1 May 2024, Wednesday

Related news

March 27, 2024
March 21, 2024
March 21, 2024
March 21, 2024
March 18, 2024
March 14, 2024
March 13, 2024
March 13, 2024
March 8, 2024
March 7, 2024

കേന്ദ്ര സര്‍ക്കാരിന്റെ വാഹന പൊളിക്കല്‍ നയം; അശാസ്ത്രീയവും, അപ്രായോഗികവും

പുളിക്കല്‍ സനില്‍ രാഘവന്‍
August 16, 2021 10:50 am

കഴിഞ്ഞ ദിവസമാണ്​ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത്​ വാഹനങ്ങളുടെ പൊളിക്കൽ നയം അവതരിപ്പിച്ചത്​. നേരത്തേ തന്നെ കേന്ദ്ര ബജറ്റിൽ ഇതുസംബന്ധിച്ച പ്രഖ്യാപനം വന്നിരുന്നതിനാൽ ഒട്ടും യാദൃശ്​ചികം ആയിരുന്നില്ല പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച പെളിക്കല്‍ നയം മോട്ടാര്‍ തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വലിയ തരിച്ചടിയാണ്. പുതിയ നയം അനുസരിച്ച്​ ഏതൊക്കെ വാഹനങ്ങളാണ്​ പൊളിച്ച്​ നീക്കേണ്ടത്​? പൊളിച്ച വാഹനങ്ങൾക്ക്​ പകരം പുതിയവ വാങ്ങാൻ പണം ലഭിക്കുമോ? തുടങ്ങിയ സംശയങ്ങളും ഏറെയാണ്.പഴയ വാഹനം പൊളിച്ചുവിൽക്കാന്‍ തയ്യാറാകുന്നവര്‍ക്ക് പുതിയ വാഹനം രജിസ്റ്റർ ചെയ്യാൻ പണം നൽകേണ്ട. റോഡ്‌ നികുതിയിലും ഇളവ്‌ ലഭിക്കും. 15 വർഷമായ വാണിജ്യവാഹനങ്ങളും 20 വർഷമായ സ്വകാര്യവാഹനങ്ങളും ഒഴിവാക്കാൻ ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതി പ്രകാരമാണ് ഇത്. ഗുജറാത്ത് നിക്ഷേപക സംഗമം വീഡിയോ കോൺഫറൻസിലൂടെ ഉദ്‌ഘാടനം ചെയ്യവെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് പദ്ധതിയുടെ വിശദാംശം അറിയിച്ചത്.പഴയത്‌ പൊളിക്കാൻ നൽകി പുതിയ വാഹനം വാങ്ങുന്നവർക്ക്‌ വിലയിൽ അഞ്ച്‌ ശതമാനം കിഴിവ്‌ നൽകാൻ ‌ വാഹന കമ്പനികൾക്ക്‌ നിർദേശം നൽകിയതായി കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി അറിയിച്ചിരുന്നു. 

