22 December 2024, Sunday
KSFE Galaxy Chits Banner 2

ഇലക്ടറല്‍ ബോണ്ട് മറയ്ക്കാന്‍ പൗരത്വ ഭേദഗതി നിയമം

Janayugom Webdesk
March 13, 2024 5:00 am

നിയമവിരുദ്ധമെന്ന് നേരത്തെ നീതിപീഠം വിധിച്ച ഇലക്ടറല്‍ ബോണ്ട് വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെ വീണ്ടും പ്രതിക്കൂട്ടിലാക്കുന്ന തരത്തിലുള്ള വിധി സുപ്രീം കോടതിയില്‍ നിന്നുണ്ടായ ദിവസം തന്നെ പൗരത്വ ഭേദഗതി നിയമം നടപ്പാക്കിക്കൊണ്ട് സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. യാദൃച്ഛികമാണിത് എന്ന് കരുതാന്‍ സാമാന്യയുക്തിക്ക് കഴിയില്ല. കാരണങ്ങള്‍ പലതാണ്. 2019 ഡിസംബറില്‍ രാഷ്ട്രപതി ഒപ്പുവച്ച നിയമം വിജ്ഞാപനം ചെയ്യാന്‍ നാല് വര്‍ഷം കാത്തിരുന്നത് ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് വിഭാഗീയത ആളിക്കത്തിച്ച് വര്‍ഗീയചേരിതിരിവിന് ഉപയോഗിക്കാമെന്ന സംഘ്പരിവാറിന്റെ സ്ഥിരം അജണ്ടയുടെ ഭാഗമായാണ്. കോര്‍പറേറ്റുകളുടെ കള്ളപ്പണം സംഭാവനയാക്കി കുന്നുകൂട്ടിയ ബിജെപിയുടെ കാപട്യം പുറത്തുവരാതിരിക്കാന്‍ എസ്ബിഐയെ കോടതിയിലെത്തിച്ചിട്ടും പരാജയപ്പെട്ട ദിവസം വിജ്ഞാപനത്തിനായി തിരഞ്ഞെടുത്തതും മറ്റൊരു അജണ്ടയാണ്. നാല് വര്‍ഷം മുമ്പ് രാജ്യം കത്തിയെരിഞ്ഞ പൗരത്വ ഭേദഗതി വിഷയം ജനങ്ങള്‍ക്ക് മുമ്പിലേക്കിട്ടാല്‍ സംഘര്‍ഷഭരിത അന്തരീക്ഷത്തില്‍ ഇലക്ടറല്‍ ബോണ്ട് സംബന്ധിച്ച ചര്‍ച്ചകളെ വഴിമാറ്റാനാകും എന്ന കുടിലതന്ത്രം. 1955ലെ ഇന്ത്യൻ പൗരത്വ നിയമത്തെയാണ് മോഡി സർക്കാർ പൗരത്വ ഭേദഗതിനിയമം(സിഎഎ)ബിൽ 2019ലൂടെ ഭേദഗതി വരുത്തിയത്. പാകിസ്ഥൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ള മുസ്ലിങ്ങളല്ലാത്ത അഭയാർത്ഥികൾക്ക് ഇന്ത്യൻ പൗരത്വം നൽകുന്ന തരത്തിലാണ് ഭേദഗതി. ഈ മൂന്ന് രാജ്യങ്ങളിൽ നിന്നുള്ള ഹിന്ദു, സിഖ്, പാഴ‌്സി, ബുദ്ധ, ജൈന, ക്രിസ്ത്യൻ ന്യൂനപക്ഷവിഭാഗങ്ങൾക്കാണ് ഇന്ത്യൻ പൗരത്വം നൽകുക. മുസ്ലിം ഭൂരിപക്ഷമുള്ള മൂന്ന് രാജ്യങ്ങളിലെ പീഡനങ്ങളിൽ നിന്ന് രക്ഷപ്പെട്ട് വന്നവരാണ് ആറ് ന്യൂനപക്ഷ വിഭാഗങ്ങളിലെ അഭയാർത്ഥികൾ എന്നാണ് കേന്ദ്രസർക്കാരിന്റെ വാദം. രാജ്യത്തെ ന്യൂനപക്ഷമായ മുസ്ലിം വിഭാഗത്തെ ഉള്‍പ്പെടുത്തിയിട്ടില്ല എന്നതും ചൈന, ഭൂട്ടാൻ, നേപ്പാൾ, മ്യാൻമർ, ശ്രീലങ്ക തുടങ്ങിയ അയല്‍രാജ്യങ്ങളിൽ നിന്നുള്ളവർക്ക് യോഗ്യത കല്പിക്കുന്നില്ല എന്നതും ഭരണകൂടത്തിന്റെ മതവിവേചനം അടിവരയിടുന്നു.


ഇതുകൂടി വായിക്കൂ:  സുപ്രീം കോടതി വിധി മോഡി സര്‍ക്കാരിനേറ്റ അടി


2019 ഡിസംബർ 11നാണ് പാർലമെന്റ് പൗരത്വഭേദഗതി നിയമം പാസാക്കിയത്. പിറ്റേന്നുതന്നെ രാഷ്ട്രപതിയുടെ അംഗീകാരവും ലഭിച്ചു. മതം നോക്കി പൗരത്വം നൽകുന്ന നിയമത്തിനെതിരെ രാജ്യവ്യാപകമായി വൻ പ്രതിഷേധമുയർന്നു. ഡൽഹി ജുമാ മസ്ജിദ്, ഷഹീൻബാഗ് എ­ന്നി­വിടങ്ങളിൽ ആരംഭിച്ച സമരങ്ങൾക്ക് നേരെ ഹിന്ദുത്വ ഭീകരവാദികൾ അഴിച്ചുവിട്ട കലാപം രാജ്യത്തുടനീളം പടര്‍ന്നു. ഡല്‍ഹിയിലെ കലാപത്തിൽ മാത്രം 53 പേർ കൊല്ലപ്പെടുകയും, 200ലധികം പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തുവെന്നാണ് ഔ­ദ്യോഗിക കണക്ക്. നിയമത്തിനെതിരെ കേരളമുള്‍പ്പെടെ ആറ് സംസ്ഥാനങ്ങൾ പ്രമേയം പാസാക്കിയിരുന്നു. വിജ്ഞാപനം വന്നപ്പോഴും നിയമം നടപ്പാക്കില്ലെന്ന് കേരളം, ബംഗാൾ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്ര സർക്കാർ നടപടി ജനങ്ങളെ വർഗീയമായി വേർതിരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും വർഗീയവികാരം കുത്തിയിളക്കുന്നതിനും ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങളെ കാറ്റിൽപ്പറത്താനുമാണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്. എന്നാല്‍ സംസ്ഥാനങ്ങളുടെ അവകാശാധികാരങ്ങളെ കവര്‍ന്നെടുക്കുന്ന തരത്തില്‍ സിഎഎ നടപ്പാക്കാനാണ് കേന്ദ്രം പദ്ധതിയിടുന്നത്. പൗരത്വത്തിനുള്ള അപേക്ഷ ഓണ്‍ലെെനായി നല്‍കുന്നതിനായി വെബ്സെെറ്റ് തുറന്നിട്ടുണ്ട്. ഇങ്ങനെ ലഭിക്കുന്ന അപേക്ഷകള്‍ ജില്ലാകളക്ടര്‍മാര്‍ പരിശോധിച്ച് കെെമാറുകയും കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനമെടുക്കുകയും ചെയ്യും. വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും താമസിക്കുന്ന പൗരന്മാര്‍ക്കുമേലുള്ള സംസ്ഥാനങ്ങളുടെ അധികാരം കവര്‍ന്നെടുക്കുന്നത് ഫെഡറലിസത്തിന്റെ നഗ്നമായ ലംഘനമാണ്.


ഇതുകൂടി വായിക്കൂ:  ഇലക്ടറല്‍ ബോണ്ട് കോണ്‍ഗ്രസിനും തലവേദനയാകുന്നു


ദേശീയ സ്വാതന്ത്ര്യപ്രസ്ഥാനം മുന്നോട്ടുവച്ച കാഴ്ചപ്പാടുകളുടെ അടിസ്ഥാനത്തിലാണ് മതനിരപേക്ഷ രാഷ്ട്രമായി ഇന്ത്യ രൂപപ്പെട്ടത്. ആ കാഴ്ചപ്പാടുകള്‍ തകർത്ത് ഇന്ത്യയെ മതരാഷ്ട്രമാക്കി മാറ്റാനുള്ള പ്രവർത്തനത്തിന്റെ ഭാഗമാണ് പൗരത്വഭേദഗതി നിയമമുള്‍പ്പെടെയുള്ള ഭരണകൂടനയങ്ങള്‍. ബിജെപിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നാണ് പൗരത്വ ഭേദഗതി. ഹിന്ദുരാഷ്ട്രമെന്ന അവരുടെ സ്വപ്നത്തിലേക്കുള്ള ഒരു ചുവട്. 2014ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ തന്നെ ബംഗ്ലാദേശില്‍ നിന്നുള്ള നിയമവിരുദ്ധ കുടിയേറ്റക്കാരെ പുറത്താക്കുമെന്ന് അമിത് ഷാ പ്രഖ്യാപിച്ചിരുന്നു. ബിജെപി അധ്യക്ഷനായി ചുമതലയേറ്റ ശേഷം ബംഗ്ലാദേശില്‍ നിന്നുള്ള മുസ്ലിം കുടിയേറ്റക്കാരെ ലക്ഷ്യംവച്ചുള്ള പ്രചാരണം കൂടുതല്‍ ശക്തമാക്കി. രണ്ടാം മോഡി സര്‍ക്കാരില്‍ ആഭ്യന്തര മന്ത്രിയായ ശേഷം, മതാടിസ്ഥാനത്തില്‍ തന്നെയാവും പൗരത്വം നല്‍കുകയെന്ന് പൊതുവേദികളില്‍ പ്രസംഗിച്ചു. പാർലമെന്റ് തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന ഘട്ടത്തിൽ ജനങ്ങളെ ഭിന്നിപ്പിച്ച് വിജയം നേടാനാകുമോയെന്ന പരിശ്രമത്തിന്റെ ഭാഗമായാണ് പൗരത്വഭേദഗതി നിയമ വിജ്ഞാപനം. രാജ്യത്ത് ഇത്രയും കാലം പൗരത്വം നൽകുന്നതിന് മതം അടിസ്ഥാനമായിരുന്നില്ല. മതനിരപേക്ഷ രാഷ്ട്രമെന്നതിന് പൗരത്വത്തിന് മതം പരിഗണനാഘടകമല്ല എന്നാണർത്ഥം. നമ്മുടെ രാജ്യത്തിന് ഔദ്യോഗിക മതമില്ല. നിയമനിര്‍മ്മാണ സഭയ്ക്കോ എക്സിക്യൂട്ടീവിനോ ജുഡീഷ്യറിക്കോ ഒരു മതത്തോടും പ്രത്യേക മമതയോ പ്രീതിയോ ഭീതിയോ ഉണ്ടാവരുത്. ഭരണകൂടം പൂര്‍ണമായും മതത്തിൽ നിന്ന് മുക്തമായിരിക്കണം. ഇതൊക്കെ നിലനിന്നാലേ രാജ്യം മതനിരപേക്ഷമാവുകയുള്ളൂ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.