സജി ജോൺ

October 02, 2021, 3:16 pm

കാലാവസ്ഥാവ്യതിയാനവും ഭക്ഷ്യ സുരക്ഷയും; വേണം പുതിയ കാഴ്ചപ്പാടും ആസൂത്രണവും

Janayugom Online

ന്റർ ഗവൺമെന്റ് പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ച് (ഐപിസിസി) കഴിഞ്ഞ ഓഗസ്റ്റ് 9 നു ജനീവയിൽ പുറത്തിറക്കിയ റിപ്പോർട്ട്, ലോകമെങ്ങും ആഗോള താപനവും കാലാവസ്ഥാ വ്യതിയാനവും സംബന്ധിച്ച ചർച്ചകൾക്ക് വീണ്ടും വഴിതെളിച്ചിരിക്കുന്നു. പരിസരമലിനീകരണവും ഹരിതഗൃഹവാതകപ്രഭാവവും വഴി രൂക്ഷമാകുന്ന ആഗോള താപനവും കാലാവസ്ഥാ വ്യതിയാനവും, മനുഷ്യരാശിയുടെ നിലനില്പിനുപോലും ഭീഷണി ആയിരിക്കുന്നുവെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ഇത് പ്രത്യക്ഷത്തിൽത്തന്നെ കൂടുതലായി ബാധിക്കുന്നത് കാർഷിക മേഖലയെയാണ്. കാലാവസ്ഥാ വ്യതിയാനം നമ്മുടെ ഭക്ഷ്യസുരക്ഷയെ എങ്ങനെ ബാധിക്കുമെന്നുള്ളതാണ് ഏറ്റവും പ്രധാനം. ഒപ്പം, ലോകമെമ്പാടും കൃഷിയെയും അനുബന്ധ പ്രവർത്തനങ്ങളെയും ആശ്രയിച്ചു ജീവിക്കുന്ന ഒരു ബില്യണിലധികം ജനങ്ങളുടെ ജീവിതത്തെ അത് എങ്ങനെ സ്വാധീനിക്കുമെന്നതും ആഗോള സമൂഹത്തിൽ ഉൽക്കണ്ഠ ഉളവാക്കുന്നുണ്ട്. തീവ്ര കാലാവസ്ഥാ പ്രതിഭാസങ്ങളുടെ ആവർത്തനംമൂലം ലോകത്തിന്റെ ഭക്ഷ്യസുരക്ഷ ഇതിനകം തന്നെ അപകടത്തിൽപെട്ടുകഴിഞ്ഞിരിക്കുന്നു. ഉയരുന്ന ജനസംഖ്യക്കു ആനുപാതികമായി ഭക്ഷ്യലഭ്യത ഉറപ്പാക്കുവാൻ 2050 ആകുമ്പോഴേക്കും ഭക്ഷ്യോത്പാദനത്തിൽ 50 ശതമാനമെങ്കിലും വർധനവ് വേണ്ടിവരുമെന്നിരിക്കെയാണ് കാലാവസ്ഥാ മാറ്റങ്ങൾ കൃഷിയിൽ വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന ആശങ്ക നമ്മെ വേട്ടയാടുന്നത്. കാലാവസ്ഥാ വ്യതിയാനം വഴി ഇരുപത്തിഒന്നാം നൂറ്റാണ്ടിൽ മൊത്തം ഭക്ഷ്യോത്പാദനം, 30 ശതമാനം കണ്ടു കുറയുമെന്നാണ് ഇപ്പോൾ കണക്കാക്കുന്നത്. ധാന്യം, പാൽ, മാംസാദി ഭക്ഷ്യാല്പാദനം കുറയുക വഴി കടുത്ത ഭക്ഷ്യ പ്രതിസന്ധി ആയിരിക്കും ഫലം. മാത്രവുമല്ല, തീവ്ര കാലാവസ്ഥാ പ്രതിഭാസങ്ങൾ ഇടയ്ക്കിടെ ആവർത്തിക്കുന്നത് ഭക്ഷ്യ വിതരണത്തിലും ഭക്ഷ്യ സാധനങ്ങളുടെ വില നിയന്ത്രിച്ചു നിർത്തുന്നതിലും വലിയ പ്രതിസന്ധി സൃഷ്ടിക്കും.

ന്തരീക്ഷ താപനിലയിൽ വെറും രണ്ട് ഡിഗ്രി സെൽഷ്യസിന്റെ വർധനവ് ഇത്രമേൽ പ്രശ്നങ്ങൾക്ക് ഇടയാക്കുമോയെന്നു ആരെങ്കിലും സംശയിച്ചാൽ അതിൽ കുറ്റം പറയാനാവില്ല. എന്നാൽ രണ്ട് ഡിഗ്രി സെൽഷ്യസിന്റെ വർധനവിൽ ലോകം മാറിമാറിയും എന്നതാണ് യാഥാർത്ഥ്യം. ശരാശരി താപനിലയിൽ ഉണ്ടാകുന്ന ചെറിയ വ്യത്യാസംപോലും ആഗോള ആവാസവ്യവസ്ഥകളെ സാരമായി ബാധിക്കും. കാലാവസ്ഥാ വ്യതിയാനം വഴി ലോകത്തിലെ ഏറ്റവും മികച്ച ഭക്ഷ്യോല്പാദന മേഖലകൾ കൃഷിയിടങ്ങൾ അല്ലാതായി മാറും. മൂന്നിലൊന്നോളം ഭൂപ്രദേശത്തു ശുദ്ധജല ലഭ്യതയും തീരെ ഇല്ലാതെയാകും. അതോടെ, ലോകത്തിന്റെ ഭക്ഷ്യസുരക്ഷ മിഥ്യയായി മാറുമെന്ന് പലരും ഭയപ്പെടുന്നു.

