1 May 2024, Wednesday

Related news

April 21, 2024
April 21, 2024
April 7, 2024
April 7, 2024
March 18, 2024
March 1, 2024
January 23, 2024
January 7, 2024
December 28, 2023
November 12, 2023

തരൂരിനെതിരെ പടനീക്കം

കെ രംഗനാഥ്
തിരുവനന്തപുരം
March 1, 2024 10:30 pm

തലസ്ഥാന ലോക്‌സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശശിതരൂരിനെതിരെ യുഡിഎഫിനുള്ളില്‍ പടനീക്കം. കോണ്‍ഗ്രസിലെ എ, ഐ ഗ്രൂപ്പുകള്‍ക്കൊപ്പം മുസ്ലിംലീഗിലെ വലിയൊരു വിഭാഗവും ‘വിശ്വപൗര’നെതിരെ അണിനിരന്നതോടെ യുഡിഎഫ് കടുത്ത ആശങ്കയിലായി.
യൂത്ത് കോണ്‍ഗ്രസാണ് തരൂരിനെതിരെ പരസ്യമായ പടയോട്ടം നടത്തുന്നത്. കഴിഞ്ഞ തവണ മത്സരത്തിനിറങ്ങിയപ്പോള്‍ ഇത്തവണ കൂടിയേ താന്‍ മത്സരത്തിനുള്ളു എന്ന് പ്രഖ്യാപിച്ച് ഒപ്പം കൂട്ടിയ തരൂര്‍ ഇത്തവണയും മത്സരത്തിനിറങ്ങുന്നത് കോണ്‍ഗ്രസിലെ യുവജനങ്ങളോടുള്ള കടുത്ത വഞ്ചനയാണെന്നാണ് യൂത്ത് കോണ്‍ഗ്രസ് വിമര്‍ശനം. തരൂരിന്റെ വഞ്ചനയ്ക്കെതിരെ യൂത്ത് കോണ്‍ഗ്രസുകാര്‍ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായ പ്രചാരണവും ആരംഭിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ ആജീവനാന്ത കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി സ്വയം പ്രഖ്യാപിക്കുന്ന തരൂരിന് ഇത്തവണ അടിതെറ്റുമെന്ന മുന്നറിയിപ്പും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നു.
ഏഴെട്ട് ശിങ്കിടികളായ സ്തുതിപാഠകരെ ചുറ്റും നിര്‍ത്തി പാര്‍ട്ടിയിലെ പ്രബല ഗ്രൂപ്പുകളെ തീണ്ടാപ്പാടകലെ നിര്‍ത്തുന്നതിലാണ് എ, ഐ ഗ്രൂപ്പുകളുടെ അമര്‍ഷം. ഐ ഗ്രൂപ്പുകാരായ രണ്ട് മുന്‍ മന്ത്രിമാരും എംഎല്‍എമാരുമാണ് ശശിതരൂരിനെതിരായ പടനീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നതെന്ന് തരൂര്‍ ഗ്രൂപ്പുതന്നെ സമ്മതിക്കുന്നു. മുന്‍മന്ത്രിയും മുന്‍ എംപിയുമായ ഒരു നേതാവ് തരൂരിന്റെ വിഭാഗീയ നിലപാടില്‍ പ്രതിഷേധിച്ച് വേണ്ടിവന്നാല്‍ തെരഞ്ഞെടുപ്പ് പ്രചാരണ രംഗം തന്നെ ബഹിഷ്കരിക്കുമെന്ന് മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. സമൂഹത്തിന്റെ എല്ലാ മേഖലകളിലും എതിര്‍പ്പുകള്‍ മാത്രം സൃഷ്ടിച്ച തരൂരിനെതിരെ കടുത്ത പ്രതികൂലാന്തരീക്ഷം രൂപപ്പെട്ടുവെന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ ആക്ഷേപം.

ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ വോട്ട് തേടിയിറങ്ങാന്‍ പോലും വയ്യാത്ത അവസ്ഥ. പലസ്തീന്‍ ജനതയ്ക്കും അവരുടെ വിമോചനപ്പടയായ ഹമാസിനുമെതിരെ മുസ്ലിംലീഗ് കോഴിക്കോട് സംഘടിപ്പിച്ച മഹാറാലിയില്‍ തരൂര്‍ നടത്തിയ വംശീയാധിക്ഷേപം ലീഗില്‍ മാത്രമല്ല മുസ്ലിം സമൂഹത്തിലും മതേതര വിഭാഗങ്ങള്‍ക്കിടയിലും സൃഷ്ടിച്ച രോഷക്കനല്‍ ഇന്നും ആളിക്കത്തി നില്ക്കുന്നു. ഇതിനെതിരെ വന്‍പ്രതിഷേധമാണ് ഉയര്‍ന്നതെങ്കിലും നാക്കുപിഴയെന്ന് പറഞ്ഞ് ഒരു ക്ഷമാപണമെങ്കിലും നടത്തുന്നതിനുപകരം നിലപാട് ആവര്‍ത്തിക്കുന്ന സമീപനമായിരുന്നു തരൂരിന്റേത്.

തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാത്രം ലീഗിനെ ചേര്‍ത്തുപിടിക്കുന്ന തരൂര്‍ പിന്നീട് ലീഗിന്റെ ഭാഗത്തേക്ക് തിരിഞ്ഞുനോക്കാറേയില്ല. തരൂരിന്റെ എല്ലാ തെരഞ്ഞെടുപ്പുകളിലും ലീഗിനെ മുന്നില്‍ നിന്ന് നയിച്ച സംസ്ഥാന നേതാക്കളിലൊരാള്‍ തലസ്ഥാനത്ത് വള്ളക്കടവില്‍ കിടപ്പുരോഗിയായി മാസങ്ങളായി കഴിയുന്നുവെങ്കിലും ഇതുവരെ അദ്ദേഹത്തെ തിരിഞ്ഞുനോക്കിയിട്ടില്ലെന്നാണ് ലീഗിന്റെ പരാതി. മുസ്ലിം ജനസമൂഹത്തെ എതിരാക്കിയ തരൂരിന് ലീഗിലെ സമീപകാല സംഭവവികാസങ്ങളും തിരിച്ചടിയാകുന്നു. മുസ്ലിംലീഗിന്റെ പ്രമുഖ പോഷകസംഘടനയായ പ്രവാസിലീഗിന്റെ സംസ്ഥാന അധ്യക്ഷനും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനുമായ കലാപ്രേമി ബഷീറിനെയും ഒപ്പമുള്ള സംസ്ഥാന ഭാരവാഹികളെയും ലീഗില്‍ നിന്ന് പുറത്താക്കിയിരുന്നു. ഇവരിലേറെയും തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നവരാണ്. മുഖ്യമന്ത്രിയുടെ നവകേരള സദസിനോടനുബന്ധിച്ച പ്രഭാതഭക്ഷണ വേളയില്‍ പങ്കെടുത്തുവെന്ന കുറ്റം ചാര്‍ത്തിയായിരുന്നു പുറത്താക്കല്‍. തലസ്ഥാന ജില്ലയിലെ മുസ്ലിംലീഗില്‍ വന്‍ സ്വാധീനമുള്ള ഇവരെല്ലാം തരൂരിനോട് സലാം പറഞ്ഞ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പന്ന്യന്‍ രവീന്ദ്രനുവേണ്ടി രംഗത്തുണ്ട്.

മണിപ്പൂരില്‍ സംഘ്പരിവാറിന്റെ നേതൃത്വത്തില്‍ നടന്നുവരുന്ന ക്രെെസ്തവ വംശഹത്യക്കെതിരെ നാവനക്കാത്ത തരൂരിന്റെ നിലപാടില്‍ ക്രെെസ്തവസഭകള്‍ക്കും കടുത്ത അമര്‍ഷമുണ്ട്. കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായപ്പോള്‍ എല്ലാ ജാതി, മതവിഭാഗങ്ങളുടെയും മേലധ്യക്ഷന്മാരെയും സമുദായ നേതാക്കളെയും കണ്ട് അനുഗ്രഹം തേടിയ തരൂര്‍ എസ്എന്‍ഡിപി യോഗത്തെയും വെള്ളാപ്പള്ളി നടേശനെയും ബോധപൂര്‍വം ഒഴിവാക്കിയതും അമര്‍ഷത്തിനിടയാക്കി. സ്ഥിതിഗതികള്‍ ഇത്തവണ പാടേ തകിടംമറിഞ്ഞ അന്തരീക്ഷത്തിലാണ് തരൂരിനെതിരായ പടനീക്കമെന്നതും ശ്രദ്ധേയം.

Eng­lish Sum­ma­ry: Cam­paign against Tharoor

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.