27 July 2024, Saturday
KSFE Galaxy Chits Banner 2

Related news

May 20, 2024
May 7, 2024
April 8, 2024
February 21, 2024
February 10, 2024
October 10, 2023
September 20, 2023
August 29, 2023
August 28, 2023
August 25, 2023

ഗല്‍വാനിലെ ചോരപ്പുഴ നാലാം വര്‍ഷത്തിലേക്ക് ; ലഡാക്ക് ഇപ്പോഴും സംഘര്‍ഷഭരിതം

Janayugom Webdesk
ലേ
June 14, 2023 9:05 am

രുപത് ഇന്ത്യന്‍ സൈനികരുടെ ജീവന്‍ നഷ്ടമാക്കിയ ഗല്‍വാന്‍ സംഭവം നാലാം വര്‍ഷത്തിലേക്ക്. 2020 ജൂണ്‍ 15, 16 ദിവസങ്ങളിലായി കിഴക്കന്‍ ലഡാക്കിലുണ്ടായ ഇന്ത്യ‑ചൈന സംഘര്‍ഷം ഇനിയും അവസാനിച്ചിട്ടില്ല. നിരവധി തവണ സൈനിക‑നയതന്ത്ര ചര്‍ച്ചകള്‍ നടന്നുവെങ്കിലും ലഡാക്കില്‍ നിന്നുള്ള സൈനിക പിന്മാറ്റം ഇനിയും പൂര്‍ണമായിട്ടില്ല. യഥാര്‍ത്ഥ നിയന്ത്രണ രേഖ ലംഘിച്ചു കടന്നുകയറാനുള്ള ചൈനീസ് സേനയുടെ ശ്രമം തടയുന്നതിനിടെയാണ് ഒരു കമാന്‍ഡിങ് ഓഫിസര്‍ അടക്കം നിരവധി ഇന്ത്യന്‍ സൈനികര്‍ക്ക് ജീവന്‍ നഷ്ടമായത്. പട്രോൾ പോയിന്റ് 14ൽ ചൈനീസ് സേന സ്ഥാപിച്ച ടെന്റ് നീക്കം ചെയ്യാത്തതിനെച്ചൊല്ലിയുള്ള തർക്കമാണ് ഇരുസൈന്യങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലിലെത്തിയത്. 1962‑ന് ശേഷം ലഡാക്കില്‍ ഇന്ത്യ‑ചൈന സംഘര്‍ഷത്തില്‍ സൈനികര്‍ കൊല്ലപ്പെടുന്ന സംഭവം ഉണ്ടാകുന്നത് ആദ്യമായിരുന്നു. ഇന്ത്യൻ പ്രത്യാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ഇപ്പോഴും വ്യക്തമല്ല. നാല് സൈനികർ കൊല്ലപ്പെട്ടതായി ഏറ്റുമുട്ടലിന് എട്ടുമാസത്തിനു ശേഷം ചൈന സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ ഈ കണക്കുകള്‍ കൃത്യമല്ലെന്ന് വിശ്വസിക്കപ്പെടുന്നു. നിരവധി സൈനികതല ചർച്ചകൾക്കു ശേഷം ഗൽവാനിലെ സംഘർഷ മേഖലയിൽനിന്ന് ഇരുസൈന്യവും പിൻവലിഞ്ഞെങ്കിലും മറ്റു ചില പ്രദേശങ്ങളിൽ ഇപ്പോഴും സംഘർഷം നിലനിൽക്കുന്നുണ്ട്. ഗൽവാൻ സംഭവം ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം പരമാവധി വഷളാക്കി. ഇനിയും ബന്ധം സാധാരണനിലയിലായിട്ടില്ല. കൂടുതൽ ചൈനീസ് സൈന്യം യഥാര്‍ത്ഥ നിയന്ത്രണരേഖയുടെ അടുത്തേക്ക് നീങ്ങിയിട്ടുണ്ടെന്ന് ഉപഗ്രഹ ചിത്രങ്ങള്‍ വ്യക്തമാക്കുന്നു. ഇന്ത്യൻ മേഖലകളിലേക്കുള്ള സൈനിക ഇടപെടലിനെ സഹായിക്കുന്ന രീതിയിലുള്ള പാലങ്ങളുടെയും മറ്റ് സൗകര്യങ്ങളുടെയും നിർമ്മാണം ചൈന പൂര്‍ത്തിയാക്കുകയും ചെയ്തിട്ടുണ്ട്. റുഡോക്, കാങ്‍സിവർ, ഗുൽമണ്ട് മേഖലകളിൽ പുതിയ ചൈനീസ് നിര്‍മ്മാണങ്ങള്‍ കണ്ടെത്തിയിരുന്നു. ഡെസ്പാങ്, പാങ്കോങ് തടാകം, ഡെംചോക്ക് എന്നിവിടങ്ങളിലും ചൈന പുതിയ ഭീഷണികൾ ഉയർത്തിയപ്പോഴും പ്രതിരോധിക്കാന്‍ കേന്ദ്രസര്‍ക്കാരിന് സാധിച്ചിട്ടില്ലെന്ന് സൈനികരംഗത്തെ വിദഗ്ധര്‍ വിലയിരുത്തുന്നു. നാലാം വര്‍ഷത്തിലേക്ക് കടക്കുന്ന നീണ്ട സംഘർഷം ഇന്ത്യക്ക് വലിയ സാമ്പത്തിക, സൈനിക ചെലവുകള്‍ക്ക് കാരണമായി. 60,000 ത്തോളം സൈനികരെയും വന്‍ തോതിലുള്ള യുദ്ധസന്നാഹത്തെയും അതിര്‍ത്തിയില്‍ വിന്യസിച്ചിരിക്കുന്ന രാജ്യത്തിന്റെ പ്രതിരോധ ചെലവുകള്‍ കുതിച്ചുയരുന്നതിന് ഗല്‍വാന്‍ ഇടയാക്കിയിട്ടുണ്ട്.

