3 February 2025, Monday
KSFE Galaxy Chits Banner 2

രൂപയുടെ മൂല്യശോഷണത്തിന് പിന്നില്‍

പ്രൊഫ. കെ അരവിന്ദാക്ഷൻ
January 29, 2025 4:45 am

ഇന്ത്യന്‍ രൂപയും ആഗോള വിനിമയ മാധ്യമമായ അമേരിക്കന്‍ ഡോളറും തമ്മില്‍ വിനിമയ മൂല്യത്തില്‍ ഏറ്റക്കുറച്ചിലുണ്ടാകുന്നത് ഇതാദ്യത്തെ അനുഭവമല്ല. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ വികസനപാത എപ്പോഴെല്ലാം പ്രതിസന്ധിയിലായിട്ടുണ്ടോ, അപ്പോഴെല്ലാം ഇത്തരമൊരു ദുരനുഭവം ഉണ്ടായിട്ടുണ്ട്. എന്നാല്‍, പിന്നിട്ട ഏതാനും വര്‍ഷങ്ങളില്‍ രൂപ — ഡോളര്‍ വിനിമയ ബന്ധം ഒരുവിധം സാധാരണനിലയില്‍ തുടര്‍ന്നുവരികയായിരുന്നു. ഇതില്‍ മാറ്റമുണ്ടാകുന്നത് 2024 ഡിസംബര്‍ അവസാന വാരത്തിലാണ്. അന്നാണ് ഒരു ഡോളറിന്റെ വിനിമയമൂല്യം സമീപകാലത്തെ ഏറ്റവും കുറഞ്ഞനിരക്കായ 86.81 രൂപയിലേറെ താഴ്ന്നത്. 2024ല്‍ മാത്രമുണ്ടായ ഇടിവ് മൂന്ന് ശതമാനത്തോളമാണ്. തുടര്‍ച്ചയായ മൂല്യത്തകര്‍ച്ചയുടെ ഏറ്റവുമൊടുവിലത്തെ സ്ഥിതിയുമാണിത്. ആര്‍ബിഐയുടെ ജാഗ്രത്തായ ഇടപെടലിലൂടെയാണ് ഇത്രയെങ്കിലും ആശ്വാസമുണ്ടാക്കാനായതും.

കറന്‍സിയുടെ വിനിമയമൂല്യത്തില്‍ ഇടിവുണ്ടാകുന്നതിന് നിരവധി കാരണങ്ങളുണ്ട്. ഒന്ന്, മറ്റേതൊരു ചരക്കിന്റേതുമെന്നപോലെ രൂപയുടെ വില- മൂല്യം — നിര്‍ണയിക്കപ്പെടുന്നത് വിപണിയില്‍ അതിന്റെ ഡിമാന്‍ഡും സപ്ലെെയും തമ്മിലുള്ള ബന്ധത്തെ ആശ്രയിച്ചായിരിക്കും. കറന്‍സിക്കുള്ള വിപണി ഡിമാന്‍ഡ് ഉയരുന്നതനുസരിച്ച് അതിന്റെ സപ്ലെെയും ഉയരാതിരുന്നാല്‍, അതിന്റെ വില അഥവാ മൂല്യം ഉയരുകതന്നെ ചെയ്യും. ഒരു ചരക്കിന്റെ കാര്യത്തിലാണ് ഡിമാന്‍ഡ് — സപ്ലെെ വ്യത്യാസം ഉണ്ടാവുന്നതെങ്കില്‍ സര്‍ക്കാര്‍ വിപണി ഇടപെടലിലൂടെ അതിന്റെ വിതരണത്തില്‍ ആവശ്യമായ നിയന്ത്രണം ഏര്‍പ്പെടുത്തുകയാണ് ചെയ്യുക. നേരെമറിച്ച്, സപ്ലെെ പഴയപടി തുടരുകയും ഡിമാന്‍ഡ് ഉയരാതിരിക്കുകയും ചെയ്യുന്ന അവസരത്തില്‍ വില്പനയും ഉപഭോഗവും ഉയര്‍ത്തുന്നത് ലക്ഷ്യമാക്കി നിയന്ത്രണങ്ങളില്‍ അയവ് വരുത്തുകയോ നീക്കം ചെയ്യുകയോ ആയിരിക്കും സര്‍ക്കാര്‍ ഇടപെടലിലൂടെ നടക്കുക. അങ്ങനെ, ഡിമാന്‍ഡ് — സപ്ലെെ ബാലന്‍സ് ഏറെക്കുറെ സാധ്യമാവുകയും ചെയ്യും. 

