Monday
18 Feb 2019

എരിഞ്ഞടങ്ങിയ സൂര്യന്‍

By: Web Desk | Sunday 7 October 2018 10:50 AM IST

സൂര്‍ദാസ് രാമകൃഷ്ണന്‍
പെട്ടെന്ന് അസ്തമിക്കുന്ന മധ്യാഹ്നസൂര്യനെപോലെ ബാലഭാസ്‌കര്‍ കാലത്തിന്റെ നിഗൂഢതയിലേക്ക് മാഞ്ഞു; സംഗീതവും ജീവിതവും ഇഴുകിചേര്‍ന്ന ഒരുപാടൊരുപാട് സ്വപ്നങ്ങള്‍ ഇവിടെ ഉപേക്ഷിച്ചുകൊണ്ട്. അപകടത്തിന്റെ രൂപത്തില്‍ പതിയിരുന്നാക്രമിച്ച മരണം, ബോധാബോധങ്ങളുടെ തിരിമറിച്ചിലുകള്‍ക്കിടയിലെപ്പൊഴോ, ശ്രുതി ചേര്‍ന്നിരുന്ന ആ ഹൃദയ തന്ത്രികളെ സ്‌നേഹശൂന്യതയുടെ വിരലുകള്‍കൊണ്ട് പൊട്ടിച്ചെറിഞ്ഞപ്പോഴും തോറ്റുപോയത് മരണം തന്നെ. വയലിന്‍ തന്ത്രികളില്‍ വിരലുകളുടെ മാസ്മരിക ചലനങ്ങളിലൂടെ ബാലഭാസ്‌കര്‍ സൃഷ്ടിച്ച അഭൗമ സംഗീതലഹരിയെ ഒന്നു തൊടാന്‍പോലും മരണത്തിനു കഴിഞ്ഞില്ല. മൃത്യഞ്ജയമായ ആ സംഗീതം ഇപ്പോഴും അതിന്റെ യൗവ്വന തീഷ്ണതയില്‍ തന്നെ പ്രവഹിച്ചുകൊണ്ടേയിരിക്കുന്നു. പ്രണയത്തിന്റെയും വിഷാദത്തിന്റെയും വിരഹത്തിന്റെയും ആനന്ദത്തിന്റെയും ഭക്തിയുടേയുമൊക്കെ രാഗഭാവവൈവിധ്യങ്ങളുടെ നിലയ്ക്കാത്ത സംഗീതമായി അത് നമ്മുടെയൊക്കെ ഹൃദയമിടിപ്പില്‍ ലയിച്ചു ചേര്‍ന്നിരിക്കുന്നു.

