26 July 2024, Friday
KSFE Galaxy Chits Banner 2

Related news

May 22, 2024
March 12, 2024
March 9, 2024
February 23, 2024
February 22, 2024
January 12, 2024
December 5, 2023
September 20, 2023

ബൈജൂസ് കൂടുതല്‍ പ്രതിസന്ധിയില്‍

ഇന്ത്യ ബിസിനസ് സിഇഒ രാജിവച്ചു 
Janayugom Webdesk
ബംഗളുരു
September 20, 2023 8:45 pm

സാമ്പത്തിക പ്രതിസന്ധിയില്‍പെട്ട എഡ്‌ടെക് സ്ഥാപനമായ ബൈജൂസിന് വീണ്ടും തിരിച്ചടിയായി ഉന്നതതലത്തില്‍ വീണ്ടും രാജി. ഇന്ത്യ ബിസിനസ് സിഇഒ മൃണാള്‍ മോഹിതാണ് ഇന്നലെ രാജിവച്ചത്. വ്യക്തിപരമായ കാരണങ്ങളാണ് രാജിക്കു പിന്നിലെന്ന് കമ്പനിയുടെ പ്രസ്താവനയില്‍ പറയുന്നു.
കഴിഞ്ഞ വര്‍ഷം മെയ് മുതല്‍ ബൈജൂസിന്റെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍പിടിച്ചു വരികയായിരുന്നു മൃണാള്‍. ബൈജൂസിന്റെ സ്ഥാപകനും സിഇഒയുമായ ബൈജു രവീന്ദ്രന്‍ അന്താരാഷ്ട്ര ബിസിനസ് മേല്‍നോട്ടം വഹിക്കാന്‍ തുടങ്ങിയതോടെയാണ് മൃണാള്‍ ഈ സ്ഥാനത്തേക്കെത്തിയത്. പുതിയ സിഇഒ ആയി ബൈജൂസിനൊപ്പം മുന്‍പുണ്ടായിരുന്ന അര്‍ജുന്‍ മോഹനെ നിയമിച്ചിട്ടുണ്ട്.
സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് കഴിഞ്ഞ മാസം അവസാനം ബൈജൂസിന്റെ തലപ്പത്ത് നിന്ന് ഉന്നതര്‍ രാജിവച്ചൊഴിഞ്ഞിരുന്നു. ചീഫ് ബിസിനസ് ഓഫീസര്‍ പ്രത്യുഷ അഗര്‍വാള്‍, ബൈജൂസ് ട്യൂഷന്‍ സെന്റേഴ്‌സ് ബിസിനസ് ഹെഡ് ഹിമാന്‍ഷു ബജാജ്, ക്ലാസ് 4–10 ബിസിനസ് ഹെഡ് മുക്ത ദീപക് എന്നിവരാണ് പടിയിറങ്ങിയത്. അതിനു മുന്‍പ് ബൈജൂസിന്റെ അന്താരാഷ്ട്ര ബിസിനസ് ചുമതലയുള്ള സീനിയര്‍ വൈസ് പ്രസിഡന്റും മലയാളിയുമായ ചെറിയാന്‍ തോമസും രാജിവച്ചിരുന്നു. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് 2,000 ഓളം ജീവനക്കാരെ ബൈജൂസ് ഇതിനകം പിരിച്ചു വിട്ടിട്ടുമുണ്ട്.
മലയാളിയായ ബൈജു രവീന്ദ്രന്‍ നയിക്കുന്ന വിദ്യാഭ്യാസ സാങ്കേതിക സ്ഥാപനമായ ബൈജൂസ് തുടക്കകാലത്ത് 2.200 കോടി ഡോളർ മൂല്യമുള്ള സ്റ്റാർട്ടപ്പുകളിൽ ഒന്നായിരുന്നു. ഏറെക്കാലമായി ഭരണ നിര്‍വഹണം, ധനകാര്യം, കടബാധ്യത എന്നിവയിലെ പ്രശ്നങ്ങലും വായ്പകള്‍ സംബന്ധിച്ച കേസും കാരണം പ്രതിസന്ധി നേരിടുകയാണ്. 2021–22 സാമ്പത്തിക വര്‍ഷത്തെ പ്രവര്‍ത്തനഫലം ബൈജൂസ് ഇനിയും പുറത്തുവിട്ടില്ല. ഇതില്‍ പ്രതിഷേധിച്ച് ബൈജൂസിന്റെ ഓഡിറ്റര്‍ ചുമതലയില്‍ നിന്ന് പ്രമുഖ ധനകാര്യ സ്ഥാപനമായ ഡെലോയിറ്റ് ഒഴിയുകയും ചെയ്തിരുന്നു.
സാമ്പത്തിക പ്രതിസന്ധി അടിയന്തരമായി പരിഹരിക്കാന്‍ മുന്‍കാലങ്ങളില്‍ ഏറ്റെടുത്ത കമ്പനികളെ വിറ്റഴിച്ച് പണം കണ്ടെത്താനാണ് ബൈജൂസിന്റെ ഇപ്പോഴത്തെ ശ്രമം. അതിനിടെ മുൻ ജീവനക്കാരുടെ ശമ്പള കുടിശിക നൽകുന്നതിൽ കാലതാമസം നേരിട്ടതില്‍ കമ്പനി ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. ജൂണിൽ പിരിച്ചു വിട്ട ജീവനക്കാർക്കുള്ള ശമ്പള കുടിശ്ശിക സെപ്റ്റംബറിൽ കൊടുത്ത് തീർക്കുമെന്ന് കമ്പനി പറഞ്ഞിരുന്നു.കുടിശ്ശിക നൽകുന്ന കാലാവധി നവംബറിലേക്ക് നീട്ടിയിട്ടുണ്ട്.

Eng­lish summary;Byjus in more finan­cial crysis

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.