21 December 2024, Saturday
KSFE Galaxy Chits Banner 2

കാലാവസ്ഥാ വ്യതിയാനവും ഭൂമിയുടെ അതിജീവനവും

അജിത് കൊളാടി
വാക്ക്
August 10, 2024 4:45 am

2018ൽ നാം കണ്ട പ്രളയം നമ്മുടെ അതിജീവനത്തെപ്പറ്റിയുള്ള പ്രകൃതിയുടെ താക്കീതായിരുന്നു. അത് നാം അധിവസിക്കുന്ന ഭൂമിയുടെ അതിജീവനവുമായി ബന്ധപ്പെട്ടതാണ്, രാഷ്ട്രീയമായും സാംസ്കാരികമായും ജൈവികമായും ആത്മീയമായും. ഏതാണ്ട് മൂന്ന് മൂന്നര ദശലക്ഷം വർഷങ്ങൾക്കു മുമ്പാണ് കിഴക്കനാഫ്രിക്കയിൽ നിന്ന് മനുഷ്യജാതിയുടെ (ഹോമോസാപ്പിയൻസ്) ഉത്ഭവം എന്ന് ചരിത്രകാരന്മാരും നരവംശശാസ്ത്രജ്ഞരും പറയുന്നു. കെനിയയിലെ തുർക്കാനയിലെ ടൂജൻ കുന്നുകളിലും, കെനിയയിലെ വടക്കുകിഴക്കൻ ഭാഗത്തും ആണ് മനുഷ്യന്റെ അതിപ്രാചീനമായ ജീവാവശിഷ്ടം കണ്ടെത്തിയത്. എത്യോപ്യയിലും ഓസ്ട്രേലിയയിലും മൊറോക്കയിലും അവ കണ്ടെടുത്തു. മറ്റൊരു ജീവിയും ഭൂമിയെ ഇത്രമാത്രം മാറ്റിമറിച്ചിട്ടില്ല. ഭൂമിയുടെ ചരിത്രത്തിൽ അഞ്ച് മഹാ വംശീയ നാശങ്ങൾ (Extinc­tion) സംഭവിച്ചിട്ടുണ്ട്. ഭൂമിയിലെ ജീവജാതികളെ അവ ഇല്ലാതാക്കിയിട്ടുണ്ട്. പക്ഷെ അവയൊന്നും ഏതെങ്കിലും ജീവജാതിയുടെ ഇടപെടലുകൾ കൊണ്ടായിരുന്നില്ല; പ്രകൃതിയിൽ സംഭവിച്ചതാണ്.
സഹസ്രാബ്ദങ്ങളിലൂടെ മനുഷ്യൻ ഭൂമിയുടെ എല്ലാ മൂലകളിലും എത്തി. അഭൂതപൂർവമായി സന്താനോല്പാദനം നടന്നു. കാടുകൾ കയ്യേറി ഭക്ഷണമുണ്ടാക്കി. വിവിധ പ്രദേശങ്ങളിലേക്ക് കുടിയേറി. ജൈവമണ്ഡലം പുനഃസംഘടിക്കപ്പെട്ടു. ഇതിനെക്കാൾ സമൂലമായ മാറ്റം സംഭവിച്ചത് ഭൂമിക്കടിയിൽ ഉണ്ടായിരുന്ന ഫോസിൽ ഇന്ധനം മനുഷ്യൻ കണ്ടെത്തിയതോടെയാണ്. അതിനു ശേഷം ഫോസിൽ ഇന്ധനത്തിന്റെ ചേരുവയോ ഇടപെടലോ ഇല്ലാത്ത ഒരു ഉല്പന്നവും മനുഷ്യൻ ഉണ്ടാക്കിയിട്ടില്ലെന്ന് പറയാം. ഭൂമിക്കടിയിൽ വരുംതലമുറകൾക്കായി കരുതിവച്ചിരുന്ന ഊർജ സ്രോതസ് താമസിയാതെ ഇല്ലാതാകുമെന്ന് ജിയോളജിസ്റ്റുകൾ മുന്നറിയിപ്പ് നൽകിയിട്ട് ദശകങ്ങളായി. ഫോസിൽ ഇന്ധനത്തിന്റെ ഉപഭോഗം ഭൗമാന്തരീക്ഷത്തിന്റെ സംഗ്രഥനത്തെ മാരകമായി അക്രമിച്ചു. കാലാവസ്ഥ അടിമുടി മാറി. പുതിയ ജീവചക്രവുമായി കുറച്ച് സസ്യങ്ങളും ജന്തുക്കളും ജീവികളും പൊരുത്തപ്പെട്ടു. അവ മലമുകളിലേക്കും ധ്രുവങ്ങളിലേക്കും നീങ്ങി. എന്നാൽ ലക്ഷക്കണക്കിനു ജീവികൾ ഒറ്റപ്പെട്ടു. വംശനാശം അതിഭീതിദമായിരുന്നു.
