12 October 2024, Saturday
KSFE Galaxy Chits Banner 2

Related news

September 12, 2024
June 5, 2024
May 20, 2024
January 4, 2024
January 3, 2024
October 30, 2023
October 18, 2023
October 4, 2023
August 9, 2023
August 7, 2023

കാരുണ്യമായി മെഡിസെപ്; ജീവനക്കാരുടെയും പെൻഷൻകാരുടെയും പണരഹിത പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം

സ്വന്തം ലേഖകന്‍
തിരുവനന്തപുരം
December 22, 2021 10:45 pm

സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും മെഡിക്കൽ ഇൻഷുറൻസ് പദ്ധതി ‘മെഡിസെപി‘ന് മന്ത്രിസഭ അംഗീകാരം നൽകി. 2022 ജനുവരി ഒന്നു മുതൽ പദ്ധതി തത്വത്തിൽ ആരംഭിക്കും. പദ്ധതിയിൽ അര്‍ഹത നിശ്ചയിച്ചിരിക്കുന്ന എല്ലാ ജീവനക്കാർക്കും (അഖിലേന്ത്യാ സർവീസ് ഉദ്യോഗസ്ഥർ ഒഴികെ) പെൻഷൻകാർക്കും അംഗത്വം നിർബന്ധമാണ്. മുന്‍ എംഎൽഎമാരെക്കൂടി പദ്ധതിയുടെ ഭാഗമാക്കാൻ മന്ത്രിസഭ തത്വത്തിൽ അംഗീകാരം നൽകി. നിലവിലുള്ള രോഗങ്ങൾക്ക് ഉൾപ്പെടെ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള ചികിത്സകൾക്ക് പണരഹിത ചികിത്സ നൽകും. ജീവനക്കാരുടെയും പെൻഷൻകാരുടെയും പ്രതിമാസ ഇൻഷുറൻസ് പ്രീമിയം 500 രൂപയായിരിക്കും. എംപാനൽ ചെയ്യപ്പെട്ട പൊതുസ്വകാര്യ ആശുപത്രികളിൽ മാത്രമേ പദ്ധതി പ്രകാരമുള്ള പരിരക്ഷ ലഭിക്കുകയുള്ളൂ. എന്നാൽ ജീവന് ഭീഷണിയോ അപകടമോ ഉള്ള അടിയന്തര സാഹചര്യങ്ങളിൽ എംപാനൽ ചെയ്യപ്പെടാത്ത ആശുപത്രികളിലെ ചികിത്സയ്ക്കും പരിരക്ഷ ലഭിക്കും. ഒപി വിഭാഗ ചികിത്സകൾ പദ്ധതിയിൽ ഉൾപ്പെടുന്നില്ല.

അതിനാൽ കേരള ഗവൺമെന്റ് സെർവന്റ് മെഡിക്കൽ അറ്റൻഡന്റ് ചട്ടങ്ങൾക്കു വിധേയരായ എല്ലാ സർക്കാർ ജീവനക്കാർക്കും എല്ലാ സർക്കാർ ആശുപത്രികളിലെയും, തിരുവനന്തപുരം ആർസിസി, ശ്രീചിത്ര, മലബാർ കാൻസർ സെന്റർ, കൊച്ചിൻ കാൻസർ സെന്റർ ഉൾപ്പെടെയുള്ള എല്ലാ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികളിലെയും ഒപി ചികിത്സയ്ക്ക് നിലവിലുള്ള മെഡിക്കൽ റീ ഇമ്പേഴ്സ്മെന്റ് സമ്പ്രദായം തുടരും. ഓരോ കുടുംബത്തിനും മൂന്ന് വർഷത്തെ പോളിസി പരിധിക്കകത്ത് പ്രതിവർഷം മൂന്ന് ലക്ഷം രൂപ നിരക്കിലാണ് അടിസ്ഥാന പരിരക്ഷ നൽകുക. ഓരോ വർഷവും നിശ്ചയിച്ചിരിക്കുന്ന 1.5 ലക്ഷം രൂപ വിനിയോഗിച്ചില്ലെങ്കിൽ അതതു വർഷം നഷ്ടമാകും. ഫ്ളോട്ടർ തുകയായ 1.5 ലക്ഷം രൂപ വിനിയോഗിച്ചില്ലെങ്കിൽ പോളിസിയുടെ തുടർന്നുള്ള വർഷങ്ങളിലേക്ക് കൈമാറ്റം ചെയ്യപ്പെടും. പൊതുമേഖലാ ഇൻഷുറൻസ് കമ്പനിയായ ഓറിയന്റൽ ഇൻഷുറൻസ് കമ്പനിയെയാണ് പദ്ധതി നടത്തിപ്പിന് ഏൽപ്പിച്ചിരിക്കുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട തർക്കങ്ങൾ പരിഹരിക്കുന്നതിന് ത്രിതല സംവിധാനത്തിന് രൂപം നൽകും.

പദ്ധതിയുടെ ഗുണഭോക്താക്കൾ

 സംസ്ഥാന സർക്കാർ ജീവനക്കാർ

 പാർട് ടൈം കണ്ടിജന്റ് ജീവനക്കാർ

 പാർട്ട് ടൈം അധ്യാപകർ

 എയ്ഡഡ് ഉൾപ്പെടെ അധ്യാപക-അനധ്യാപക ജീവനക്കാർ

 പെൻഷൻകാർ

 കുടുംബ പെൻഷൻകാരും അവരുടെ ആശ്രിതരും

 നിർബന്ധിതാടിസ്ഥാനത്തില്‍ സംസ്ഥാന സർക്കാരിനു കീഴിൽ സേവനമനുഷ്ഠിക്കുന്ന അഖിലേന്ത്യാ സർവീസ് ഉദ്യോഗസ്ഥരും അവരുടെ ആശ്രിതരും ഐച്ഛികാടിസ്ഥാനത്തിലും ഉള്ളവർ. സംസ്ഥാന സർക്കാരിന്റെ ധനസഹായം സ്വീകരിക്കുന്ന സർവകലാശാലകളിലെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെയും ജീവനക്കാർ/പെൻഷൻകാർ/കുടുംബ പെൻഷൻകാർ എന്നിവരും, മുഖ്യമന്ത്രി/മറ്റു മന്ത്രിമാർ, പ്രതിപക്ഷ നേതാവ്, ചീഫ് വിപ്പ്, സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ, ധനകാര്യ കമ്മിറ്റികളിലെ ചെയർമാൻമാർ എന്നിവരുടെ നേരിട്ട് നിയമിതരായ പേഴ്സണൽ സ്റ്റാഫ്, പേഴ്സണൽ സ്റ്റാഫ് പെൻഷൻകാർ, കുടുംബ പെൻഷൻകാർ എന്നിവരും ഇവരുടെ ആശ്രിതരും.

eng­lish sum­ma­ry; Cab­i­net approves cash­less scheme for employ­ees and pensioners

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.