23 December 2024, Monday
KSFE Galaxy Chits Banner 2

യുവജനങ്ങളെ വഞ്ചിക്കുന്ന കേന്ദ്ര തൊഴില്‍മേള

Janayugom Webdesk
September 27, 2023 5:00 am

കേന്ദ്ര സര്‍ക്കാര്‍ സര്‍വീസിലേക്ക് പുതുതായി നിയമിതരായ 51,000ത്തോളം പേര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോഡി നിയമന ഉത്തരവ് വിതരണം ചെയ്യുന്നത് കോര്‍പറേറ്റ് മാധ്യമങ്ങളിലെ വലിയവാര്‍ത്തയാണ്. രാജ്യത്തുടനീളം 46 സ്ഥലങ്ങളിലായാണ് തൊഴില്‍ മേളയെന്ന നാടകം ഇന്നലെ അരങ്ങേറിയത്. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് ഉയര്‍ന്ന മുന്‍ഗണന നല്‍കുകയെന്ന പ്രധാനമന്ത്രിയുടെ പ്രതിബദ്ധത നിറവേറ്റുന്നതിലേക്കുള്ള ചുവടുവയ്പാണ് മേളയെന്നാണ് അദ്ദേഹത്തിന്റെ ഓഫിസ് അവകാശവാദമുന്നയിച്ചത്. കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും യുവാക്കളുടെ ശാക്തീകരണത്തിനും ദേശീയ വികസനത്തിലെ പങ്കാളിത്തത്തിനും അര്‍ത്ഥവത്തായ അവസരങ്ങള്‍ പ്രദാനം ചെയ്യുന്നതിനും ചാലകശക്തിയാകുമെന്ന വീരവാദവും പിഎംഒ ഓഫിസിനുണ്ട്. ഈ വര്‍ഷം അവസാനിക്കുമ്പോഴേ‌ക്ക് 10 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന മോഡിയുടെ പ്രഖ്യാപനത്തോടെയാണ് ‘റോസ്ഗാര്‍ യോജന’യ്ക്ക് മാസങ്ങള്‍ക്ക് മുമ്പ് തുടക്കമിട്ടത്. രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമാകുമ്പോൾ നിയമന പ്രഹസനം നടത്തി യുവാക്കളെ കേന്ദ്ര സർക്കാർ വീണ്ടുംവീണ്ടും വഞ്ചിക്കുകയാണ്. പ്രതിവര്‍ഷം രണ്ടു കോടി തൊഴിൽ നൽകുമെന്ന വാഗ്ദാനം നൽകിയാണ് 2014 ൽ മോഡി അധികാരത്തിലെത്തിയത്. 2019ലും കൂടുതൽ തൊഴിലവസരമെന്ന പ്രഖ്യാപനം ആവർത്തിച്ചു. ഭരണത്തിലേറി 10 വർഷമാകുമ്പോഴും പുതിയ തൊഴിലവസരങ്ങളുണ്ടായില്ലെന്ന് മാത്രമല്ല, ഉണ്ടായിരുന്ന തൊഴിൽകൂടി നഷ്ടപ്പെടുത്തുകയായിരുന്നു സര്‍ക്കാര്‍. കേന്ദ്ര സര്‍ക്കാരിന് കീഴില്‍ നിലവിലുള്ള 10 ലക്ഷത്തോളം ഒഴിവുകൾ നികത്താതെ കിടക്കുന്നു. ഈ തസ്തികകളിലേക്കുള്‍പ്പെടെയുള്ള സ്റ്റാഫ്‌ സെലക്ഷൻ കമ്മിഷന്‍, യുപിഎസ്‌സി, റെയിൽവേ നിയമനബോർഡ് എന്നിവയുടെ നിയമന ഉത്തരവ്‌ ഒരുമിച്ചു നൽകുക മാത്രമാണ്‌ റോസ്‌ഗാർ യോജന. പോസ്റ്റോഫിസ്‌ വഴി നല്‍കേണ്ട ഉത്തരവുകൾ ആഡംബരമേളയാക്കി പ്രധാനമന്ത്രിയുടെ ഔദാര്യമാണെന്ന് ആഘോഷിക്കുകയാണ്‌.