 


ഇതുകൂടി വായിക്കൂ: കാലാവസ്ഥാ വ്യതിയാനം: മുംബൈ കടലെടുക്കുമെന്ന് പഠനം


 

ശ്ചിമഘട്ട പർവതനിരകൾക്കും സമുദ്രാതിർത്തികൾക്കുമിടയിൽ സാൻഡ്വിച്ച് ചെയ്യപ്പെട്ടതുപോലെയുള്ള ഒരു ഭൂപ്രദേശമായ കേരളം, കാലാവസ്ഥാ വ്യതിയാനത്തിന്റെ വലിയ ആഘാതം ഏറ്റുവാങ്ങേണ്ടി വന്നേക്കാവുന്ന മേഖലയായിട്ടാണ് ഇപ്പോൾ വിവക്ഷിക്കപ്പെടുന്നത്. 570 കിലോ മീറ്ററിലേറെ നീളത്തിൽ വ്യാപിച്ചു കിടക്കുന്ന നമ്മുടെ തീരപ്രദേശത്തിൽ 322 കിലോമീറ്ററും തീവ്രമായ കടൽക്ഷോഭത്തിനു വിധേയമാണ്. പാർപ്പിടത്തിനും ഉപജീവനത്തിനുമായി നമ്മുടെ വനങ്ങളും തണ്ണീർത്തടങ്ങളും വൻതോതിൽ പരിവർത്തനം ചെയ്യപ്പെട്ടിരിക്കുന്നു. നിമ്നോന്നതമായ നമ്മുടെ ഭൂപ്രകൃതിയിൽ, മണ്ണൊലിപ്പ് മൂലം മണ്ണിനുണ്ടായിട്ടുള്ള അപചയം, നദികളിൽ നിന്നുൾപ്പെടെയുള്ള അനിയന്ത്രിതമായ മണൽ വാരൽ, വലിയ തോതിലുള്ള ജൈവവൈവിധ്യ ശോഷണം ഇവയെല്ലാം നമ്മുടെ തനതു പാരിസ്ഥിതിക/ആവാസവ്യവസ്ഥയിൽ അസന്തുലിതാവസ്ഥ സൃഷ്ടിച്ചിട്ടുണ്ട്. നദികളുടെ സ്വാഭാവിക ഒഴുക്ക് തടയപ്പെടുന്ന തരത്തിൽ, മൊത്തം ഭൂവിസ്തൃതിക്കു ആനുപാതികമല്ലാത്ത വിധത്തിൽ ഡാമുകളുടെ ഉയർന്ന സാന്ദ്രത, നെൽപ്പാടങ്ങൾ ഉൾപ്പെടെ മൊത്തം തണ്ണീർത്തട വിസ്തൃതിയിൽ ഉണ്ടായിട്ടുള്ള വലിയ കുറവ്, ഭക്ഷ്യവിളകളിൽ നിന്നും റബർ കൃഷിയിലേക്കു വൻതോതിൽ വഴിമാറിയതുവഴി ഭൂവിനിയോഗത്തിലുണ്ടായ മാറ്റം, ഇക്കോ ടൂറിസം എന്നപേരിൽ നാം പ്രോത്സാഹിപ്പിക്കുന്ന ബാക്ക് വാട്ടർ ടൂറിസം തുടങ്ങിയവയെല്ലാം നമ്മുടെ പരിസ്ഥിതിയെ ദുർബലമാക്കിയിട്ടുണ്ട്.

നോക്കെത്താ ദൂരത്തോളം വ്യാപിച്ചു കിടന്നിരുന്ന നമ്മുടെ നെൽപ്പാടങ്ങൾ പ്രധാന ഭക്ഷ്യ സ്രോതസ്സ് എന്നതിലുപരി, മണ്ണിൽ ജലസ്രോതസ്സുകളുടെ സന്തുലിതാവസ്ഥ നിലനിർത്തി യിരുന്ന വിശാലമായ തണ്ണീർത്തടങ്ങൾകൂടി ആയിരുന്നു. വലിയതോതിലുള്ള ഇവയുടെ പരിവർത്തനം, ജലലഭ്യതക്കും പരിസ്ഥിതി സന്തുലിതാവസ്ഥയ്ക്കും ആവാസ വ്യവസ്ഥയ്ക്കും സൃഷ്ടിച്ചിട്ടുള്ള ആഘാതം ചെറുതല്ല. നമ്മുടെ സാമൂഹ്യ നിലവാരവും ഉയർന്ന ജനസാന്ദ്രതയും നിർബന്ധിതമാക്കുന്ന അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങളും വർധിച്ച ഊർജ്ജ ഉപയോഗവും, കാലാവസ്ഥാ വ്യതിയാനത്തിന് മൂലകാരണമായിട്ടുള്ള ഹരിതഗൃഹ വാതക പ്രഭാവത്തിനു ഇടയാക്കുന്നുവെന്നതും നാം കാണാതിരുന്നുകൂടാ. ചുരുക്കത്തിൽ; കേരളത്തിന്റെ ഭൂപ്രദേശ സവിശേഷതകൾക്കൊപ്പം, അശാസ്ത്രീയമായി നാം പിന്തുടരുന്ന വികസന കാഴ്ചപ്പാടുകൾകൂടിയാണ് നമ്മുടെ നാടിനെ ഒരു കാലാവസ്ഥാ ദുർബല മേഖലയാക്കി മാറ്റിയിട്ടുള്ളത്.

 


ഇതുകൂടി വായിക്കൂ: ദക്ഷിണേഷ്യയെ കാത്തിരിക്കുന്ന കാലാവസ്ഥാ വെല്ലുവിളി


 

ഴിഞ്ഞ 50 വർഷത്തിനിടയിൽ കേരളത്തിന്റെ ശരാശരി താപനിലയിൽ 0. 6 ഡിഗ്രി സെൽഷ്യസിന്റെ വർധനവാണ് ഉണ്ടായിട്ടുള്ളത്. എന്നാൽ ജൈവവൈവിധ്യത്തിന്റെ ഹോട്ട്സ്പോട്ട് ആയി വിശേഷിപ്പിക്കപ്പെടുന്ന നമ്മുടെ പശ്ചിമഘട്ടത്തിൽ ഇത് ഏതാണ്ട് 1.46 ഡിഗ്രി സെൽഷ്യസ് ആണ്. 2050 ഓടെ തന്നെ കേരളത്തിൽ ശരാശരി താപനത്തിൽ രണ്ട് ഡിഗ്രിക്കുമേൽ വർധനവ് ഉണ്ടാകാനിടയുണ്ടെന്നു കാലാവസ്ഥ പഠനങ്ങൾ സൂചിപ്പിക്കുന്നു. പശ്ചിമഘട്ട നിരകളിൽ ഇത് രണ്ട് ഡിഗ്രി മുതൽ 4.5 ഡിഗ്രി വരെ ഉയരാനും സാധ്യതയുണ്ടെന്ന് കണക്കാക്കപ്പെടുന്നു. ഇത് യാഥാർത്ഥ്യമായാൽ കൂടുതൽ പ്രകൃതി ദുരന്തങ്ങളെ നമ്മുടെ സംസ്ഥാനത്തിന് നേരിടേണ്ടിവരും. ആലപ്പുഴ, പാലക്കാട്, വയനാട്, ഇടുക്കി എന്നീ ജില്ലകളായിരിക്കും കൂടുതൽ ആഘാതം ഏറ്റുവാങ്ങേണ്ടിവരിക. അറബിക്കടലിന്റെ റാണിയായ കൊച്ചിയുടെ താഴ്ന്ന പ്രദേശങ്ങളും ഏറെ ജാഗ്രത വേണ്ടിവരുന്ന ഭൂമേഖലയാണ്.

