19 July 2024, Friday
KSFE Galaxy Chits Banner 2

Related news

July 15, 2024
July 13, 2024
July 12, 2024
July 10, 2024
July 9, 2024
July 4, 2024
July 1, 2024
June 24, 2024
June 21, 2024
June 19, 2024

‘കരിമണല്‍ ഡയറിയിലെ ‘പിവി’ ഞാനല്ല’: പിണറായി

web desk
തിരുവനന്തപുരം
September 19, 2023 7:23 pm

കരിമണല്‍ ഡയറിയിലെ പട്ടികയില്‍ തന്റെ പേര് ഉണ്ടെന്ന് തോന്നുന്നില്ലെന്നും ‘പിവി’ എന്ന ചുരുക്കപ്പേര് തന്റേതല്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. നാട്ടില്‍ വേറെയും ‘പിവി‘മാര്‍ ഇല്ലേ. ബിജെപിയുടെ ഇടപെടലിനെ തുടര്‍ന്ന് ഉണ്ടായ പട്ടികയാണത്. ഇതിനുപിന്നില്‍ കൃത്യമായ ഉദ്ദേശ്യം ഉണ്ട്. ആരാണ് യഥാര്‍ത്ഥത്തില്‍ എന്നല്ല, ആ പട്ടികയിലൂടെ തന്നിലേക്ക് എത്തുക എന്നതുമാത്രമാണ് എല്ലാവരുടെയും ലക്ഷ്യം. അതിന് പിന്നില്‍ വ്യക്തമായ രാഷ്ട്രീയമാണ്. നിങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ രാഷ്ട്രീയം കൈകാര്യം ചെയ്യുന്നവരല്ലേ, എന്തുകൊണ്ട് അത് മനസിലാക്കാന്‍ ശ്രമിക്കുന്നില്ല. അതിലെല്ലാം നിങ്ങളുടെയും വിഷമം മനസിലാവുന്നുണ്ടെന്നും വാര്‍ത്താസമ്മേളനത്തില്‍ ചോദ്യങ്ങള്‍ക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു.

മാസപ്പടി വിവാദത്തിലും പ്രത്യേക ലക്ഷ്യങ്ങളുണ്ട്. കമ്പനികള്‍ പ്രൊഫഷണലായി ചെയ്യുന്ന ഇടപാടുകളെ കുറിച്ച് മാധ്യമങ്ങള്‍ക്ക് അറിവില്ലാതെ അല്ലല്ലോ. എല്ലാം മനസിലാക്കിയിട്ടും ഒരേ വാദഗതികള്‍ ആവര്‍ത്തിക്കുന്നത് അതിന്റെ ഭാഗമാണ്. ‘പിണറായി വിജയനെ’ പിന്തുടരുന്നതും ആ ലക്ഷ്യം വച്ചാണല്ലോ. തന്റെ കുടുംബാംഗങ്ങളെയും പിന്തുടരുന്നുണ്ട്. അത് തന്നെ തുടര്‍ന്നോളൂ. അതുകൊണ്ടൊന്നും തളരുന്ന ആളല്ല താനെന്ന കാര്യവും നിങ്ങള്‍ക്കറിയാമല്ലോ എന്നും മാധ്യമപ്രവര്‍ത്തകരോട് മുഖ്യമന്ത്രി ചോദിച്ചു.

മന്ത്രിസഭാ പുനസംഘടന എന്ന വിഷയം എല്‍ഡിഎഫിനകത്ത് ഇപ്പോള്‍ ഒരു ചര്‍ച്ചാവിഷയമേ അല്ല. ഏതെങ്കിലും ഒരു തീരുമാനം നേരത്തെ എടുത്തിട്ടുണ്ടെങ്കില്‍ അത് നടപ്പാക്കുവാന്‍ കെല്‍പ്പുള്ള മുന്നണിയാണ് എല്‍ഡിഎഫ്. തങ്ങളൊരു തീരുമാനമെടുത്താല്‍ അത് നടപ്പാക്കും. മറ്റെല്ലാം മാധ്യമങ്ങള്‍ സൃഷ്ടിക്കുന്നതാണ്. മാധ്യമങ്ങള്‍ തന്നെ ഓരോന്ന് പറയും ഓരോരുത്തരോട് ചോദ്യങ്ങള്‍ ചോദിക്കും. അതിന് മറുവാദമുണ്ടാക്കും. അത് ഇക്കാര്യത്തില്‍ മാത്രമല്ലല്ലോ എന്നും പിണറായി വിജയന്‍ തിരിച്ചുചോദിച്ചു.

