23 December 2024, Monday
KSFE Galaxy Chits Banner 2

Related news

February 26, 2024
February 25, 2024
February 11, 2024
January 20, 2024
January 7, 2024
November 8, 2023
November 7, 2023
November 7, 2023
October 25, 2023
October 15, 2023

കേന്ദ്രസര്‍ക്കാര്‍ സര്‍വേ റിപ്പോര്‍ട്ട്; അസമത്വം രൂക്ഷം

Janayugom Webdesk
ന്യൂഡല്‍ഹി
February 25, 2024 10:42 pm

രാജ്യത്തെ ജനത നേരിടുന്ന സാമ്പത്തിക അസമത്വം ഒരിക്കല്‍കൂടി വെളിപ്പെടുത്തി കേന്ദ്ര സര്‍ക്കാരിന്റെ ഗാർഹിക ഉപഭോഗ ചെലവ് സർവേ 2022–23 റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത്. ഏറ്റവും ദരിദ്രരായ അഞ്ച് ശതമാനം ആളുകൾ ഗ്രാമങ്ങളിൽ പ്രതിദിനം ശരാശരി 46 രൂപയും, നഗരങ്ങളിൽ 67 രൂപയും മാത്രം ജീവിക്കാനായി ചെലവഴിക്കുമ്പോള്‍ സമ്പന്നരായ അഞ്ച് ശതമാനം പേര്‍ ഗ്രാമങ്ങളിൽ 350 രൂപയും നഗരങ്ങളിൽ 700 രൂപയും ചെലവഴിക്കുന്നു. 11 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സ്ഥിതിവിവര-പദ്ധതി നിര്‍വഹണ മന്ത്രാലയം ഗാർഹിക ഉപഭോഗ ചെലവ് സർവേ വിവരങ്ങള്‍ പുറത്തുവിടുന്നത്.

ഒരു വ്യക്തി ആവശ്യമായ വസ്തുക്കൾ (ഭക്ഷ്യ‑ഭക്ഷ്യേതര), സേവനങ്ങൾ എന്നിവയ്ക്കായി പ്രതിമാസം ചെലവഴിക്കുന്ന പണമാണ് പ്രതിശീർഷ ഉപഭോഗ ചെലവ്. 2022–23 കാലയളവിൽ ഗ്രാമീണ ജനസംഖ്യയുടെ ഏറ്റവും താഴെയുള്ള അഞ്ച് ശതമാനം പേർക്ക് ശരാശരി പ്രതിമാസ ചെലവ് (എംപിസിഇ) 1,373 രൂപയാണ്. നഗരപ്രദേശങ്ങളിൽ അതേവിഭാഗത്തിൽ 2,001 രൂപയാണെന്നും റിപ്പോര്‍ട്ടിലുണ്ട്. ഉയർന്നവിഭാഗത്തിലുള്ള അഞ്ച് ശതമാനം പേർക്ക്, ശരാശരി ചെലവ് ഗ്രാമങ്ങളിൽ 10,501 രൂപയും നഗരങ്ങളിൽ 20,824 രൂപയാണെന്നും റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. 2022–23‑ലെ ശരാശരി പ്രതിമാസ ഉപഭോഗ ചെലവ് ഗ്രാമീണ ഇന്ത്യയിൽ 3,773 രൂപയും നഗരപ്രദേശങ്ങളിൽ 6,459 രൂപയുമായി ഉയര്‍ന്നു.

ഗ്രാമീണ, നഗര ചെലവുകളിലെ അന്തരം 71.2 ശതമാനമായി കുറഞ്ഞതായി റിപ്പോര്‍ട്ട് അവകാശപ്പെടുമ്പോള്‍ ഉയര്‍ന്നുനില്‍ക്കുന്ന പണപ്പെരുപ്പത്തില്‍ ഗ്രാമീണ മേഖലകളിലും ജീവിതചെലവ് വര്‍ധിക്കുന്നുവെന്ന വസ്തുതയാണിത് വെളിപ്പെടുത്തുന്നത്. 2004-05 ൽ ഗ്രാമീണ മേഖലയിൽ 579 രൂപയും നഗരത്തിൽ 1,105 രൂപയും ആയിരുന്നു ചെലവ്. ഇത് 18 വർഷത്തിനിടയിൽ ഗ്രാമങ്ങളിൽ 552 ശതമാനം ഉയര്‍ന്നു. നഗരങ്ങളിൽ 484 ശതമാനം വളർച്ചയും കണക്കാക്കുന്നു. ദേശീയതലത്തില്‍ ശരാശരി പ്രതിമാസ ഭക്ഷണച്ചെലവ് ഗ്രാമീണ മേഖലയില്‍ 1,750 രൂപയും നഗരമേഖലയില്‍ 2,530 രൂപയും ആണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഭക്ഷ്യേതര ചെലവുകൾ ഗ്രാമീണ മേഖലയില്‍ 2,023 രൂപയും നഗരമേഖലയില്‍ 3,929 രൂപയുമാണ്.

ഉപഭോക്‌തൃ സേവനങ്ങൾ, വസ്തുക്കളുടെ മേന്മ, ലഭിക്കാനുള്ള സൗകര്യം എന്നിവ വർധിച്ചതോടെ ഭക്ഷ്യേതര വസ്തുക്കൾക്ക് വേണ്ടിയുള്ള ചെലവുകൾ ഗ്രാമീണ‑നഗര വ്യത്യാസമില്ലാതെ ഉയര്‍ന്നിട്ടുണ്ട് ഓരോ അഞ്ച് വർഷത്തിലും ഗാർഹിക ഉപഭോഗ ചെലവ് സർവേ നടത്തുന്നുണ്ട്. ജിഡിപി, ചില്ലറ പണപ്പെരുപ്പം, ദാരിദ്ര്യ നിലവാരം തുടങ്ങിയ നിർണായക സാമ്പത്തിക സൂചകങ്ങൾ വിലയിരുത്തുന്നതിൽ ഈ ഡാറ്റ ഏറെ പ്രധാനമാണ്. എന്നാൽ 2017–18 വര്‍ഷം നടത്തിയ സര്‍വേയുടെ വിവരങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ മറച്ചുവയ്ക്കുകയായിരുന്നു. പിന്നീട് മാധ്യമങ്ങൾക്ക് ചോർന്നുകിട്ടിയ സർവേയിൽ ഉപഭോഗ ചെലവിൽ ഇടിവുണ്ടായതായി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ റിപ്പോര്‍ട്ടിന്റെ മാനദണ്ഡങ്ങളില്‍ ഏറെ പരിഷ്കാരങ്ങളും വരുത്തിയിരുന്നു.

Eng­lish Sum­ma­ry: Cen­tral Gov­ern­ment Sur­vey Report
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.