BALA BAHASKAR WITH Pinarayi Vijayan

മൂന്നാം വയസ്സില്‍ വയലിന്‍ ഹൃദയത്തോട് ചേര്‍ത്തുവച്ച്, ഇളംവിരലുകള്‍കൊണ്ട് അതിന്റെ തന്ത്രികകളില്‍ സപ്തസ്വരങ്ങള്‍ മീട്ടി സംഗീതത്തിലേക്ക് പിച്ചവച്ച ബാലഭാസ്‌കര്‍ മരണംവരെയും ആ സംഗീതോപകരണത്തെ ഹൃദയത്തോട്, ജീവിതത്തോട് ചേര്‍ത്ത് പിടിച്ചു. ‘വയലിന്‍ ആണ് എന്റെ ജീവിതം എന്നും, വയലിന്‍ എന്റെ പ്രണയിനിയാണെ’ന്നുമുള്ള ബാലഭാസ്‌കറിന്റെ പറച്ചില്‍ വെറും ഭംഗിവാക്കായിരുന്നില്ല. അത് കാലം സംഗീതത്തിന്റെ കാല്‍ക്കല്‍ സമര്‍പ്പിച്ച ജീവിതമാണ് തന്റേതെന്ന് സ്വയം തിരിച്ചറിഞ്ഞതിന്റെ ബഹിര്‍സ്ഫുരണമായിരുന്നു. അങ്ങനെയൊരു തോന്നലുണ്ടായതാകട്ടെ കൗമാരത്തില്‍ നിന്നും യൗവ്വനത്തിലേക്ക് നടന്നുകയറുന്ന ഘട്ടത്തിലും. അപ്പോഴുംബാലു തന്റെ സംഗീത ഗുരുവും അമ്മാവനും വയലിനിസ്റ്റുമായ ശശികുമാറിനോടൊപ്പവും ഒറ്റയ്ക്കും വയലിന്‍ കച്ചേരി നടത്തി തുടങ്ങിയിരുന്നു. എങ്കിലും മനസ്സ് സംഗീതത്തിന്റെ മറ്റേതോ തലത്തിലേക്ക് പറക്കാന്‍ വെമ്പല്‍കൊണ്ടു. പുതിയതെന്തോ സംഗീതത്തില്‍ സൃഷ്ടിക്കാനുള്ള ഒടുങ്ങാത്ത ത്വര, യൗവ്വനത്തിന്റെ തിളച്ചുമറിയല്‍ അതാണ് ബാലുവിനെ ഫ്യൂഷന്‍ സംഗീതത്തിന്റെ കാല്പനിക സ്വാതന്ത്ര്യത്തിലേക്ക് പറന്നുയരാന്‍ പ്രേരിപ്പിച്ചത്, ഫ്യൂഷന്‍ സംഗീതം യുവത്വത്തിന്റെ രക്തത്തില്‍ കത്തിപ്പടര്‍ന്ന സംഗീതമായിരുന്നു. തൊണ്ണൂറുകളില്‍ അതൊരു ഫാഷനായും പാഷനായും മലയാളിയുടെ സ്വത്വത്തെയും ബാധിച്ചുതുടങ്ങിയിരുന്നു. പാശ്ചാത്യവും ഭാരതീയവുമായ സംഗീതത്തെ കലര്‍ത്തി ചിട്ടപ്പെടുത്തിയെടുക്കുന്നതാണ് ഫ്യൂഷന്‍ സംഗീതം. പക്ഷേ, അക്കാലത്ത് കേരളത്തില്‍ ഉണ്ടായിക്കൊണ്ടിരുന്ന ഫ്യൂഷന്‍ സംഗീത പരിശ്രമങ്ങളെല്ലാം അരോചമായ ശബ്ദകോലാഹങ്ങളുടെ ദയനീയാവിഷ്‌കാരങ്ങളായിരുന്നു. ഭാവനയുടെ, ശാസ്ത്രീയമായ സംഗീതാഭ്യസനത്തിന്റെ വലിയ കുറവ് ഈ കോലാഹലങ്ങളില്‍ പ്രകടമായിരുന്നു. ചെറുപ്പക്കാരുടെ സംഗീതാഭിരുചിയെ വഴിതെറ്റിക്കുന്ന അവസ്ഥയിലേക്ക് ഈ കോലാഹലം മാറിക്കൊണ്ടിരുന്ന ഘട്ടത്തിലാണ് ബാലഭാസ്‌കര്‍ മാന്ത്രികവയലിനുമായി കടന്നു വന്നത്. കര്‍ണാടക സംഗീതത്തിലുള്ള അവഗാഹം, വയലിന്‍ വാദനത്തിനുള്ള പ്രായോഗിക പരിജ്ഞാനം, സംഗീതത്തില്‍ പുതിയ സ്വപ്നങ്ങള്‍ നെയ്യുന്ന വിലക്കുകളില്ലാത്ത ഒരു കാല്പനിക മനസ്സ് ഇതെല്ലാം ചേര്‍ന്നതായിരുന്നു ബാലഭാസ്‌കര്‍. അത് ഫ്യൂഷന്‍ സംഗീതത്തില്‍ പുതിയൊരു വസന്തം സൃഷ്ടിച്ചു.