ഇന്ത്യയുടെ ശ്രദ്ധ മിസൈലുകളില്‍ : ചൈന ആണവശേഖരം കൂട്ടി

ന്യൂഡല്‍ഹി: ചൈനയിലുടനീളമുള്ള ലക്ഷ്യങ്ങളിൽ എത്തുന്നതിനായി ഇന്ത്യ ദീർഘദൂര മിസൈലുകള്‍ വികസിപ്പിച്ചെടുക്കുന്നതില്‍ ശ്രദ്ധ നൽകുന്നതായി സ്റ്റോക്ക്ഹോം ഇന്റർനാഷണൽ പീസ് റിസർച്ച്. ഇന്ത്യ ഉൾപ്പെടെ ലോകത്തിലെ ഒമ്പത് ആണവായുധ രാജ്യങ്ങളുടെ ആയുധപ്പുരകളിൽ പ്രവർത്തനക്ഷമമായ ആണവായുധങ്ങളുടെ എണ്ണം വീണ്ടും വർധിച്ചതായി വാര്‍ഷിക റിപ്പോര്‍ട്ട് വിലയിരുത്തുന്നു. ആഗോളതലത്തിൽ, 2023 ജനുവരി വരെ 12,512 ആണവായുധ ശേഖരമുണ്ട്. ഇതിൽ 9,576 എണ്ണം ഉപയോഗത്തിന് തയ്യാറായ നിലയിലാണ്. ഇന്ത്യയുടെ ആണവായുധ ശേഖരം 2022ൽ 160ൽ നിന്ന് 2023ൽ 164ലേക്ക് വര്‍ധിച്ചു. അതേസമയം അയൽരാജ്യമായ പാകിസ്ഥാന്റെ ആണവായുധ ശേഖരം ഇതേ കാലയളവില്‍ 165ൽ നിന്ന് 170 ലേക്ക് ഉയർന്നു. മൂന്നാമത്തെ ആണവശക്തിയായ ചൈന, 2022 ജനുവരിയിൽ 350 ആയിരുന്ന ആണവ പോര്‍മുനകളുടെ എണ്ണം 2023 ജനുവരിയിൽ 410 ആയി ഉയർത്തിയിട്ടുണ്ട്.

eng­lish summary;Bloodshed in Gal­van to the fourth year; Ladakh is still in conflict

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.