നമ്മുടെ നാട്ടിൽ ഇന്നും വലിയൊരു ജനവിഭാഗത്തിന്റെ ഉപജീവനമാർഗം, കൃഷിയും അനുബന്ധ മേഖലയുമാണ്. എന്നാൽ കാലാവസ്ഥാ വ്യതിയാനം, തനതു കാർഷിക ആവാസ വ്യവസ്ഥയ്ക്കുമേൽ കരിനിഴൽ വീഴ്ത്തുകയാണ്. അന്തരീക്ഷ താപനിലയിൽ ഒരു ഡിഗ്രിയുടെ വർധനവുപോലും നമ്മുടെ പ്രധാന കാർഷിക വിളകൾക്ക് വലിയ ദോഷം ചെയ്യും. വയനാട്ടിലെ കഴിഞ്ഞ 80 വർഷത്തെ താപനില പരിശോധിച്ചാൽ കുറഞ്ഞ താപനിലയിൽ 1.1 ഡിഗ്രിയുടെയും കൂടിയ താപനിലയിൽ 0. 9 ഡിഗ്രിയുടെയും വർധനവ് ഉണ്ടായിട്ടുണ്ടെന്ന് കാണാം. മഴക്കാടിന്റെ ആവാസവ്യവസ്ഥയിൽ വളരുന്ന വയനാട്ടിലെ പ്രധാനപ്പെട്ട തോട്ടവിളകളായ കാപ്പി, കുരുമുളക്, ഏലം തുടങ്ങിയവയുടെ ഉല്പാദനം കുറയുന്നതിനും; വിളകളിൽ കൂടുതൽ കീടരോഗ ബാധയ്കും ഇത് കാരണമാക്കിയിട്ടുണ്ട്.

 


ഇതുകൂടി വായിക്കൂ: മോസം: കാലാവസ്ഥാ മുന്നറിയിപ്പുകള്‍ക്ക് ഒരു ഇന്ത്യന്‍ ടച്ച്


 

കാലാവസ്ഥാ വ്യതിയാനം കാർഷിക മേഖലയെ എങ്ങനെയെല്ലാം പ്രതികൂലമായി ബാധിക്കുമെന്ന കാര്യത്തിൽ ശാസ്ത്രലോകത്തിന് ഇന്ന് വ്യക്തമായ ധാരണയുണ്ട്. രൂക്ഷമാകുന്ന ചുഴലിക്കൊടുങ്കാറ്റുകൾ, ഇടിമിന്നലുകൾ, കാലം തെറ്റിയുള്ള പേമാരി, വെള്ളപ്പൊക്കം, മണ്ണൊലിപ്പ്, മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ, വരൾച്ച, ജലക്ഷാമം, മരുഭൂമിവത്കരണം, കൃഷിനാശം, ജൈവ വൈവിധ്യശോഷണം, പുതിയ കള കീടരോഗാണുക്കളുടെ ആവിർഭാവം ഇവയൊക്കെ ആയിരിക്കും കാർഷികമേഖല അനുഭവിക്കേണ്ടിവരുന്ന പ്രധാന പ്രശ്നങ്ങൾ. മണ്ണൊലിപ്പ്, വേലിയേറ്റം, വെള്ളപ്പൊക്കം, ഉപ്പുവെള്ളം കയറൽ തുടങ്ങിയ കാരണങ്ങളാൽ തീരപ്രദേശത്തും താഴ്ന്ന പ്രദേശങ്ങളിലും കൃഷിഭൂമിയുടെ ലഭ്യത കാര്യമായി കുറയാനിടയുണ്ട്. ദക്ഷിണാർധഗോളത്തിലെ താഴ്ന്ന പ്രദേശങ്ങൾ കടലെടുത്തു കൃഷി അസാധ്യമാക്കും. ജലസ്രോതസുകളുടെ ദൗർലഭ്യത്താൽ മണ്ണ് ശിഥിലീകരിക്കപ്പെടും. വരൾച്ച അധികരിച്ച് വേനൽക്കാലം നീളും. ശീതകാലം ചുരുങ്ങി ഈർപ്പമേറിയതുമാകും. മണ്ണിലെ അധികരിച്ച നീർവാർച്ചമൂലം, മണ്ണൊലിപ്പ്, നൈട്രജൻ നഷ്ടം, ജൈവ വൈവിധ്യ ശോഷണം എന്നിവ രൂക്ഷമാകും. ആഗോളതാപനം വർധിക്കുമ്പോൾ മണ്ണിലെ ജൈവാംശം വളരെവേഗം കുറയുന്നത് മണ്ണിന്റെ വളക്കൂറിനെ കൂടുതൽ പ്രതിസന്ധിയിലാക്കും. കാലാവസ്ഥാവ്യതിയാനം, വിളകളുടെ വളർച്ചാകാലവും ഉല്പാദനശേഷിയും കുറയുന്നതിനിടയാക്കും. ദീർഘകാല തോട്ടവിളകളെ ആയിരിക്കും ഇത് കൂടുതലായി ബാധിക്കുന്നത്. ജലദൗർലഭ്യവും അകാലമഴയും, ഫലവർഗപച്ചക്കറി വിളകളുടെ ഉല്പാദനവും വിളവും കുറയ്ക്കും. പ്രാദേശികമായി പരിണാമം സംഭവിച്ച പുതിയ കള കീടരോഗാണുക്കളുടെ ശല്യം വിളനഷ്ടം രൂക്ഷമാക്കാനിടയാക്കും. കന്നുകാലി വളർത്തൽ മേഖലയിൽ ജലം, തൊഴുത്ത്, ഊർജ്ജം എന്നിവയുടെ ആവശ്യം അധികരിക്കും. പുൽമേടുകൾ ശോഷിച്ച് കന്നുകാലിവളർത്തൽ ദുഷ്കരമാകും. രോഗാണുക്കളുടെ വർധിച്ച വളർച്ചാനിരക്ക് കാരണം കന്നുകാലികളിലെ രോഗവ്യാപനം വർധിക്കും. മൊത്തത്തിൽ, കാലാവസ്ഥാ വ്യതിയാനം പാലുല്പാദനത്തിലും അവയുടെ ഗുണമേന്മയിലും വലിയ കുറവുണ്ടാക്കും.

