23 December 2024, Monday
KSFE Galaxy Chits Banner 2

ഭരണകൂടത്തിന്റെ ഏകാധിപത്യ പ്രവണതകൾ

അജിത് കൊളാടി
വാക്ക്
March 25, 2023 4:45 am

ജീവിതത്തിന്റെ എല്ലാ തുറകളിലും ഭരണകൂടം മൂക്കുകയറിടുന്നു. ഇവിടെ ഏകാധിപത്യ പ്രവണത കൂടി വരുന്നു എന്നു പറയുമ്പോൾ രണ്ടു കാര്യങ്ങൾ ഓർക്കണം. ഒന്ന്, ഇന്ത്യയിൽ ഭരണകൂട ഘടകങ്ങൾ മറ്റു വികസ്വര രാജ്യങ്ങളെക്കാൾ വികാസം പ്രാപിച്ചതാണ്. അതുകൊണ്ട് ഫാസിസ്റ്റ് പ്രവണതകൾ നിലനിൽക്കുമ്പോൾ തന്നെ അത് മറ്റ് ഏഷ്യൻ,ആഫ്രിക്കൻ, ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലേതുപോലെ ജനങ്ങളുടെ ശബ്ദത്തെ പൂർണമായി ഇല്ലായ്മ ചെയ്യില്ല. പക്ഷെ പ്രതിദിനം ഫാസിസ്റ്റ് പ്രവണതകൾ വർധിക്കുന്നു എന്നത് യാഥാർത്ഥ്യമാണ്. രണ്ടാമതായി ഇവിടെ ഭരണകൂടത്തിന്റെ അധികാരം സ്വേച്ഛാധികാരമായി മാറിക്കൊണ്ടിരിക്കുന്നു. നേരിയ വ്യത്യാസമേ പരിപൂർണ സ്വേച്ഛാധികാരവുമായി അതിനുള്ളൂ.
ഏകാധിപത്യത്തോട് പൊരുതാൻ സാധിക്കണമെങ്കിൽ ഏകാധിപത്യത്തിന്റെ സ്വഭാവത്തെ കുറിച്ച്, അതിന്റെ സ്ഥായീഭാവങ്ങളെ കുറിച്ച് ജനങ്ങൾ ഉദ്ബുദ്ധരാകണം. ഇന്ത്യ സ്വതന്ത്രയായപ്പോൾ ജനാധിപത്യം സൈദ്ധാന്തികമായി ഇവിടെ ഉണ്ടായിരുന്നെങ്കിലും ജനാധിപത്യത്തെക്കാൾ ഏകാധിപത്യം വളരുന്നതിനുള്ള സാധ്യതകൾ നിലനിന്നിരുന്നു. രണ്ടു കാരണങ്ങളുണ്ട് അതിനു പിന്നിൽ. ഒന്ന് ഇന്ത്യൻ സമൂഹത്തിന്റെ ജാതിയിലും മതത്തിലും അധിഷ്ഠിതമായ സ്വഭാവം. ജാതിയിലും മതത്തിലും അധികാര പ്രമത്തതയാണ് കൂടുതൽ. അവിടെ വ്യക്തിബഹുമാനത്തിലും യുക്തിയിലും അധിഷ്ഠിതമായ സമൂഹം കെട്ടിപ്പടുക്കുകയെന്നത് വലിയ പ്രശ്നമാണ്. രണ്ടാമതായി, ഒരു ജനാധിപത്യ ഭരണഘടന നാം സ്വീകരിച്ചെങ്കിലും ഇന്ത്യയുടെ വികസനത്തിന് മുതലാളിത്ത വ്യവസ്ഥിതിയാണ് ഭരണാധികാരികൾ തെരഞ്ഞെടുത്തത്. മുതലാളിത്ത വ്യവസ്ഥിതിയിൽ ഭൂവുടമകൾക്കും മൂലധനശക്തികൾക്കും കീഴിൽ അധികാരം അടിയറവയ്ക്കേണ്ടി വന്നു.രാഷ്ട്രത്തിന്റെ ഏകാധിപത്യ പ്രവണതകൾ അത്തരം ശക്തികൾക്ക് അനുകൂലമായി.


