ശ്വാസം മുട്ടി വന്ന കുഞ്ഞു ‘കൈസ്’ ഇനി ബുദ്ധിമുട്ടുകള്‍ ഇല്ലാതെ ശ്വസിക്കും. നിറഞ്ഞ ചിരിയോടെ മടങ്ങിയ ആ കുഞ്ഞുമനസിന് ജീവന്റെ നൂല്പാലത്തിലൂടെയാണ് നടന്നുകയറിയതെന്ന് അറിവില്ലാതെ സന്തോഷത്തോടെ ’ മാതാപിതാക്കള്‍ക്കൊപ്പം മാലിദ്വീപിലേക്കു തിരിച്ചു പറന്നത്.
മാലിദീപ് സ്വദേശികളായ അയാസിന്റെയും മറിയം നിഷയുടെയും നാലാമത്തെ കുട്ടിയായിട്ടാണ് കൈസ് ബിന്‍ അഹമ്മദ് പിറന്നത്. അവരുടെ മൂന്നുകുട്ടികളും ഓട്ടിസ്റ്റിക് സ്‌പെക്ട്രം ഡിസോര്‍ഡര്‍ എന്ന അസുഖം മൂലം വളരെയധികം ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവരായിരുന്നു. അതിനിടയിലാണ് പ്രതീക്ഷയുടെ പുതുകിരണമായി പ്രകടമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നുമില്ലാതെ കൈസ് പിറന്നുവീണത്. പക്ഷേ അത് അധികം നീണ്ടു നിന്നില്ല. അഞ്ചാം മാസം ചില ബുദ്ധിമുട്ടുകള്‍ കണ്ടതിനെ തുടര്‍ന്ന് നടത്തിയ വിശദമായ പരിശോധനയില്‍ കുട്ടിക്ക് തലാസെമിയ മേജര്‍ എന്ന അസുഖം ഉണ്ടെന്ന് കണ്ടെത്തി. ആവശ്യമായ രീതിയില്‍ ഹീമോഗ്ലോബിന്‍ ഉത്പാദിപ്പിക്കുവാന്‍ കഴിയാത്ത സങ്കീര്‍ണ്ണമായ അവസ്ഥയായിരുന്നു അത്. അതുമൂലം ജീവന്‍ നിലനിര്‍ത്തുന്നതിനായി മൂന്നാഴ്ച കൂടുമ്പോള്‍ കുട്ടിക്ക് രക്തം നല്‍കേണ്ട അവസ്ഥയായിരുന്നു. എന്നാൽ പ്രതിസന്ധികൾ അവസാനിക്കുന്നുണ്ടായിരുന്നില്ല. ശ്വാസമെടുക്കുവാൻ ബുദ്ധിമുട്ട് ഉണ്ടായതിനെത്തുടർന്ന് നടത്തിയ വിശദ പരിശോധനയിൽ കുഞ്ഞിന്റെ ഹൃദയത്തിന് ഒരു വലിയ ദ്വാരം ഉണ്ടെന്ന് കണ്ടെത്തി. മൂന്ന് സെന്റിമീറ്ററിലധികം വലുപ്പമുണ്ടായിരുന്ന ഒരു ദ്വാരമായിരുന്നു അത്. കുഞ്ഞു കൈസിന്റെ ജീവന്‍ രക്ഷിക്കുവാനായി അവര്‍ വിവിധ ആശുപത്രികളില്‍ കയറിയിറങ്ങി. ഇത്രയും വലിയ ദ്വാരമായതിനാല്‍ ഹൃദയം തുറന്നുള്ള ശസ്ത്രക്രിയ നടത്തണമെന്നാണ് എല്ലാ ഡോക്ടര്‍മാരും നിര്‍ദ്ദേശിച്ചത്. ഹൃദയം നിശ്ചലമാക്കി അതിന്റെ പ്രവര്‍ത്തനം ഒക്‌സിജനേറ്റര്‍ എന്ന ഉപകരണത്തിന്റെ സഹായത്തോടെ നടത്തിയാണ് ആ ശസ്ത്രക്രിയ ചെയ്യേണ്ടത്. എന്നാല്‍ തലാസെമിയ മേജര്‍ എന്ന അസുഖം ഉള്ള കുട്ടികളില്‍ ഇങ്ങനെ ഒരു ശ്രമം നടത്തുന്നത് ജീവന്‍ തന്നെ നഷ്ടപ്പെടുത്തുവാന്‍ ഇടയാക്കുന്ന കാര്യമാണ്.
തുടര്‍ന്ന് കുടുംബം കൂടുതല്‍ വിദഗ്ധ ചികിത്സ എവിടെ ലഭിക്കും എന്ന് അന്വേഷിക്കുവാന്‍ ആരംഭിച്ചു.