പൊളിക്കാൻ നൽകുന്ന വാഹനത്തിന്‌ കമ്പനിവിലയുടെ നാലുമുതൽ ആറു ശതമാനംവരെ ആക്രിവില ലഭിക്കും.വാഹനം പൊളിച്ചുവിൽക്കാൻ അടിസ്ഥാനസൗകര്യം സ്ഥാപിക്കുന്ന പദ്ധതിക്ക്‌ പ്രധാനമന്ത്രി തുടക്കമിട്ടു. ഈ മേഖലയില്‍ 10,000 കോടി രൂപയുടെ നിക്ഷേപം വരുമെന്ന് മോഡി അവകാശപ്പെട്ടു. 20 വർഷം പഴക്കമുള്ള 51 ലക്ഷം ലൈറ്റ്‌ മോട്ടോർ വാഹനം രാജ്യത്ത്‌ ഓടുന്നുണ്ടെന്നാണ്‌ കണക്ക്‌. 15 വർഷം പിന്നിട്ട 17 ലക്ഷം മീഡിയം, ഹെവി വാഹനവും ഓടുന്നു തുടങ്ങിയ കാര്യങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത് . എന്നാലെ ഇതിനു പിന്നലെ യാഥാര്‍ത്ഥ്യം ഏറെയാണ്.മാസങ്ങൾക്ക്​ മുമ്പ്​ കേന്ദ്ര ഹൈവേ റോഡ്​വികസന മന്ത്രി നിതിൻ ഗഡ്​കരി രാജ്യത്തിന്‍റെ സ്​ക്രാപ്പേജ്​​ പോളിസി പാർലമെന്‍റിൽ അവതരിപ്പിച്ചിരുന്നു. സ്ക്രാപ്പേജ് നയത്തെ വലിയ വിജയമെന്നാണ്​ കേന്ദ്ര ഭരണകൂടം വിശേഷിപ്പിക്കുന്നത്​​. പഴയ വാഹനങ്ങൾ പുതിയ വാഹനങ്ങളേക്കാൾ 10 മുതൽ 12 മടങ്ങ് വരെ മലിനീകരണം സൃഷ്​ടിക്കുന്നതായും പുതിയ നയം വരുന്നതോടെ ഇത്​ പരിഹരിക്കാനാവുമെന്നും കേന്ദ്രം പറയുന്നു.പുതിയനയം വാഹനനിർമാണ മേഖലയിലെ വളർച്ച വർധിപ്പിക്കുമെന്നും പറയുന്നു.ഇന്ത്യൻ റോഡുകളിൽ 20 വർഷത്തിൽ കൂടുതൽ പഴക്കമുള്ള 51 ലക്ഷത്തോളം വാഹനങ്ങളുണ്ടെന്നാണ്​ കണക്ക്​. 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള 17 ലക്ഷത്തോളം വാഹനങ്ങളും 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ളതും എന്നാൽ വാഹന ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്തതുമായ 34 ലക്ഷം വാഹനങ്ങളും ഉണ്ട്. ഈ വാഹനങ്ങൾ ഉപേക്ഷിക്കാൻ പ്രേരിപ്പിക്കുക നയത്തിന്‍റെ പ്രധാന ലക്ഷ്യമാണ്​. പഴയ വാഹനങ്ങൾ മലിനീകരണം സൃഷ്​ടിക്കാനുള്ള സാധ്യത പുതിയ വാഹനങ്ങളേക്കാൾ 10 മുതൽ 12 മടങ്ങ് വരെ കൂടുതലാണ്. 

മാത്രമല്ല ഇവ റോഡ് സുരക്ഷയ്ക്ക് ഭീഷണിയുമാണ്. ഇത്തരം വാഹനങ്ങളെ ഒഴിവാക്കാൻ പ്രേരിപ്പിക്കുകയാണ്​ പുതിയ നയത്തി​െൻറ ലക്ഷ്യം. പോളിസി നടപ്പാവുന്നതോടെ പുതിയ വാഹനങ്ങളുടെ ഡിമാൻഡ് വർധിക്കുമെന്നാണ്​ പ്രതീക്ഷ. ഇതോടെ വാഹന വ്യവസായത്തിൽ ഉണർവ്വുണ്ടാകും. പൊളിക്കുന്ന വാഹനങ്ങളിൽ നിന്നുള്ള ഘടകങ്ങൾ പുനരുപയോഗം ചെയ്യാൻ കഴിയുന്നതിനാൽ സ്ക്രാപ്പേജ് പോളിസി വാഹനഘടകങ്ങളുടെ വില കുറയ്ക്കാൻ സാധ്യതയുണ്ട്. അടുത്തവർഷം മുതൽ ഈ നയം പ്രാബല്യത്തിൽ വരും. ആദ്യം കേന്ദ്ര‑സംസ്ഥാന സർക്കാർ ഉടമസ്​ഥതയിലുള്ള വാഹനങ്ങൾക്കാണ്​​ പുതിയ നയം നടപ്പിലാക്കുക. 2023 മുതൽ ഹെവി വാഹനങ്ങൾക്ക്​ നയം ബാധകമാക്കും. 2024 ജൂൺ മുതലാവും സ്വകാര്യ വാഹനങ്ങൾക്ക്​ നയം ബാധകമാവുക.പഴയതും കൂടുതൽ മലിനീകരണം ഉണ്ടാക്കുന്നതുമായ വാഹനങ്ങൾക്ക്​ അധിക നികുതി ഏർപ്പെടുത്താനാണ്​ നീക്കം നടക്കുന്നത്​. വ്യക്തിഗത വാഹനങ്ങൾക്ക് 15 വർഷത്തിനുശേഷം രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് പുതുക്കുമ്പോൾ റോഡ് ടാക്സിന്‍റെ 10–25 ശതമാനംവരെ ഈടാക്കും. വാഹനങ്ങൾ ഓട്ടോമേറ്റഡ് ഫിറ്റ്നസ് പരിശോധനയ്ക്കും വിധേയമാക്കും. ഫിറ്റ്​നസിൽ പരാജയപ്പെടുന്ന വാഹനങ്ങളുടെ രജിസ്ട്രേഷൻ പുതുക്കുകയുമില്ല.പഴ​യ വാഹനങ്ങൾ വൻതോതിൽ നശിപ്പിക്കുന്നതോടെ ധാരാളം രണ്ടാംതരം ലോഹങ്ങൾ വിപണിയിൽ എത്താൻ സാധ്യതയുണ്ട്. ഇത്​ വാഹനവില കുറക്കുമെന്നാണ്​ പ്രതീക്ഷ. ബജറ്റിൽ ഉരുക്ക് വില കുറച്ചതും വിലക്കയറ്റം ഒഴിവാക്കാൻ സഹായിക്കും. പലതരം സ്റ്റീലുകളുടെ ഇറക്കുമതി തീരുവ 12.5 ശതമാനത്തിൽ നിന്ന് 7.5 ശതമാനമായി കുറയ്ക്കുന്നത് വാഹന നിർമാതാക്കൾക്ക്​ ആശ്വാസകരമാണ്​.