സോളാര്‍ ഗൂഢാലോചന കേസില്‍ അടിയന്തര പ്രമേയം വന്നപ്പോള്‍ താന്‍ സഭയില്‍ പ്രതിപക്ഷത്തോട് ചോദിച്ച ചില ചോദ്യങ്ങളുണ്ട്. അത് എന്തിനുവേണ്ടി ആണെന്നായിരുന്നു പ്രധാനം. ഇപ്പോള്‍ അവര്‍ തന്നെ പിറകോട്ട് പോയത് മാധ്യമങ്ങളുടെയും ശ്രദ്ധയില്‍ ഇല്ലേ. ഇപ്പോള്‍ വന്നുകൊണ്ടിരിക്കുന്ന പ്രതികരണങ്ങളെല്ലാം അതിന്റെ തെളിവല്ലേ. ഇപ്പോള്‍ സോളാര്‍ വിഷയം വീണ്ടും ഉയര്‍ന്നുവരുമ്പോള്‍ ജീവിച്ചിരിക്കുന്ന തന്നെയാണോ മരിച്ചുപോയ ഉമ്മന്‍ ചാണ്ടിയെയാണോ അത് ബാധിക്കുക. മാധ്യമങ്ങളും അത് മനസിലാക്കേണ്ടതല്ലേ. ഉമ്മന്‍ ചാണ്ടിയെ ആണ് ബാധിക്കുന്നത് എന്നല്ലേ ഇപ്പോഴത്തെ പ്രതികരണങ്ങളെല്ലാം തെളിയിക്കുന്നത്. സ്ഥാനമാനങ്ങള്‍ക്കുവേണ്ടി കോണ്‍ഗ്രസ് നേതാക്കള്‍ നടത്തിയ ഗൂഢാലോചനയാണ് ഈ കേസ്. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവരാനുണ്ട്. യുഡിഎഫ് ഉന്നയിച്ചാല്‍ വിഷയത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രി കെ രാധാകൃഷ്ണന്റെ വെളിപ്പെടുത്തല്‍ ഗൗരവപ്പെട്ട ഒന്നാണ്. ദേവസ്വത്തിന്റെ മന്ത്രി എന്ന നിലയില്‍ ഒരു ക്ഷേത്രത്തിലെ പരിപാടിയില്‍ പങ്കെടുത്തപ്പോള്‍ മന്ത്രി കൊളുത്തേണ്ട നിലവിളക്ക് അവിടത്തെ പൂജാരി അയിത്തത്തിന്റെ ഭാഗമായി  നിലത്തുവച്ചുകൊടുത്തു എന്നതാണ്. മന്ത്രിയുമായി ഈ വിഷയം നേരിട്ട് സംസാരിക്കാന്‍ സാധിച്ചിട്ടില്ല. കേട്ടതില്‍ നിന്ന് പാടില്ലാത്ത പ്രവണതയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിയോട് സംസാരിച്ച് എന്താണെന്ന് മനസിലാക്കും.

എഐ ക്യാമറയുമായി ബന്ധപ്പെട്ട് മലയാള മനോരമയില്‍ ഇന്ന് ഒരു വാര്‍ത്ത വായിക്കാനിടയായി. ഈ ക്യാമറയുടെ ഫലമായി സംസ്ഥാനത്ത് അപകടങ്ങള്‍ കുറവായി എന്നാണ്. അത് എന്താണ് നമ്മളെ മനസിലാക്കി തരുന്നത്. ആരോപണങ്ങള്‍ എല്ലാകാലത്തും ഉള്ളതല്ലേ എന്നും മുഖ്യമന്ത്രി ചോദ്യത്തിന് മറുപടി നല്‍കി.