ദക്ഷിണേഷ്യയിൽ, ഇന്ത്യയിലായിരിക്കും ഏറ്റവുമധികം കർഷകർ കാലാവസ്ഥാ വ്യതിയാനത്തിന്റെ ദുരിതമനുഭവിക്കേണ്ടി വരുന്നത്. ഉയർന്ന താപനില, നെല്ലുല്പാദനം ഗണ്യമായി കുറയ്ക്കും. ഓരോ ഡിഗ്രി ഉയർന്ന ചൂടിലും നെല്ലുല്പാദനം ആറ് ശതമാനം കണ്ടു കുറയുമെന്നാണ് ഗവേഷണഫലങ്ങൾ തെളിയിക്കുന്നത്. ഗോതമ്പ്, മക്കച്ചോളം, ഉരുള ക്കിഴങ്ങ് തുടങ്ങിയവയുടെ ഉല്പാദനത്തിലും കുറവുണ്ടാകും. കേരളത്തെ സംബന്ധിച്ചിടത്തോളം ഉയർന്ന അന്തരീക്ഷ താപനിലയും മണ്ണിലെ ജലദൗർലഭ്യവും കുരുമുളക്, ഏലം, തേയില, കാപ്പി എന്നീ വിളകളുടെ ഉല്പാദനത്തിൽ കാര്യമായ കുറവുണ്ടാക്കും. കടൽ വെള്ളം കയറുന്നതും മണ്ണിൽ ലവണങ്ങൾ അടിഞ്ഞുകൂടുന്നതും കുട്ടനാട്, പൊക്കാളി, കൈപ്പാട്, കോൾ മേഖലകളിൽ നെൽകൃഷിക്കു വലിയ വെല്ലുവിളി സൃഷ്ടിക്കും. ഇവയെല്ലാം, കൃഷി മുഖ്യ ഉപജീവനമാർഗമാക്കിയ നമ്മുടെ ചെറുകിട കർഷകരുടെ സുരക്ഷിതത്വം അപകടത്തിലാകുന്നതിനു കാരണമാകും. ഭക്ഷ്യോല്പാദനത്തിലുണ്ടാകുന്ന കുറവ് നാടിന്റെ ഭക്ഷ്യസുരക്ഷയെ തന്നെ പ്രതിസന്ധിയിലാക്കും.

 


ഇതുകൂടി വായിക്കൂ:കാലാവസ്ഥയും കോവിഡ് വ്യാപനവും തമ്മിൽ ബന്ധമുണ്ടോ?


 

ആഗോളതാപനത്തിനു ഹേതുവായ ഹരിതഗൃഹവാതകങ്ങളിൽ ഏറ്റവും പ്രധാനം കാർബൺ ഡൈ ഓക്സൈഡ് ആണ്. നൈട്രസ് ഓക്സൈഡും മീതൈനുമാണ് മറ്റു വാതകങ്ങൾ. സാധാരണഗതിയിൽ, ഹരിതസസ്യങ്ങൾ പ്രകാശസംശ്ലേഷണം എന്ന പ്രക്രിയയിലൂടെ കാർബൺ ഡൈ ഓക്സൈഡ് വാതകത്തെ ആഗിരണം ചെയ്തു അന്തരീക്ഷത്തിൽ അതിന്റെ സന്തുലിതാവസ്ഥ നിലനിർത്തും. വനനശീകരണവും ചുറ്റുവട്ടത്തെ മരങ്ങളും ചെടികളും നശിപ്പിക്കപ്പെടുന്നതും കൃഷി ഇല്ലാതാകുന്നതും എങ്ങനെ ആഗോളവ്യാപനത്തിന് വഴിവയ്ക്കുന്നുവന്നു കാണാൻ മറ്റു തെളിവുകളൊന്നും ആവശ്യമില്ല. മറ്റൊരുവിധത്തിൽ പറഞ്ഞാൽ, കാർബൺ ഡൈ ഓക്സൈഡ് എന്ന ഹരിതഗൃഹവാതകത്തെ ആഹരിക്കുവാൻ കഴിയുന്നത് സസ്യങ്ങൾക്കാണ്. അത് സൂക്ഷിച്ചുവയ്ക്കുവാൻ കഴിയുന്നത് ജൈവവസ്തുക്കളിലും മണ്ണിലുമാണ്. എന്നാൽ ഇതിനൊരു മറുവശം കൂടിയുണ്ട്. കാലാവസ്ഥ വ്യതിയാനത്തിന് കാരണമാകുന്ന മനുഷ്യ പ്രവർത്തനങ്ങളിൽ കൃഷിയും ഒരു പ്രധാന ഘടകമാണ്. പ്രധാനപ്പെട്ട ഹരിതഗൃഹ വാതകങ്ങളിലൊന്നായ നൈട്രസ്ഓക്സയിഡിന്റെ ഉറവിടം നൈട്രജൻ അടങ്ങിയ രാസവളങ്ങളാണ്. മറ്റൊരു പ്രധാന ഘടകമായ മീതൈനിന്റെ ഉറവിടം കന്നുകാലി വളർത്തലും വിള ജൈവ അവശിഷ്ടങ്ങൾ കത്തിക്കുന്നതുമാണ്. ഇതിനുപുറമെ മണ്ണിന്റെ അശാസ്ത്രീയമായ ഉപയോഗം, അമിതമായ രാസവള കീടനാശിനികളുടെ ഉപയോഗം, ഉയർന്ന വൈദ്യുതി ഉപയോഗം തുടങ്ങി നിരവധി ഘടകങ്ങൾ, ഉയർന്ന ഹരിത വാതക പ്രഭാവത്തിനും ആഗോള താപനത്തിനും ഇടയാക്കുന്നു. കൃഷിയിലും അനുബന്ധ മേഖലകളിലും നാം അനുവർത്തിച്ചുവരുന്ന പരിപാലനമുറകളും സമീപനങ്ങളും നിർണായകമാകുന്നത് ഇത്തരുണത്തിലാണ്. കൃഷിക്കു വേണ്ടിയുള്ള ഭൂവിനിയോഗത്തിലും കൃഷിപരിപാലന രീതികളിലും സാരമായ മാറ്റം സാധ്യമായില്ലെങ്കിൽ അത് ആഗോള താപനത്തിനും കാലാവസ്ഥാ വ്യതിയാനത്തിനും ആക്കം കൂട്ടുകയേ ഉള്ളൂ.