വിനിമയ മൂല്യനിര്‍ണയ കാര്യത്തില്‍ ഒരു ചരക്കായാലും കറന്‍സി ആയാലും അതിനെ സ്വാധീനിക്കുന്നത് സമാനമായ സാഹചര്യം തന്നെ ആയിരിക്കുമെങ്കിലും ഇവ തമ്മില്‍ ഒരു വ്യത്യാസമുണ്ട്. ചരക്കുകളുടെ വില നിര്‍ണയത്തെ സ്വാധീനിക്കുന്നത് ലഭ്യതയും അവയ്ക്കുള്ള ഡിമാന്‍ഡുമാണെങ്കില്‍ കറന്‍സികളുടെ വിനിമയമൂല്യ നിര്‍ണയം നടക്കുക വിദേശവിപണികളില്‍ രണ്ട് രാജ്യങ്ങളുടെ ദേശീയ കറന്‍സികളുടെ കെെമാറ്റ പ്രക്രിയയിലെ ഏറ്റക്കുറച്ചിലുകളിലൂടെ ആ യിരിക്കും. ഇത്തരം ഏറ്റക്കുറച്ചിലുകള്‍ തുടരുന്ന സാഹചര്യം നിലവിലിരിക്കെ, വിദേശ മൂലധനനിക്ഷേപത്തില്‍ മെല്ലപ്പോക്കുണ്ടാവുക സ്വാഭാവികം. സെക്യൂരിറ്റി വിപണികളിലെ ചലനങ്ങള്‍ മാനദണ്ഡമാക്കിയായിരിക്കും വിദേശ നിക്ഷേപത്തിന്റെ വരവും പോക്കും. 

ഇന്ത്യയിലേയ്ക്കുള്ള വിദേശ നിക്ഷേപത്തിന്റെ ഒഴുക്കിനെ ഒരു പരിധിവരെ പ്രതികൂലമായി സ്വാധീനിക്കാന്‍ കാരണം ചെെനീസ് ഭരണകൂടം നിക്ഷേപകര്‍ക്ക് നല്‍കിയ അധിക പ്രോത്സാഹനമായിരുന്നു. അങ്ങനെ മുംബെെ വിപണികളില്‍ നിന്നും ബെയ്ജിങ് വിപണികളിലേക്കുള്ള നിക്ഷേപത്തിന്റെ നീക്കം ത്വരിതപ്പെടാനിടയാക്കുകയും ചെയ്തു. യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള ഡൊണാള്‍ഡ് ട്രംപിന്റെ വരവോടെ അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥയിലെ നിക്ഷേപാന്തരീക്ഷം കൂടുതല്‍ സുരക്ഷിതവും ആകര്‍ഷകവുമായി. യുഎസ് കറന്‍സിയായ ഡോളറിനെ വെല്ലുവിളിക്കാന്‍ വിദേശ വ്യാപാരത്തെ മാധ്യമമാക്കി ബ്രിക്സ് കൂട്ടായ്മ നടത്താനിടയുള്ള എല്ലാ പരിശ്രമങ്ങളെയും 100 ശതമാനം തീരുവ വര്‍ധന എന്ന ഭീഷണി ഉയര്‍ത്തി ട്രംപ് തീര്‍ത്തും നിഷ്‌പ്രഭമാക്കുകയും ചെയ്തു. ഇതും ഇന്ത്യന്‍ കറന്‍സിയുടെ മൂല്യശോഷണത്തിലേക്കാണ് നയിച്ചത്.

ഇതെല്ലാം ഒരുവശത്ത് അരങ്ങേറിക്കൊണ്ടിരുന്നപ്പോള്‍ത്തന്നെ ഇന്ത്യയുടെ വിദേശ ചരക്കുവ്യാപാര മേഖല കൂടുതല്‍ ബലഹീനമായി വരികയായിരുന്നു. കയറ്റുമതി ഇടിവിനോടൊപ്പം ഇറക്കുമതി പരിമിതപ്പെടുത്താന്‍ കഴിയാതിരുന്നതും ഇറക്കുമതി ചെലവില്‍ വന്‍ കുതിപ്പിനാണ് ഇടയാക്കിയത്. നമ്മുടെ കറന്റ് അക്കൗണ്ട് കമ്മി (സിഎഡി) ധനകാര്യ വര്‍ഷത്തിന്റെ മൂന്നാം പാദമാകുമ്പോഴേയ്ക്ക് നിലവിലുള്ള ജിഡിപിയുടെ 1.2 ശതമാനത്തില്‍ നിന്ന് ഇരട്ടിയായെങ്കിലും ഉയരുമെന്നാണ് കരുതുന്നത്. ട്രംപിന്റെ ‘എച്ച്1 ബി വിസ’ സംവിധാനത്തോടുള്ള സമീപനം എന്തായിരിക്കുമെന്ന് ഇനിയും വ്യക്തമാക്കപ്പെടേണ്ടതായി തുടരുന്നതിനാല്‍, സിഎഡിയില്‍ ഈ ഇനത്തിലൂടെയുള്ള നാമമാത്രമായ മിച്ചം തന്നെ തീര്‍ത്തും അനിശ്ചിതത്വത്തിലാണ് തുടങ്ങുന്നത്. ഇതിനിടെ, ട്രംപിന്റെ തിരിച്ചുവരവ് അനിശ്ചിതത്വത്തിലാണെന്ന ധാരണ പരന്നതോടെ ഏതാനും ചില ബ്രിക്സ് കൂട്ടായ്മ രാജ്യങ്ങള്‍, ഡോളറിനുപകരം ‘ബ്രിക്സ് കറന്‍സി’ എന്നൊരു അവ്യക്ത ആശയവുമായി രംഗത്തുവന്നിരുന്നു. അന്ന് ആര്‍ബിഐ ഗവര്‍ണറായിരുന്ന ശക്തികാന്ത് ദാസ് ഈ നിര്‍ദേശത്തെ അപ്രയോഗികമെന്ന് വിശേഷിപ്പിക്കുകയും 

