കോടതി നിരോധനവും മാനേജ്മെന്റ് ഭീഷണിയും വകവയ്ക്കാതെ ദേശീയ പണിമുടക്കിന്റെ ഭാഗമായി കൊച്ചി അമ്പലമുകൾ ഭാരത് പെട്രോളിയം കോർപറേഷൻ ലിമിറ്റഡിലെ (ബിപിസിഎൽ) തൊഴിലാളികൾ പണിമുടക്കിൽ പങ്കെടുക്കുന്നു. ബിപിസിഎല്ലിലെ തൊഴിലാളി യൂണിയനുകൾ പണിമുടക്കുന്നത് ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരവിലൂടെ തടഞ്ഞിരുന്നു. ഇതിനെ മറികടന്നുകൊണ്ടാണ് തൊഴിലാളികൾ ഇന്നലെ പണിമുടക്കിയത്. പണിമുടക്ക് നടന്നാൽ ഇരുമ്പനത്തെ പ്ലാന്റിന്റെ പ്രവർത്തനം തടസപ്പെടുമെന്ന ആശങ്കയിൽ കമ്പനിയുടെ ടെറിട്ടറി മാനേജരാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. ഇതേത്തുടർന്നാണ് ജസ്റ്റിസ് അമിത് റാവലിന്റെ ബെഞ്ച് പണിമുടക്ക് തടഞ്ഞുകൊണ്ട് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
ഇന്നലെ രാവിലെ മുതൽ നാളെ രാവിലെ വരെ പണിമുടക്ക് നടത്തുമെന്ന് കാണിച്ച് തൊഴിലാളി സംഘടനകൾ വ്യവസായ തർക്ക നിയമത്തിൽ വ്യവസ്ഥ ചെയ്തിട്ടുള്ളതുപോലെ പതിനാല് ദിവസം മുൻപ് കമ്പനി മാനേജ്മെന്റിന് പണിമുടക്ക് നോട്ടീസ് നൽകിയിരുന്നു. പണിമുടക്കിൽ നിന്നും വിട്ടുനിൽക്കണമെന്നാണ് ഇടക്കാല ഉത്തരവിൽ നിർദേശിച്ചത്. അവശ്യ മേഖലയിലെ ഇന്ധന വിതരണം പണിമുടക്ക് കാരണം തടസപ്പെടുമെന്നായിരുന്നു കമ്പനിയുടെ വാദം. ഇത് കണക്കിലെടുത്താണ് ഇടക്കാല ഉത്തരവ് ഹൈക്കോടതി നൽകിയത്. പണിമുടക്കിൽ പങ്കെടുത്താൽ 16 ദിവസത്തെ ശമ്പളം പിടിച്ചുവയ്ക്കുമെന്ന ഭീഷണിക്കത്ത് മാനേജ്മെന്റ് തൊഴിലാളികൾക്ക് നൽകിയിരുന്നു. എന്നാല്‍ ഈ ഭീഷണിയെല്ലാം തള്ളിയാണ് തൊഴിലാളികള്‍ പണിമുടക്കിയത്. തൊഴിലാളി ദ്രോഹ നടപടികളിൽ നിന്നും പിന്മാറാൻ ബിപിസിഎൽ കൊച്ചി റിഫൈനറി മാനേജ്മെന്റ് തയാറാകണമെന്ന് സംയുക്ത സമിതി ആവശ്യപ്പെട്ടു.
കൊച്ചിൻ റിഫൈനറീസ് വർക്കേഴ്സ് അസോസിയേഷൻ, ജനറൽ കൺസ്ട്രക്ഷൻ വർക്കേഴ്സ് യൂണിയൻ, കൊച്ചിൻ റിഫൈനറി ജനറൽ വർക്കേഴ്സ് കോൺഗ്രസ്, കേരള പെട്രോളിയം ആന്റ് ഗ്യാസ് വർക്കേഴ്സ് യൂണിയൻ, കൊച്ചിൻ റിഫൈനറീസ് എംപ്ലോയീസ് അസോസിയേഷൻ ഉൾപ്പെടെ അഞ്ചു യുണിയനുകളാണ് പണിമുടക്ക് നോട്ടീസ് നൽകിയിരുന്നത്. എന്നാല്‍ വി ഡി സതീശൻ പ്രസിഡന്റായ കൊച്ചിൻ റിഫൈനറീസ് എംപ്ലോയീസ് അസോസിയേഷൻ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ പണിമുടക്കിൽ പങ്കെടുത്തില്ല. പണിമുടക്കിയ തൊഴിലാളികൾ അമ്പലമുകളിൽ പ്രതിഷേധ പ്രകടനം നടത്തി. തുടർന്ന് നടന്ന തൊഴിലാളി സംഗമത്തിൽ തോമസ് കണ്ണടിയിൽ അധ്യക്ഷത വഹിച്ചു. സിഐടിയു വർക്കിങ് കമ്മിറ്റി അംഗം സി കെ മണിശങ്കർ യോഗം ഉദ്ഘാടനം ചെയ്തു. സിഐടിയു ജില്ലാ പ്രസിഡന്റ് ജോൺ ഫെർണാണ്ടസ്, പോൾസൺ പീറ്റർ, എൻ കെ ജോർജ്, എം വൈ കുരിയാച്ചൻ, സിന്ധു സത്യൻ രാധാകൃഷ്ണൻ എസ്, എന്നിവർ സംസാരിച്ചു.
english summary;BPCL workers on strike
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.