23 December 2024, Monday
KSFE Galaxy Chits Banner 2

Related news

February 26, 2024
February 25, 2024
February 11, 2024
January 20, 2024
January 7, 2024
November 8, 2023
November 7, 2023
November 7, 2023
October 25, 2023
October 15, 2023

മാധ്യമമാരണത്തിന്റെ പുതിയ രൂപം

Janayugom Webdesk
January 20, 2023 5:00 am

വായടയ്ക്കൂ എന്ന് നേരിട്ട് പറയാതെ വാര്‍ത്തകള്‍ക്ക് വിലങ്ങിടുന്നതിന് കേന്ദ്രസര്‍ക്കാര്‍ വിവിധ മാര്‍ഗങ്ങളാണ് സ്വീകരിച്ചുവരുന്നത്. അതിന്റെ പുതിയ രൂപമാണ് ഐടി നിയമത്തിലെ ചട്ടങ്ങളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന പുതിയ ഉപാധി. സര്‍ക്കാര്‍ ഏജന്‍സികള്‍ വ്യാജമെന്ന് വിലയിരുത്തുന്ന വാര്‍ത്തകള്‍ സമൂഹമാധ്യമങ്ങളില്‍ കാണരുതെന്നാണ് ഉപാധി. ഇൻഫർമേഷൻ ടെക്‌നോളജി (ഇന്റർമീഡിയറി മാർഗനിർദേശങ്ങളും ഡിജിറ്റൽ മീഡിയ എത്തിക്‌സ് കോഡും) റൂൾസ്-2021, സമൂഹമാധ്യമങ്ങളിലെ വാര്‍ത്തകളെ നിയന്ത്രിക്കുന്നതിന് കഴിഞ്ഞ വർഷം ഫെബ്രുവരി 25ന് വിജ്ഞാപനം ചെയ്തിരുന്നു. ശക്തമായ എതിര്‍പ്പ് അന്നുതന്നെ അതിനെതിരെ ഉയരുകയും ചെയ്തിരുന്നു. മൂന്നുമാസത്തിന് ശേഷം, ജൂണില്‍ അത് പ്രാബല്യത്തിൽ വന്നു. വൻകിട ടെക്‌നോളജി കമ്പനികളുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ പൗരന്മാരുടെ ഭരണഘടനാപരമായ അവകാശങ്ങൾ ലംഘിക്കുന്നില്ലെന്ന് ഉറപ്പാക്കുന്നതിനാണ് ഐടി ചട്ടങ്ങളില്‍ ഭേദഗതികൾ ലക്ഷ്യമിടുന്നതെന്നാണ് ജൂണിലെ വിജ്ഞാപനത്തില്‍ കേന്ദ്രസര്‍ക്കാര്‍ വിശദീകരിച്ചിരുന്നത്. പരാതികള്‍ പരിഹരിക്കുന്നതിന് പരാതി പരിഹാര സമിതി രൂപീകരിക്കണമെന്നും നിര്‍ദേശിച്ചിരുന്നു. അതില്‍ നിന്ന് ഒരു പടികൂടി കടന്നാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്ന വാര്‍ത്തകള്‍ക്കും വിവരങ്ങള്‍ക്കും കടുത്ത നിയന്ത്രണം മുന്‍വയ്ക്കുന്ന പുതിയ ചട്ടങ്ങള്‍ നിര്‍ദേശിച്ചിരിക്കുന്നത്.

സമൂഹമാധ്യമ ഇടങ്ങളായ വെബ്സൈറ്റുകള്‍, ഫേസ്ബുക്ക്, ട്വിറ്റര്‍, വാട്സ്ആപ്പ്, യൂട്യൂബ് എന്നിവയില്‍ ഇത്തരം വാര്‍ത്തകള്‍ കാണരുതെന്നാണ് നിര്‍ദേശം. പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ (പിഐബി) ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍ വ്യാജമാണെന്നു കണ്ടെത്തിയാല്‍ പ്രസിദ്ധീകരിച്ചവ നീക്കം ചെയ്യണമെന്നും വ്യവസ്ഥയുണ്ട്. സ്വതന്ത്രമായ മാധ്യമപ്രവര്‍ത്തനത്തെ ഇല്ലാതാക്കുന്നതാണ് ഇപ്പോഴത്തെ നിര്‍ദേശമെന്ന് ശക്തമായ വിമര്‍ശനം ഉയര്‍ന്നിരിക്കുകയാണ്. അച്ചടി, ദൃശ്യരംഗത്ത് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന നിരവധി മാധ്യമങ്ങളെ പ്രലോഭനങ്ങളിലൂടെയും ഭീഷണിപ്പെടുത്തിയും കേന്ദ്രസര്‍ക്കാരിന്റെ പിണിയാളുകളാക്കി മാറ്റിക്കഴിഞ്ഞു. അവശേഷിക്കുന്നവരെ വിനീതദാസരായ കുത്തകകളെ മുന്നില്‍ നിര്‍ത്തി വിലപേശിയും ഓഹരിക്കമ്പോളമെന്ന ചതിക്കുഴികള്‍ ഉപയോഗിച്ചും വരുതിയിലാക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. അങ്ങനെയൊരു ആസുരമായ വാര്‍ത്താ പരിസരത്ത് മനുഷ്യാവകാശ‑ജനപക്ഷ മാധ്യമപ്രവര്‍ത്തനത്തിനുള്ള വിശാലവും വിപുലവുമായ ബദല്‍ ഇടങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങള്‍. എല്ലായിടത്തുമെന്നതുപോലെ അവിടെയും എല്ലാം പൂര്‍ണവും ഭദ്രവുമാണെന്ന് ആര്‍ക്കും അഭിപ്രായമുണ്ടാകില്ല. പക്ഷേ അതിനെയും വിലങ്ങിടാനുള്ള ശ്രമം, മനുഷ്യാവകാശത്തിന്റെയും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും ലംഘനമാണ്. മനുഷ്യാവകാശലംഘനം നിയന്ത്രിക്കാനെന്നാണ് കഴിഞ്ഞ ജൂണില്‍ കേന്ദ്രം വിശദീകരിച്ചതെന്ന വൈരുധ്യവും എടുത്തുപറയേണ്ടതുണ്ട്.


