26 April 2024, Friday

അഫ്ഗാന്‍ വിഷയത്തില്‍ കേന്ദ്രം സര്‍വകക്ഷി യോഗം വിളിക്കുന്നു

റെജി കുര്യന്‍
ന്യൂഡല്‍ഹി
August 23, 2021 10:02 pm

അഫ്ഗാന്‍ വിഷയത്തില്‍ കേന്ദ്രം സര്‍വകക്ഷി യോഗം വിളിച്ചു ചേര്‍ക്കും. കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറാണ് ഇക്കാര്യം വ്യക്തമാക്കിയത്.

അഫ്ഗാനിസ്ഥാനിലെ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നിര്‍ദ്ദേശ പ്രകാരം പാര്‍ലമെന്ററി പാര്‍ട്ടി നേതാക്കളുടെ യോഗം വിളിച്ചു ചേര്‍ത്ത് കാര്യങ്ങള്‍ വിശദീകരിക്കും. യോഗം സംബന്ധിച്ചുള്ള മറ്റു വിവരങ്ങള്‍ പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി അറിയിക്കും എന്ന് ജയ്ശങ്കര്‍ ട്വീറ്റ് ചെയ്തു.
വ്യാഴാഴ്ച രാവിലെ 11ന് പാര്‍ലമെന്റ് അനക്‌സിലെ മെയിന്‍ കമ്മിറ്റി റൂമിലാണ് യോഗം ചേരുകയെന്ന് പാര്‍ലമെന്ററികാര്യ മന്ത്രി വ്യക്തമാക്കി. യോഗത്തിലേക്കുള്ള ക്ഷണം പാര്‍ലമെന്ററി പാര്‍ട്ടി നേതാക്കള്‍ക്ക് ഇ മെയില്‍ മുഖേന അയച്ചിട്ടുണ്ട്. എല്ലാവരും യോഗത്തില്‍ പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നതായും ജോഷി പറഞ്ഞു.
അഫ്ഗാനിലെ നിലവിലെ സാഹചര്യത്തിനൊപ്പം പൗരന്മാരെ മടക്കി കൊണ്ടുവരുന്ന നടപടികളും യോഗം ചര്‍ച്ച ചെയ്യും. ഓഗസ്റ്റ് 15ന് താലിബാന്‍ കാബൂള്‍ പിടിച്ചടക്കിയതോടെ എംബസി ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ 200 പേരെ രണ്ടു ദിസത്തിനുള്ളില്‍ ഇന്ത്യ മടക്കി കൊണ്ടുവന്നു. ഞായറാഴ്ച 392 പേരാണ് വിവിധ വിമാനങ്ങളിലായി ഇന്ത്യയിലേക്ക് എത്തിയത്.

അഫ്ഗാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ സുരക്ഷിതരായി രാജ്യത്ത് തിരികെ കൊണ്ടുവരാന്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കാന്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സുരക്ഷാ കാര്യങ്ങള്‍ക്കായുള്ള മന്ത്രിസഭാ സമിതി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിനോടകം നാനൂറിലധികം ഇന്ത്യക്കാര്‍ക്കൊപ്പം 700ല്‍ അധികം പേരെയാണ് അഫ്ഗാനിസ്ഥാനില്‍ നിന്നും ഇന്ത്യയില്‍ എത്തിച്ചത്. ഇന്നലെയും ഈ നടപടി തുടര്‍ന്നു.

Eng­lish sum­ma­ry; Cen­ter con­venes all-par­ty meet­ing on Afghanistan

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.