ലണ്ടൻ സുവോളജിക്കൽ സൊസൈറ്റിയുടെ 2010ലെ ലിവിങ് പ്ലാനറ്റ് റിപ്പോർട്ട് പ്രകാരം കരയിലെയും കടലിലെയും നദികളിലെയും വന്യജീവികളിൽ 30 ശതമാനം വംശനാശം നേരിടുകയാണ്. 2015ൽ അത് 55 ശതമാനമായി എന്നവർ പറഞ്ഞു. ഇപ്പോൾ ഏകദേശം 70 ശതമാനമായിട്ടുണ്ടാകാം. 500 ദശവർഷങ്ങൾക്കിടയിലുണ്ടായിട്ടുള്ള അഞ്ച് വംശനാശങ്ങളെയും ഇത് പിന്നിലാക്കും. ഇക്കണക്കിനു പോയാൽ ആറാമത്തെ വംശനാശവും ഉണ്ടായേക്കാം.
നമ്മുടെ ലോകത്തിന്റെ വലിയൊരു ഭാഗത്തിനു മുകളിൽ ഭീമമായ മരണശിക്ഷ തൂങ്ങിക്കിടപ്പുണ്ട്. ഒരിക്കൽ രാജകീയമായി വാണരുളിയിരുന്ന ധ്രുവക്കരടി, ആർട്ടിക്കിലെ ഹിമസമുദ്രം ശോഷിച്ച കാരണം പട്ടിണിയിലേക്ക് ഒതുങ്ങി ഇല്ലായ്മ ചെയ്യപ്പെടുന്നത്, ഭൂമുഖത്ത് മനുഷ്യസംസ്കാരം കൊണ്ടുവന്നേക്കാവുന്ന ആഗോള പരിസ്ഥിതിഹത്യയുടെ ഭീകരമുഖമാണ്. മനുഷ്യന്റെ പ്രേരണയാൽ പരസ്പരം പ്രബലപ്പെടുത്തുന്ന സ്ഥിതിവിശേഷങ്ങളുടെ നിർവഹണം മൂലം ആയിരക്കണക്കിനു ജന്തുവർഗങ്ങൾ വംശനാശമെന്ന മരണനിരയിൽ മുച്ചൂടും ഇല്ലാതാകുന്നതും കാത്ത് നിൽക്കുന്നു.

ഇപ്പോൾ വയനാട്ടിലും ദുരന്തത്തിന്റെ ഭയാനകത നാം കണ്ടുകൊണ്ടിരിക്കുന്നു. ഈയൊരു സ്ഥിതി വിശേഷത്തിന്റെ മുൻപന്തിയിൽ ഉള്ളത് ആവാസ വ്യവസ്ഥയുടെ നാശവും മനുഷ്യൻ ത്വരിതപ്പെടുത്തുന്ന കാലാവസ്ഥാ വ്യതിയാനവുമാണ്. അതുമൂലം മനുഷ്യവർഗം “ആറാം വലിയ നാശം” സൃഷ്ടിക്കുന്നതിലേക്ക് നടന്നടുക്കുന്നതായി പറയപ്പെടുന്നു. ലോകത്തിലെ ഏറ്റവും വലിയ പരിസ്ഥിതി സംഘടനാ സഖ്യമായ അന്താരാഷ്ട്ര പ്രകൃതിസംരക്ഷണ സംഘത്തിന്റെ കണക്കുപ്രകാരം, അവരുടെ ചുവന്ന പട്ടികയിലുള്ള ഏതാണ്ട് അരലക്ഷത്തോളം വംശനാശ ഭീഷണിയുള്ള വർഗങ്ങളിൽ 17,000 എണ്ണം ഉടനടി വംശനാശ ഭീഷണി അഭിമുഖീകരിക്കുന്നവയാണ്. 21-ാം നൂറ്റാണ്ടിൽ 50 ശതമാനം ഉഭയജീവികളും, 70ശതമാനം സസ്യജാലങ്ങളും, 35 ശതമാനം ശുദ്ധജല മത്സ്യങ്ങളും, 30 ശതമാനം ഉരഗങ്ങളും, 20 ശതമാനം സസ്തനികളും 15 ശതമാനം പക്ഷിവർഗവും ചത്തൊടുങ്ങുമെന്ന് അന്താരാഷ്ട്ര പ്രകൃതിസംരക്ഷണ സംഘടന പറയുന്നു.
