13 June 2024, Thursday

ഭീഷ്മ പര്‍വ്വം

എ ഐ ശംഭുനാഥ്
March 13, 2022 6:59 am

‘ചേച്ചിക്ക് ഇപ്പോഴെങ്കിലും മൈക്കിളച്ചായന്റെ അടുത്തേക്ക് വരാൻ തോന്നിയല്ലോ.’ ദുരഭിമാനക്കൊലയ്ക്ക് ഇരയായ ഒരു മകന്റെ അമ്മ സഹായഹസ്തം തേടി അഞ്ഞൂറ്റി കുടുംബവീട്ടിലേക്ക് പോകുംവഴി ഓട്ടോഡ്രൈവർ അവരോട് വാചാലയാകുന്ന ആദ്യ രംഗം. തുടർന്ന് അഞ്ഞൂറ്റികുടുംബത്തിന്റെ ചരിത്രവും പറയുന്നു. അങ്ങനെ ആദ്യ മാത്രയിൽ തന്നെ സിനിമയുടെ കഥാപരിസരം പ്രേക്ഷകർക്ക് ചുറ്റും ഒരു മായികവലയം സൃഷ്ടിക്കപ്പെടുന്നു.
അമൽ നീരദിന്റെ സംവിധാനത്തിലൊരുങ്ങിയ ഭീഷ്മ പർവ്വം മാർച്ച് മൂന്നിനാണ് തിയേറ്ററിൽ എത്തിയത്. മികച്ച പ്രേക്ഷകപ്രതികരണത്തോടെ മുന്നേറുകയാണ് ചിത്രം.
അഞ്ഞൂറ്റിയിലെ വർക്കിയുടെ അഞ്ച് മക്കളാൽ രൂപപ്പെട്ട കുടുംബത്തിന്റെ കഥയാണ് ‘ഭീഷ്മ പര്‍വ്വം’ പറയുന്നത്. പകപോക്കലിന്റെ പേരിൽ വർക്കിയുടെ മൂത്ത മകനായ പൈലിയെ നാൾക്കുമുന്നേ വധിക്കപ്പെട്ടു. രണ്ടാമത്തെ മകനായ മത്തായിയുടെ പക്വതയില്ലായ്മമൂലം കുടുംബത്തിലെ കാരണവസ്ഥാനം ഏറ്റെടുക്കുന്ന മൈക്കിൾ. അതിൽ വ്യക്തിപരമായ വിയോജിപ്പുള്ള ചില കുടുംബാംഗങ്ങൾ. അവർക്കിടയിലെ മുറവിളികൾ. ചേരിതിരിഞ്ഞുള്ള വാക്കുതർക്കങ്ങൾ. ഇതൊക്കെയാണ് കഥയെ മുന്നോട്ട് കൊണ്ടുപോകുന്ന പ്രധാന ഘടകങ്ങൾ.
അപൂര്‍വമായ കഥാപാത്രസൃഷ്ടി എന്ന് ഭീഷ്മ പർവ്വത്തിലെ മൈക്കിളിനെ വിശേഷിപ്പിക്കാം. അതിസൂക്ഷ്മമായ ഭാവപ്രകടനങ്ങൾ കൊണ്ട് മൈക്കിള്‍ അരങ്ങ് കീഴടക്കി. മമ്മൂട്ടി എന്ന നടന്റെ ഏറ്റവും വേറിട്ട ഡൈമെൻഷനുള്ള ഒരു കഥാപാത്രമായി മൈക്കിളിനെ കണക്കാക്കാം. താരമൂല്യത്തിന്റെ കുലപതി സ്ഥാനം വഹിക്കുമ്പോഴും മമ്മൂട്ടി എന്ന കലാകാരന്റെ തിരഞ്ഞെടുപ്പുകളെ പ്രശംസിക്കാൻ വാക്കുകളില്ല. കേന്ദ്രകഥാപാത്രത്തിന്റെ വളർച്ചയോടൊപ്പം മറ്റു കഥാപാത്രങ്ങളും ജൈവമായി തന്നെ പുരോഗമിക്കുന്നു. മികച്ച ആക്ഷൻ രംഗങ്ങളിലെ കുത്തകസ്ഥാനം നായക കഥാപാത്രത്തിലേക്ക് മാത്രം ചുരുങ്ങുന്ന പഴഞ്ചൻ ക്ലീഷേ രീതി അപ്പാടെ പൊളിച്ചെഴുതിയ മമ്മൂട്ടി പുതിയ ദൃശ്യവസന്തം പ്രേക്ഷകർക്ക് സമ്മാനിക്കുന്നു. മെഗാസ്റ്റാർ എന്ന അതുല്യമായ വിശേഷണം നിലനിൽക്കുമ്പോഴും സിനിമയിലെ മറ്റ് കഥാപാത്രങ്ങളുടെ പ്രസക്തി ഒരു തരിപോലും കുറയ്ക്കാത്ത തീരുമാനം കൈയ്യടിക്ക് അർഹമാക്കുന്നു.
