികസിക്കാനുള്ള അവകാശത്തിനു വേണ്ടി പോരാട്ടം നടത്തണം. അന്വേഷണബുദ്ധി കൈവിടാതെ ചുറ്റുപാടും പരിശോധിക്കാനും അതിൽ നിന്ന് ശരി തെറ്റുകൾ കണ്ടെത്തുകയുമായിരിക്കണം ഇടതുപക്ഷ ദൗത്യം. തീർച്ചയായും വിശാല മനസിന്റെ പ്രതീകമായി ഇടതുപക്ഷം മുന്നേറുമ്പോൾ അശരണരായ ജനതയുടെ നിലവിളി അവസാനിപ്പിക്കാൻ സാധിക്കും. അതാണ് കാലം ആവശ്യപ്പെടുന്നത്. ജനത ഇടതുപക്ഷ മൂല്യങ്ങൾ ഇഷ്ടപ്പെടുന്നവരാണ് അവരെ ചേർത്തുപിടിക്കണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.