മനുഷ്യ ജാതിയുടെ പൂർവികരായിരുന്ന നിയാന്തര്‍ത്താലുകൾ അനേകം സംവത്സരങ്ങൾ ഈ ഭൂമിയിൽ ഉണ്ടായിരുന്നു. നിയാന്തർത്താലുകളും മനുഷ്യനും തമ്മില്‍ ജനിതകഘടനയിൽ നേരിയ വ്യത്യാസമേ ഉള്ളുവെന്ന് ശാസ്ത്രം പറയുന്നു. ക്രിയാത്മകതയുടെ ജീനാണത്. ഇതിനെ ഭ്രാന്തിന്റെ (ഉന്മാദത്തിന്റെ) ജിനെന്നും വിളിക്കാം. ക്രിയാത്മകതയിലൂടെ മനുഷ്യൻ സൃഷ്ടി നടത്തുമ്പോൾ ആത്മീയതയുടെ ഉദാത്തഭാവത്തിലെത്തുന്നു. അതേ ക്രിയാത്മകത ഭ്രാന്തിലെത്തുമ്പോൾ നശീകരണത്തിന്റെ ഹിംസകളിലേക്ക് തിരിയുന്നു. ഭൂമിയിലെ വംശനാശത്തിന് അത് കാരണമാകുന്നു. ക്രിയാത്മകതയിലെ ഭ്രാന്തിനെ ശരിയായ വിദ്യാഭ്യാസം കൊണ്ട് കാരുണ്യത്തിന്റെ സർഗാത്മകതയിലേക്ക് പരിവർത്തനപ്പെടുത്താമെന്ന് ജനിറ്റിക്സ് തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. അത് സംഭവിക്കുന്നത് വളരെ വിരളമായതുകൊണ്ടാണ് പ്രകൃതിയെ മനുഷ്യൻ നശിപ്പിക്കുന്നത്.
മനുഷ്യൻ ഇതുവരെയുള്ള അഞ്ച് വംശനാശങ്ങളെയും പിന്നിലാക്കുമ്പോൾ ലോകത്തെ എല്ലാ സമ്പദ്ഘടനകളുടെയും വളർച്ചാ നിരക്ക് താഴോട്ടാണ്. അതേസമയം വിപണിയിലെ ഇടിവുകളും സാമ്പത്തികത്തകർച്ചകളും ഉണ്ടാകുമ്പോഴും ധനികരുടെ വളർച്ചാ നിരക്ക് വർധിക്കുന്നതായി കാണാം. പണക്കാരന്റെ കുത്തകാധിപത്യം ഒരിക്കലും ഇത്ര ഭീകരമായിരുന്നിട്ടില്ല. ഉപഭോഗത്വര ഇത്ര തീവ്രമായിട്ടില്ല. കേവലം 100 വർഷങ്ങളിൽ ജൈവമണ്ഡലത്തെ തിട്ടപ്പെടുത്തി അതിനെ ചുട്ടെരിക്കാനും നശിപ്പിക്കാനും വിവക്ഷിക്കുന്ന ഒരു സാമൂഹ്യസംവിധാനത്തിലാണ് നാം ജീവിക്കുന്നത്. മൂലധനശക്തികളുടെ ആധിപത്യത്തിലുള്ള ലോകം ജൈവമണ്ഡലത്തിന്റെ ജൈവ‑ഭൗമ‑രാസചക്രങ്ങളെ തകർക്കും എന്ന ഭീഷണിയും മുഴക്കുന്നു. 