തികച്ചും പ്രവചനാതീതമായ കാലാവസ്ഥയെ പ്രതിരോധിച്ചായിരിക്കും നമ്മുടെ കർഷകർക്ക് ഇനിമേൽ കൃഷിചെയ്യേണ്ടി വരിക. എത്ര ഉന്നതമായ സാങ്കേതികവിദ്യകൾ സ്വായത്തമാക്കിയാലും കൃഷി, കാലാവസ്ഥാ മാറ്റങ്ങളുമായുള്ള ചൂതാട്ടമായി മാറും. മാറുന്ന കാലാവസ്ഥയ്ക്കൊപ്പം കൃഷി സമ്പ്രദായങ്ങളിലും മാറ്റം ഉണ്ടായില്ലെങ്കിൽ നമ്മുടെ ചെറുകിട കർഷകരുടെ ഉപജീവനസുരക്ഷയും ലോകത്തിന്റെ ഭക്ഷ്യസുരക്ഷയും അപകടത്തിലാകുമെന്നാണ്, ലോക ഭക്ഷ്യകാർഷിക സംഘടന (എഫ്എഒ) മുന്നറിയിപ്പു നൽകുന്നത്. ഒരു വശത്തു കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാകുന്ന കൃഷിയിലെ അശാസ്ത്രീയ സമീപനങ്ങളെ നിയന്ത്രിക്കുക, മറുവശത്തു കാലാവസ്ഥാ വ്യതിയാനത്തിന്റെ ദുരന്തം ഏറ്റുവാങ്ങേണ്ടിവരുന്ന കർഷക സമൂഹത്തിനു പരിരക്ഷ നൽകുക; ഇതിലൂന്നിയ നയമാണ് നമുക്കുണ്ടാകേണ്ടത്. ഇതിനായി ഭക്ഷ്യ കാർഷിക സംഘടന, ലോകരാഷ്ട്രങ്ങളുടെ മുന്നിൽ അവതരിപ്പിച്ചിട്ടുള്ള പുതിയ നയ സമീപനരേഖയാണ് “ക്ലൈമറ്റ് സ്മാർട്ട് അഗ്രിക്കൾച്ചർ”.

 


ഇതുകൂടി വായിക്കൂ: കാലാവസ്ഥാ വ്യതിയാനം മാമ്പഴക്കാലത്തിനു ഭീഷണിയായി


 

മണ്ണും ജൈവവൈവിധ്യവും സംരക്ഷിക്കുന്ന സുസ്ഥിരകൃഷി സമ്പ്രദായങ്ങൾ പലതും നാം അനുവർത്തിച്ചു പോരുന്നുണ്ട്. എന്നാൽ ക്ലൈമറ്റ് സ്മാർട്ട് കൃഷി, കാലാവസ്ഥാ വ്യതിയാനത്തെക്കൂടി കണക്കിലെടുക്കുന്നു. മണ്ണ്, ജലം, ജനിതക വിഭവങ്ങൾ, ഊർജ്ജം എന്നിവയുടെ സുസ്ഥിര പരിപാലനം ഉറപ്പാക്കുക, കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കുന്ന സാങ്കേതിക വിദ്യകൾ വികസിപ്പിച്ച് സുസ്ഥിര കൃഷിരീതികളിലൂടെ കാർഷികോല്പാദനവും കർഷകരുടെ വരുമാനവും വർധിപ്പിക്കുക, കൃഷിയിൽ നിന്നുള്ള ഹരിതഗൃഹ വാതക നിർഗമനം പരമാവധി കുറയ്ക്കുക തുടങ്ങിയ ബഹുമുഖ തന്ത്രങ്ങളാണ് ക്ലൈമറ്റ് സ്മാർട്ട് കൃഷിയുടെ അടിസ്ഥാനം. ഓരോ രാജ്യത്തിന്റെയും ദേശീയ ഭക്ഷ്യ സുരക്ഷാലക്ഷ്യങ്ങൾ നിറവേറ്റുന്ന തരത്തിലായിരിക്കണം ക്ലൈമറ്റ് സ്മാർട്ട് കൃഷിനയം ആവിഷ്കരിക്കേണ്ടതെന്നു ഭക്ഷ്യ കാർഷിക സംഘടന നിർദ്ദേശിക്കുന്നു. വിള പരിപാലനം, കന്നുകാലി വളർത്തൽ, ശുദ്ധജല മത്സ്യകൃഷി, വനവൽക്കരണം തുടങ്ങി എല്ലാ മേഖലകളിലും സുസ്ഥിര വികസനം ഏകോപിപ്പിക്കണം. ദീർഘകാലാടിസ്ഥാനത്തിൽ ഭക്ഷ്യസുരക്ഷയും കർഷകസുരക്ഷയും ഉറപ്പാക്കുവാൻ ഇതുമാത്രമാണ് കരണീയമായിട്ടുള്ളത്.

