27 April 2024, Saturday

Related news

April 27, 2024
April 27, 2024
April 27, 2024
April 27, 2024
April 27, 2024
April 27, 2024
April 26, 2024
April 26, 2024
April 25, 2024
April 25, 2024

കര്‍ണാടകയില്‍ ബിജെപിയുടെ വിദ്വേഷ പരീക്ഷണം

Janayugom Webdesk
ബംഗളുരു
April 9, 2022 9:41 pm

ഹിജാബ്, ഹലാല്‍, ബാങ്ക് വിളി വിവാദങ്ങള്‍ക്കു പിന്നാലെ കര്‍ണാടകയില്‍ മുസ്‌ലിം വിഭാഗക്കാരെ ലക്ഷ്യം വച്ച് പുതിയ ക്യാമ്പയിനുമായി ഹിന്ദുത്വ സംഘടനകള്‍. സംസ്ഥാനത്തെ വിനോദ സഞ്ചാര മേഖലകളിലും മറ്റും പ്രവര്‍ത്തിക്കുന്ന മുസ്‌ലിം ഡ്രൈവര്‍മാരെ ലക്ഷ്യം വച്ചാണ് സംഘപരിവാറിന്റെ വിദ്വേഷ പ്രചാരണം. വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ള വിവാദങ്ങള്‍ ഹിന്ദുവോട്ടുകളുടെ ഏകീകരണത്തിന് സഹായിച്ചേക്കുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. മുസ്‌ലിം ഡ്രൈവര്‍മാരുടെ ടാക്സികളും ടൂര്‍ ഓപ്പറേറ്റര്‍മാരെയും ബഹിഷ്കരിക്കണമെന്ന് ആഹ്വാനം ചെയ്ത് തീവ്ര വലതുപക്ഷ സംഘടനയായ ഭാരത രക്ഷണ വേദികെയാണ് രംഗത്തെത്തിയത്. തലസ്ഥാനമായ ബംഗളുരു അടക്കമുള്ള മേഖലകളിലെ ഹിന്ദുവീടുകളില്‍ കയറിയിറങ്ങിയാണ് പ്രചരണം.

യാത്രകളില്‍, പ്രത്യേകിച്ച് ക്ഷേത്ര ദര്‍ശനത്തിനും തീര്‍ത്ഥാടനത്തിനും മറ്റും പോകുമ്പോള്‍ മുസ്‌ലിങ്ങളുടെ സേവനം ഉപയോഗിക്കരുതെന്ന് ഭാരത് രക്ഷ വേദികെ അധ്യക്ഷന്‍ ഭാരത് ഷെട്ടി ആവശ്യപ്പെട്ടു. ബസവരാജ് ബൊമ്മയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിന്റെ മൗനാനുവാദത്തോടെ ഹിന്ദുത്വ സംഘടനകള്‍ ഹിജാബ്, ഹലാല്‍, ബാങ്ക് വിളി തുടങ്ങിയ വിഷയങ്ങളില്‍ മുസ്‌ലിം വിഭാഗക്കാരെ ലക്ഷ്യമിട്ട് രംഗത്തെത്തിയിരുന്നു. മുസ്‌ലിം വ്യാപാരികളില്‍ നിന്ന് പഴങ്ങള്‍ വാങ്ങരുതെന്നും ഹിന്ദുത്വ സംഘടനകള്‍ പ്രചരണം നടത്തിയിരുന്നു. ക്ഷേത്രങ്ങളിലെ പ്രദര്‍ശന മേളകളിലും മുസ്‌ലിം വ്യാപാരികള്‍ക്ക് കര്‍ണാടകയില്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. സംസ്ഥാനത്തെ 70 ദശലക്ഷം ജനസംഖ്യയില്‍ മുസ്‌ലിം വിഭാഗക്കാരുടെ എണ്ണം 13 ശതമാനം മാത്രമാണ്.

കോവിഡ് മഹാമാരിയെ തുടര്‍ന്നുണ്ടായ പ്രതിസന്ധികളില്‍ നിന്ന് കരകയറി വരുന്ന സാധാരണക്കാരായ മുസ്‌ലിം ജനവിഭാഗങ്ങള്‍ക്ക് വിദ്വേഷ പ്രചാരണം വന്‍ തിരിച്ചടിയായി. ബജ്‌രംഗ് ദള്‍, ശ്രീരാമസേന, സനാതന്‍ സന്‍സ്ഥ തുടങ്ങിയ തീവ്ര ഹിന്ദു സംഘടനകള്‍ക്ക് ഏറെ വളക്കൂറുള്ള മണ്ണാണ് കര്‍ണാടക. കഴിഞ്ഞവര്‍ഷമാണ് മുഖ്യമന്ത്രിയായി ബസവരാജ ബൊമ്മ അധികാരത്തിലെത്തിയത്. ഇതിനു പിന്നാലെ നിര്‍ബന്ധിത മത പരിവര്‍ത്തനം നിരോധിച്ചുകൊണ്ട് നിയമം പാസാക്കുകയും സ്കൂളുകളിലും കോളജുകളിലും ഹിജാബ് നിരോധിച്ചുകൊണ്ട് ഉത്തരവിറക്കുകയും ചെയ്തിരുന്നു.

ബിജെപി മന്ത്രിക്കെതിരെ കേസെടുത്തു

ഫെബ്രുവരിയില്‍ ശിവമോഗയില്‍ ബജ്‌രംഗ്‌ദള്‍ പ്രവര്‍ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രകോപനപരമായ പ്രസ്താവന നടത്തിയ ബിജെപി മന്ത്രിക്കും നേതാവിനുമെതിരെ കേസെടുത്തു. കര്‍ണാടക മന്ത്രി കെ എസ് ഈശ്വരപ്പയ്ക്കും ബിജെപി നേതാവ് എസ് എന്‍ ചന്നബാസപ്പയ്ക്കെതിരെയുമാണ് കേസ്.

ഫെബ്രുവരി 20നാണ് ബജ്‌രംഗ്‌ദള്‍ പ്രവര്‍ത്തകന്‍ ഹര്‍ഷ കുത്തേറ്റ് മരിച്ചത്. ഇതിനെ തുടര്‍ന്ന് ശിവമോഗയില്‍ കലാപാന്തരീക്ഷം ഉടലെടുത്തിരുന്നു. കൊലപാതകത്തിനു പിന്നില്‍ മുസ്‌ലിം ഗുണ്ടകളാണെന്നാണ് ഈശ്വരപ്പ പറഞ്ഞത്.

ഐടി കമ്പനികള്‍ പുറത്തേക്ക്

കര്‍ണാടകയില്‍ വര്‍ഗീയ ധ്രുവീകരണം ആരംഭിച്ചതോടെ ഐടി കമ്പനികള്‍ ബംഗളുരു വിടുന്നതായി റിപ്പോര്‍ട്ട്. നിരവധി കമ്പനികള്‍ വ്യവസായം തമിഴ്‌നാട്ടിലേക്ക് മാറ്റുന്നതിനു വേണ്ടി ഡിഎംകെ സര്‍ക്കാരിനെ സമീപിച്ചതായി ദ പ്രിന്റ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയുടെ ഐടി ഹബ് ആയാണ് ബംഗളുരു അറിയപ്പെടുന്നത്. അതേസമയം സംസ്ഥാനത്തെ വ്യവസായങ്ങളെ തമിഴ്‌നാടും തെലങ്കാനയും ഹൈജാക്ക് ചെയ്യുകയാണെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഇന്നലെ ആരോപിച്ചു.

Eng­lish Summary:BJP’s hate test in Karnataka
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.