23 December 2024, Monday
KSFE Galaxy Chits Banner 2

കേന്ദ്രം കോർപ്പറേറ്റുകൾക്ക് സ്വത്ത് സമ്പാദനത്തിന് വഴിയൊരുക്കുന്നു: കാനം

Janayugom Webdesk
തിരുവനന്തപുരം
November 5, 2021 10:10 pm

കൃത്രിമ കൽക്കരി ക്ഷാമം സൃഷ്ടിച്ച് രാജ്യത്ത് വൈദ്യുതി പ്രതിസന്ധിയുണ്ടാക്കി അതിലൂടെ വൻകിട കോർപ്പറേറ്റുകൾക്ക് വഴിവിട്ട സ്വത്ത് സമ്പാദനത്തിന് കേന്ദ്ര സർക്കാർ വഴിയൊരുക്കുന്നതായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അഭിപ്രായപ്പെട്ടു. കൽക്കരി ക്ഷാമം അവസരമാക്കി ആദിവാസി മേഖലകളിൽ വൻതോതിൽ സ്ഥലമേറ്റെടുക്കാൻ കുത്തക കമ്പനികൾ ശ്രമിക്കുകയാണ്. ഇതിനെതിരെ ഉയർന്നുവന്ന ജനകീയ പ്രതിരോധങ്ങളെ ജനമധ്യത്തിൽ മോശമായി ചിത്രീകരിക്കാൻ കേന്ദ്ര സർക്കാരിന്റെ ഒത്താശയോടെ കുത്തക കമ്പനികൾ ശ്രമിക്കുന്നതായും കാനം രാജേന്ദ്രൻ പറഞ്ഞു. താപവൈദ്യുത കേന്ദ്രങ്ങളിൽ പര്യാപ്തമായ രീതിയിൽ കൽക്കരി സംഭരണം നടത്താതെ, കോൾ ഇന്ത്യാ ലിമിറ്റഡ് എന്ന പൊതുമേഖലാ കമ്പനിയുടെ പ്രവർത്തനങ്ങളെ പരിമിതപ്പെടുത്തിയാണ് ഇപ്പോൾ കൽക്കരി ക്ഷാമം സൃഷ്ടിച്ചിരിക്കുന്നത്. ഇതുമൂലം വൈദ്യുതി ലഭ്യതയുടെ കുറവുണ്ടായതിന്റെ സമ്മർദ്ദം സംസ്ഥാന സർക്കാരുകളുടെ തലയിൽ കെട്ടിവയ്ക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ (എഐടിയുസി) 21-ാം സംസ്ഥാന സമ്മേളനം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വകാര്യ വൽക്കരണത്തിന്റെ ആക്രമണം ഏറ്റവുമധികം ഏറ്റുവാങ്ങേണ്ടി വന്നവരാണ് രാജ്യത്തെ വൈദ്യുതി തൊഴിലാളികൾ. കേന്ദ്ര സർക്കാർ വിവിധ നിയമനിർമ്മാണങ്ങളിലൂടെ വൈദ്യുതി വ്യവസായത്തിന്റെ എല്ലാ മേഖലകളിൽ നിന്നും പൊതുമേഖലയെ ഒഴിവാക്കി. ഈ ആക്രമണത്തിന് ചെറുത്തുനിൽപ്പ് നടത്തിയത് കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷന്റെ പ്രതിരോധമാണ്. ഇന്നിപ്പോൾ കേരളത്തിലും, ഹിമാചൽപ്രദേശിലും മാത്രമാണ് വൈദ്യുതി ബോർഡ് നിലനിൽക്കുന്നത്. കമ്പനിയുടെയും പൊതുമേഖലയുടെയും ഗുണങ്ങൾ പൂർണമായും ഇല്ലെന്ന പരിമിതി ഉണ്ടെങ്കിലും കേരളത്തിൽ നാം വൈദ്യുതി ബോർഡിനെ ഒരു കമ്പനിയാക്കി മാറ്റിക്കൊണ്ട്, ഒരു ബദൽ മാതൃക സൃഷ്ടിച്ചതായും കാനം പറഞ്ഞു.

നാളെ സമാപനം

 

കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ (കെഇഡബ്ല്യുഎഫ് — എഐടിയുസി) 21-ാമത് സംസ്ഥാന സമ്മേളനത്തിന് തുടക്കമായി. പ്രതിനിധി സമ്മേളനവും പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തുകൊണ്ടും രണ്ട് ദിവസം നീണ്ടു നിൽക്കുന്ന സമ്മേളനം ഇന്ന് സമാപിക്കും. കോവിഡ് പ്രതിസന്ധിയെ തുടർന്ന് പ്രധാന വേദിയായ തിരുവനന്തപുരം ട്രാൻസ്പോർട്ട് എംപ്ലോയീസ് യൂണിയൻ ഹാളിനു പുറമേ ഓൺലൈൻ പ്ലാറ്റ്ഫോമിൽ മറ്റ് ആറ് കേന്ദ്രങ്ങളെ ഏകോപിപ്പിച്ചാണ് സമ്മേളനം നടക്കുന്നതെന്ന പ്രത്യേകതയും ഇക്കുറിയുണ്ട്. കൊല്ലം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, കാസർകോട് എന്നീ കേന്ദ്രങ്ങളിലായിരുന്നു അനുബന്ധ വേദികൾ. ഇതിലൂടെ അറുനൂറിലേറെ പ്രതിനിധികൾക്ക് കോവിഡ് മാനദണ്ഡപ്രകാരം പങ്കെടുക്കാനായി. സംസ്ഥാന സമ്മേളനത്തിന്റെ ഉദ്ഘാടനം രാവിലെ പത്തിന് പ്രധാനവേദിയായ തിരുവനന്തപുരത്തെ എ എൻ രാജൻ നഗറിൽ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നിർവഹിച്ചു. വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി, മൃഗസംരക്ഷണ- ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി, എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ, എം ജി രാഹുൽ, എം ജി അനന്തകൃഷ്ണൻ, അനീഷ് പ്രദീപ് കെ എം, പി ബാലകൃഷ്ണപിള്ള തുടങ്ങിയവർ സംസാരിച്ചു. ഫെഡറേഷൻ വർക്കിംഗ് പ്രസിഡന്റ് ജയിംസ് റാഫേൽ അധ്യക്ഷനായി. ജനറൽ സെക്രട്ടറി എം പി ഗോപകുമാർ സ്വാഗതവും ജേക്കബ് വി ലാസർ നന്ദിയും പറഞ്ഞു. സമ്മേളന നഗരിയിൽ പതാക ഉയർത്തിയശേഷം പ്രതിനിധികളും നേതാക്കളും രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. കെ സി മണി രക്തസാക്ഷി അനുസ്മരണവും പി എസ് പ്രദീപ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. വൈകുന്നേരം ദേശീയ വൈദ്യുതിനയവും കേരള വൈദ്യുതി മേഖലയും എന്ന വിഷയത്തിൽ നടന്ന വെബിനാർ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.

ENGLISH SUMMARY: Cen­ter paves way for cor­po­rates to acquire assets: Kanam

YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.