മാലീദീപിലുള്ള ഡോ. എലീന മുഖേനയാണ് ലിസി ആശുപത്രിയിലെ ഹൃദ്‌രോഗ വിഭാഗത്തെക്കുറിച്ച് അവര്‍ അറിഞ്ഞത്. തുടര്‍ന്ന് വൈകാതെ തന്നെ കേരളത്തിലേക്ക് എത്തുകയായിരുന്നു. ചീഫ് പീഡിയാട്രിക് കാര്‍ഡിയോളജിസ്റ്റ് ഡോ. എഡ്‌വിന്‍ ഫ്രാന്‍സിസിന്റെ നേതൃത്വത്തില്‍ കുട്ടിയെ കൂടുതല്‍ പരിശോധനകള്‍ക്കു വിധേയനാക്കി. ശസ്ത്രക്രിയ നടത്തിയാല്‍ ജീവന്‍ തന്നെ നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്ന് മനസ്സിലാക്കിയ മെഡിക്കല്‍ സംഘം ഈ ദ്വാരം ഹൃദയം തുറക്കാതെ ഒരു ഡിവൈസ് മുഖേന അടയ്ക്കുവാന്‍ കഴിയുമോ എന്ന് ചര്‍ച്ച ചെയ്തു. എന്നാല്‍ അഞ്ച് വയസ്സില്‍ താഴെ മാത്രം പ്രായമുള്ള കുട്ടിയില്‍ ഇത്രയും വലിയ ദ്വാരം ഇന്ത്യയില്‍ ഇന്നുവരെ ആരും ഡിവൈസ് വഴി അടച്ചതിന്റെ മുന്‍ മാതൃകകള്‍ ഒന്നും ഇവര്‍ക്കു കണ്ടെത്താനായില്ല. ലോകത്ത് തന്നെ വളരെ അപൂര്‍വ്വമായാണ് ഇങ്ങിനെയുള്ള ചികിത്സ നടത്തിയിട്ടുള്ളത്. എന്നാല്‍ മറ്റ് മാര്‍ഗ്ഗങ്ങള്‍ ഒന്നും മുന്നിലില്ലാത്ത സാഹചര്യത്തില്‍ ആ വലിയ വെല്ലുവിളി ഏറ്റെടുക്കുവാന്‍ ഡോക്ടര്‍മാര്‍ തീരുമാനിച്ചു. തുടര്‍ന്ന് സങ്കീര്‍ണ്ണമായ പ്രക്രിയയിലൂടെ കുട്ടിയുടെ ഹൃദയത്തിന്റെ ദ്വാരം ഡിവൈസ് മുഖേന അടയ്ക്കുകയും അതിലൂടെ ഉണ്ടായിരുന്ന രക്തപ്രവാഹം തടയുകയും ചെയ്തു. ഡോ. ജി. എസ്. സുനിൽ, ഡോ. ഫിലിപ്പ് മാത്യു എന്നിവരുടെ നേതൃത്വത്തിലുള്ള കുട്ടികളുടെ ഹൃദയ ശസ്ത്രക്രിയ വിഭാഗം അടിയന്തിര സാഹചര്യം വന്നാൽ ശസ്ത്രക്രിയയ്ക്ക് തയ്യാറായി നിന്നിരുന്നു. ഇപ്പോള്‍ ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവര്‍ത്തനം സാധാരണ നിലയിലാണെന്നും കുട്ടിക്ക് സാധാരണ ജീവിതം നയിക്കുവാന്‍ കഴിയുമെന്നും ഡോക്ടര്‍ എഡ്‌വിന്‍ ഫ്രാന്‍സിസ് പറഞ്ഞു. ഡോ. അന്നു ജോസ്, ഡോ. വി. ബിജേഷ്, ഡോ. ജെസൻ ഹെൻട്രി, ഡോ. ദിവ്യ ജേക്കബ് എന്നിവരും ചികിത്സയില്‍ പങ്കാളികളായിരുന്നു.
ലിസി ആശുപത്രി ഡയറക്ടര്‍ ഫാ. പോള്‍ കരേടന്റെ നേതൃത്വത്തില്‍ ഹൃദ്യമായ യാത്രയയപ്പാണ് കുട്ടിക്ക് നല്‍കിയത്. ഫാ. റോജൻ നങ്ങേലിമാലിൽ, ഫാ. ഷനു മൂഞ്ഞേലി, ഫാ. ജോർജ്ജ് തേലക്കാട്ട്, ഫാ. ജോസഫ് മാക്കോതക്കാട്ട് തുടങ്ങിയവർ പങ്കെടുത്ത ചടങ്ങിൽ കേക്ക് മുറിച്ച് സന്തോഷം പങ്കിട്ടതിനോടൊപ്പെം ക്രിസ്മസ് സമ്മാനവും നല്‍കിയാണ് കുഞ്ഞ് കൈസിനെ ആശുപത്രിയില്‍ നിന്നും യാത്രയാക്കിയത്. എല്ലാവർക്കും നന്ദി പറഞ്ഞ് കുഞ്ഞിനേയും തോളിലിട്ട് ആശുപത്രിയുടെ പടിയിറങ്ങുമ്പോൾ ആ അമ്മയുടെ കണ്ണുകൾ സന്തോഷം കൊണ്ട് നിറഞ്ഞിരുന്നു.
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.