മലനിരകൾ, പുഴകൾ, നീർമറി പ്രദേശങ്ങൾ, വാസസ്ഥലങ്ങൾ, കൃഷിയിടങ്ങൾ ഇവയെല്ലാം കൂട്ടിയിണക്കപ്പെട്ട ഒരു ഭൂമേഖലയായ കേരളത്തിനു, കാലാവസ്ഥയെയും പരിസ്ഥിതിയെയും കണക്കിലെടുത്തു കൊണ്ടുള്ള കൃഷിരീതികൾ മാത്രമേ മേലിൽ അനുവർത്തിക്കാൻ കഴിയൂ. നമ്മുടെ എല്ലാ അഗ്രോ എക്കളോജിക്കൽ മേഖലകളിലും, കാലാവസ്ഥാ വ്യതിയാനത്തിന് വിധേയമായിട്ടുള്ള പ്രദേശങ്ങളുടെ വിശദമായ മാപ്പിംഗ് തയ്യാറാക്കേണ്ടതുണ്ട്. അതീവ പരിസ്ഥിതി ദുർബല മേഖലകളെ കൃഷിയിൽ നിന്നൊഴിവാക്കിയും; മറ്റു പരിസ്ഥിതി ദുർബല മേഖലകളെ പ്രത്യേകമായി വേർതിരിച്ചും; ഓരോ പ്രദേശത്തിനും അനുയോജ്യമായ വിളകളും പരിപാലന മുറകളും ആവിഷ്കരിച്ചും, കൃഷിയിൽ ഒരു പുത്തൻ നയസമീപനം അനിവാര്യമാണ്. കുട്ടനാട് പോലെയുള്ള പരിസ്ഥിതി മേഖലകളിൽ കൃഷിക്കായി പ്രത്യേക പ്രോട്ടോകോൾ നടപ്പിലാക്കേണ്ടിവരും. ഓരോ പ്രദേശത്തും കൃഷിചെയ്യുവാൻ തീർത്തും അനുയോജ്യമായ വിളകൾ മാത്രം തെരഞ്ഞെടുത്തു കൃഷിചെയ്യണം. നീണ്ടു നിൽക്കുന്ന വരൾച്ച, അപ്രതീക്ഷിതമായുണ്ടാകുന്ന അതിപ്രളയം, മണ്ണിലെ വർധിച്ച ഉപ്പുരസം തുടങ്ങിയവയെ അതിജീവിക്കുവാൻ കഴിവുള്ള വിത്തിനങ്ങൾ നാം അടിയന്തരമായി വികസിപ്പിച്ചെടുക്കേണ്ടതുണ്ട്. അതോടൊപ്പം, കീടങ്ങളെയും രോഗങ്ങളെയും പ്രതിരോധിക്കുന്ന വിത്തിനങ്ങൾക്കായുള്ള ഗവേഷണവും ഊർജ്ജിതപ്പെടുത്തണം. ഏകവിള സമ്പ്രദായത്തിൽ അധിഷ്ഠിതമായ ഊർജ്ജിത കൃഷിരീതികൾ കാലാവസ്ഥാ വ്യതിയാനത്തെ നേരിടാൻ പര്യാപ്തമല്ല. ബഹുവിള കൃഷിസമ്പ്രദായങ്ങളും സംയോജിത കൃഷിരീതികളും തിരിച്ചുകൊണ്ടുവരേണ്ടതുണ്ട്. പരമ്പരാഗത നാടൻ വിത്തിനങ്ങൾക്ക് വലിയതോതിൽ കാലാവസ്ഥാ വ്യതിയാനത്തെ നേരിടാനാകുമെന്നുള്ള തിരിച്ചറിവ് ഇന്ന് നമ്മുടെ കർഷകർക്കുണ്ട്. ഇത്തരം പ്രതിരോധ ശേഷിയുള്ള ഇനങ്ങളിൽ നിന്നും ഓരോ പ്രദേശത്തിനും അനുയോജ്യമായ പുതിയ ഇനങ്ങൾ വികസിപ്പിച്ചെടുക്കുവാനും പ്രത്യേക ശ്രദ്ധ ഉണ്ടാകേണ്ടതാണ്. ഇതിനു പുറമെ, കിഴങ്ങു വർഗങ്ങൾ, ചെറുധാന്യങ്ങൾ, തുടങ്ങി ഇന്ന് അവഗണിക്കപ്പെടുന്നതും എന്നാൽ “ക്ലൈമറ്റ് സ്മാർട്ട്” ആയി അറിയപ്പെടുന്നവയുമായ വിളകൾക്ക് ഇനിയുള്ള കാലം കൂടുതൽ പ്രാധാന്യം നൽകണം. മണ്ണ്-ജല സംരക്ഷണ പ്രവർത്തനങ്ങളിൽ ശാസ്ത്രീയമായ സമീപനവും ഏകോപനവും സംസ്ഥാനത്തു ഇനിയും പുരോഗമിക്കേണ്ടതുണ്ട്. മണ്ണിന്റെ വളക്കൂറും ഘടനയും ശാസ്ത്രീയമായി പരിപാലിക്കുന്നതിനു മുന്തിയ ശ്രദ്ധതന്നെ വേണം. എല്ലാ കർഷകർക്കും സോയിൽ ഹെൽത്ത് കാർഡ് ലഭ്യമാക്കുകയും എല്ലാവർഷവും മണ്ണിന്റെ ആരോഗ്യ ഘടകങ്ങൾ വിശകലനം ചെയ്യുവാൻ അവസരമൊരുക്കുകയും വേണം. വിവിധ സർക്കാർ ഏജൻസികളുടെ നിലവിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചാൽതന്നെ ഇത് സാധ്യമാകാവുന്നതേയുള്ളൂ. വരും വർഷങ്ങളിൽ മൺസൂൺ മഴയുടെ അളവിൽ കുറവുണ്ടാകുമെന്ന നിഗമനത്തിന്റെ പശ്ചാത്തലത്തിൽ, ശാസ്ത്രീയമായ ജലപരിപാലനമുറകൾ താഴെത്തട്ടു മുതൽ നടപ്പാക്കണം. കൃഷിയിടങ്ങളിൽ മഴവെള്ളക്കൊയ്ത്തു പ്രോത്സാഹിപ്പിക്കുകയും ഭൂഗർഭ ജലസ്രോതസ്സുകൾ സംരക്ഷിക്കുകയും ചെയ്യേണ്ടതുണ്ട്. കൃഷിക്കാവശ്യമായ ജലലഭ്യത ഉറപ്പു വരുത്തുന്നതിൽ ഇത് നിർണായകമാണ്. സൂക്ഷ്മ ജലസേചനരീതികളും കൃത്യതാ കൃഷികളുമൊക്കെ വ്യാപിപ്പിച്ചു കൃഷിയിലെ ജലഉപയോഗം പരമാവധി കുറച്ചു കൊണ്ടുവരണം.

 


ഇതുകൂടി വായിക്കൂ: കാലാവസ്ഥ വ്യതിയാനം ചെറുക്കാൻ ന്യൂസിലൻഡിൽ പുതിയ നിയമം വരുന്നു


 