മെഗാസ്റ്റാർ മമ്മൂട്ടി ഇൻ എന്ന ടൈറ്റിലോടുകൂടിയല്ല സിനിമ തുടങ്ങുന്നത്. സമഷ്ടി മാതൃകയിൽ കഥാപാത്രനിരയുള്ള സിനിമയിൽ അങ്ങനെയൊരു വിശേഷണം വേണ്ട എന്ന തീരുമാനത്തിലെത്തിയ മമ്മൂട്ടിയുടെ ദീർഘവീക്ഷണം സൂപ്പർതാരങ്ങൾക്ക് മാതൃകയാണ്. പ്രായത്തെ വെല്ലുന്ന പ്രകടനവും ഊർജ്ജവും നമ്മെ വിസ്മയിപ്പിക്കുന്നു.
എല്ലാ അഭിനേതാക്കളുടെയും മികവുറ്റ പെർഫോമെൻസ് ഒപ്പിയെടുക്കാൻ അമൽ നീരദ് പ്രത്യേക ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. ശ്രീനാഥ് ഭാസി, സൗബിൻ ഷാഹിർ, ഷൈൻ ടോം ചാക്കോ, ഫർഹാൻ ഫാസിൽ, അനഘ തുടങ്ങിയവർ തങ്ങളുടെ യുവത്വസമ്പന്നമായ പ്രകടനം കാഴ്ചവെച്ചു. നിസ്താർ സെയിദ്, കോട്ടയം രമേഷ്, ജിനു ജോസഫ്, ലെന, അബു സലീം, ദിലീഷ് പോത്തൻ എന്നിവർ അവരുടെ ഭാഗം മെച്ചമാക്കി. സ്ത്രീകഥാപാത്രങ്ങൾ ഒന്നിനൊന്ന് മികച്ചതാണ്. അതിൽ എടുത്ത് പറയേണ്ടത് മാലാ പാർവതി, നദിയ മൊയ്തു, അനസൂയ ഭരദ്വാജ്, സൃന്ദ, മനോഹരി ജോയ് തുടങ്ങിയവരാണ്.
നമ്മെ വിട്ടുപിരിഞ്ഞ നെടുമുടി വേണുവിന്റെയും കെപിഎസി ലളിതയുടെയും സാന്നിധ്യം പ്രേക്ഷകരുടെ മനസ്സിൽ മുറിപ്പാട് തീർക്കും. അവരുടെ സംഭാഷണങ്ങളിൽ പലയിടത്തും മരണത്തെ പ്രകീർത്തിക്കുന്നുണ്ട്. ഒരു നിമിത്തംപോലെ. കാലം എന്തോ മുൻകൂട്ടി കണ്ടതുപോലെ.
ഭീഷ്മയുടെ തിരക്കഥയെ വളരെ സൂക്ഷ്മമായി നിരീക്ഷിക്കേണ്ടതുണ്ട്. 1988 കാലഘട്ടത്തിൽ അരങ്ങേറുന്ന കഥ ആയതിനാൽ അനവധി ഗവേഷണങ്ങൾ അതിന്റെ ഭാഗമായി നടത്തേണ്ടതുണ്ട്. അതെല്ലാം കൃത്യമായി ഉരുക്കിചേർത്ത രചനയാണ് തിരക്കഥ എന്നത് വ്യക്തം. അമൽ നീരദും ദേവദത്ത് ഷാജിയും ചേർന്നൊരുക്കിയ തിരക്കഥ അവർ ഏറെ പണിപ്പെട്ടതിന്റെ ഫലമാണ്. ദൃശ്യഭാഷയുടെ സൗന്ദര്യത്തെ അതിന്റെ പരിപൂർണ്ണമായ ആഴത്തിൽ ഉപയോഗപ്പെടുത്തിയിട്ടുണ്ട്.
പുരാണത്തിലെ ഭീഷ്മരുടെ അദ്ധ്യായത്തിൽനിന്ന് പ്രചോദനം കൊണ്ട സിനിമാ ആവിഷ്കാരമാണ് ‘ഭീഷ്മ പർവ്വം’. ഭീഷ്മരുടെ ജീവിതത്തോട് സാദൃശ്യമുള്ളതാണ് മൈക്കിളിന്റെ കഥ. മൈക്കിളിന്റെ ആശുപത്രി വാസവും മറ്റും മഹാഭാരത്തിലെ ഭീഷ്മരുടെ ശരശയ്യ ദിനങ്ങളുമായി ബന്ധപ്പെടുത്തിയിരിക്കുന്നു. രണ്ട് കുടുംബങ്ങൾക്കിടയിൽ ഭീഷ്മർ എന്ന പിതാമഹൻ വഹിച്ച പദവി മൈക്കിളിലൂടെ ശക്തമായ അവതരിപ്പിക്കുകയാണ്.