Balabhaskar kanam

ബാലഭാസ്‌കറിന്റെ ഫ്യൂഷന്‍ സംഗീതം പാശ്ചാത്യ സംഗീതോപകരണങ്ങളുടെ വെറുമൊരു ശബ്ദമിശ്രണമായിരുന്നില്ല, വ്യത്യസ്ത സംസ്‌കാരങ്ങളുടെ ലയമായിരുന്നു. വ്യത്യസ്ത താളവാദ്യങ്ങളുടെ, തന്ത്രിവാദ്യങ്ങളുടെ ആയാസരഹിതമായ സമരസപ്പെടലായിരുന്നു. ചലച്ചിത്രഗാനങ്ങളെയും കര്‍ണ്ണാടകസംഗീത കീര്‍ത്തനങ്ങളെയും ബാലു ഫ്യൂഷന്‍ സംഗീതത്തിന് ഉപയോഗിച്ചു. സംഗീതത്തിന്റെ ധാര ഏതായിരുന്നാലും അതിന്റെ ഭാവശുദ്ധിയെ ഒരിക്കലും മുറിവെല്‍പ്പിച്ചില്ല. പ്രത്യേകിച്ച് കര്‍ണ്ണാടക സംഗീതത്തിന്റെ അടിസ്ഥാനഭാവമായ ഭക്തിയുടെ നിര്‍മലതയെ ഒരിക്കല്‍പോലും ബാലുവിന്റെ ഫ്യൂഷന്‍ ഭാവന കളങ്കപ്പെടുത്തിയിട്ടില്ല എന്നു പറയാം. അദ്ദേഹത്തിന്റെ വയലിനിലൂടെ സംഗീതം നിലാവായും നദിയായും തിരമാലകളായും ഇളം കാറ്റായും തേന്‍ കണങ്ങളായും മഴയായും ജനമനസ്സുകളെ ആനന്ദാനുഭൂതിയില്‍ ലയിപ്പിക്കുന്ന കാഴ്ച വിസ്മയകരമാണ്. തിരുവനന്തപുരം കലാഭവന്‍ അതിനെത്രവട്ടം സാക്ഷിയായിരിക്കുന്നു! വാസ്തവത്തില്‍ ഈ പ്രതിഭ വയലിന്‍ തന്ത്രികളിലൂടെ വിരല്‍ ചലിപ്പിച്ച് നമ്മുടെയെല്ലാം ഉള്ളിലെ യൗവ്വനത്തെ നൃത്തം ചെയ്യിക്കുകയാണ്. ആ സംഗീതത്തിന്റെ ചടുലതയ്‌ക്കൊപ്പം നമ്മുടെ ഹൃദയങ്ങള്‍ നൃത്തം ചെയ്യുന്നു. ബിഥോവന്‍ പറഞ്ഞതുപോലെ ഹൃദയത്തിന് തീപിടിക്കുകയും കണ്ണുകള്‍ ഈറനണിയുകയും ചെയ്യുന്നു.
ഇതൊക്കെയാണെങ്കിലും തന്റെ തട്ടകം ഫ്യൂഷന്‍ സംഗീതം മാത്രമാണെന്ന് ബാലു വിശ്വസിച്ചിരുന്നില്ല. അത് ആവിഷ്‌കാരത്തിന്റെ ഒരു തലം മാത്രമാണ്. ഫ്യൂഷന്‍ സംഗീതം വലിയൊരു ആരാധക വൃന്ദത്തെ സൃഷ്ടിച്ചു. ഒരുപാട് പ്രശസ്തിയുണ്ടായി. പക്ഷേ, ഇതെല്ലാം വിട്ട് ഇടയ്ക്കിടെ ഈ സംഗീതജ്ഞന്‍ ഗൃഹാതുരതയോടെ ചെന്നെത്തുന്നത് ശാസ്ത്രീയസംഗീതത്തിന്റെ മടിത്തട്ടിലേക്കുതന്നെയായിരുന്നു.