ഇതുകൂടി വായിക്കൂ: കൂട്ടപിരിച്ചുവിടല്‍ തുടരുന്നു; തൊഴില്‍ മേഖല നിശ്ചലം


കഴിഞ്ഞ ഒരാഴ്ചക്കിടെ പുറത്തുവന്ന രണ്ട് റിപ്പോര്‍ട്ടുകള്‍ മോഡി ഭരണത്തിലെ തൊഴില്‍നഷ്ടങ്ങളുടെ നേര്‍ച്ചിത്രം വരച്ചിടുന്നു. രാജ്യത്തെ 25 വയസിനു താഴെയുള്ള 42.3 ശതമാനം ബിരുദധാരികളും തൊഴിൽരഹിതരാണെന്ന റിപ്പോര്‍ട്ട് പുറത്തുവന്നത് കഴിഞ്ഞയാഴ്ചയാണ്. അസിം പ്രേംജി സർവകലാശാലയുടെ സെന്റർ ഫോർ സസ്റ്റൈനബിൾ എംപ്ലോയ്‌മെന്റ് പുറത്തിറക്കിയ ‘സ്റ്റേറ്റ് ഓഫ് വർക്കിങ്‌ ഇന്ത്യ 2023’ റിപ്പോർട്ടിലാണ്‌ ഈ കണ്ടെത്തൽ. ഇതേ പ്രായപരിധിയിലുള്ള ഹയർ സെക്കൻഡറി വിദ്യാഭ്യാസമുള്ള 21.4 ശതമാനത്തിനും തൊഴിലില്ല. 2017–18ലെ 8.7 ശതമാനത്തിൽനിന്ന് 2021–22ൽ തൊഴിലില്ലായ്മാ നിരക്ക് 6.6 ശതമാനമായി കുറഞ്ഞെന്ന്‌ കേന്ദ്രസർക്കാരിന്റെ അവകാശവാദം പൊളിക്കുന്നതാണ് റിപ്പോര്‍ട്ടിലെ കണക്കുകള്‍. തൊഴിൽസൃഷ്‌ടിക്കൽ രാജ്യത്ത്‌ പ്രധാന വെല്ലുവിളിയായി തുടരുകയാണെന്നും റിപ്പോർട്ട്‌ അടിവരയിടുന്നു. കഴിഞ്ഞ സാമ്പത്തികവർഷം രാജ്യത്ത്‌ മുൻനിര മേഖലകളിലെ തൊഴില്‍ മുൻവർഷത്തെ അപേക്ഷിച്ച്‌ കുത്തനെ കുറഞ്ഞുവെന്ന് ബെറ്റർപ്ലേസ്‌ എന്ന തൊഴിൽശേഷി മാനേജ്‌മെന്റ്‌ സ്ഥാപനം തയ്യാറാക്കിയ റിപ്പോർട്ട് പുറത്തുവന്നത് കഴിഞ്ഞദിവസമാണ്. സേവനമേഖലകളിൽ 80 ലക്ഷം തൊഴിലാണ്‌ 2021–22ൽ സൃഷ്ടിക്കപ്പെട്ടതെങ്കിൽ 2022–23ൽ ഇത്‌ 66 ലക്ഷമായി ഇടിഞ്ഞു. ഇത്തരം തൊഴിലാളികളുടെ ശരാശരി പ്രതിമാസവേതനം 4.5 ശതമാനം ഇടിഞ്ഞെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.


ഇതുകൂടി വായിക്കൂ: തൊഴില്‍ രഹിതരുടെ ഇന്ത്യ


2019ൽ നരേന്ദ്ര മോഡി വീണ്ടും അധികാരമേറ്റതോടെയാണ് തൊഴിലില്ലായ്മയുടെ വേഗത കൂടിയത്. തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലെ വിമുഖതയും വിലക്കയറ്റവും പണപ്പെരുപ്പവും കൂടിച്ചേർന്ന് ജനങ്ങളെ അഭൂതപൂർവമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരിക്കുകയാണ്. 2004നും 2019നും ഇടയിൽ രാജ്യത്തെ തൊഴിൽവളർച്ച ക്രമാനുഗതമായിരുന്നുവെന്നും സ്ഥിരവേതനമോ മാസശമ്പളമോ കിട്ടുന്ന പുരുഷതൊഴിലാളികള്‍ 18 ശതമാനത്തിൽ നിന്ന് 25 ശതമാനമായും സ്ത്രീകൾ 10ല്‍ നിന്ന് 25 ശതമാനമായും വർധിച്ചുവെന്നുമാണ് കണക്ക്. എന്നാല്‍ 2019 മുതൽ രണ്ടുവിഭാഗവും 20 ശതമാനമായി കുറഞ്ഞു. അതിനിടയില്‍ രാജ്യത്ത്‌ ഒഴിഞ്ഞുകിടക്കുന്ന 10 ലക്ഷത്തോളം തസ്‌തികകൾ സ്ഥിരമായി ഇല്ലാതാക്കാനാണ് മോഡി സർക്കാർ തീരുമാനിച്ചത്‌. വര്‍ഷങ്ങളോളം ഒഴിഞ്ഞുകിടക്കുന്ന തസ്‌തികകള്‍ റദ്ദാക്കുക എന്നത് വാജ്പേയ് സര്‍ക്കാരാണ് ആദ്യം നടപ്പാക്കിയത്. 9,64,354 തസ്‌തികകളില്‍ ഒഴിവുണ്ടെന്നും അതിൽ രണ്ടോ മൂന്നോ വർഷം പഴക്കമുള്ളവ ഉപേക്ഷിക്കുമെന്നും രാജ്യസഭയിൽ നിലവിലെ സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. അങ്ങനെ തൊഴില്‍രഹിതരായ യുവജനതയെ വഞ്ചിച്ച ഭരണകൂടമാണ് തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് തൊഴില്‍മേളയെന്ന നാടകം കളിക്കുന്നത്. ഉദ്ബുദ്ധരായ യുവജനത ഈ ഉമ്മാക്കിയില്‍ വീഴില്ലെന്ന് രാജ്യത്ത് ഉയര്‍ന്നുവരുന്ന ഭരണവിരുദ്ധ പ്രക്ഷോഭങ്ങള്‍ തെളിവാകുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.