4 March 2024, Monday

ചെണ്ടയിൽ ഒരു ചെറിയ ‘വലിയ വിപ്ലവം’

നിഖിൽ എസ് ബാലകൃഷ്ണൻ 
January 21, 2024 1:51 pm

കലയുമായി ചേർന്നാണ് എന്നും വിപ്ലവങ്ങൾ നടന്നിട്ടുള്ളത്. അത്തരം വിപ്ലവങ്ങളാണ് സമൂഹത്തെ ഒന്നാകെ മാറ്റിയിട്ടുള്ളത്. ചെറുതും വലുതുമായ അനേകം മാറ്റങ്ങൾക്ക് കലാരൂപങ്ങളിലൂടെയുള്ള വിപ്ലവങ്ങൾ വഴി വച്ചിട്ടുണ്ട്. എറണാകുളം നഗരത്തിന്റെ തിരക്കിനോട് അലിഞ്ഞ് കഴിയുന്ന, ചരിത്രം പേറുന്ന പശ്ചിമ കൊച്ചിയിൽ നിന്ന് അത്തരമൊരു മാറ്റത്തിന്റെ കഥയുണ്ട്. അധികമാരും ശ്രദ്ധിക്കാതെ പോയ മാറ്റത്തിന്റെ തുടക്കമാണ് അത്. 

ദൈവിക സ്പർശമുള്ള അസുരവാദ്യമായ ചെണ്ടയിൽ ഗൗഡസാരസ്വത ബ്രാഹ്മണ സമൂഹത്തിൽ നിന്നുള്ള മൂന്ന് പെൺകുട്ടികൾ അരങ്ങേറ്റം കുറിച്ചത് വലിയ മാറ്റത്തിന്റെ സൂചനകളാണ് നൽകുന്നത്. ചെണ്ടക്കൊട്ടി കയറി ആ പെൺകുട്ടികൾ പൊളിച്ചെഴുതിയത് നൂറ്റാണ്ടുകൾ പഴക്കമുള്ള ചരിത്രമാണ്. അതും ചെണ്ടയിലെ താളക്രമത്തിൽ ഏറെ പ്രയാസമുള്ള പതികാലം കൊട്ടിയാണ് അരങ്ങേറിയതെന്നതും ഏറെ പ്രത്യേകതയാണ്. പ്രതിക ഡി പ്രഭു (9), സഹസ്ര ഡി പ്രഭു (12), അദ്വിത കൃഷ്ണ ഡി കെ (15) എന്നി പെൺകുട്ടികളാണ് പതികാലത്തിൽ പുതിയ ചരിത്രം രചിച്ചത്. പതികാലം കൊട്ടി അരങ്ങേറ്റം കുറിക്കുക എന്നത് തന്നെ ഏറെ പ്രത്യേകതയുള്ളതാണ്. വലിയ വലിയ മേള പ്രമാണിമാർ ചുക്കാൻ പിടിക്കുന്ന വേദികളിലാണ് സാധാരണ പതികാലം കൊട്ടാറുള്ളത്. 96 അക്ഷരകാലത്തിൽ ചിട്ടപെടുത്തിയ പതികാലം ഒന്നാം കാലം കൊട്ടി പൂർത്തിയാക്കാൻ മാത്രം ഏകദേശം ഒന്നര മണിക്കൂറിൽ അധികം ആവശ്യമാണ്. പഠിച്ചെടുക്കാൻ ഏറെ പാടുപെടുമെന്ന് ചുരുക്കം. ആ ബുദ്ധിമുട്ടുകൾ ഒമ്പത് വയസുള്ള പ്രതിക ഉൾപ്പെടെയുള്ളവർ വെറും ആറ് മാസം കൊണ്ട് മറികടന്നാണ് ചരിത്രം രചിച്ചത്. 

ചെണ്ടയുടെ മേളക്രമങ്ങളെ കുറിച്ച് ബോധ്യമുളളവർക്ക് മൂന്ന് പെൺകുട്ടികൾ പതികാലം കൊട്ടി അരങ്ങേറി എന്നത് ഏറെ അത്ഭുതമാണ്. സാധാരണ ചെണ്ടയിൽ അരങ്ങേറ്റം കുറിയ്ക്കുന്നവർ 24 അക്ഷരത്തിൽ പൂർത്തിയാകുന്ന മൂന്നാംകാലം കൊട്ടി പൂർത്തിയാക്കിയാണ് ചെണ്ടയിൽ അരങ്ങേറ്റം കുറിക്കുന്നത്. അതുകൊണ്ട് തന്നെ ഈ പെൺകുട്ടികൾ അസുരവാദ്യത്തിൽ പുത്തൻ ചരിത്രമാണ് എഴുതി ചേർത്തതെന്ന് പറയാൻ സാധിക്കും. 