2021 തുടക്കത്തിൽ മിക്ക വാഹന നിർമാതാക്കളും വില വർധിപ്പിച്ചിട്ടുണ്ട്​. നിർമാണ ചെലവ് വർധിക്കുന്നതിനാൽ ഇനിയും വില വർധിപ്പിക്കണമെന്ന തീരുമാനത്തിലുമാണ്​ മിക്ക കമ്പനികളും. സ്റ്റീൽ വില എക്കാലത്തെയും ഉയർന്ന നിലയിലാണിപ്പോൾ. 2020നെ അപേക്ഷിച്ച്​ 60 ശതമാനംവരെയാണ്​ സ്റ്റീൽ വില കുതിച്ചുകയറിയത്​.ലോകത്ത്​ സ്​ക്രാപ്പേജ്​ പോളിസി നടപ്പാക്കിയ രാജ്യങ്ങളിൽ അധികവും ലക്ഷ്യമിട്ടത്​ വാഹനവ്യവസായത്തിന്‍റെ ഉയർച്ച ആയിരുന്നില്ല എന്നതാണ്​ വാസ്​തവം. അവരെ സംബന്ധിച്ച്​ ഉയർന്നുവരുന്ന മലിനീകരണമായിരുന്നു വലിയ പ്രശ്​നം. പഴയ വാഹനങ്ങൾ എങ്ങിനെയെങ്കിലും നിരത്തുകളിൽ നിന്ന്​ പുറത്താക്കുക എന്നതാണ്​ ഈ രാജ്യങ്ങൾ ലക്ഷ്യമിട്ടിരുന്നത്​. ചൈന പോലുള്ള ചില രാജ്യങ്ങൾ ഒഴിച്ചാൽ സ്​ക്രാപ്പേജ്​ പോളിസി നടപ്പാക്കിയതിൽ അധികവും വികസിത രാജ്യങ്ങളാണെന്നതും ശ്രദ്ധിക്കേണ്ടതാണ്​. തങ്ങളുടെ ഒരു മാസത്തെ ​േവതനം മതി അവർക്ക്​ ഒരു വാഹനം സ്വന്തമാക്കാൻ. പൗരന്മാരിൽ കുന്നുകൂടുന്ന പണം വിപണിയിലെത്തിക്കാനുള്ള തന്ത്രവുംകൂടിയായിരുന്നു അവർക്കെല്ലാം കണ്ടംചെയ്യൽ നയം. എന്നാൽ, ഇന്ത്യക്കാരെ സംബന്ധിച്ച്​ കാര്യങ്ങൾ അങ്ങനെയല്ല. ഇന്ത്യക്കാരുടെ ജീവിതാഭിലാഷങ്ങളിൽ ഒന്നാണ്​ വാഹനം സ്വന്തമാക്കുക എന്നത്​. അതിനായി വർഷങ്ങൾ കാത്തിരിക്കുകയും ലോണുകൾ എടുക്കുകയും ചെയ്​തിട്ടാണ്​ ആ സ്വപ്​നം സാക്ഷാത്​കരിക്കുന്നത്​. ഈ സാഹചര്യത്തിലേക്ക്​ പുതിയൊരു ‘പൊളിക്കൽ’ നയം എത്തുന്നത്​ എത്രമാത്രം ഗുണംചെയ്യുമെന്ന്​ കണ്ടറിയണം. സെക്കൻഡ്​ ഹാൻഡ്​ വിപണിയുടെ തകർച്ച ഇതിനകംതന്നെ വിദഗ്​ധർ പ്രവചിച്ചുകഴിഞ്ഞിട്ടുണ്ട്​. പുതിയ വാഹനം വാങ്ങാൻ കഴിയാത്ത മനുഷ്യരുടെ അവസാന പ്രതീക്ഷയും തല്ലിക്കെടുത്തുന്നതാവും കണ്ടംചെയ്യൽ നയം. വൻതോതിൽ വാഹനങ്ങൾ നിർമിച്ചതുകൊണ്ടുമാത്രം പ്രശ്​നങ്ങൾ പരിഹരിക്കപ്പെടുകയില്ല. നിർമിക്കുന്ന വാഹനം വാങ്ങാൻ പൗരന്മാരുടെ കൈയ്യിൽ പണം വേണമെന്നതും പ്രധാനമാണ്. 