ഇതുകൂടി വായിക്കൂ: സമരങ്ങളുടെ അനിവാര്യത


ഇന്ത്യയുടെ മുതലാളിത്ത സ്വഭാവം അന്താരാഷ്ട്ര മുതലാളിത്ത വ്യവസ്ഥിതിയുമായി ബന്ധപ്പെട്ടിരിക്കുന്നു. അവ ഇവിടത്തെ ഏകാധിപത്യത്തിന് തണലായി വർത്തിക്കുന്നു. മൂലധനശക്തികളും സൈനികവൽക്കരണവുമാണ് ഏകാധിപത്യത്തിന്റെ ഉറ്റചങ്ങാതികൾ. ആഗോള മൂലധന സാമ്രാജ്യത്വവ്യവസ്ഥയും അതിന്റെ പ്രവർത്തനത്തിന് അനിവാര്യമായിത്തീരുന്ന ആർഎസ്എസ് പോലെയുള്ള ജനാധിപത്യവിരുദ്ധ പ്രസ്ഥാനങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ രാഷ്ട്രീയ സാഹചര്യം പരിശോധിക്കണം. ആഗോള മൂലധന സാമ്രാജ്യത്വം ജീവിതത്തെയും പ്രകൃതിയെയും ഒന്നാകെ ഗ്രസിക്കുന്നതിനു വേണ്ടി ഒരു വശത്ത് ലോകത്തെ ഏകീകരിക്കുമ്പോൾ മറുവശത്ത് ലോകത്തെ ഭിന്നിപ്പിക്കുകയും കലഹിപ്പിക്കുകയും ചെയ്യുന്ന ഒരു വ്യവസ്ഥയും കാണാം. ഇന്ന് യുദ്ധങ്ങൾ സമാധാന കാലത്തിനിടയിൽ പൊട്ടിപ്പുറപ്പെടുന്ന അശാന്തിയുടെ ഇടവേളകളല്ല, എപ്പോഴും നിലനിൽക്കുന്ന അവസ്ഥയാണ്. യുദ്ധങ്ങളും ആക്രമണങ്ങളും പലായനങ്ങളും ഇന്ന് നിത്യജീവിതത്തിന്റെ ഭാഗമായി സാമാന്യവല്‍ക്കരിക്കപ്പെട്ടിരിക്കുന്നു. ഒരുതരം രാഷ്ട്രീയ അടിയന്തരാവസ്ഥ നിത്യജീവിതാവസ്ഥയായി മാറി. അങ്ങനെ ജനാധിപത്യം നിത്യജീവിതത്തിൽ നിന്ന് ഫലത്തിൽ റദ്ദാക്കപ്പെടുന്നു.
ഏകാധിപത്യം നിലനിൽക്കാൻ സാമൂഹ്യ, മനഃശാസ്ത്രപരമായ കാരണങ്ങളുണ്ട്. ഒരു വ്യക്തിയോടുള്ള ഭക്തിയും കണ്ണടച്ചുള്ള അനുസരണയും വളരെ അനാരോഗ്യകരമായ ശീലമാണ്. ഹിറ്റ്ലറുടെ കാലത്തെ ക്രൂരമായ ചെയ്തികളുടെ പ്രത്യാഘാതങ്ങളെ കുറിച്ച് പ്രതിരോധ മന്ത്രിയായിരുന്ന വെർണർ എഡ്വാർഡ് ഫ്രിറ്റ്സ് ബ്ലോംബർഗ് മനസിലാക്കിയത് ഇപ്രകാരമാണ്- അവ അമിതമായ വ്യക്തിഭക്തിയും വ്യക്തിപൂജയും കണ്ണടച്ചുള്ള അനുസരണയും കെട്ടിപ്പടുക്കുന്നു. കാരണം എല്ലാ വ്യക്തിഭക്തിയുടെ അടിയിലുള്ളതും ഭക്തിയില്ലായ്മയാണ്. അനുസരണത്തിന്റെ അടിയിലുള്ളത് അനുസരണയില്ലായ്മയാണ്. ഭരണ കർത്താക്കളും നേതാക്കളും പൊതുജനങ്ങളിൽ നിന്ന് അകലുമ്പോഴാണ്, തങ്ങളെ പൂജിക്കുന്നവരെയും അനുസരിക്കുന്നവരെയും അവർക്ക് ആവശ്യമായി വരുന്നത്. അപ്പോൾ അവർ സ്വേച്ഛാധിപതികളാകുന്നു.
പക്ഷെ, ക്രൂരതയും ഏകാധിപത്യവും വളർത്തുന്നതിന് ജനങ്ങൾക്കും പങ്കില്ലേയെന്നും ചിന്തിക്കണം. അവർ അനീതിയോട് പ്രതികരിക്കുന്നില്ല. ഏതു നിയമങ്ങളെയും അനുസരിക്കുന്ന ആൾക്കൂട്ടമാകുന്നു. നിയമങ്ങൾ എങ്ങനെയുണ്ടായി എന്നാലോചിക്കാനുള്ള ധാർമ്മികബോധം തീരെ ഇല്ലാതാകുന്നു. അധികാരത്തിലിരിക്കുന്നവരുടെ അപ്രമാദിത്വം വളരുമ്പോൾ, ഏതു നല്ല പ്രവൃത്തിയും ഹീനമാക്കാനും ഹീന പ്രവൃത്തിയെ നല്ലതാക്കാനും അവർ ശ്രമിക്കും. ഏകാധിപതികളുടെ ഹീന പ്രവൃത്തികൾക്ക് നല്ല സർട്ടിഫിക്കറ്റ് കൊടുക്കുന്നത് സ്തുതിപാഠകർ ആണ്. പണ്ട് ന്യൂറംബർഗിലെ മനഃശാസ്ത്രജ്ഞർ പറഞ്ഞത് അവിടെ ഉണ്ടായിരുന്ന നാസി ഉദ്യോഗസ്ഥർക്ക് അവരുടെ അന്തർബോധാവസ്ഥയിൽ കുറ്റബോധം ഉണ്ടായിരുന്നെങ്കിലും അവർ വ്യക്തിപൂജയിൽ ഉരുകിപ്പോയി എന്നാണ്.
ഏകാധിപത്യ പ്രവണത വർധിക്കുമ്പോൾ ചരിത്രത്തെ മുൻനിർത്തി നുണപ്രചരണങ്ങളും വർധിക്കുന്നു. ഭരണാധികാരികൾ രാഷ്ട്രീയ ലാഭത്തിനായി ചരിത്രസത്യങ്ങളെ കൈയ്യൊഴിയുന്നു. അത് ജനാധിപത്യത്തിന്റെ മരണമണിയാണ്. താല്‍ക്കാലിക ലാഭത്തിനായി ജനങ്ങളെ തമ്മിലടിപ്പിക്കാൻ ചരിത്രസത്യങ്ങളെ മലീമസമാക്കുന്നത് ധാർമ്മിക പാപ്പരത്തമാണ്.