രാസവളങ്ങൾ ആവശ്യത്തിനുമാത്രമായി പരിമിതപ്പെടുത്തി ഹരിതഗൃഹ വാതക നിർഗമനം കുറക്കുന്നതിലും ശ്രദ്ധ നൽകേണ്ടതുണ്ട്. അധികരിച്ച ഊർജ്ജ ഉപയോഗം വലിയ തോതിലുള്ള ഹരിതഗൃഹവാതക നിർഗമനത്തിനു ഇടയാക്കുന്നു. ഇനിയങ്ങോട്ട്, കാർഷിക യന്ത്രവൽക്കരണത്തിലും ജലസേചനത്തിലുമൊക്കെ ഊർജ്ജ ഉപയോഗം കുറഞ്ഞ മാർഗങ്ങൾ പരമാവധി ആശ്രയിക്കേണ്ടതായിവരും. സോളാർ പമ്പുകളുടെ ഉപയോഗം വ്യാപകമാക്കുന്നതിന് സഹായകമായ പദ്ധതികൾ നിലവിലുണ്ടെങ്കിലും അത് നേരാംവണ്ണം പ്രയോജനപ്പെടുത്തുവാൻ നമുക്കായിട്ടില്ല. രോഗകീട നിയന്ത്രണത്തിനുള്ള പെസ്റ്റ് ആന്റ് ഡിസീസ് സർവെയിലൻസ് ശക്തിപ്പെടുത്തുന്നതിന് “ജിയോ ഇൻഫർമാറ്റിക്സ്” അധിഷ്ഠിത സാങ്കേതിക സംവിധാനങ്ങൾക്ക് സംസ്ഥാനം തുടക്കം കുറിച്ചിട്ടുണ്ടെങ്കിലും അതിനിയും ശക്തിപ്പെടുത്തേണ്ടതുണ്ട്. അതേസമയം, സംയോജിത രോഗകീട നിയന്ത്രണ മാർഗങ്ങൾക്കു മുൻഗണന നൽകി, രാസകീട നാശിനികളുടെ ഉപയോഗം പരമാവധി കുറയ്ക്കുന്നതിന് പ്രത്യേക ശ്രദ്ധ വേണം. പ്രാദേശിക തലത്തിൽ ഓട്ടോമേറ്റഡ് വെതർ സ്റ്റേഷനുകൾ സ്ഥാപിക്കുകയും അതുവഴിശേഖരിക്കുന്ന കാലാവസ്ഥാ വിവരങ്ങൾ കർഷകർക്ക് ക്രോപ് അഡ്വൈസറീസ് ആയി ലഭ്യമാക്കുവാൻ കഴിയുംവിധം കാർഷിക സർവകലാശാലയുടെ മെറ്റീരിയോളജി വിഭാഗത്തെ ശക്തിപ്പെടുത്തേണ്ടതുണ്ട്. മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങൾ ഇക്കാര്യത്തിൽ ഏറെ മുന്നോട്ടു പോയിട്ടുണ്ട്.

കർഷകർക്ക് വേണ്ടതോതിൽ വായ്പ ലഭ്യമാക്കുന്നതിലും വിള ഇൻഷുറൻസ് പരിരക്ഷ നൽകുന്നതിലും പ്രത്യേക ശ്രദ്ധ ആവശ്യമാണ്. സുരക്ഷിത ഭക്ഷ്യോല്പാദനത്തിനായി ജൈവ കൃഷിയും ഉത്തമ കൃഷിരീതികളും പ്രോത്സാഹിപ്പിക്കുന്നതിനുള്ള നിരവധി പദ്ധതികൾ സംസ്ഥാനത്തു നടപ്പിലാക്കി വരുന്നുണ്ട്. എന്നാൽ, അതിനനുസൃതമായി ജൈവ സർട്ടിഫിക്കേഷൻ, ഗ്യാപ് സർട്ടിഫിക്കേഷൻ എന്നിവ വ്യാപകമാകുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിച്ചിട്ടില്ല. കർഷകരുടെ ഉൽപ്പന്നങ്ങൾക്ക് മെച്ചപ്പെട്ട വില ഉറ പ്പാക്കുന്നതിനാവശ്യമായ അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുകയെന്നതും പ്രധാനപ്പെട്ടതാണ്. വിപണന സൗകര്യങ്ങളും ഭക്ഷ്യ സംസ്കരണവിതരണ ശൃംഖലകളും വർധിപ്പിക്കുന്നതിൽ നമുക്ക് ഇനിയുമേറെ മുന്നേറാനുണ്ട്. ഉല്പന്ന സംസ്കരണത്തിലൂടെയും മൂല്യവർധനവിലൂടെയും കർഷകരുടെ വരുമാനം ഉയർത്താൻ കഴിഞ്ഞാൽ മാത്രമേ ക്ലൈമറ്റ് സ്മാർട്ട് കൃഷി ഏറ്റെടുക്കുവാൻ കർഷകർ തയ്യാറാവുകയുള്ളൂ. ഇപ്പോൾ നിലവിലുള്ളതും പുതുതായി രൂപീകരിക്കുന്നതുമായ കർഷക ഉല്പാദക സംഘങ്ങളെ ഇതിനായി ശാക്തീകരിക്കേണ്ടത് അത്യാവശ്യമാണ്. ഇതിനൊപ്പം, പ്രാഥമിക കാർഷിക സഹകരണ സ്ഥാപനങ്ങളെക്കൂടി ഈ ശൃംഖലയുടെ ഭാഗമാക്കുകയും വേണം.

 


ഇതുകൂടി വായിക്കൂ: മണ്‍സൂണ്‍: കരുത്തേറുന്നതിന് കാരണം കാലാവസ്ഥാ വ്യതിയാനം


 

നല്ലൊരു വിഭാഗം ജനങ്ങളുടെ ഏക ഉപജീവനമാർഗം എന്ന നിലയിലായിരുന്നു നമ്മുടെ സംസ്ഥാനത്തു ഒരു കാലഘട്ടത്തിൽ കൃഷിയുടെ പ്രാധാന്യം. പിന്നീട്, ഭക്ഷ്യ സുരക്ഷയ്ക്കും സുരക്ഷിത ഭക്ഷ്യോല്പാദനത്തിനും നാം ശ്രദ്ധ നൽകി. എന്നാൽ, അതിലോലമായ ഒരു പാരിസ്ഥിതിക ഭൂമേഖലയെ പരിരക്ഷിക്കുന്നതിനുള്ള മുഖ്യോപാധിയായികൂടി കൃഷിയെ കണക്കിലെടുക്കേണ്ടതുണ്ട്. ഭക്ഷ്യോല്പാദനത്തിനു പുറമെ പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിർത്തുകയെന്ന വലിയ കർമം കൂടിയാണ് കൃഷിയിലൂടെ നിർവഹിക്കപ്പെടുന്നതെന്ന ബോധം എല്ലാവരിലേക്കും പകർന്നു നൽകണം. നമ്മുടെ മണ്ണും ജലവും വിത്തും ജൈവ സമ്പത്തും സംരക്ഷിച്ചും; കൃഷിയിലെ ഊർജ്ജ ഉപയോഗവും വെള്ളത്തിന്റെ ഉപയോഗവും പരമാവധി കുറച്ചും; ഓരോ പ്രദേശത്തിന്റെയും കാർഷിക കാലാവസ്ഥ ഘടകങ്ങളുടെ അടിസ്ഥാനത്തിൽ അനുയോജ്യമായ സുസ്ഥിര കൃഷി സമ്പ്രദായങ്ങൾ ആവിഷ്കരിച്ചും മുന്നേറുവാൻ എത്രമാത്രം കഴിയുമെന്നതിനെ ആശ്രയിച്ചായിരിക്കും ക്ലൈമറ്റ് സ്മാർട്ട് കൃഷിയുടെ വിജയം.