സമീറാ സനീഷിന്റെ വസ്ത്രാലങ്കാരം റെട്രോ കാലത്തിന്റെ അനുഭൂതി കാണികളിൽ ജനിപ്പിക്കുന്നു. സുപ്രീം സുന്ദറിന്റെ സംഘട്ടനരംഗങ്ങളുടെ രൂപഭംഗി കൗതുകത്തിന് വക നൽകുന്നു.
ചിത്രത്തിന്റെ മുഖ്യ ആകർഷണമായി സുഷിൻ ശ്യാമിന്റെ പശ്ചാത്തലസംഗീതം മാറുന്നു. തിരക്കഥയുടെ ഗ്രാഫിനൊത്ത് സംഗീതവും യാത്രയാകുന്ന അത്യപൂർവ്വമായ സമന്വയക്രമീകരണം.
ഛായാഗ്രഹണത്തിന് വളരെയധികം പ്രാധാന്യമുള്ള ഭീഷ്മയുടെ കാമറാ ചലിപ്പിച്ചിരിക്കുന്നത് ആനന്ദ് സി ചന്ദ്രനാണ്. ഷോട്ടുകളുടെ തരംതിരിക്കൽ കണ്ണുകൾക്ക് കുളിർമയേകുന്നു. ചിത്രത്തിന്റെ കളർ ടോൺ നല്ല രീതിയിൽ ഗ്രെയിഡിംഗ് ചെയ്തിട്ടുണ്ട്. ലൈറ്റിങ്ങും എക്സ്പോഷറും തികഞ്ഞ രീതിയിൽ യോജിപ്പിച്ചിട്ടുണ്ട്.
വിവേക് ഹർഷന്റെ എഡിറ്റിങ്ങ് സിനിമയുടെ പ്ലസ് പോയിന്റാണ്. തിരക്കഥയുടെ രസചരട് മുറിഞ്ഞുപോകാത്ത രീതിയിൽ ആ ദൗത്യം നിറവേറ്റിയിട്ടുണ്ട്. ഒരോ സീനിലും കൃത്യമായ സമയം കൊടുത്തുകൊണ്ടാണ് ചിത്രസംയോജനപ്രക്രിയ നടത്തിയിരിക്കുന്നത്. കഥാപാത്രങ്ങളെയും കഥാപരിസരത്തെയും വ്യക്തമായി പ്രേക്ഷകന് മനസ്സിലാക്കാൻ ഇത് ഉപകരിക്കും.
സിനിമ തുടങ്ങുന്നതിന് മുന്നോടിയായി ചില ചലച്ചിത്ര പ്രതിഭകളുടെ പേരുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. മറിയോ പുസോ, മണിരത്നം, ഭരതൻ, ഫോർഡ് ഫ്രാൻസിസ് കൊപ്പോളാ, രാം ഗോപാൽ വർമ്മ തുടങ്ങിയവർ അതിൽ സ്ഥാനം പിടിക്കുന്നു. ആദരണീയരായ ഈ ചലച്ചിത്രകാരൻമാർക്ക് സമർപ്പിക്കാൻ പറ്റിയ ഏറ്റവും മികച്ച ഉൽപ്പന്നമായി ഭീഷ്മ പർവ്വം മാറുന്നു. ലോകസിനിമയുടെ ഗതിമാറ്റിമറിച്ച ഗോഡ്ഫാദർ ഒന്നാം ഭാഗം റിലീസ് ചെയ്ത് അൻപത് വർഷം പൂർത്തിയാക്കുന്ന ഈ വേളയിൽ മലയാളസിനിമാലോകത്ത് നിന്നും ഷോകെയ്സ് ചെയ്യാൻ പറ്റിയ ഏറ്റവും മികച്ച കലാസൃഷ്ടിയായി ഭീഷ്മ പർവ്വം മാറുന്നു.
മനുഷ്യവികാരങ്ങളിൽ ഏറ്റവും വിഷാംശമുള്ള ഒന്നാണ് ദുരഭിമാനം. ദുരഭിമാനകൊലകളുടെ എണ്ണം ദിനംപ്രതി കൂടിവരുന്ന കാഴ്ചയാണ് നാം കാണുന്നത്. ജീവന്റെ വിലയെക്കാളും അഭിമാനത്തിന് വിലനൽക്കുന്ന ചീഞ്ഞളിഞ്ഞ ചിന്താഗതിയെ തച്ചുടയ്ക്കുക തന്നെ വേണമെന്ന് ഭീഷ്മ പർവ്വം അടിവരയിടുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.