17 April 2025, Thursday
KSFE Galaxy Chits Banner 2

Related news

April 14, 2025
April 12, 2025
March 26, 2025
March 25, 2025
March 24, 2025
March 22, 2025
March 21, 2025
March 17, 2025
March 13, 2025
March 11, 2025

തന്ത്രവേദിയായ അയോധ്യ

Janayugom Webdesk
December 4, 2022 5:00 am

1992 ഡിസംബർ ആറിന് രാജ്യമന:സാക്ഷിയിൽ ഏറ്റ മുറിവിൽ നിന്നും ഇപ്പോഴും ചോര പൊടിയുന്നുണ്ട്. ബാബറി മസ്ജിദ് തച്ചുടച്ചപ്പോൾ നാട് ഘോഷിച്ച് കൂടെച്ചേർത്തിരുന്ന നാനാത്വത്തിലെ ഏകത്വം തകർക്കാൻ വഴിയൊരുങ്ങി. കാലങ്ങളായി ഇതിനായി കരുക്കളൊരുക്കി കൗശലപൂർവം കാത്തിരുന്ന ഹിന്ദുത്വ ശക്തികളുടെ തന്ത്രങ്ങളിൽ മുഖ്യമായിരുന്നു അയോധ്യ. സ്വേച്ഛാധികാരത്തിന്റെ മാർഗങ്ങളിലെ തടസങ്ങൾ ഒഴിവാക്കാനും അതിന് പാതയൊരുക്കാനും നൂറ്റാണ്ടുകളേറെ പഴക്കമുള്ള ബാബറി മസ്ജിദിന്റെ ഘടന 1992 ഡിസംബർ ആറിന് തച്ചുടച്ചു. മഹാത്മാവിനെ വെടിവെച്ച് വീഴ്ത്തിയതും ഇതിനായി തന്നെയായിരുന്നു. പക്ഷെ ബാപ്പുജി ഉയർത്തിയ വെല്ലുവിളി ഒരിക്കലും മറികടക്കാൻ കഴിയില്ലെന്ന് അവർ തിരിച്ചറിഞ്ഞു. തന്റെ ജീവിതകാലത്ത് തന്നെ, ഹിന്ദു രാഷ്ട്രസങ്കല്പത്തെയും അതിന്റെ വക്താക്കളായ രാഷ്ട്രീയ സ്വയംസേവക് സംഘത്തെയും (ആർഎസ്എസ്) ഹിന്ദു മഹാസഭയെയും അദ്ദേഹം അകറ്റിയിരുന്നു. സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തിന്റെ ആണിക്കല്ലായിരുന്ന അദ്ദേഹം അപാരമായ തന്റെ ധാർമ്മിക ശക്തികൊണ്ട് ഇതിനായി തുനിഞ്ഞിറങ്ങി. മതനിരപേക്ഷ ജനാധിപത്യ രാജ്യമെന്ന കാഴ്ചപ്പാട് സകല ചോദ്യങ്ങൾക്കും ഉയരെ നിന്നു. സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ഏകീകൃത തത്വമായി ഇത് മാറി. ഗാന്ധി വധത്തിലൂടെ ഇല്ലാതാക്കാൻ ശ്രമിച്ചത് രാജ്യത്തിന്റെ മഹത്തായ ഈ മതേതര പദ്ധതിയെയായിരുന്നു. ബാബറി മസ്ജിദ് മതനിരപേക്ഷ ജനാധിപത്യ ധാർമ്മികതയുടെ ചിഹ്നമാകുന്നു. അത് തകർത്തത് ഗാന്ധി വധത്തെ തുടർന്ന് ഉയർന്ന ജനരോഷം സൃഷ്ടിച്ച വർഗീയ‑ഫാസിസ്റ്റ് തന്ത്രത്തെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങളുടെ തുടർച്ചയായിരുന്നു. മുപ്പത് വർഷം മുമ്പ് ബാബറി മസ്ജിദ് തകർത്തപ്പോൾ ഉടഞ്ഞത് രാഷ്ട്രത്തിന്റെ കാതൽ തന്നെയായിരുന്നു. ഇതിനുള്ള പദ്ധതികളുടെയും കുതന്ത്രങ്ങളുടെയും ആരംഭം 1949 ഡിസംബർ 22‑ന് രാത്രിയിലായിരുന്നു. അന്ന് രാത്രി വൈകി സന്ന്യാസ വേഷധാരിയായ അഭിരാം ദാസ് ചിലർക്കൊപ്പം ബാബറി മസ്ജിദിൽ പ്രവേശിച്ച് അതിനുള്ളിൽ ഒരു രാമന്റെ വിഗ്രഹം സ്ഥാപിച്ചു. ഈ പ്രവൃത്തി ഏറെ കോലാഹലങ്ങൾക്ക് വഴിവച്ചു. 1950 മാർച്ച് 5 ന് പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു ഹരിജൻ ജേണലിന്റെ എഡിറ്റർ കെ ജി മഷ്റുവാലയ്ക്ക് എഴുതിയ കത്തിൽ ഇത് ബോധ്യപ്പെടുന്നുണ്ട്, ”നിങ്ങൾ അയോധ്യ മസ്ജിദിനെ പരാമർശിക്കുന്നു.