വിനാശകരമാകുമോ പുതിയ സ്​ക്രാപ്പേജ്​ പോളിസി എന്നത്​ കാത്തിരുന്ന്​ കാണേണ്ടതാണ്​. രാജ്യത്തെ എല്ലാ പ്രശ്​നങ്ങളും പരിഹരിക്കേണ്ടത്​ പൗരന്‍റെ ചുമതലയാണ്​ എന്ന നയമാണ്​ സർക്കാർ നടപ്പാക്കുന്നതെന്ന്​ വിമർശകർ പറയുന്നു. വരുമാനം കുറഞ്ഞാൽ നികുതി കൂട്ടാമെന്നും അങ്ങിനെ പ്രശ്​നം പരിഹരിക്കാമെന്നതുമാണ്​ ലളിതയുക്​തി. നോട്ടുനിരോധനം പോലെ വാഹന നിരോധനവും എന്നതാണ്​ നയത്തിന്‍റെ ആകെ തുകയെന്നും ആരോപണമുണ്ട്​. നികുതിക്കുമേൽ നികുതികളുമായി ഭാരം ചുമക്കുന്ന മനുഷ്യരായി പൗരന്മാർ മാറുകയാണെന്ന്​ ഇക്കൂട്ടർ ആരോപിക്കുന്നു. രാജ്യത്ത്​ ഗ്രീൻ ടാക്​സ്​ ഏർപ്പെടുത്താനുള്ള നീക്കം. പഴയ വാഹനങ്ങൾക്കാവും അധികമായി ഹരിത നികുതി​ നൽകേണ്ടിവരിക. പുതിയ നിർദ്ദേശത്തിന് കേന്ദ്ര റോഡ് ഗതാഗത, ദേശീയപാതാ വകുപ്പ്​ മന്ത്രി നിതിൻ ഗഡ്കരി അംഗീകാരം നൽകിയിട്ടുണ്ട്​. പഴയ വാഹനങ്ങൾ ഉപയോഗിക്കാതിരിക്കാൻ ആളുകളെ പ്രേരിപ്പിക്കുകയാണ്​ നികുതി ഏർപ്പെടുത്തുന്നതിന്‍റെ ലക്ഷ്യമെന്ന്​ കേന്ദ്രം പറയുന്നു. ഫിറ്റ്നസ് പുതുക്കുന്ന സമയത്ത് എട്ട് വർഷത്തിൽ കൂടുതൽ പഴക്കമുള്ള വാഹനങ്ങൾക്ക് ഹരിതനികുതി ഈടാക്കാമെന്നാണ്​ പുതിയ നിർദ്ദേശം പറയുന്നത്​. റോഡ് നികുതിയുടെ 10 ശതമാനത്തിനും 25 ശതമാനത്തിനും ഇടയിലായിരിക്കും തുക. വ്യക്തിഗത വാഹനങ്ങളുടെ കാര്യത്തിൽ 15 വർഷത്തിന് ശേഷം രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് പുതുക്കുമ്പോൾ ഹരിത നികുതി ചുമത്താം. 

