തിളച്ച സാമ്പാറിൽ വീണ് ആറ് വയസുകാരന് ദാരുണാന്ത്യം

Web Desk
Posted on November 14, 2019, 10:50 pm

കുർണൂൽ: സ്കൂളിലെ സാമ്ബാർ ചെമ്ബിൽ വീണ് നഴ്സറി വിദ്യാർത്ഥിയായ ആറ് വയസ്സുകാരൻ മരിച്ചു. ആന്ധ്രപ്രദേശിലെ കുർണൂൽ ജില്ലയിലെ തിപ്പയിപ്പിള്ളെ ഗ്രാമത്തിലെ ശ്യാം സുന്ദർ റെഡ്ഡിയുടെ മകൻ ബൈരാപുരം പുരുഷോത്തം റെഡ്ഡി(6) ആണ് മരിച്ചത്. പാന്യം നഗരത്തിലെ നഴ്സറി സ്കൂളിൽ ഉച്ചഭക്ഷണ ഇടവേളയിൽ കുട്ടി ഓടുന്നതിനിടെ അബദ്ധത്തിൽ ചൂടുള്ള സാമ്ബാർ ചെമ്ബിൽ വീഴുകയായിരുന്നു. ഉടൻതന്നെ ജില്ല ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഭക്ഷണത്തിനായി കുട്ടികളെ വരിയായി കൊണ്ടുവരികയായിരുന്നുവെന്നും അപകടത്തിൽപ്പെട്ട കുട്ടി വരി തെറ്റിച്ച് ഓടുകയായിരുന്നുവെന്നും ആയ മൊഴി നൽകി. ഈ സമയം, കുട്ടികൾക്ക് വിളമ്ബാനായി രണ്ട് പേർ കൂടി സാമ്ബാർ പാത്രം കൊണ്ടുവരികയായിരുന്നു. കാൽതെറ്റി നിയന്ത്രണം വിട്ട കുട്ടി തിളച്ച സാമ്ബാർ പാത്രത്തിലേക്ക് വീഴുകയായിരുന്നു. സ്കൂൾ മാനേജ്മെന്റിനെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.