രണ്ടോ മൂന്നോ മാസം മുമ്പാണ് സംഭവം നടന്നത്, ഇതിൽ ഞാൻ വളരെ അസ്വസ്ഥനാണ് ”. ന്യൂനപക്ഷങ്ങളെ തകർക്കാനും സാംസ്കാരിക ധാർമ്മികതയെ തച്ചുടക്കാനുമുള്ള ഭൂരിപക്ഷവാദത്തിന്റെ മറവിൽ വരാനിരിക്കുന്ന വിപത്തിനെ മുൻകൂട്ടി കാണാൻ പണ്ഡിറ്റ് നെഹ്റുവിന് കഴിഞ്ഞു. മതേതരത്വമായിരുന്നു അവരുടെ മുഖ്യശത്രു. കൊടും വർഗീയതയെയായിരുന്നു അവർ വെളിച്ചമാക്കാൻ ആഗ്രഹിച്ചത്. ബാബറി മസ്ജിദിൽ രാമവിഗ്രഹം സ്ഥാപിച്ചതിനെ തുടർന്നുണ്ടായ സംഘർഷം നിയമപോരാട്ടത്തിന് വഴിമാറി. ഇത് അനാദരവായിരുന്നു. എന്നിട്ടും വിഗ്രഹത്തിന്റെ ആചാരങ്ങൾ തുടരാൻ കോടതി അനുമതി നൽകി. ആർഎസ്എസ് മൂന്നരപതിറ്റാണ്ടിലേറെക്കാലം ഈ വിഷയം രാഷ്ട്രീയമായി സജീവമാക്കി. ഇത് ദേശീയ ശ്രദ്ധ പിടിച്ചുപറ്റി. രണ്ട് സമുദായങ്ങൾ തമ്മിലുള്ള മതപരമായ സംഘർഷങ്ങളുടെ കേന്ദ്രബിന്ദുവായി അയോധ്യ അതിവേഗം മാറി. അയോധ്യാ തന്ത്രം കൂടുതൽ ഫലപ്രദമാക്കാൻ, രാജ്യത്തെ വർഗീയവല്ക്കരിക്കാൻ ആർഎസ്എസ് ഇതോടൊപ്പം വിപുലമായ പദ്ധതികളും ആവിഷ്കരിച്ചു. ആർഎസ്എസ് അതിന്റെ തെരഞ്ഞെടുപ്പ് സംഘടനയായ ഭാരതീയ ജനതാ പാർട്ടിയും (ബിജെപി) വിശ്വഹിന്ദു പരിഷത്തു (വിഎച്ച്പി) ഹിന്ദുക്കളുടെ പിന്തുണ നേടിയെടുക്കാൻ ആചാരപരമായ പ്രവർത്തനങ്ങൾ, മതപരമായ ചിത്രങ്ങളുടെ ഉപയോഗം എന്നിവയുമായി കൊണ്ടിറങ്ങി. സന്യാസികളെ അണിനിരത്തി കരുക്കൾ നീക്കി. അന്ന് ബിജെപി അധ്യക്ഷനായിരുന്ന എൽ കെ അഡ്വാനി കരുതികൂട്ടി ഒരു രഥയാത്രയും ആരംഭിച്ചു. ഒരു ടൊയോട്ട ട്രക്ക് രഥമാക്കി മാറ്റി.