ബാങ്കുകളിലെ അഴിമതി ആരോപണമോ പരാതിയോ ഉണ്ടായാല്‍ അതില്‍ അന്വേഷണം നടത്തുന്നതില്‍ ഒരു തടസവുമില്ല. അന്വേഷണം നടത്തണം എന്നാണ് സര്‍ക്കാരിന്റെ നിലപാട്. എന്നാല്‍ തൃശൂരിലെ ബാങ്കിലെ വിഷയത്തില്‍ സിപിഐ(എം)നെ ലക്ഷ്യമിടുന്ന രീതിയില്‍ കാര്യങ്ങള്‍ പോകുന്നുണ്ട്. അതോടൊപ്പം സഹകരണ മേഖലയെയും അത് ബാധിക്കുന്നു. ബാങ്കില്‍ നടന്ന തെറ്റിനെ ഒരുനിലയ്ക്കും ന്യായീകരിക്കില്ല. ന്യായീകരിച്ചിട്ടുമില്ല. സഹകരണ മേഖലയെ തകര്‍ക്കാന്‍ ലക്ഷ്യമിട്ട ശക്തികള്‍ നേരത്തെ തന്നെ ഉണ്ട്. സഹകരണ മേഖലയ്ക്ക് വലിയ തോതിലുള്ള ആപത്ത് സംഭവിക്കുന്ന സാഹചര്യമാണിത്. അതിനെതിരെ യോജിച്ച പ്രവര്‍ത്തനം നടക്കുന്ന സന്ദര്‍ഭത്തില്‍ അന്വേഷണങ്ങള്‍ രാഷ്ട്രീയമായി തിരിച്ചുവിടുന്നതൊന്നും ശരിയല്ല.

ദേശീയ സഖ്യമായ ‘ഇന്ത്യ’യുടെ സംഘടനാരൂപത്തോട് മാത്രമാണ് സിപിഐ(എം)ന് വിയോജിപ്പുള്ളതെന്ന് പിണറായി മറുപടി നല്‍കി. അത് നേരത്തെയെടുത്ത തീരുമാനമാണ്. മറ്റെല്ലാ കൂട്ടായ ആലോചനകള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും സിപിഐ(എം) പിന്തുണ നല്‍കുന്നുണ്ട്. ഇനിയും നല്‍കും.

മാധ്യമങ്ങളെ കാണുന്നതിനോ മിണ്ടുന്നതിനോ ഒരു മനഃപ്രയാസവും ഇല്ല. ഇടയ്ക്ക് ശബ്ദത്തിന്റേതായ ചില ബുദ്ധിമുട്ടുണ്ടായിരുന്നു. പ്രത്യേകമായി എന്തെങ്കിലും പറയാനുണ്ടെങ്കില്‍ നിങ്ങള്‍ ചോദിക്കുമ്പോള്‍ പറയാറുണ്ടായിരുന്നല്ലോ. മടിയോ പ്രയാസമോ ഉണ്ടെങ്കില്‍ ഇപ്പോള്‍ നിങ്ങളെ കാണാന്‍ ശ്രമിക്കില്ലല്ലോ എന്നും മുഖ്യമന്ത്രി ചോദിച്ചു.

2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മുന്നോട്ടുവച്ച പ്രകടനപത്രിയിലെ 380-മത് ഉറപ്പ് യഥാര്‍ഥ്യമായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇടുക്കിയിലെ ഭൂപ്രശ്നങ്ങള്‍ക്ക് ശാശ്വത പരിഹാരം ഉറപ്പാക്കും. ഇതോടെ ആറ് പതിറ്റാണ്ടിലേറെയായ ഭൂപ്രശ്നങ്ങള്‍ക്ക് പരിഹാരം ആകും. മലയോര മേഖലയിലെ പ്രശ്നം ഭൂമിയുടെ അവകാശത്തിന്റെ പ്രശ്നമായി തന്നെയാണ് സര്‍ക്കാര്‍ കണ്ടത്. ഇടുക്കിയിലെ മാത്രമല്ല കേരളത്തിലെ ആകെ ഭൂപ്രശ്നങ്ങള്‍ക്ക് പരിഹാരമാണിത്തെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.

Eng­lish Sam­mury: Chief Min­is­ter’s press con­fer­ence 2023 sep­tem­ber 19

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.