Web Desk

കാസര്‍കോട്

October 12, 2021, 5:58 pm

സ്‌കൂള്‍ കെട്ടിടങ്ങളുടെയും ബസുകളുടെയും ഫിറ്റ്‌നസ് ഉറപ്പാക്കണം: സംസ്ഥാന ബാലാവകാശ കമ്മീഷന്‍

Janayugom Online

ജില്ലയില്‍ വാഹന സൗകര്യം കുറവുള്ള 590 വിദ്യാലയങ്ങള്‍
സ്‌കൂളുകള്‍ തുറക്കാനിരിക്കേ ജില്ലയിലെ സ്‌കൂള്‍ കെട്ടിടങ്ങളുടെയും സ്‌കൂള്‍ ബസുകളുടെയും ഫിറ്റ്‌നസ് ഉറപ്പാക്കണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ അംഗം പി.പി. ശ്യാമളാദേവി നിര്‍ദേശിച്ചു. വിദ്യാഭ്യാസ അവകാശ നിയമവുമായി ബന്ധപ്പെട്ട കര്‍ത്തവ്യ വാഹകരുടെ കൂടിയാലോചന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. ഏറെക്കാലം അടഞ്ഞു കിടന്ന വിദ്യാലയങ്ങള്‍ തുറക്കുന്നത് ലളിതമെന്ന് തോന്നാമെങ്കിലും സങ്കീര്‍ണമായ ദൗത്യമാണ്. വിവിധ വകുപ്പുകളുടെ ഏകീകരണത്തോടുള്ള പ്രവര്‍ത്തനങ്ങളിലൂടെ മാത്രമേ ഈ ദൗത്യത്തില്‍ പൂര്‍ണവിജയം നേടാന്‍ നമുക്ക് സാധിക്കുകയുള്ളൂവെന്ന് ശ്യാമളാദേവി പറഞ്ഞു. വിവിധ വകുപ്പുകളുടെ ജില്ലാ ഓഫീസര്‍മാര്‍ പങ്കെടുത്ത യോഗം സ്‌കൂള്‍ തുറക്കുന്നതോടനുബന്ധിച്ച് സര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കാന്‍ തീരുമാനിച്ചു. കുട്ടികള്‍ കൂടുതല്‍ സമയം ചെലവഴിക്കുന്ന ക്ലാസ് മുറികള്‍, ക്യാന്റീന്‍, ലൈബ്രറി, ടോയ്‌ലറ്റ്, സ്‌കൂള്‍ ബസ് എന്നിവിടങ്ങള്‍ കൃത്യമായി സാനിറ്റൈസ് ചെയ്യും. സാമൂഹിക അകലം പാലിച്ച് ഒരു ബെഞ്ചില്‍ രണ്ട് വിദ്യാര്‍ഥികളെ മാത്രം ഇരുത്തി ക്ലാസ് നടത്തും. ലോക്ഡൗണ്‍ കാലത്ത് കുട്ടികള്‍ അവര്‍ ഏതെങ്കിലും വിധത്തിലുള്ള അതിക്രമങ്ങള്‍ നേരിട്ടിരുന്നോ എന്ന് മനസ്സിലാക്കാനും അത്തരം കുട്ടികള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ മറ്റ് സര്‍ക്കാര്‍ പദ്ധതികളുടെ സഹായത്തോടെ നല്‍കാനും അധ്യാപകര്‍ക്ക് സാധിക്കേണ്ടതുണ്ട്. എസ്.സി, എസ്.ടി, ഫിഷറീസ് വകുപ്പുകളുടെ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ മുഴുന്‍ സമയവും പഠനത്തിനായി ഉപയോഗപ്പെടുത്താനും അധ്യാപകര്‍ക്ക് കൂടി താമസ സൗകര്യം നല്‍കി അധ്യയനം എളുപ്പമാക്കാനും യോഗം നിര്‍ദ്ദേശിച്ചു. വാഹന സൗകര്യം കുറവുള്ള 590 വിദ്യാലയങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. യാത്രാ സൗകര്യങ്ങള്‍ കുറഞ്ഞ പ്രദേശങ്ങളില്‍ കെ.എസ്.ആര്‍.ടി.സി ബോണ്ട് ബസ് സൗകര്യം ഉപയോഗപ്പെടുത്താം. ബസ് സൗകര്യങ്ങള്‍ കുറവായതിനാല്‍ ഇരുചക്ര വാഹനങ്ങളില്‍ വിദ്യാര്‍ഥികള്‍ സ്‌കൂളുകളിലേക്ക് എത്താന്‍ സാധ്യതയുണ്ട്. സ്‌കൂളുകളില്‍ ഈ വാഹനങ്ങള്‍ക്ക് പാര്‍ക്കിങ് സൗകര്യം നല്‍കരുതെന്നും പരമാവധി കുട്ടികളെ രക്ഷിതാക്കള്‍തന്നെ വിദ്യാലയങ്ങളിലേക്ക് എത്തിക്കാന്‍ ശ്രദ്ധിക്കണമെന്നും യോഗം നിര്‍ദേശിച്ചു. വിദ്യാര്‍ഥികള്‍ ഇരുചക്ര വാഹനങ്ങള്‍ ഉപയോഗിച്ചാല്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും യോഗം വിലയിരുത്തി. ഓണ്‍ലൈന്‍ ക്ലാസുകളെ തുടര്‍ന്ന് വിദ്യാര്‍ഥികളില്‍ ഉണ്ടായ നവ മാധ്യമ അടിമത്തം കുറക്കാനുള്ള സൈബര്‍ ബോധവത്കരണ ക്ലാസുകള്‍ നടത്തും. യോഗത്തില്‍ ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് മുഖ്യ പ്രഭാഷണം നടത്തി. എ.എസ്.പി ഹരിശ്ചന്ദ്ര നായ്ക് സംസാരിച്ചു. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ വിവിധ വകുപ്പുകളിലെ ജില്ലാതല ഓഫീസര്‍മാര്‍ പങ്കെടുത്തു. ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ സി.എ ബിന്ദു സ്വാഗതവും അസി. വിദ്യാഭ്യാസ ഓഫീസര്‍ അഗസ്റ്റിന്‍ ബര്‍ണാഡ് നന്ദിയും പറഞ്ഞു.

വിദ്യാഭ്യാസ അവകാശ നിയമവുമായി ബന്ധപ്പെട്ട കര്‍ത്തവ്യവാഹകരുടെ കൂടിയാലോചന യോഗത്തില്‍ സംസ്ഥാന ബാലാവകാശ കമ്മീഷിന്‍ അംഗം പി.പി.ശ്യാമളാദേവി സംസാരിക്കുന്നു