‘ഡോളറെെസേഷന്‍’ എന്ന ആശയം തന്നെ തള്ളിക്കളയുകയും ചെയ്തിരുന്നതാണ്. 

യുഎസ് വിരുദ്ധ, ഡോളര്‍ വിരുദ്ധ ആശയം, അത് ഏത് രാജ്യഭരണകൂടത്തിന്റെ ഭാഗത്തുനിന്നുണ്ടായാലും കൂട്ടായ്മയുടെ നിര്‍ദേശമായുണ്ടായാലും അതിനെ കര്‍ശനമായി നേരിടാന്‍ ഒരുനിമിഷം പോലും ഡൊണാള്‍ഡ് ട്രംപിനെ പോലൊരു ഭരണത്തലവന്‍ കാത്തുനില്‍ക്കില്ലെന്ന് ലോകരാജ്യങ്ങള്‍ക്കെല്ലാം അറിവുള്ളതാണ്. ഇന്ത്യയിലെ മോഡി ഭരണകൂടത്തിനും ഇതേപ്പറ്റി കൃത്യമായ ബോധ്യമുണ്ടാകും. ഇത്തരമൊരു പശ്ചാത്തലത്തില്‍ ഇന്ത്യന്‍ ഭരണകൂടം ഒട്ടും താമസം കൂടാതെ അര്‍ത്ഥശങ്കക്കിടയില്ലാത്ത വിധം, ഡോളറിന് ഒരു ബദല്‍ കറന്‍സി എന്ന ആശയം തള്ളിക്കളയുന്നതായിരിക്കും ഉചിതമായിരിക്കുക. മറ്റ് ബ്രിക്സ് രാജ്യങ്ങളെക്കാളേറെ ഡി-ഡോളറെെസേഷന്‍ എന്ന ആശയം തന്നെ ഹാനികരമാവുക ഇന്ത്യയുടെ വിദേശ വ്യാപാര മേഖലയ്ക്ക് ആയിരിക്കും എന്നതും പ്രസക്തമാണ്. 

ഇന്ത്യക്ക് ഇറക്കുമതി ചരക്കുകളുടെ കൂട്ടത്തില്‍ ഭക്ഷ്യഎണ്ണ, അസംസ്കൃത പെട്രോളിയം തുടങ്ങിയവ ഒരുതരത്തിലും ഒഴിവാക്കാനോ കുറയ്ക്കാനോ സാധ്യമാവില്ല. ഈ ചരക്കുകളുടെ ഇറക്കുമതികളിലൂടെ തീരുവ നിരക്കില്‍ 100 ശതമാനം വര്‍ധന എന്ന ട്രംപിന്റെ ഭീഷണി കൂടി ക്ഷണിച്ചുവരുത്തുകയാണെന്നും ഇതിന്റെ ഫലം പണപ്പെരുപ്പത്തിന്റെ ഇറക്കുമതി കൂടിയായിരിക്കുമെന്ന യാഥാര്‍ത്ഥ്യവും പ്രത്യേകം ഓര്‍ത്തിരിക്കണം. കയറ്റുമതി വരുമാനം ഇതിനോട് തുല്യത കെെവരുത്തുന്ന വിധമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നത് ഇന്നത്തെ നിലയില്‍ ശരിയായിരിക്കില്ല.