ഇതുകൂടി വായിക്കൂ:  കാശ്മീര്‍ ഫയല്‍സ് അഥവാ അസത്യങ്ങളുടെ ;പ്രൊപ്പഗാന്‍ഡ 


അദ്ദേഹത്തിന്റെ യാത്ര 1990 സെപ്റ്റംബർ 25 ന് ഗുജറാത്തിലെ സോമനാഥിൽ നിന്നും ആരംഭിച്ചു. ഗുജറാത്ത്, മഹാരാഷ്ട്ര, കർണാടക, ആന്ധ്രാപ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാൻ, ഹരിയാന, ബിഹാർ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ച് അയോധ്യയിലെത്താനായിരുന്നു പദ്ധതി. ഉത്തർപ്രദേശിൽ പ്രവേശിക്കുന്നതിന് മുമ്പ് അഡ്വാനി അറസ്റ്റിലായി. പക്ഷെ അദ്ദേഹത്തിന്റെ യാത്ര തീവ്ര ഹിന്ദു വികാരങ്ങൾക്ക് ഗതിവേഗം നൽകി. വർഗീയ കലാപങ്ങൾ ഇളക്കിവിട്ട ബിജെപിയെ ഒരു പ്രധാന രാഷ്ട്രീയ ശക്തിയാക്കി മാറ്റാൻ കാരണമായി രഥയാത്ര. പിന്നീട് ആർഎസ്എസും തീവ്രഹൈന്ദവ സംഘടനകളും നടത്തിയ ഗൂഢാലോചനകളുടെ ഒരു പരമ്പര 1992 ഡിസംബർ ആറിന് ബാബറി മസ്ജിദിന്റെ തകർച്ചയിൽ കലാശിച്ചു. മതേതര-ജനാധിപത്യ പാതയിൽ നിന്ന് ഇന്ത്യയെ പിന്തിരിപ്പിക്കാൻ വർഗീയ‑ഫാസിസ്റ്റ് ശക്തികൾ നടത്തിയ മറ്റൊരു ശ്രമം കൂടുതൽ തെളിവോടെ വെളിപ്പെട്ടു. 1948‑ൽ ഗാന്ധിയെ കൊന്നു വീഴ്ത്തിയ അവർ വിജയം പ്രതീക്ഷിച്ചിരുന്നു. എന്നാൽ രാഷ്ട്രം തെരഞ്ഞെടുത്ത പാത അവർ ആഗ്രഹിച്ചതായിരുന്നില്ല. അത് മത നിരപേക്ഷതയുടെയും ജനാധിപത്യത്തിന്റേതുമായിരുന്നു. ബാബറി മസ്ജിദ് തകർത്തതിലൂടെ രാജ്യത്തെ അരാജകത്വത്തിലേക്ക് തള്ളിവിടാനും അതിന്റെ സ്വത്വം ശിഥിലമാക്കാനും അവർ ആഗ്രഹിച്ചു. ഇതിനായി മുൻകൂട്ടി തയാറാക്കിയ ഹിന്ദു ഭൂരിപക്ഷ തിരിച്ചറിയൽ രേഖ ഇറക്കി കളിച്ചു. അനേകർ ജീവൻനൽകി വീണ്ടെടുത്തതും ചോരചീന്തി അടിത്തറ ഉയർത്തിയ മഹാത്മാവിന്റെ ജീവിതവും കലർന്നതാണീ രാജ്യം. സ്വേച്ഛാധികാരത്തിന്റെ കെട്ടും പ്രതാപവും ഇവിടെ വാഴില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.