sivamani, bala, stephen

അവിടെയെത്തുമ്പോഴാണ്, ശുദ്ധമായൊരു സംഗീതക്കച്ചേരി നടത്തുമ്പോഴാണ് താന്‍ സ്വയം നവീകരിക്കുന്നതെന്നും സ്വന്തം പോരായ്മകള്‍ തിരിച്ചറിയുന്നതെന്നും, സംഗീതത്തിന്റെ പുതിയ ഊര്‍ജ്ജസ്രോതസ്സുകള്‍ കണ്ടെത്തുന്നതെന്നും ബാലു തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. അതാണ് ഒരു യഥാര്‍ത്ഥ സംഗീതപ്രതിഭയുടെ ലക്ഷണം. അതുകൊണ്ടാണ് പതിനേഴാം വയസ്സില്‍ സംഗീതസംവിധായകന്റെ വേഷമണിഞ്ഞ്, യേശുദാസിനെയും ജയചന്ദ്രനെയും ചിത്രയെയും സ്വന്തം ഈണങ്ങളില്‍ പാടിപ്പിച്ച് വിജയിച്ചിട്ടും ചലച്ചിത്രത്തിന്റെ ഭ്രമിപ്പിക്കുന്ന ലോകത്തിന് ബാലഭാസ്‌കറിനെ വശീകരിക്കാന്‍ കഴിയാതെപോയത്. ഒരുപക്ഷേ, മുത്തച്ഛന്‍ മുതല്‍ക്കുള്ള മഹത്തായൊരു സംഗീത പാരമ്പര്യത്തിന്റെ ശുദ്ധമായൊരു പകര്‍ന്നുകിട്ടലും അതിനു കാരണമാകാം.
വാസ്തവത്തില്‍ ബാലഭാസ്‌കറിന് സംഗീതത്തിനപ്പുറം മറ്റൊരു ലോകമുണ്ടായിരുന്നില്ല. ജീവിതവും സ്വപ്നങ്ങളുമെല്ലാം സംഗീതമായിരുന്നു. ഒരുപാട് സംഗീതസ്വപ്നങ്ങള്‍ സൂക്ഷിച്ചിരുന്ന ആ ജീവിതത്തെയാണ് കാലം, കാലംതെറ്റിച്ച് അപഹരിച്ചുകളഞ്ഞത്. കാലത്തിന്റെ ഔചിത്യമില്ലായ്മ…. അതോ, ആ സ്വപ്നങ്ങളൊക്കെ കാലം മറ്റാര്‍ക്കോവേണ്ടി കരുതിവച്ചതാകുമോ…?

