23 April 2024, Tuesday

Related news

December 17, 2023
July 25, 2023
June 9, 2023
June 7, 2023
May 26, 2023
April 4, 2023
October 20, 2022
October 7, 2022
April 14, 2022
December 21, 2021

മതാതീത സംവരണം : പഠിക്കാന്‍ സമിതി

Janayugom Webdesk
ന്യൂഡല്‍ഹി
October 7, 2022 11:45 pm

ദളിത് വിഭാഗത്തില്‍ നിന്നും മറ്റ് മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നവര്‍ക്ക് എസ്‌സി പദവി നല്‍കുന്നത് സംബന്ധിച്ച് പഠിക്കാനായി കേന്ദ്ര സര്‍ക്കാരിന്റെ സമിതി. മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ മൂന്നംഗ സമിതിക്കാണ് രൂപം നല്‍കിയത്. വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥന്‍ രവീന്ദര്‍ കുമാര്‍ ജെയ്ന്‍, യുജിസി അംഗം പ്രൊഫ. സുഷമ യാദവ് തുടങ്ങിയവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍. രാജ്യത്തെ മത പരിവര്‍ത്തിത വിഭാഗങ്ങള്‍ സംവരണം മതാതീതമായിരിക്കണമെന്ന് ഏറെക്കാലമായി ആവശ്യപ്പെടുന്നുണ്ട്. പ്രസിഡന്‍ഷ്യല്‍ ഓര്‍ഡറില്‍ പരാമര്‍ശിക്കാത്ത മതങ്ങളിലേക്ക് മാറുന്നവര്‍ക്ക് എസ്‌സി പദവി നല്‍കാനാകുമോ എന്നത് പരിശോധിക്കുകയാണ് കമ്മിഷന്റെ പ്രധാന ലക്ഷ്യം. പട്ടിക ജാതി വിഭാഗവുമായി ബന്ധപ്പെട്ട സാമൂഹിക സാമ്പത്തിക വിഷയങ്ങള്‍ ഉള്‍പ്പെടെയുള്ളവയും പരിശോധിക്കും. മറ്റ് മതങ്ങളിലേക്ക് പരിവർത്തനം ചെയ്ത ശേഷം ആചാരപരമായോ സാമൂഹിക, സാമ്പത്തിക വിവേചനങ്ങളോ ഇവര്‍ നേരിടുന്നുണ്ടോ എന്നതായിരിക്കും പ്രധാന പരിഗണനാ വിഷയം. ഇവര്‍ക്ക് എസ്‌സി പദവി നല്‍കിയാല്‍ ഉണ്ടാകുന്ന മറ്റ് സാമൂഹിക പ്രത്യാഘാതങ്ങളും കമ്മിഷന്‍ പരിശോധിക്കും. ഹിന്ദു, സിഖ്, ബുദ്ധ ഇതര മതം സ്വീകരിക്കുന്ന ഒരു വ്യക്തിയെയും പട്ടികജാതികളിൽ അംഗമായി കണക്കാക്കാൻ പാടില്ല എന്നാണ് ഭരണഘടനാ (പട്ടികജാതി) ഉത്തരവിന്റെ മൂന്നാം ക്ലോസില്‍ പറയുന്നത്.

വിഷയം അടിസ്ഥാനപരവും ചരിത്രപരവും സാമൂഹ്യശാസ്ത്രപരവും ഭരണഘടനാപരവുമായ ചോദ്യമാണെന്നും വിശദമായ പഠനവും വിപുലമായ കൂടിയാലോചനയും വേണ്ടതാണെന്നും കേന്ദ്ര സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയം വിജ്ഞാപനത്തില്‍ പറയുന്നു. മതാതീതമായി ദളിത് വിഭാഗക്കാര്‍ക്ക് പട്ടികജാതി സംവരണം നല്‍കണമെന്ന ആവശ്യം രണ്ട് പതിറ്റാണ്ടിലേറെയായി സുപ്രീം കോടതിക്ക് മുന്നിലുണ്ട്. സെന്റര്‍ ഫോര്‍ പബ്ലിക് ലിറ്റിഗേഷന്‍ 2004ല്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ക്രൈസ്തവ സഭകളടക്കം കക്ഷിചേര്‍ന്നിട്ടുമുണ്ട്. കേസ് വീണ്ടും ഈ മാസം 11ന് പരിഗണിക്കാനിരിക്കെയാണ് പുതിയ സമിതി കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ചിരിക്കുന്നത്. ഹിന്ദുമതത്തില്‍ ദളിത് വിഭാഗങ്ങള്‍ നേരിടുന്ന രീതിയില്‍ തൊട്ടുകൂടായ്മ ഉൾപ്പെടെയുള്ള വിവേചനത്തിന് മറ്റ് മതങ്ങളിലെ ദളിതരും വിധേയരാണെന്ന് 2007ല്‍ രംഗനാഥ് മിശ്ര കമ്മിഷന്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. എന്നാല്‍ മറ്റ് മതങ്ങള്‍ സ്വീകരിച്ച ദളിതര്‍ക്ക് സംവരണം നല്‍കണമെങ്കില്‍ മതപരിവര്‍ത്തനത്തിന് മുമ്പ് പിന്തുടര്‍ന്നു പോന്ന പാരമ്പര്യവും ആചാരങ്ങളും പിന്തുടരണമെന്നായിരുന്നു 2011ല്‍ ദേശീയ പട്ടികജാതി കമ്മിഷന്‍ സുപ്രീം കോടതിയെ അറിയിച്ച നിലപാട്. 2011ലെ സെന്‍സസ് പ്രകാരം രാജ്യത്തെ ക്രിസ്ത്യന്‍, മുസ്‌ലിം ജനസംഖ്യ യഥാക്രമം 2.4 കോടി (2.34 ശതമാനം) 13.8 കോടി (13.43 ശതമാനം) എന്നിങ്ങനെയാണ്. എന്നാല്‍ പട്ടിക ജാതി വിഭാഗത്തില്‍ നിന്നും ക്രിസ്ത്യന്‍, മുസ്‌ലിം വിഭാഗങ്ങളിലേക്ക് മതപരിവര്‍ത്തനം നടത്തിയവരുടെ കണക്ക് ഔദ്യോഗികമായി നിലവില്‍ ലഭ്യമല്ല.

Eng­lish Sum­ma­ry: Cen­tre forms com­mis­sion to exam­ine giv­ing Sched­uled Caste sta­tus to con­vert­ed Dalits
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.