20 September 2024, Friday
KSFE Galaxy Chits Banner 2

Related news

August 8, 2024
July 25, 2024
June 26, 2024
June 1, 2024
May 10, 2024
January 19, 2024
September 18, 2023
August 31, 2023
August 21, 2023
July 27, 2023

ബിഎസ്‌എൻഎല്ലിന്റെ ഓഫീസ്‌ സംവിധാനംകൂടി ഇല്ലാതാക്കി പൂര്‍ണമായി സ്വകാര്യവൽക്കരിക്കാൻ കേന്ദ്ര നീക്കം

Janayugom Webdesk
കൊച്ചി
January 19, 2024 3:10 pm

ബിഎസ്എൻഎല്ലിന്റെ നിലവിലുള്ള ഓഫിസ് സംവിധാനം പൂർണമായും ഇല്ലാതാക്കി സ്വകാര്യവല്‍ക്കരിക്കാൻ കേന്ദ്ര സർക്കാർ നീക്കം തുടങ്ങി. പുതിയ ഒപ്റ്റിക്കൽ കേബിൾ ശൃംഖല സ്ഥാപിക്കാൻ ഫ്രാഞ്ചൈസികളെ ഏൽപ്പിക്കുന്നതിലൂടെ ഓഫിസുകൾ അടച്ചുപൂട്ടുന്നതിനൊപ്പം പുതിയ നിയമനങ്ങളും ഇല്ലാതാക്കാൻ കഴിയുമെന്നാണ് കരുതുന്നത്. നിലവിൽ എറണാകുളത്തെ പ്രിൻസിപ്പൽ ജനറൽ മാനേജരുടെ ഓഫിസിലെ പല നിലകളും വാടകയ്ക്ക് കൊടുത്തു. നേരത്തെ ബിഎസ്എൻഎൽ നേരിട്ട് നടത്തിയ പ്രവൃത്തികളാണ് പൂർണമായും ഫ്രാഞ്ചൈസികൾക്ക് കൈമാറുന്നത്. വരുമാനത്തിന്റെ 50 ശതമാനമാണ് കരാറിലൂടെ ഫ്രാഞ്ചൈസികൾക്ക് ലഭിക്കുക. നേരത്തെ ജീവനക്കാരുടെ നേതൃത്വത്തില്‍ രൂപീകരിച്ച സൊസൈറ്റി മുൻകൈയെടുത്തു ഇതേ പ്രവൃത്തികൾ നടത്തിയിരുന്നു.

സ്വകാര്യവൽക്കരണത്തിലൂടെ കോടികളുടെ നഷ്ടമാണ് ബിഎസ്എൻഎല്ലിനുണ്ടാവുക. പഴയ ലാൻഡ് ലൈൻ കണക്ഷനുകൾ ഒപ്റ്റിക്കൽ കേബിൾ ശൃംഖലയിലേക്ക് മാറ്റുന്ന പ്രവൃത്തിക്കാണ് ടെൻഡർ ക്ഷണിച്ചത്. പഴയ ചെമ്പുകമ്പി മാറ്റി ഫൈബർ ടു ദ ഹോം (എഫ‌്ടിഎച്ച്) ഒപ്ടിക്കൽ ഫൈബർ കേബിളുകളാണ് സ്ഥാപിക്കുക. സംസ്ഥാനത്ത് 3,23,000 ലാൻഡ്‌ലൈൻ കണക്ഷനുകളാണ് നിലവിലുള്ളത്. ഇവ പൂർണമായും ഒപ്റ്റിക്കൽ ശൃംഖലയിലേക്ക് മാറും.
തുടക്കത്തിൽ ബിഎസ്എൻഎൽ ചിലയിടങ്ങളിൽ മാത്രമാണ് ഫ്രാഞ്ചൈസികളെ വച്ചത്. പുതിയ ടെൻഡറിൽ പ്രവൃത്തി പൂർണമായും ഇവര്‍ക്കാണ്. നിലവിൽ അഞ്ചര ലക്ഷം എഫ്‌ടിഎച്ച് കണക്ഷനാണുള്ളത്. പുതിയ മൂന്നര ലക്ഷം കണക്ഷനും.