ഇന്ത്യന്‍ കറന്‍സിയുടെ മൂല്യശോഷണം ഉളവാക്കുന്ന മറ്റൊരു കാതലായ പ്രശ്നം 2025ല്‍ യുഎസ് ഭരണകൂടം സ്വീകരിക്കാനിടയുള്ള പണനയവുമായി ബന്ധപ്പെട്ടുള്ളതാണ്. വിദേശ മൂലധന നിക്ഷേപ പ്രവാഹവും യുഎസ് ഫെഡറല്‍ റിസര്‍വിന്റെ പലിശനിരക്കുമായി ബന്ധപ്പെടുത്തിയുള്ള ഒന്നായിരിക്കും ഇത്. അതുകൊണ്ടുതന്നെ ദേശീയ ഭരണകൂടങ്ങള്‍ക്ക് ഈ വിഷയത്തില്‍ പരിമിതമായ നിയന്ത്രണം മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ. ആഭ്യന്തര ഡിമാന്‍ഡും ഉപഭോഗവും തമ്മിലുള്ള ബന്ധത്തില്‍ ഏറ്റക്കുറച്ചിലുകള്‍ സ്വാഭാവികമായും നിസാരമായ തോതിലായിരിക്കില്ല. നിലവിലുള്ള സാഹചര്യത്തില്‍ രൂപയുടെ മേലുള്ള സമ്മര്‍ദ്ദം പരിമിതമായ വിധത്തിലുള്ളതാണെങ്കിലും 2025ല്‍ തല്‍സ്ഥിതി തുടരുമെന്നതില്‍ യാതൊരു ഉറപ്പുമില്ല. പണനയരൂപീകരണ മേഖലയിലുള്ളവര്‍ക്ക് രൂപയുടെ വിനിമയ മൂല്യശോഷണം തടയുന്നതിന് അനുയോജ്യമായ നയരൂപീകരണത്തിനുള്ള സ്വാതന്ത്ര്യമാണെങ്കില്‍ നന്നേ പരിമിതവുമായിരിക്കും. തികച്ചും സങ്കീര്‍ണമായൊരു സ്ഥിതിവിശേഷമായിരിക്കും വരുംനാളുകളില്‍ കേന്ദ്രസര്‍ക്കാരിന് അഭിമുഖീകരിക്കേണ്ടി വരുക.

ഇതിനിടെ ഇന്ത്യയുടെ ഡോളര്‍ ശേഖരത്തിലും തുടര്‍ച്ചയായ ഇടിവാണുണ്ടാകുന്നത്. ഇതും ഗൗരവമേറിയ പ്രശ്നമാണ്. കേന്ദ്ര ബാങ്കായ ആര്‍ബിഐയെ സംബന്ധിച്ചിടത്തോളം പണനയ നിയന്ത്രണത്തില്‍ കാലോചിതമായ മാറ്റങ്ങള്‍ ഒഴിവാക്കുക സാധ്യമല്ല. രൂപയുടെ മൂല്യശോഷണവും പരിമിതപ്പെടുത്തിയേ തീരൂ. ഇതിലേക്കായി, സ്വന്തം നിയന്ത്രണത്തിലുള്ള ഡോളര്‍ ശേഖരത്തില്‍ കുറവ് വരുത്തുന്നതിലൂടെ ഡോളറിന്റെ വിദേശ വിപണി ലഭ്യത ഉയര്‍ത്തുന്ന നയം സ്വീകരിക്കേണ്ടി വരികയായിരുന്നു. ഇതിന്റെ പരിണതഫലമെന്ന നിലയിലാണ്, പിന്നിട്ട എട്ട് മാസക്കാലയളവില്‍ മാത്രം — 2024 ഡിസംബര്‍ അവസാന വാരം വരെ — ആര്‍ബിഐയുടെ ശേഖരത്തിലുണ്ടായിരുന്ന ഡോളര്‍ സെപ്റ്റംബറിനും ഡിസംബറിനും ഇടയ്ക്ക് 70,000 കോടിയില്‍ നിന്നും 64,000 കോടി ഡോളറിലേക്ക് കൂപ്പുകുത്തിയത്. ഇന്ത്യന്‍ കറന്‍സിയുടെ വിനിമയ മൂല്യ ശോഷണം തടയാന്‍ വേറെ മാര്‍ഗമൊന്നുമില്ലായിരുന്നു. ആര്‍ബിഐ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ വികസന മേഖലയിലെ നയപരമായ വീഴ്ചകളെ തുടര്‍ന്നുണ്ടാകുന്ന പാകപ്പിഴവുകള്‍ വരുത്തിവയ്ക്കുന്ന ചാഞ്ചാട്ടങ്ങള്‍ മറികടക്കുന്നതിന് പരമ്പരാഗതമായി സ്വീകരിച്ചുവന്നിരുന്നതും ഈ മാര്‍ഗം തന്നെയാണ്. കറന്‍സി മൂല്യശോഷണം, അതിനിടയാക്കുന്ന കാരണം ഏതുതന്നെയായാലും അതുയര്‍ത്തിവിടുന്ന ആശങ്കകള്‍ നിസാരമല്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.