27 April 2024, Saturday

Related news

April 26, 2024
April 26, 2024
April 25, 2024
April 25, 2024
April 25, 2024
April 19, 2024
April 18, 2024
April 17, 2024
April 16, 2024
April 13, 2024

വീണ്ടും ആരോഗ്യ ജാഗ്രതയുടെ കാലം

Janayugom Webdesk
December 2, 2023 5:00 am

ചൈനയിലെ ചില പ്രവിശ്യകളിൽ ന്യുമോണിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട പശ്ചാത്തലത്തിൽ വിവിധ സംസ്ഥാനങ്ങൾക്ക് കേന്ദ്ര സര്‍ക്കാര്‍ ജാഗ്രതാ നിർദേശം നൽകിയിരിക്കുകയാണ്. രാജസ്ഥാൻ, കർണാടക, ഗുജറാത്ത്, ഉത്തരാഖണ്ഡ്, ഹരിയാന, തമിഴ്‌നാട്, മഹാരാഷ്ട്ര സംസ്ഥാനങ്ങൾക്കാണ് മുന്നറിയിപ്പുള്ളത്. ശ്വാസകോശ സംബന്ധമായ രോഗങ്ങളുമായി വരുന്നവരെ പ്രത്യേകം നിരീക്ഷിക്കുവാനും പരിചരിക്കുവാനുമാണ് നിര്‍ദേശിച്ചിരിക്കുന്നത്. ആശുപത്രികളിൽ മതിയായ സൗകര്യങ്ങൾ ഒരുക്കണമെന്നും നിർദേശത്തിലുണ്ട്. ശ്വാസകോശ രോഗങ്ങളെ ചെറുക്കുന്നതിനു വേണ്ട നടപടികൾ അവലോകനം ചെയ്യുന്നതിനും തീരുമാനിച്ചിരുന്നു. എച്ച്ആർ, ആശുപത്രി കിടക്കകൾ, മരുന്നുകൾ, ഇൻഫ്ലുവൻസയ്ക്കുള്ള വാക്സിനുകൾ, മെഡിക്കൽ ഓക്സിജൻ, ആന്റിബയോട്ടിക്കുകൾ, വ്യക്തിഗത സംരക്ഷണ ഉപകരണങ്ങൾ, ടെസ്റ്റിങ് കിറ്റുകളും റിയാക്ടറുകളും, ഓക്സിജന്റെ ലഭ്യതയും പ്രവർത്തനക്ഷമതയും തുടങ്ങിയവയുമായി ബന്ധപ്പെട്ട് അടിയന്തര അവലോകനവും കേന്ദ്ര ആരോഗ്യ മന്ത്രാലയം നിര്‍ദേശിക്കുന്നു.

കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ ശ്വാസകോശ രോഗങ്ങള്‍ക്ക് വഴിയൊരുക്കാവുന്ന ഇൻഫ്ലുവൻസ പോലുള്ള അസുഖങ്ങളുടെ സംയോജിത നിരീക്ഷണത്തിനായി മാർഗനിർദേശങ്ങൾ നടപ്പിലാക്കാൻ എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഗുരുതരമായ ശ്വാസകോശ അസുഖങ്ങൾക്കുള്ള സാധ്യതയും ജില്ലാ-സംസ്ഥാന നിരീക്ഷണ യൂണിറ്റുകൾ സൂക്ഷ്മമായി വിലയിരുത്താനും വിവരങ്ങൾ അറിയിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഗുരുതരമായ ശ്വാസകോശ അസുഖങ്ങൾ ബാധിച്ച രോഗികളുടെ, പ്രത്യേകിച്ച് ശിശുക്കളുടെയും കൗമാരപ്രായത്തിലുള്ളവരുടെയും സ്രവ സാമ്പിളുകൾ വൈറസ് റിസർച്ച് ആന്റ് ഡയഗ്നോസ്റ്റിക് ലബോറട്ടറികളില്‍(വിആർഡിഎൽ) വിദഗ്ധപരിശോധനയ്ക്ക് അയച്ച് ഫലങ്ങള്‍ വിലയിരുത്തി തുടര്‍ നടപടികള്‍ സ്വീകരിക്കണം. ഒക്ടോബര്‍ മധ്യത്തോടെയാണ് വടക്കൻ ചൈനയിൽ ശ്വാസകോശ രോഗം വ്യാപകമായെന്ന റിപ്പോര്‍ട്ട് പുറത്തുവന്നത്. ഇതിന് പിന്നാലെ ലോകാരോഗ്യ സംഘടനയും ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരുന്നു. ഇൻഫ്ലുവൻസ, മൈകോപ്ലാസ്മ ന്യുമോണിയ മുതലായവയാണ് കാരണമാകുന്നത്. കോവിഡ് നിയന്ത്രണങ്ങൾ ലഘൂകരിച്ചതിന് ശേഷമുള്ള ആദ്യത്തെ ശൈത്യകാലത്ത് ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ വർധിക്കുന്നതിനാൽ പനി ക്ലിനിക്കുകളുടെ എണ്ണം കൂട്ടുന്നതിന് ചൈനയിലെ ആരോഗ്യ മന്ത്രാലയവും നടപടി ആരംഭിച്ചിട്ടുണ്ട്. ഈ ശൈത്യകാലത്തും വസന്തകാലത്തും ഇൻഫ്ലുവൻസ അതിന്റെ ഉച്ചസ്ഥായിയിലെത്തുമെന്നും ചില പ്രദേശങ്ങളിൽ മൈ­കോപ്ലാസ്മ ന്യുമോണിയ അണുബാധ ഉയർന്ന നിലയിലായിരിക്കുമെന്നും ചൈനയുടെ കാബിനറ്റ് സ്റ്റേറ്റ് കൗൺസിലും വിശദീകരിച്ചിരുന്നു.