ഒപ്റ്റിക്കലായാൽ ഫ്രാഞ്ചൈസികൾക്ക് ലക്ഷങ്ങളാണ് മാസവും ലഭിക്കുക. പ്രവൃത്തി നടത്താൻ മുതൽ മുടക്കാനില്ലെന്നാണ് ബിഎസ്എൻഎൽ നിലപാട്. കേബിൾ ശൃംഖല വലിക്കുക, ഒപ്റ്റിക്കൽ ലൈൻ ടെർമിനൽ സ്ഥാപിക്കുക, മോഡം നൽകുക എന്നിവയാണ് ഫ്രാഞ്ചൈസികൾ ചെയ്യേണ്ടത്. ലൈൻ സ്ഥാപിച്ചാൽ ഭാവി അറ്റകുറ്റപ്പണി മാത്രമാണ് ബാധ്യത. ഇതിനായി വരുമാനത്തിന്റെ പകുതി ഇവർക്ക് ലഭിച്ചുകൊണ്ടിരിക്കും. പ്രവൃത്തി നടത്താൻ ബിഎസ്എൻഎല്ലിൽ ജീവനക്കാരില്ലാത്തതും കരാർവല്‍ക്കരണത്തിലേക്ക് നയിച്ചു. 2000ൽ വിആർഎസ് നടപ്പാക്കുമ്പോൾ 1,60,000 ജീവനക്കാരുണ്ടായിരുന്നു. ഇത് 59,000 ആയി കുറഞ്ഞു. വിരമിക്കൽ ഒഴിവുകളിൽ നിയമനം നടക്കാത്തതിനാൽ വർഷംതോറും ആൾബലം കുറയുകയാണ്. ഫ്രാഞ്ചൈസികൾ പിടിമുറുക്കുന്നതോടെ ബിഎസ്എൻഎൽ ഓഫിസ് സംവിധാനം തന്നെ ഇല്ലാതാകും. ആകെയുള്ള 1,100 ഓഫിസുകളിൽ പലതും പൂട്ടി.

രണ്ടുവര്‍ഷത്തിനിടെ ഉപേക്ഷിച്ചത് 77 ലക്ഷം പേര്‍

ഉപഭോക്താക്കളുടെ കൊഴിഞ്ഞുപോക്കും 4ജി സേവനം വൈകുന്നതും ബിഎസ്എന്‍എല്ലിന്റെ മരണം ആസന്നമാക്കുന്നു. സ്വകാര്യ ടെലികോം കമ്പനികള്‍ 5ജി സേവനത്തിലേക്ക് കടന്നിട്ടും കേന്ദ്ര സര്‍ക്കാര്‍ തുടരുന്ന കടുത്ത അവഗണനയാണ് തകര്‍ച്ചയ്ക്ക് പ്രധാന കാരണം.
ടെലികോം റെഗുലേറ്ററി കണക്ക് അനുസരിച്ച് മാസംതോറും ലക്ഷക്കണക്കിന് ഉപഭോക്താക്കളാണ് ബിഎസ്എന്‍എല്ലിനെ കയ്യൊഴിയുന്നത്. 2023 ഓഗസ്റ്റില്‍ മാത്രം 22,20,654 ഉപഭോക്താക്കള്‍ സേവനം റദ്ദാക്കി. 2023 സെപ്റ്റംബറില്‍ സേവനം ഉപേക്ഷിച്ചവരുടെ എണ്ണം 23,26,751 ആയി ഉയര്‍ന്നു. 2022 മുതല്‍ 77 ലക്ഷം ഉപഭോക്താക്കളാണ് സേവനം ഉപേക്ഷിച്ചത്. അതേസമയം സ്വകാര്യ കമ്പനികളായ ജിയോ, എയര്‍ടെല്‍ എന്നിവ ഉപഭോക്താക്കളുടെ എണ്ണത്തില്‍ നേട്ടമുണ്ടാക്കി.  4ജി സേവനത്തിനായി സ്ഥാപിക്കേണ്ട ഉപകരണം വിതരണം ചെയ്യുന്നതില്‍ ടാറ്റ കണ്‍സള്‍ട്ടസി സര്‍വീസസ് വരുത്തുന്ന കാലതാമസമാണ് സേവനം ആരംഭിക്കാന്‍ വിഘാതം. ഉപകരണം വേഗമെത്തിക്കണമെന്നുള്ള യൂണിയനുകളുടെ നിരന്തര ആവശ്യം കേന്ദ്ര സര്‍ക്കാര്‍ മുഖവിലയ്ക്കെടുത്തിട്ടില്ല.
അതിവേഗ ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുന്നതിലും സ്ഥാപനം പ്രതിസന്ധി നേരിടുന്നുണ്ട്.

Eng­lish Sum­ma­ry: Cen­tral move to com­plete­ly pri­va­tize BSNL’s office sys­tem as well

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.