23 December 2024, Monday
KSFE Galaxy Chits Banner 2

Related news

September 19, 2024
October 1, 2023
September 29, 2023
September 22, 2023
July 11, 2023
June 10, 2023
June 3, 2023
May 28, 2023
April 19, 2023
April 16, 2023

ബെംഗളൂരു — കേരള സ്വകാര്യ ടൂറിസ്റ്റ് ബസ്‌ നിരക്ക് വർധനവ് മുഖ്യമന്ത്രി ഇടപെടണം: ഹിൽഡെഫ്

Janayugom Webdesk
എറണാകുളം 
November 17, 2022 7:22 pm

ഇരട്ട നികുതി അടയ്‌ക്കേണ്ടി വരുന്നതുമൂലം പ്രവർത്തനച്ചെലവു വർധിച്ചെന്ന കാരണത്താൽ സ്വകാര്യ ടൂറിസ്റ്റ് ബസുകൾ ടിക്കറ്റ് നിരക്കു വർധിപ്പിച്ചതോടെ ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കുള്ള യാത്ര വൻ സാമ്പത്തിക ബാധ്യതക്ക് കാരണമാകുന്നുവെന്ന് ഹിൽ ഇന്റഗ്രേറ്റഡ് ഡെവലെപ്മെന്റ് ഫൗണ്ടേഷൻ (ഹിൽഡെഫ്) ജനറൽ സെക്രട്ടറി അജി ബി. റാന്നി മുഖ്യമന്ത്രി പിണറായി വിജയന് നൽകിയ നിവേദനത്തിൽ പറഞ്ഞു. 

തമിഴ്നാട് ഒഴികെയുള്ള സംസ്ഥാനങ്ങളിൽ റജിസ്റ്റർ ചെയ്ത വാഹനങ്ങൾ കേരളത്തിലേക്കു പ്രവേശിക്കുമ്പോൾ നൽകേണ്ട റോഡ് നികുതി നവംബർ 1 മുതൽ കർശനമാക്കിയതോടെ മുന്നറിയിപ്പില്ലാതെ ഇത്തരത്തിൽ ഉയരുന്ന ടിക്കറ്റ് നിരക്ക് യാത്രക്കാർക്ക് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഡീസൽ വിലയും വാഹനങ്ങളുടെ പാർട്സ് വിലയും വർധിച്ചത്‌ കാരണം നിരക്ക് ഇനിയും ഉയരുമെന്നാണ് സ്വകാര്യ ബസ് ജീവനക്കാർ പറയുന്നത്.കൊച്ചിയിൽ നിന്ന് 1200–1300 രൂപ നിരക്കുള്ള സെമി സ്ലീപ്പർ ബെർത്തിന് 1500–1900 രൂപയായി ഉയർന്നിട്ടുണ്ട്. 

വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ 400–500 രൂപ വരെയാണു വർധന. പ്രധാന ടൂറിസ്റ്റ് ബസുകളിൽ ടിക്കറ്റ് ലഭിക്കാത്ത അവസ്ഥയുമുണ്ട്.
വിശേഷദിവസങ്ങളിൽ സാധാരണ നിരക്കിനെക്കാൾ 40% വരെ അധികം വാങ്ങുമെന്ന് ഈ മേഖലയിലുള്ളവർ പറയുന്നു. ഡിസംബർ 20 മുതൽ 25 വരെ കൊച്ചിയിലേക്കുള്ള ബസ് ടിക്കറ്റുകൾ ഇപ്പോൾ കിട്ടാനില്ല. 

ഇതിനു പരിഹാരം കാണണമെങ്കിൽ സർക്കാർ ബസുകളുടെ എണ്ണം വർധിപ്പിക്കണം. കേരള ആർടിസിയുടെ എസി, ഡിലക്സ് ബസുകളിലെ നിരക്കു തന്നെയാണ് സ്വിഫ്റ്റ് ബസുകളിലും ഈടാക്കുന്നത്. ഉത്സവ സീസണുകളിൽ ഫ്ലെക്സി നിരക്ക് പ്രകാരം 10% അധികം വാങ്ങും. കർണാടക ആർടിസിയിൽ നിരക്കു കൂടുതലാണ്. പൊതുഗതാഗത സംരക്ഷണ സമിതികളിൽ കേരളത്തിലേക്കും ഞായറാഴ്ചകളിൽ തിരികെയും ഓടുന്ന രാത്രി സർവീസുകൾ ഉണ്ടായാൽ അത് പൊതുജനത്തിന് സൗകര്യപ്രദമായിരിക്കുമെന്ന് നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നു. 

ബെംഗളൂരുവിലേക്ക് കൂടുതൽ ട്രെയിൻ അനുവദിക്കാൻ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടണം. രണ്ടാഴ്ച മുൻപെങ്കിലും സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചാൽ സ്വകാര്യ ബസുകളുടെ കൊള്ളയടി കുറക്കാനാകും. പൊതുജനത്തിന് ഇത്രയും സാമ്പത്തിക പ്രതിസന്ധി ഉണ്ടാക്കുന്ന ഈ വിഷയത്തിൽ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. ഗതാഗത വകുപ്പ് മന്ത്രി അഡ്വ. ആന്റണി രാജു, ചീഫ് സെക്രട്ടറി ഡോ.വി. പി.ജോയ്. ഗതാഗത സെക്രട്ടറി ബിജു പ്രഭാകർ എന്നിവർക്കും അജി നിവേദനം നൽകിയിട്ടുണ്ട്.

Eng­lish Summary:Bengaluru — Ker­ala pri­vate tourist bus fare hike CM should inter­vene: Hilldef
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.