പതികാലം കൊട്ടി അരങ്ങേറ്റം കുറിക്കുന്നത് തന്നെ അപൂർവ്വങ്ങളിൽ അപൂർവമാണ്. അതും പെൺകുട്ടികളാകുമ്പോൾ തീരെ കേട്ടുകേൾവിയില്ലാത്ത കാര്യമാണെന്ന് പറയാം. ആചാരാനുഷ്ടാനങ്ങളുടെ ചട്ടകൂടിൽ നിന്ന് ജീവിക്കുന്ന സമൂഹമായ ഗൗഡസാരസ്വത ബ്രാഹ്മണർമാർ അത്രയൊന്നും സജീവമായി കൈവച്ചിട്ടില്ലാത്ത മേഖലയാണ് ചെണ്ട. ക്ഷേത്രങ്ങൾക്കുള്ളിൽ ഈ വാദ്യോപകരണം വായിക്കാൻ പ്രത്യേക സമുദായം തന്നെ ഉള്ളതുകൊണ്ട് തന്നെ ജിഎസ്ബിയിൽ നിന്ന് തന്നെ വളരെ അപൂർവമായിട്ടെ ചെണ്ടകൊട്ട് പഠിക്കാൻ ആളുകൾ ഇറങ്ങി തിരിക്കാറുള്ളു. സംഗീതം പോലുളള കലകളിൽ പ്രാവിണ്യം തെളിയിക്കാനാണ് ഈ സമൂഹത്തിൽ നിന്നുള്ളവർ ഇഷ്ടപ്പെടുന്നത്. അത്തരം അപൂർവത കൂടിയാണ് കൊച്ചി തിരുമല ദേവസ്വം സന്നിധിയിൽ ഈ കുട്ടികൾ കൊട്ടി കയറിയപ്പോൾ തിരുത്തിയത്. ഗോശ്രീ വാദ്യകലാലയവും അതിന്റെ വാദ്യമേള അമരക്കാരൻ തിരുനായത്തോട് സൈബിനുമാണ് ഇവരുടെ സ്വപ്നങ്ങൾക്ക് ചിറക് മുളപ്പിച്ച് നൽകിയത്. 

ആറ് മാസം കൊണ്ട് പതികാലം കൊട്ടി അരങ്ങേറാൻ ഇവരെ പ്രാപ്തരാക്കിയ ആശാൻ സൈബിന് ഈ കുട്ടികളെ കുറിച്ച് ഓർക്കുമ്പോൾ ഉള്ളിൽ അഭിമാനം. വെറും നേരം പോക്കിന് വേണ്ടി മാത്രമല്ല, ചെണ്ട എന്ന വാദ്യരൂപത്തെ മനസുകൊണ്ട് ആവാഹിച്ചത് കൊണ്ട് കൂടിയാണ് മാസങ്ങൾക്കുള്ളിൽ ഇവർക്ക് പതികാലം തന്നെ കൊട്ടി അരങ്ങേറാൻ സാധിച്ചതെന്ന് സൈബിൻ ആശാൻ സാക്ഷ്യപ്പെടുത്തുന്നു. വാദ്യകല പഠിക്കാൻ മനസുള്ളവർക്ക് ഏത് നിമിഷവും സൈബിനെ സമീപിക്കാം. അവരിൽ താളബോധവും കലാവാസനയും അലിഞ്ഞിട്ടുണ്ടെന്ന് ഒരു നോക്കിൽ തന്നെ മനസിലാക്കാം. അത്തരം കഴിവുള്ളവരിൽ കഠിനധ്വാനം കൂടി ചേർന്നാൽ എളുപ്പത്തിൽ തന്നെ ഇത് സായത്ത്വമാക്കാൻ സാധിക്കുമെന്നും സൈബിൻ പറയുന്നുണ്ട്. 

ദിലീപ് ജെ പ്രഭുവിന്റെയും പ്രിയ കെ ഷേണായിയുടെയും മകളാണ് ഒമ്പത് വയസുകാരി പ്രതിക. ദീപക് ജെ പ്രഭുവിന്റെയും പ്രിയങ്ക കമ്മത്തിന്റെയും മകളാണ് സഹസ്ര. വി എൻ കൃഷ്ണപ്രകാശിന്റെയും ശ്രീദേവി എം മല്യയുടെയും മകളാണ് പത്താം ക്ലാസുകാരിയായ അദ്വിത. മൂവരും മട്ടാഞ്ചേരി ടിഡി ഹൈസ്കൂളിലെ വിദ്വാർഥികളാണ്. ഇവരുടെ പാത പിന്തുടർന്ന് കൊണ്ട് ജിഎസ്ബി സമുദായത്തിൽ നിന്ന് ഇതിനോടകം തന്നെ നിരവധി പെൺകുട്ടികളാണ് ചെണ്ടമേളം അഭ്യസിക്കുന്നതിനായി മുന്നോട്ട് വന്നിട്ടുള്ളത്. ആദ്യം സൂചിപ്പിച്ചപോലെ ചില ചെറിയകാര്യങ്ങൾ മതി മാറ്റത്തിന്റെ വലിയ കാറ്റിന് തുടക്കമിടാൻ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.