മധുരഗാനമേ വിട

വി വി കുമാര്‍
ചില മഹാപ്രതിഭകള്‍ അങ്ങനെയാണ്. ഒരു പൊന്‍താരകമായി ഉദിച്ചുയരും. തന്റെ സര്‍ഗപ്രതിഭകൊണ്ട് ഇളം പ്രായത്തില്‍തന്നെ നമ്മെ വിസ്മയഭരിതരാക്കും. ഇതാ, എന്റെ ജന്മദൗത്യം പൂര്‍ത്തിയായി എന്ന് പറയാതെ പറഞ്ഞ് പെട്ടെന്ന് പൊലിഞ്ഞുപോകും. എന്നാല്‍, അവരുടെ സര്‍ഗവൈഭവത്തിന്റെ തിരുശേഷിപ്പുകള്‍ യുവമനസുകള്‍ക്ക് ഊര്‍ജ്ജമായി കാലങ്ങളോളം നിലനില്‍ക്കും. 
മലയാളത്തിലെ എക്കാലത്തേയും മികച്ച 10 നോവലുകളിലൊന്നായി കെ പി അപ്പന്‍ പത്മരാജന്റെ പ്രതിമയും രാജകുമാരിയും എന്ന നോവലിനെ തെരഞ്ഞെടുത്തവര്‍ഷം. മലയാള  സിനിമയില്‍ വ്യത്യസ്തമായ കഥയും ആഖ്യാനവും കൊണ്ട് ഒരിടത്തൊരു ഫയല്‍വാനും, കള്ളന്‍ പവിത്രനും, പെരുവഴിയമ്പലവും രചിച്ച് പ്രേക്ഷകഹൃദയത്തിലേക്ക് നടന്നുകയറി ഒടുവില്‍ ഞാന്‍ ഗന്ധര്‍വന്‍ പിറന്ന കാലം. ഒരു പ്രഭാതവാര്‍ത്തയായി മലയാളത്തെ ഞെട്ടിച്ചുകൊണ്ട് പത്മരാജന്‍ വിടവാങ്ങി, 46-ാം വയസില്‍. അതേ അമ്പരപ്പോടെയാണ് ഗാന്ധിജയന്തിയുടെ പ്രഭാതത്തില്‍ മലയാളം ഉണര്‍ന്നത്. വയലിന്‍ മാന്ത്രികന്‍ ബാലഭാസ്‌കറിന്റെ അകാലവിയോഗം. 
പത്മനാഭസ്വാമി ക്ഷേത്രത്തിലെ നാഗസ്വരവിദ്വാനായിരുന്നു ബാലഭാസ്‌കറിന്റെ മുത്തച്ഛന്‍ ഭാസ്‌കരപ്പണിക്കര്‍. അമ്മാവന്‍ ബി ശശികുമാര്‍ ആകാശവാണിയിലെ വയലിന്‍ ആര്‍ട്ടിസ്റ്റും. പാരമ്പര്യസിദ്ധമായ സംഗീതവും അക്ഷീണപ്രയത്‌നവുമാണ് ബാലഭാസ്‌കറിനെ യൗവന കാലത്തുതന്നെ പ്രശസ്തനാക്കിയത്. 17-ാം വയസില്‍ സിനിമാ സംഗീത സംവിധായകനായി. 'മംഗല്യപ്പല്ലക്ക്' എന്ന ചിത്രത്തിനായി ചിട്ടപ്പെടുത്തിയ ചിത്രയുടെ ഗാനം കേട്ട് ഗായകന്‍ ജയചന്ദ്രന്‍ യുവസംവിധായകന്റെ മുന്നില്‍ എഴുന്നേറ്റുനിന്ന് കൈകൂപ്പി. പക്ഷേ, സിനിമയുടെ മാസ്മരികതയില്‍, ആര്‍ഭാടത്തില്‍ മുങ്ങിപ്പോയില്ല ബാലഭാസ്‌കര്‍. ഏതാനും സിനിമകളിലും രണ്ട് ആല്‍ബങ്ങളിലുമായി അതൊതുങ്ങി.
കര്‍ണാടക സംഗീതത്തെ മനസില്‍ ആവാഹിച്ച്, ഫ്യൂഷന്‍ സംഗീതത്തിന്റെ അന്വേഷണ വഴികളിലാണ് ബാലഭാസ്‌കര്‍ യാത്രയായത്. 2008 ല്‍ കേന്ദ്ര സംഗീത നാടക അക്കാദമിയുടെ ബിസ്മില്ലാഖാന്‍ യുവസംഗിത്കാര്‍ പുരസ്‌കാരം നേടിയപ്പോള്‍ അത് കഠിനാധ്വാനിയായ ഒരു സര്‍ഗപ്രതിഭയ്ക്കുള്ള അംഗീകാരമായി. കൂട്ടുകാരുടെ സംഘമായ ബിഗ്ബാന്റും മൈ മ്യൂസിക് മാജിക് എന്ന എം ഷോയും കടന്ന് ബാലലീല എന്ന സംഗീതസംരംഭത്തോടെ ലോകം ചുറ്റി മലയാളിയുടെ അഭിമാനമായി ബാലഭാസ്‌കര്‍. എ ആര്‍ റഹ്മാന്‍, ഉസ്താദ് സക്കീര്‍ ഹുസൈന്‍, ലൂയിസ് ബാങ്ക്, ശിവമണി, ഹരിഹരന്‍, സ്റ്റീഫന്‍ ദേവസി, രഞ്ജിത് ബാരോട്ട്, മട്ടന്നൂര്‍ ശങ്കരന്‍കുട്ടി എന്നിങ്ങനെ ലോക പ്രശസ്തരായ അനേകം സംഗീത പ്രതിഭകള്‍ക്കൊപ്പം ഫ്യൂഷന്‍ വേദി പങ്കിട്ടു ഈ യുവ പ്രതിഭ. മാത്രമല്ല, ഈ വലിയ കലാകാരന്മാരുടെ പോലും ആരാധനാപാത്രമായി ബാലഭാസ്‌കര്‍. 
കര്‍ണാടക സംഗീതത്തിന്റെ ഭാവം ഉള്‍ക്കൊണ്ടുകൊണ്ടുള്ള പുതുവാദന ശൈലിയാണ് ബാലഭാസ്‌കര്‍ പിന്തുടര്‍ന്നത്. അത് ആസ്വാദകര്‍ പ്രത്യേകിച്ച് യുവതലമുറ മനസുതുറന്ന് പ്രോത്സാഹിപ്പിച്ചു. അത് തെന്നിന്ത്യന്‍ ഫ്യൂഷന്‍ മ്യൂസിക്കിന്റെ ചരിത്രത്തില്‍ സ്ഥാനം പിടിച്ചു.
2017 മെയ് 25ന് കേരള സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി തിരുവനന്തപുരത്ത് മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയുടെ മേളവും ബാലഭാസ്‌കറിന്റെ വയലിനും ഒത്തുചേര്‍ന്നപ്പോള്‍, കരിക്കകം ദേവീക്ഷേത്രത്തില്‍ സ്റ്റീഫന്‍ ദേവസിയുമായുള്ള സംഗീത വിരുന്ന്, എന്നിങ്ങനെ ഇന്ത്യയ്ക്കകത്തും പുറത്തുമായി ആരാധകര്‍ ബാലഭാസ്‌കറിനെ ശ്രവിക്കാന്‍ ഒത്തുകൂടി. ആറ്റുകാല്‍ ക്ഷേത്രോത്സവത്തിന് നിറഞ്ഞുതുളുമ്പിയ പ്രേക്ഷകരുടെ ഇടയിലേക്ക് ചിരിച്ച മുഖവും സാന്ദ്രസംഗീതവുമായി ഇറങ്ങിവന്ന ബാലഭാസ്‌കറിനെ തൊട്ടുനോക്കി സായൂജ്യമടയുന്ന ഒരു കൊച്ചുകുട്ടിയെകണ്ടു. വിദേശത്തെ ഒരു സ്റ്റേജ് പരിപാടിക്കിടെ ഇളകിമറിയുന്ന ആസ്വാദകരെ ഒരു നിമിഷം നിശ്ശബ്ദരാക്കി ബാലഭാസ്‌കര്‍ പറഞ്ഞു- ''ദയവായി, വെളിച്ചമെല്ലാം കെടുത്തി, മൊബൈല്‍ ഫോണ്‍ ടോര്‍ച്ചുമാത്രം തെളിക്കു.''
ആസ്വാദകര്‍, എന്താണ് സംഭവിക്കാന്‍ പോകുന്നതെന്നറിയാതെ കലാകാരനെ അനുസരിച്ചു. പ്രേക്ഷകരുടെ മൊബൈല്‍ ഫോണ്‍ വെളിച്ചത്തില്‍ ഒരു നിമിഷത്തെ നിശ്ശബ്ദതയ്ക്കുശേഷം മെല്ലെ ബാലഭാസ്‌കറിന്റെ വയലിന്‍ പാടി. 
''ഉയിരേ, ഉയിരേ, വന്തു എന്നോടു കലന്തുവിടു.
ഉയിരേ, ഉയിരേ എന്നൈ ഉന്നോടു കലന്തുവിടു....

