17 June 2024, Monday

Related news

May 29, 2024
May 26, 2024
April 23, 2024
April 14, 2024
March 30, 2024
March 30, 2024
January 16, 2024
November 11, 2023
August 30, 2023
August 24, 2023

വാഹനാപകടം: തീര്‍പ്പാക്കാതെ 80000 കോടിയുടെ ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍

Janayugom Webdesk
ന്യൂഡല്‍ഹി
May 26, 2024 9:27 pm

രാജ്യത്ത് നടന്ന പത്ത് ലക്ഷത്തിലധികം വാഹനാപകടങ്ങള്‍ക്ക് ഇരയായവര്‍ക്ക് ലഭിക്കേണ്ട 80000 കോടിയിലധികം രൂപയുടെ ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍ തീര്‍പ്പാക്കാതെ കിടക്കുന്നതായി റിപ്പോര്‍ട്ട്. 2018–19നും 2022–23നും ഇടയിലാണ് അപകടങ്ങള്‍ വര്‍ദ്ധിച്ചത്. 10,46,163 അപേക്ഷകര്‍ക്ക് 80,455 കോടി രൂപയാണ് നല്‍കാനുള്ളതെന്ന് ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡവലപ്മെന്‍റ് അതോറിട്ടി ഓഫ് ഇന്ത്യയില്‍ നിന്ന് (ഐആര്‍ഡിഎഐ) സുപ്രീംകോടതി അഭിഭാഷകനായ കെ സി ജെയ്ന്‍ വിവരാവകാശനിയമപ്രകാരം ശേഖരിച്ച വിവരങ്ങള്‍ വ്യക്തമാക്കുന്നു. 

രാജ്യത്ത് നടന്ന വാഹനാപകടങ്ങളുടെ എണ്ണത്തെ കുറിച്ചും ഓരോ സംസ്ഥാനത്തും ജില്ലകളിലും എത്ര അപകടങ്ങള്‍ വീതം നടന്നെന്നും കേന്ദ്ര റോഡ് ഗതാഗത‑ഹൈവേ മന്ത്രാലയത്തോട് ജയ് ന്‍ ചോദിച്ചിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ നടന്നതും തീര്‍പ്പാക്കിയതും ശേഷിക്കുന്നതുമായ ക്ലെയിമുകളുടെ വര്‍ഷം തിരിച്ചുള്ള കണക്കുകളും ഇന്‍ഷുറന്‍സ് തുക വേഗം തീര്‍പ്പാക്കി നല്‍കുന്നതിന് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച നടപടികളും ജയ്ന്‍ ആവശ്യപ്പെട്ടിരുന്നു. 

ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡവലപ്മെന്‍റ് അതോറിട്ടി ഓഫ് ഇന്ത്യയുടെ കണക്കനുസരിച്ച് 2018–19 സാമ്പത്തിക വര്‍ഷത്തില്‍ 9,09,166 ഉം 2019–20ല്‍ 9,39,160 ഉം 2020–21ല്‍ 10,08,332 ഉം 2021–22 10,39,323 ഉം 2022–23ല്‍ 10,46,163ഉം ആണ് വാഹനാപകട ക്ലെയിമുകളുടെ എണ്ണം. ഈ സാമ്പത്തിക വര്‍ഷങ്ങളില്‍ യഥാക്രമം 52,713 കോടി, 61,051 കോടി, 70,722 കോടി, 74,718 കോടി, 80,455 കോടി എന്നിങ്ങനെയാണ് ക്ലെയിം തുകകളോടെ എണ്ണം. അപകടങ്ങള്‍ സംബന്ധിച്ച തേര്‍ഡ് പാര്‍ട്ടി ക്ലെയിമുകളുടെ സംസ്ഥാന‑ജില്ലാ തല കണക്കുകള്‍ ലഭ്യമല്ലെന്നും ഇത്തരം വിവരങ്ങള്‍ ശേഖരിക്കുകയോ, സൂക്ഷിക്കുകയോ ചെയ്യാറില്ലെന്നും ഐആര്‍ഡിഎഐ വ്യക്തമാക്കി. 

തീര്‍പ്പുകല്‍പ്പിക്കാത്ത അപകട ഇന്‍ഷുറന്‍സ് ക്ലെയിമുകളുടെ എണ്ണം ഓരോ കൊല്ലം കഴിയുന്തോറും കൂടി വരുകയാണെന്നും ഇവ തീര്‍പ്പാക്കാന്‍ വൈകുന്നെന്നും റോഡ് സുരക്ഷാ പ്രവര്‍ത്തകനും അഭിഭാഷകനുമായ ജയ്ന്‍ ചൂണ്ടിക്കാട്ടുന്നു. അപകടത്തില്‍ മരണപ്പെട്ടവരുടെ വീട്ടുകാര്‍ക്കും പരിക്കേറ്റവര്‍ക്കും നഷ്ടപരിഹാരം ലഭിക്കാന്‍ ശരാശരി നാല് വര്‍ഷം വരെ എടുക്കുന്നുണ്ട്. നഷ്ടപരിഹാരം നേരത്തെ നല്‍കിയിരുന്നെങ്കില്‍ 2022–23 സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കം തീര്‍പ്പ്കല്‍പ്പിക്കാനുള്ള കേസുകളുടെ എണ്ണം 10,39,323 ആയി കുറയുമായിരുന്നു. ഇക്കൊല്ലം ഇതുവരെ ലഭിച്ചത് 4,54,944 അപേക്ഷകളാണ് ഇതുവരെ കിട്ടിയത്. അങ്ങനെ തീര്‍പ്പാക്കാത്ത കേസുകളുടെ എണ്ണം 14,94,267 ആയി. ഇതില്‍ 4,48,104 എണ്ണം മാത്രമാണ് തീര്‍പ്പാക്കിയത്. ഇത് മൊത്തെ കേസുകളുടെ 29 ശതമാനം മാത്രമാണ്. അതിനാല്‍ ഒരു അപേക്ഷ തീര്‍പ്പാക്കാന്‍ ശരാശരി നാല് കൊല്ലം എടുക്കുന്നെന്നും ജയ് ന്‍ ചൂണ്ടിക്കാട്ടുന്നു.

വാഹനാപകട ക്ലയിമുകള്‍ തീര്‍പ്പാക്കുന്നതില്‍ വലിയ കാലതാമസമുണ്ടാകുന്നതിനാല്‍ ഇടക്കാല തുക അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ സിവില്‍ റിട്ട് ഹര്‍ജി നല്‍കിയതായി ജയ് ന്‍ പറഞ്ഞു. മോട്ടോര്‍ വാഹനനിയമത്തിലെ സെക്ഷന്‍ 164 എ പ്രകാരം ഇരകള്‍ക്ക് ആശ്വാസം ലഭിക്കുന്ന വിധത്തില്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതി രൂപീകരിക്കണമെന്നും റിട്ടില്‍ ആവശ്യപ്പെട്ടു. ഇതനുസരിച്ച് മരണം നടന്ന കേസുകളില്‍ അഞ്ച് ലക്ഷം രൂപയും പരിക്ക് പറ്റിയവര്‍ക്ക് 2,50,000 രൂപയും മോട്ടോര്‍ വാഹന നിയമത്തിലെ വകുപ്പ് 164 പ്രകാരം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Eng­lish Summary:Car acci­dent: Pend­ing insur­ance claims of Rs 80,000 crore
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.