ഇതുകൂടി വായിക്കൂ: നവകേരളത്തിന്റെ തുടര്‍ച്ചയ്ക്ക്


ആധുനിക മുതലാളിത്ത നാഗരികത എല്ലാ മനുഷ്യരെയും അവരുടെ കാൽക്കീഴിലാക്കുന്നത് ഏകാധിപത്യ ഭരണകൂടങ്ങളുടെ സഹായത്തോടെയാണ്. മനുഷ്യർ മാത്രമല്ല, പ്രകൃതി വിഭവങ്ങളും മനുഷ്യേതര ജീവജാലങ്ങളും അതിന്റെ കാൽക്കീഴിലാണ്. അതൊരു അതിഭീകര സ്റ്റീംറോളറാണ്. ആയിരക്കണക്കിന് പ്രാദേശിക സംസ്കാരങ്ങൾ, ഭാഷകൾ, അറിവുകൾ, സാങ്കേതിക വിദ്യകൾ, ശാസ്ത്രങ്ങൾ, ചരിത്രങ്ങൾ, എല്ലാം അത് നിലംപരിശാക്കിക്കൊണ്ടിരിക്കുന്നു. ആധുനിക മുതലാളിത്തത്തിൽ നിന്ന്, എന്ന് മനുഷ്യൻ മോചനം നേടുന്നുവോ, അന്നു മാത്രമേ ഭൂമിയുടെ അതിജീവനം സാധ്യമാകൂ. അത്യാഗ്രഹികളായ മൂലധനശക്തികളുടെ ഭരണ സംവിധാനവുമായുള്ള ഗാഢബന്ധങ്ങളാണ് മനഷ്യനിർമ്മിത ദുരന്തങ്ങൾ ഉണ്ടാക്കുന്നത്. അതു മനസിലാക്കി, മനുഷ്യനെന്ന ജൈവിക യൂണിറ്റിന്റെ സ്വാതന്ത്ര്യത്തിൽ തുടങ്ങി, പരസ്പരാശ്രിതവും പരസ്പരബന്ധിതവുമായ ചെറു സമൂഹങ്ങളുടെ ധാർമ്മികമായ കൂട്ടായ്മയാണ് കാലഘട്ടത്തിന്റെ ആവശ്യം. ആധുനിക നാഗരികതയിലൂടെ വളർന്നെത്തിയ നവലിബറൽ മുതലാളിത്തത്തിന്റെ കഴുത്തറുപ്പൻ ആർത്തി, ലോകം മുഴുവൻ മേധാവിത്തം പുലർത്തുമ്പോൾ ജനങ്ങളുടെ അതിശക്തമായ കൂട്ടായ്മ അതിനെതിരെ ഉയർന്നേ മതിയാകൂ.
ഉണർന്നിരിക്കുന്ന ജനതയുടെ കടമയാണ് ജനാധിപത്യ സ്ഥാപനങ്ങളെ വളർത്തുക, ശക്തമാക്കുക എന്നത്. അല്ലെങ്കിൽ ജനത ആത്മവിശ്വാസം നഷ്ടപ്പെട്ടവരും പ്രതിരോധിക്കാൻ ശേഷിയില്ലാത്തവരും ആയി മാറും. അത്തരം അവസ്ഥയിൽ അവർ ഏകാധിപത്യത്തിനെതിരായ വികാരവും സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള അഭിവാഞ്ഛയും സ്വന്തം കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും പോലും പങ്കുവയ്ക്കാൻ ധൈര്യമില്ലാത്തവരായി മാറുന്നു. അതിന്റെ ഫലമായി അവർ പീഡനങ്ങളും അസ്വാതന്ത്ര്യവും സഹിക്കുന്നു. മാത്രമല്ല, പ്രത്യാശ നശിക്കുന്ന ജനതയായി മാറുന്നു. ഇതെല്ലാം ഏകാധിപത്യം വരുത്തി വയ്ക്കുന്ന പ്രവണതകളാണ്. ഇത്തരം അവസ്ഥകൾക്കെതിരെ അടിച്ചമർത്തപ്പെട്ട ജനതയെ, ആത്മവിശ്വാസത്തിന്റെ, പ്രതിരോധത്തിന്റെ ശക്തികളാക്കണം.
ഫാസിസം അടിമകളുടെ മനഃശാസ്ത്രം പ്രചരിപ്പിക്കുന്നു. ജനാധിപത്യം ജീവിതത്തിന്റെ ശക്തികളുടെ പ്രകാശനമാണ്. ആധുനിക മുതലാളിത്ത രാഷ്ട്രീയം മനുഷ്യജീവിതത്തെ നിഷ്ഠൂരമായി ഭിന്നിപ്പിക്കുന്നതിനെയും കൃത്രിമ വൈരുധ്യത്തിൽ തളയ്ക്കുന്നതിനെയും കുറിച്ച് ജനത ബോധവാന്മാരാകണം. മനുഷ്യശക്തിയുടെ വമ്പിച്ച ഉയർത്തെഴുന്നേൽപ്പാണ് എന്നും ചരിത്രം മാറ്റിമറിച്ചത്. ഭരിക്കുന്നവരും സ്തുതിപാഠകരും ആശ്രിതവത്സലരും മാത്രം ഇഷ്ടപ്പെടുന്ന ഏകാധിപത്യത്തെ തകർക്കാൻ മനുഷ്യരാശിക്ക് കഴിയും. അധികാരമെന്നത് ഭരണകൂടാധികാരം മാത്രമല്ല. ഭരിക്കപ്പെടുന്നവർ എക്കാലവും ഭരിക്കുന്നവരുടെ അധികാരത്തെ ചെറുക്കുന്നതിനായി പ്രയോഗിച്ചു പോന്ന ബലവും അധികാരമാണ്. ഭരണകൂടാധികാരത്തിനു മുമ്പേ നിലകൊള്ളുന്ന അധികാരമാണ് മനുഷ്യരുടെ സ്വാധികാരം. മനുഷ്യരെ ഒന്നടങ്കം സ്നേഹിക്കുന്ന, ആത്മവിശ്വാസമുള്ള, ആശയദൃഢതയുള്ള, ശുഭാപ്തി വിശ്വാസമുളള മനുഷ്യർക്ക് ഏകാധിപത്യ പ്രവണതകൾ ഇല്ലായ്മ ചെയ്യാൻ തീർച്ചയായും സാധിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.