Ar Rahman with balabhaskar

അങ്ങനെ പ്രണയ തീവ്രതയും സ്‌നേഹത്തിന്റെ തരളതയും ആസ്വാദകര്‍ നിറഞ്ഞാസ്വദിച്ച എത്രയെത്ര രാവുകള്‍.
സംഗീതപ്രേമികളോട് മാത്രമല്ല, സാധാരണക്കാരായ മനുഷ്യരോടും എളിമയും സൗഹൃദവും പുലര്‍ത്തി ബാലഭാസ്‌കര്‍. യൂണിവേഴ്‌സിറ്റി കോളജിലും തിരുവനന്തപുരം കലാഭവന്‍ തിയേറ്ററിലും ബാലഭാസ്‌കറിന്റെ ഭൗതികശരീരം പൊതു ദദര്‍ശനത്തിനു വച്ചപ്പോള്‍ കണ്ട വിങ്ങിപ്പൊട്ടലുകളും നിലയ്ക്കാത്ത ജനപ്രവാഹവും അതിന്റെ സാക്ഷ്യങ്ങളാണ്. 
തന്റെ ശരീരത്തിന്റെ ഭാഗമായി കൊണ്ടുനടന്ന വയലിനിലേക്ക് തലചായ്ച്ച്, പ്രകാശം പരത്തുന്ന മോഹിപ്പിക്കുന്ന പുഞ്ചിരിയോടെ ബാലഭാസ്‌കര്‍ സംഗീത വിസ്മയം തീര്‍ത്തു.ആ മാസ്മരികത,  കേരളം കടന്ന് ലോകശ്രദ്ധയിലേക്ക് പടരാന്‍ ചിറകുവിടര്‍ത്തവേയാണ് കാലം അതിനുമേല്‍ നിഴല്‍ വിരിച്ചത്.
ആസ്വാദകര്‍ക്കു മാത്രമല്ല, സംഗീതത്തെ സമര്‍പ്പണ ബോധത്തോടെ ഉപാസിച്ച, വിവിധ വാദ്യങ്ങളെ സമന്വയിപ്പിക്കാന്‍ പ്രയത്‌നിച്ച ഈ അതുല്യകലാകാരന്റെ ജീവിതം കലാലോകത്തിലേക്ക് പിച്ചവയ്ക്കുന്ന എല്ലാ കുട്ടികള്‍ക്കും ഒരു പാഠപുസ്തകമാണ്.

Bhaskar with Sachin