അതിജീവനം

Web Desk
Posted on October 07, 2018, 5:45 pm

രശ്മി എന്‍ കെ

നാശത്തിന്റെ വക്കില്‍
അതിജീവനത്തിനു
പല മാര്‍ഗങ്ങള്‍ ഉണ്ട്.
ചിലതു പല്ലികളെ പോലെ
വാലുമുറിച്ചിട്ടു ഓടി ജീവന്‍ കാക്കും
ചിലര്‍ തൊലിയുരിച്ചു കളഞ്ഞു
പാമ്പുകളെപ്പോലെ പുതിയത് നിര്‍മ്മിക്കും
മറ്റുചിലര്‍ ഓന്തിനെപ്പോലെ നിറം മാറി
ചുറ്റുപാടിനോട് ഇണങ്ങും
പക്ഷെ ഞങ്ങള്‍ പെണ്ണുങ്ങള്‍
ഉള്ളുകരിച്ചു കളഞ്ഞു
പുറംകവചത്തിന്റെ മരവിപ്പിലേക്ക്
സ്വന്തം ജീവനെ പറിച്ചു നടും
പിന്നെ പിന്നെ
അതൊരു ശീലമായിപ്പോയി.