അസംസ്കൃത വസ്തുക്കളം, ഊർജവും വാരിവിഴുങ്ങുന്നത് വർധിപ്പിച്ചും വിഷം കലർന്ന വസ്തുക്കൾ ധാരാളമായി പുറത്തേക്ക് വമിപ്പിച്ചും, ദാക്ഷിണ്യമില്ലാത്ത വളർച്ച മാത്രം പ്രവചിക്കുന്ന ഒരു ലോക സമ്പദ്‌വ്യവസ്ഥ പാരിസ്ഥിതിക ഭീഷണിയുടെ ഒരു പരമ്പര തന്നെ സൃഷ്ടിച്ചിട്ടുണ്ട്. ജീവി വർഗങ്ങളുടെ വംശനാശം, വായു ജലമലിനീകരണം, വനനശീകരണം, മരുഭൂമിയാക്കൽ, മണ്ണൊലിപ്പ്, രാജ്യങ്ങൾ തമ്മിലുള്ള യുദ്ധങ്ങൾ എന്നിവ അവയിൽ ചിലതാണ്. അടുത്ത 100 വർഷങ്ങൾക്കുള്ളിൽ കാലാവസ്ഥാ വ്യതിയാനം കൊണ്ടുവരാവുന്ന പ്രശ്നങ്ങളായി ശാസ്ത്രജ്ഞർ കാണിക്കുന്നത് ദ്വീപുകളെയും തീരപ്രദേശങ്ങളെയും അടിയിലാക്കിക്കൊണ്ട് ഉയരുന്ന കടൽപരപ്പ്, വിളകളുടെ വീഴ്ച, വരൾച്ചയും വെള്ളപ്പൊക്കവും, സമുദ്രത്തിന്റെ അമ്ലവൽക്കരണം മൂലം ചത്തൊടുങ്ങുന്ന പവിഴപ്പുറ്റുകൾ, ഇടവിട്ടുള്ള ചുഴലിക്കാറ്റ്, കുറച്ചു നേരംകൊണ്ട് പെയ്തിറങ്ങുന്ന ശക്തമായ മഴ, ഭൂമിയിലെ ജീവികളിൽ വരുന്ന കുറവ് എന്നിവയാണ്.
ആഗോള മൂലധന ശക്തികളുടെ ആധിപത്യം കാലാവസ്ഥാ വ്യതിയാനത്തിനു മുന്നിൽ ശക്തിഹീനമാണ്. മുതലാളിത്ത വ്യവസ്ഥയിലെ ഉല്പാദനത്തിന്റെ മുഖമുദ്രയായ സമ്പത്ത് കൂട്ടിവയ്ക്കാനുള്ള അന്ധമായതും ആസൂത്രിതമല്ലാത്തതുമായ ത്വരയാണ് കാലാവസ്ഥാ വ്യതിയാനം എന്ന പ്രശ്നം സൃഷ്ടിച്ചിട്ടുള്ളത്. ഇന്ന് ധനികരായ ന്യൂനപക്ഷവും ദരിദ്രർ അടങ്ങുന്ന ഭൂരിപക്ഷവും എന്ന രീതിയിൽ ജനത വിഭജിക്കപ്പെട്ടിരിക്കുന്നു. ഭൂമിയുടെ വടക്കൻ പ്രദേശങ്ങളിലെ ആഗോള മൂലധന സമഗ്രാധിത്യത്തിന്റെ വ്യവസ്ഥാ സ്വഭാവമാർന്ന വികസനം നമ്മുടെ ഗ്രഹത്തെ താനെ തകർക്കാൻ പോന്നതാണ്. പ്രശ്നം സാമ്പത്തിക വളർച്ചാ നിരക്കോ, ജനസംഖ്യയോ ഒന്നുമല്ല, മറിച്ച് ലാഭേച്ഛയോടെ സാമൂഹികമായി ഉപയോഗശൂന്യമായതും മാനവരാശിക്കും ജൈവമണ്ഡലത്തിനും ഹാനികരമാകുന്നതുമായ വളർച്ചയാണ്. ഇത് സാമൂഹികവും പാരിസ്ഥിതികവുമായ നാശത്തിന്റെ വക്കിൽ എത്തിച്ചിരിക്കുന്നു. വികസനവും വളർച്ചയും ലാഭത്തിനും വിപണിക്കും നല്‍കുന്ന പ്രാമുഖ്യത്തെക്കാളേറെ മാനവ പാരിസ്ഥിതിക ആവശ്യങ്ങൾക്ക് നൽകുന്ന രീതിയിൽ പുനർനിർവചിക്കണം. 