തികച്ചും കർഷക സൗഹൃദയമായ കാഴ്ചപ്പാടിലൂടെ മാത്രമേ ക്ലൈമറ്റ് സ്മാർട്ട് കൃഷി സമ്പ്രദായങ്ങൾ സംസ്ഥാനത്തു നടപ്പിലാക്കാനാകൂ. പരിസ്ഥിതി സൗഹൃദ/കാലാവസ്ഥാ സൗഹൃദ കൃഷിസമ്പ്രദായങ്ങളിലേക്ക് കർഷകരെ താനേ നയിക്കുവാൻ കഴിയുംവിധം ആഴത്തിലുള്ള അവബോധം സൃഷ്ടിക്കുവാൻ പ്രത്യേകമായൊരു കർമ്മ പദ്ധതിക്ക് രൂപം കൊടുക്കേണ്ടതുണ്ട്. ഹരിയാനയിലും ബിഹാറിലും മധ്യപ്രദേശിലുമൊക്കെ “ക്ലൈമറ്റ് സ്മാർട്ട് വില്ലേജുകൾ” സ്ഥാപിച്ചാണ് ഇതിനായുള്ള വിജ്ഞാന വ്യാപന പ്രവർത്തനങ്ങൾ നടത്തിവരുന്നത്. ഇത് കേരളത്തിലും അടിയന്തരമായി നടപ്പിലാക്കി തുടങ്ങണം. യഥാസമയം കർഷകർക്ക് വായ്പ ലഭ്യമാക്കുവാൻ പ്രത്യേക കോർപ്പസ് ഫണ്ടിനും; വിലത്തകർച്ചയിൽ നിന്നും കർഷകർക്ക് പരിരക്ഷ നൽകുവാൻ പ്രത്യേക റിസ്ക് ഫണ്ടിനും രൂപം കൊടുക്കുന്ന കാര്യം ഗൗരവമായി പരിഗണിക്കേണ്ടിവരും. ഓരോ പ്രദേശത്തെയും മുഴുവൻ കാർഷിക വിളകൾക്കും ഇൻഷുറൻസ് പരിരക്ഷ ഉറപ്പാക്കുവാൻ തദ്ദേശസ്ഥാപനങ്ങൾ മുന്നോട്ടുവന്നാൽ അത് വിപ്ലവാത്മക മാറ്റങ്ങൾക്കു വഴി തെളിക്കും.

 


ഇതുകൂടി വായിക്കൂ: കാലാവസ്ഥാ വ്യതിയാനം ; സര്‍വ്വനാശം പ്രവചിച്ച് ശാസ്ത്ര ലോകം


 

കാലാവസ്ഥാ മാറ്റത്തിനനുസൃതമായി കാർഷികകേരളത്തെ പുനർസൃഷ്ടിക്കണമെങ്കിൽ, നയരൂപീകരണത്തിലും ധനവിനിയോഗത്തിലുമൊക്കെ പുതിയ കാഴ്ചപ്പാടുകൾ ഉണ്ടാകേ ണ്ടതുണ്ട്. പരിസ്ഥിതിസംരക്ഷണം എന്നനിലയിൽത്തന്നെ കൃഷിക്ക് അംഗീകാരവും കർഷകർക്ക് സാമ്പത്തിക സഹായവും ലഭിക്കുവാൻ അർഹതയുണ്ടെന്ന തിരിച്ചറിവും അതിനനുസൃതമായ നയങ്ങളും ഉണ്ടാകണം. ദീർഘകാലാടിസ്ഥാനത്തിലും ഹ്രസ്വകാലാ ടിസ്ഥാനത്തിലും കാർഷികമേഖലയ്ക്കുള്ള ഫണ്ട് വകയിരുത്തുമ്പോൾ സംസ്ഥാന ആസൂ ത്രണബോർഡ് ഇക്കാര്യങ്ങളെ കൂടുതൽ യാഥാർഥ്യബോധത്തോടെ സമീപിക്കേണ്ടതുണ്ട്. ദുർബല പാരിസ്ഥിതിക മേഖലയായ കേരളത്തിന് ക്ലൈമറ്റ് സ്മാർട്ട് കൃഷി നടപ്പിലാക്കുവാനായി കേന്ദ്ര സർക്കാരിൽ നിന്നും പ്രത്യേക ധനസഹായത്തിനും അർഹതയുണ്ട്. പരിസ്ഥിതി സംരക്ഷണത്തിനായി നാം ചെലവഴിക്കുന്ന ഓരോരൂപയും ഭാവിതലമുറക്കുള്ള നിക്ഷേപമാണ് എന്നതിനാൽ, വേണ്ടിവന്നാൽ “പാരിസ്ഥിതിക സെസ്സ്” ഏർപ്പെടുത്തിപ്പോലും ക്ലൈമറ്റ് സ്മാർട്ട് കാർഷിക പദ്ധതി നടപ്പിലാക്കുന്നതിനുവേണ്ട പണം കണ്ടെത്തുവാൻ സംസ്ഥാനത്തിന് കഴിയണം. ചുരുക്കത്തിൽ, കാലാവസ്ഥാ വ്യതിയാനത്തോട് പൊരുതുന്ന ഒരു കാർഷിക സംസ്കാരം രൂപപ്പെടുത്തുകയെന്നത് വലിയ വെല്ലുവിളി തന്നെയാണ്. സുസ്ഥിരകൃഷിരീതികൾക്ക് ഊന്നൽനൽകി കാർഷികോല്പാദനം മെച്ചപ്പെടുത്തുന്നതിനും ഭക്ഷ്യസുരക്ഷിതത്വവും കർഷകസുരക്ഷയും ഉറപ്പാക്കുന്നതിനും സഹായകമായ നയരൂപീകരണമാണ് അടിയന്തരമായി വേണ്ടത്. ഇതിനായി, ബന്ധപ്പെട്ട എല്ലാ മേഖലകളിലെയും വിദഗ്ധരെ ഉൾപ്പെടുത്തി ഒരു ഉന്നതതല കർമ്മസമിതിക്കു രൂപം കൊടുക്കുന്നത് അഭികാമ്യമായിരിക്കും.

(സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ മുൻ ഡയറക്ടറും; ആസൂത്രണ ബോർഡ് മുൻ അഗ്രോണോമിസ്റ്റും കൃഷിവകുപ്പ് മുൻ പ്രൊജക്റ്റ് ഇക്കണോമിസ്റ്റും ആണ് ലേഖകൻ)