മലിനീകരണം കൂടുതലുള്ള നഗരങ്ങളിൽ വാഹനം വീണ്ടും രജിസ്റ്റർ ചെയ്യുമ്പോൾ ഹരിതനികുതിയുടെ ശതമാനം റോഡ് നികുതിയുടെ 50 ശതമാനം വരെ ഉയരുമെന്നാണ്​ പറയുന്നത്​.എന്നാല്‍കേന്ദ്ര നയം കേരളത്തെ ശരിക്കും ബാധിക്കും. സംസ്ഥാനത്ത് സംസ്ഥാനത്ത്‌ മാത്രം 22,18,454 വാഹനം പൊളിക്കേണ്ടി വരും. 15 വർഷം പിന്നിട്ട 72,34,26 വാണിജ്യ വാഹനവും 20 വർഷം പിന്നിട്ട 14, 95,028 സ്വകാര്യ വാഹനവുമാണുള്ളത്‌. പുതിയ നയത്തിൽ വാണിജ്യവാഹനങ്ങൾക്ക്‌ പരമാവധി 15 വർഷവും സ്വകാര്യ വാഹനങ്ങൾക്ക്‌ 20 വർഷവുമാണ്‌ കാലാവധി. കാലാവധി കഴിഞ്ഞ വാഹനങ്ങൾ റീ–-ടെസ്റ്റ്‌ നടത്തി യോഗ്യത നേടിയാൽ റോഡിലിറക്കാമെന്ന്‌ കരടുനയത്തിലുണ്ടെങ്കിലും അത്‌ പ്രയാസമാകും. കുടുംബം പുലര്‍ത്താന്‍ ടാക്സി ഓടിക്കുന്നവരാണ് ഏറ്റവും വലയുന്നത്. കോവിഡിൽ ഓട്ടമില്ലാതെ നട്ടം തിരിയുന്ന ഘട്ടത്തിൽ, വായ്പയെടുത്ത്‌ വാഹനം വാങ്ങിയവർക്ക്‌ ഭീമമായ തുക മുടക്കി പുതിയ വാഹനം വാങ്ങുക എളുപ്പമല്ല. മലിനീകരണം കുറയ്ക്കുകയാണ്‌ ലക്ഷ്യമെങ്കിൽ വാഹനങ്ങളെ ഹരിത ഇന്ധനത്തിലേക്ക്‌ മാറ്റുന്നത്‌ പ്രോത്സാഹിപ്പിക്കുകയാണ്‌ വേണ്ടത്. കേന്ദ്ര സർക്കാരിന്റെ വാഹന നയം അശാസ്‌ത്രീയവും അപ്രായോഗികവുമാണെന്ന്‌ ഗതാഗത മന്ത്രി ആന്റണി രാജു കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.15 വർഷം പിന്നിട്ട 7,23,426 ട്രാൻസ്‌പോർട്ട്‌ വാഹനവും 20 വർഷം പിന്നിട്ട 14, 95,028 സ്വകാര്യ വാഹനവുമുണ്ട്‌ .കേരളത്തില്‍ പൊളിക്കേണ്ടത് 22ലക്ഷം വാാഹനമാണ് കേരളത്തിലെ സാധാരണക്കാരന് തിരിച്ചടിയായ നയം പിന്‍വലിക്കേണ്ടതാണെന്ന ആവശ്യം ഉയരുന്നു.

Eng­lish Sum­ma­ry : Cen­tral gov­ern­ment vehi­cle scrap­page policy

You may also like this video :

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.