ഇതുകൂടി വായിക്കൂ: പോരാടണം വായുവിനും പരിസ്ഥിതിക്കും വേണ്ടി


കോവിഡ് അണുബാധകൾ വീണ്ടും ഉയരാനുള്ള സാധ്യതയെക്കുറിച്ചും മുന്നറിയിപ്പ് നൽകിയിരുന്നു. ചിലയിടങ്ങളില്‍ കോവിഡ് ക്ലസ്റ്ററുകള്‍ ഉണ്ടായെന്ന വാര്‍ത്തകളും പുറത്തുവന്നിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ പ്രത്യേക ജാഗ്രതാ നിര്‍ദേശ പട്ടികയില്‍ ഉള്‍പ്പെടുന്നില്ലെങ്കിലും നമ്മുടെ സംസ്ഥാനത്തും ആരോഗ്യവകുപ്പ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. കേന്ദ്രം ജാഗ്രതാ നിര്‍ദേശം നല്‍കിയവയില്‍ നമ്മുടെ അയല്‍ സംസ്ഥാനങ്ങളായ കര്‍ണാടക, തമിഴ്‌നാട് എന്നിവയും ഉള്‍പ്പെട്ടിട്ടുണ്ട് എന്നതുകൊണ്ടുകൂടിയാണ് ഈ നടപടി. ഇപ്പോള്‍ സംസ്ഥാന മെഡിക്കൽ ബോർഡും പബ്ലിക് ഹെൽത്ത് ഡിപ്പാർട്ട്മെന്റും വിദഗ്ധ ഡോക്ടർമാരും നിലവിലെ സാഹചര്യം വിശകലനം ചെയ്യുന്നുമുണ്ട്. ജില്ലാ ആശുപത്രികൾ, മെഡിക്കൽ കോളജുകൾ, സ്പെഷ്യാലിറ്റി ആശുപത്രികൾ തുടങ്ങിയ ഇടങ്ങളിൽ ശ്വാസകോശ രോഗങ്ങളുമായി ബന്ധപ്പെട്ട കേസുകൾ നിരീക്ഷണത്തിലുമാണ്. കോവിഡിനെയും നിപയെയുമൊക്കെ നാം നേരിട്ടത് ഇവിടെയുണ്ടായിരുന്ന ആരോഗ്യ പരിപാലന സംവിധാനത്തിന്റെ മികവിനൊപ്പം ആരോഗ്യ സാക്ഷരതയും ജാഗ്രതയുമുണ്ടായി എന്നുതുകൊണ്ടുകൂടിയാണ്. മെച്ചപ്പെട്ട ആരോഗ്യ പരിപാലന സംവിധാനമാണ് ഇവിടെയുള്ളത് എന്നതുകൊണ്ടുകൂടിയാണ് ആരോഗ്യ സാക്ഷരത കൈവരിക്കുവാനായത് എന്നതും യാഥാര്‍ത്ഥ്യമാണ്. ഗ്രാമപ്രദേശങ്ങളിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കള്‍ കോളജുകള്‍ വരെ വിപുലമായ ആരോഗ്യ പരിപാലന ശൃംഖലയും സജ്ജീകരണങ്ങളും ഇവിടെയുണ്ട്.

അതിന് അനുബന്ധമായി ജനങ്ങളെ ആരോഗ്യത്തെക്കുറിച്ച് ബോധവാന്മാരാക്കുന്നതിനുള്ള വിവിധ പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പിലാക്കുകയും ചെയ്യുന്നു. ലോകത്തെ വന്‍കിട രാഷ്ട്രങ്ങളും രാജ്യത്തെ ഇതര സംസ്ഥാനങ്ങളും കോവിഡ് പോലുള്ള മഹാമാരിക്കാലത്ത് സ്തംഭിച്ചുനിന്നപ്പോഴും കേരളം വേറിട്ടുനിന്നത് ആ പശ്ചാത്തലത്തിലായിരുന്നു. രോഗം ഭേദമാകുന്നതിലും മരണനിരക്ക് കുറയ്ക്കുന്നതിലും മറ്റെല്ലായിടങ്ങളെയും അപേക്ഷിച്ച് കേരളം മുന്നില്‍ നിന്നു. പ്രതിരോധ കുത്തിവയ്പ് ലക്ഷ്യം കൈവരിക്കുന്നതിലും നമ്മുടെ സംസ്ഥാനം മുന്നിലായിരുന്നു. കഴിഞ്ഞ മൂന്ന് മാസങ്ങൾക്കിടെ ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ അസാധാരണമായ വർധനവൊന്നും സംസ്ഥാനത്ത് ഉണ്ടായിട്ടില്ല. പുതിയ വെല്ലുവിളികള്‍ ഉണ്ടാകാതിരിക്കട്ടെ എന്നാണ് എല്ലാവരും ആഗ്രഹിക്കുന്നതും. എങ്കിലും മുന്‍കാലങ്ങളിലെന്നതുപോലെ എല്ലാവരും ജാഗ്രത പുലർത്തേണ്ടതുണ്ടെന്നാണ് സാഹചര്യങ്ങള്‍ ആവശ്യപ്പെടുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.