ഇതുകൂടി വായിക്കൂ:  എന്‍ഡിടിവിയെ വിഴുങ്ങാന്‍ വിടരുത്


വിവരാവകാശ നിയമത്തിനുപോലും വില കല്പിക്കാതെ മനുഷ്യാവകാശലംഘനം നടത്തുന്നവരുമാണവര്‍. അവര്‍ തന്നെയാണ് മനുഷ്യാവകാശലംഘനത്തിനും അഭിപ്രായ സ്വാതന്ത്ര്യ നിയന്ത്രണത്തിനും ഇടയാക്കുന്ന നിര്‍ദേശം മുന്നോട്ടുവച്ചിരിക്കുന്നതെന്നതാണ് വിചിത്രം. പുതിയ നിര്‍ദേശം കൂടുതല്‍ ആശങ്കപ്പെടുത്തുന്നത് വാര്‍ത്തകളുടെ യാഥാര്‍ത്ഥ്യം കണ്ടെത്തുന്നതിന് പിഐബിയെയും കേന്ദ്രം നിശ്ചയിക്കുന്ന ഏജന്‍സികളെയുമാണ് ചുമതലപ്പെടുത്തിയിരിക്കുന്നത് എന്നതാണ്. ഡല്‍ഹി കലാപകാലത്ത് തത്സമയ വാര്‍ത്തകള്‍ നല്കിയതിന് രണ്ട് മലയാള ദൃശ്യമാധ്യമങ്ങളെ നിരോധിച്ച അനുഭവം മുന്നിലുള്ള രാജ്യത്താണ് പുതിയ നിര്‍ദേശമുണ്ടായിരിക്കുന്നത്. ഒരുകാരണവും പറയാതെ മറ്റൊരു മലയാള ദൃശ്യമാധ്യമത്തെ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടിന്റെ പേരിലെന്ന് പറഞ്ഞ് നിരോധിച്ച സംഭവവും ഉണ്ടായി. വാര്‍ത്തകളുടെ ഉള്ളടക്കം പരിശോധിക്കുന്നതിന് നിലവില്‍ത്തന്നെ വിവിധ സംവിധാനങ്ങള്‍ ഉണ്ടായിരിക്കെയാണ് പിഐബിയെയും മറ്റ് ഏജന്‍സികളെയും പുതിയതായി ചമുതലപ്പെടുത്തുന്നത്.

ടെക്‌നോളജി അധിഷ്ഠിത മാധ്യമങ്ങള്‍ക്കായി നിയമപരമായ ചട്ടക്കൂടുകള്‍ ഉണ്ടാക്കണമെന്നാണ് സര്‍ക്കാര്‍ തീരുമാനമെങ്കില്‍ അതിന് ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തി വേണമെന്ന് എഡിറ്റേഴ്സ് ഗില്‍ഡ് ഉള്‍പ്പെടെയുള്ള മാധ്യമപ്രമുഖരുടെ സംഘടനകളടക്കം ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നതാണ്. കഴിഞ്ഞ ദിവസത്തെ നിര്‍ദേശം വന്നപ്പോഴും ഇക്കാര്യം എഡിറ്റേഴ്സ് ഗില്‍ഡ് ആവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍ മാധ്യമസ്ഥാപനങ്ങള്‍, സംഘടനകള്‍, പത്രപ്രവര്‍ത്തക യൂണിയനുകള്‍, മറ്റ് ബന്ധപ്പെട്ടവര്‍ എന്നിവരുമായൊന്നും ചര്‍ച്ച ചെയ്യാതെ സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ രൂപപ്പെടുകയും ഉദ്യോഗസ്ഥരാല്‍ അടിച്ചേല്പിക്കപ്പെടുകയും ചെയ്യുന്ന നിയമങ്ങളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തുകയാണ് കേന്ദ്ര മന്ത്രാലയങ്ങള്‍ ചെയ്യുന്നത്. വ്യാജവാര്‍ത്തകളുടെ നിര്‍മ്മിതിയും പ്രചരണവും കേന്ദ്രസര്‍ക്കാരും അതിന്റെ വിവിധ വകുപ്പുകളും നിരന്തരം നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. വര്‍ത്തമാനകാലത്ത് വിനിമയത്തിനും വാര്‍ത്തകളുടെ പങ്കുവയ്ക്കലിനുമായി ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്നതാണ് സമൂഹമാധ്യമങ്ങള്‍. അവയെ നിയന്ത്രിക്കുകയും വരുതിയിലാക്കുകയും ചെയ്യുകയെന്നത് നരേന്ദ്രമോഡി സര്‍ക്കാരിന്റെ നീണ്ടനാളുകളായുള്ള ലക്ഷ്യമാണ്. അതിന്റെ ഭാഗമായി ഉണ്ടായിരിക്കുന്ന പുതിയ നിര്‍ദേശങ്ങള്‍ ചെറുക്കപ്പെടേണ്ടതുതന്നെയാണ്.

TOP NEWS

December 23, 2024
December 23, 2024
December 23, 2024
December 23, 2024
December 23, 2024
December 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.