വികസനത്തെയും പുരോഗതിയെയും മൂലധന സാമ്രാജ്യത്വം ആധുനികതയുമായി തുല്യപ്പെടുത്തിയിരിക്കുന്നു. പരിസ്ഥിതിക്ക് വേണ്ടി വാദിക്കുന്നവർ വികസന വിരുദ്ധരാണ് എന്ന വാദമാണ് ലോകഭരണകൂടങ്ങള്‍ കൈക്കൊള്ളുന്നത്. കർഷക സമരവും പരിസ്ഥിതി സംരക്ഷണ ശ്രമങ്ങളും നീതിക്കുവേണ്ടിയാണ് എന്നവർ മറക്കുന്നു. കാരണം അത്തരം സമരങ്ങൾ കോർപറേറ്റ്‌വല്‍ക്കരണത്തിന് എതിരാണ്. പ്രകൃതിയുടെ ഭാഗമാണ് മനുഷ്യനെന്നതിനാൽ അതിന്റെ നിലനില്പുമായി അഭേദ്യമായി ബന്ധപ്പെട്ടാണ് മനുഷ്യവംശത്തിന്റെ തുടർച്ച എന്ന പ്രാഥമിക പാരിസ്ഥിതികബോധം നഷ്ടപ്പെട്ടു പോയവരാണ് മിക്കവാറും ഭരണകൂടങ്ങള്‍. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പാരസ്പര്യങ്ങളെ ഗ്രഹിക്കാതെ വികസനമെന്ന പേരിൽ അവര്‍ നടപ്പിലാക്കുന്ന താന്തോന്നിത്തങ്ങളാണ് ഇന്ന് വലിയ പ്രതിസന്ധിയുണ്ടാക്കുന്ന കാലാവസ്ഥാ മാറ്റങ്ങളിൽ കലാശിച്ചത്.
വികസനമെന്നത് പ്രകൃതിയുമായി സഹപരിണാമം സാധ്യമാക്കുന്ന സാഹചര്യത്തിൽ മനുഷ്യ ജീവിതവും സംസ്കാരവും പുഷ്കലമാക്കിക്കൊണ്ടിരിക്കണം. അതിന് കുറഞ്ഞപക്ഷം ഒരു സാമൂഹിക സാമ്പത്തിക രാഷ്ട്രീയ സംസ്കാരിക വിപ്ലവം ആവശ്യമാണുതാനും. അത് സംഭവിപ്പിക്കുക എന്നതാണ് ഇടതുപക്ഷത്തിന്റെ പ്രമുഖമായ കടമയും ഉത്തരവാദിത്തവും. മനുഷ്യനെന്നത് കേവലം ഉപഭോക്താവ് എന്ന നിർവചനത്തിനപ്പുറം ഭൂമിയുടെ മൂർത്തമായ സ്രോതസുകളെ പരിരക്ഷിക്കുന്നതും പ്രകൃതിയുമായി ചേർന്ന് സമ്പത്ത് സൃഷ്ടിക്കുന്നവൻ എന്ന രീതിയിലുമുള്ള അംഗീകാരം വേണം. ഇതൊക്കെയാണ് മാർക്സിയൻ രീതി.
കാലാവസ്ഥാ ദുരന്തത്തിന്റെ ഉത്തരവാദിത്തം മൊത്തം മനുഷ്യരുടെ ചുമലിൽ ഇടുന്നതിൽ അർത്ഥമില്ല. വികസിത രാജ്യങ്ങളിലെയും മറ്റിടങ്ങളിലെയും സമ്പന്ന ന്യൂനപക്ഷത്തിന്റെ ധൂർത്തമായ ജീവിതവും ലാഭമോഹവുമാണ് സ്ഥിതിഗതികൾ രൂക്ഷമാക്കിയത്. അതിനാൽ സാമ്പത്തികമായ തുല്യനീതി സാമൂഹിക പാരിസ്ഥിതിക നീതിയുടെ മുന്നുപാധിയായി മാറണം. ലോകം നിപതിച്ച ആഴമേറിയ പാരിസ്ഥിതിക ദുരന്തത്തിൽ നിന്നുള്ള മോചനം സമത്വാധിഷ്ഠിതമായ പരിസ്ഥിതി രാഷ്ട്രീയത്തിലൂടെയായിരിക്കും സാധ്യമാവുക. അത്തരം രാഷ്ട്രീയം വളർത്താൻ ഇടതുപക്ഷത്തിനേ കഴിയൂ. ആ ഉത്തരവാദിത്തം നിറവേറ്റണം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.