ചൂരല്‍മല‑മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തം അതിതീവ്രദുരന്തമായി പ്രഖ്യാപിക്കുന്ന കാര്യത്തില്‍ രണ്ടാഴ്ചയ്ക്കകം തീരുമാനം അറിയിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ദുരന്തത്തെ കുറിച്ച് പഠിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിയമിച്ച ഉന്നതാധികാര സമിതി രണ്ടാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. ഈ റിപ്പോര്‍ട്ട് വിശദമായി പഠിച്ചതിന് ശേഷം മാത്രമേ അതിതീവ്രദുരന്തമായി പ്രഖ്യാപിക്കുന്ന കാര്യത്തില്‍ തീരുമാനം അറിയിക്കാന്‍ സാധിക്കുകയുള്ളുവെന്ന നിലപാടാണ് ഹൈക്കോടതിയെ ബോധിപ്പിച്ചത്.
രാജ്യത്തെ നടുക്കിയ ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സ്വമേധയാ എടുത്ത കേസുകള്‍ പരിഗണിക്കുന്ന പ്രത്യേക ബെഞ്ചിന് മുമ്പിലാണ് കേന്ദ്രസര്‍ക്കാര്‍ രണ്ടാഴ്ചകൂടി സമയം ആവശ്യപ്പെട്ടത്. അതേസമയം, ദുരിതബാധിതര്‍ക്ക് നഷ്ടപരിഹാരം കിട്ടുന്നില്ലെന്ന രീതിയില്‍ വാര്‍ത്തകള്‍ വരുന്നതില്‍ സംസ്ഥാന സര്‍ക്കാരിനോട് കോടതി വിശദീകരണവും തേടിയിട്ടുണ്ട്.
ചൂരല്‍മല‑മുണ്ടക്കൈ ദുരന്തം നടന്ന് മാസങ്ങള്‍ പിന്നിട്ടിട്ടും കേന്ദ്രസര്‍ക്കാരില്‍ നിന്ന് അര്‍ഹമായ നഷ്ടപരിഹാരം കേരളത്തിന് ലഭിക്കാത്ത സാഹചര്യത്തിലാണ് ഇതുസംബന്ധിച്ച വിഷയം ഹൈക്കോടതിയുടെ മുന്നിലെത്തിയത്. ഉരുള്‍പൊട്ടല്‍ ദുരന്തത്തെ ‘തീവ്ര വിഭാഗ’ത്തില്‍ ഉള്‍പ്പെടുത്തണമെന്നു നേരത്തെ സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 251 പേര്‍ മരിക്കുകയും 47 പേരെ കാണാതാവുകയും ചെയ്ത ഒരു ദുരന്തത്തില്‍ ഒരുവിധത്തിലുള്ള അധിക ദുരിതാശ്വാസ സഹായവും കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിട്ടില്ല എന്ന കാര്യം സംസ്ഥാന സര്‍ക്കാര്‍ വീണ്ടും ഹൈക്കോടതിയെ അറിയിച്ചു.
ദുരന്തത്തില്‍ അകപ്പെട്ടവര്‍ക്ക് ദിവസം 300 രൂപ വീതം നല്‍കുന്നത് ഒരു മാസം കൂടി ദീര്‍ഘിപ്പിച്ചിട്ടുണ്ടെന്ന് ദുരന്ത നിവാരണ അതോറിട്ടി അറിയിച്ചു. രണ്ടു മാസത്തേക്കു പ്രഖ്യാപിച്ച സമാശ്വാസ പദ്ധതിയുടെ കാലാവധി അവസാനിക്കാനിരിക്കെയാണ് നവംബര്‍ 30 വരെ ദീര്‍ഘിപ്പിക്കാനുള്ള തീരുമാനം കോടതിയെ അറിയിച്ചത്. ചില കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം ലഭിച്ചിട്ടില്ല എന്നതടക്കമുള്ള പരാതികള്‍ കോടതി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തി. കുടുംബാംഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം മൂലമാണ് നഷ്ടപരിഹാരം നല്‍കാന്‍ കഴിയാത്തതെന്ന് സര്‍ക്കാര്‍ മറുപടിയായി അറിയിച്ചു. പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കാന്‍ പാരാമെട്രിക് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തണമെന്ന നിര്‍ദേശവും അമിക്കസ് ക്യൂറി അഡ്വ. രഞ്ജിത്ത് തമ്പാന്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തി. കേന്ദ്ര — സംസ്ഥാന സര്‍ക്കാരുകള്‍ കൂടാതെ സ്വകാര്യ മേഖലയെയും സഹകരിപ്പിച്ചു കൊണ്ട് പാരാമെട്രിക് ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കാനാകുമെന്ന് അമിക്കസ് ക്യൂറി അറിയിച്ചു. നവംബര്‍ 15ന് കേസ് പരിഗണിക്കുമ്പോള്‍ ഇക്കാര്യത്തില്‍ നിലപാട് അറിയിക്കാമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.