9 May 2024, Thursday

കേന്ദ്ര നടപടി നേരിട്ട കമ്പനികള്‍ ബോണ്ടുകള്‍ വാങ്ങിക്കൂട്ടി

Janayugom Webdesk
ന്യൂഡല്‍ഹി
March 15, 2024 9:55 pm

ഇലക്ടറൽ ബോണ്ടിലൂടെ ബിജെപിക്ക് വന്‍ തുകകള്‍ നല്‍കിയിരിക്കുന്നത് കേന്ദ്ര ഏജൻസികളുടെ അന്വേഷണ നടപടികൾ നേരിട്ട മുൻനിര കമ്പനികള്‍.
എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി), ആദായനികുതി വകുപ്പ് തുടങ്ങിയ ഏജന്‍സികളുടെ അന്വേഷണവും റെയ്ഡും നേരിട്ടതിന് പിന്നാലെ ചില കമ്പനികൾ ഇലക്ടറൽ ബോണ്ടുകൾ വാങ്ങിയതായാണ് രേഖകള്‍ വ്യക്തമാക്കുന്നത്. 2019 ഏപ്രിൽ 12 നും 2024 ജനുവരി 24 നും ഇടയിൽ ഇലക്ടറൽ ബോണ്ടുകൾ വാങ്ങിയ 41 മുന്‍നിര കമ്പനികളില്‍ 18 എണ്ണം ഇത്തരത്തില്‍ ബോണ്ടുകള്‍ വാങ്ങിയിട്ടുണ്ട്. ഏകദേശം 2015.5 കോടിയുടെ ബോണ്ടുകളാണ് ഈ കമ്പനികള്‍ വാങ്ങിയതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഇത് മുന്‍ വര്‍ഷങ്ങളിലെ സംഭാവനകളേക്കാള്‍ അഞ്ചിരട്ടി അധികമാണ്.
ഇലക്ടറൽ ബോണ്ടുകൾ വഴി രാഷ്ട്രീയ പാർട്ടികൾക്ക് ഏറ്റവും കൂടുതൽ സംഭാവന നൽകിയ സാന്റിയാഗോ മാർട്ടിന്റെ ഫ്യൂച്ചർ ഗെയിമിങ് ആൻഡ് ഹോട്ടൽ സർവീസസ് പ്രൈവറ്റ് ലിമിറ്റഡ്, മേഘ എന്‍ജിനീയറിങ് ആന്റ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ്, ഹൽദിയ എനർജി ലിമിറ്റഡ്, വേദാന്ത പ്രൈവറ്റ് ലിമിറ്റഡ്, യശോദ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ, ഡിഎൽഎഫ് കൊമേഴ്‌സ്യൽ ഡെവലപ്പേഴ്‌സ് ലിമിറ്റഡ് തുടങ്ങിയ വൻകിട കമ്പനികൾ ഈ പട്ടികയിൽ ഉൾപ്പെടുന്നുണ്ട്. 

വ്യക്തിഗത ദാതാക്കളിൽ ബയോകോൺ സ്ഥാപക കിരൺ മജുംദാർ ഷാ, വരുൺ ഗുപ്ത, ബി കെ ഗോയങ്ക, ജൈനേന്ദ്ര ഷാ എന്നിവരും മോണിക്ക എന്ന ആദ്യപേരിൽ മാത്രം അറിയപ്പെടുന്ന ഒരാളും ഉൾപ്പെടുന്നു. കേന്ദ്ര ഏജന്‍സികള്‍ നടപടിയെടുത്തതോടെ യശോദ ഹോസ്പിറ്റല്‍സ് 162 കോടിയുടെ ഇലക്ട്രല്‍ ബോണ്ടുകളാണ് വാങ്ങിയത്. ഇതേ കാരണത്താല്‍ ഐആര്‍ബി ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്പേഴ്സ് 84 കോടിരൂപ ബിജെപിക്ക് സംഭാവന നല്‍കി. കേന്ദ്ര ഏജന്‍സിയുടെ റെയ്ഡിന് പിന്നാലെ സോം ഡിസ്റ്റിലറീസ് മൂന്ന് കോടിയുടെ ബോണ്ട് വാങ്ങി. കൊല്‍ക്കത്ത കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ശ്രീ സിമന്റ്സ് 7.5 കോടി രൂപയുടെയും ബി പാര്‍ത്ഥ സാരഥി റെഡ്ഡിയുടെ ഉടമസ്ഥതയിലുള്ള ഫാര്‍മസ്യൂട്ടിക്കല്‍ സ്ഥാപനമാണ് ഹെറ്റേറോ ഗ്രൂപ്പ് 60 കോടിയുടെയും സംഭാവന നല്‍കി. മുംബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന യുഎസ്‌വി പ്രൈവറ്റ് ലിമിറ്റഡും അന്വേഷണത്തെത്തുടര്‍ന്ന് ബോണ്ട് വാങ്ങി. രണ്ട് തവണയായി 24 കോടിയുടെ ബോണ്ട് കമ്പനി വാങ്ങിയിട്ടുണ്ട്. 105 കോടി രൂപയുടെ ഇലക്ടറൽ ബോണ്ടുകളാണ് ആന്ധ്ര ആസ്ഥാനമായുള്ള രാംകി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ചെന്നൈ ഗ്രീന്‍വുഡ്സ് വാങ്ങിയത്. 

ഓർബിന്ദോ ഫർമയുടെ മാനേജിങ് ഡയറക്ടർ ശരത് റെഡ്ഡി 2022 നവംബർ 10ന് അറസ്റ്റിലായതിന് പിന്നാലെ അഞ്ച് ദിവസത്തിനുശേഷം കമ്പനി 52 കോടിയുടെ ഇലക്ടറൽ ബോണ്ടുകൾ വാങ്ങിയിട്ടുണ്ട്. ഓം കോത്താരി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എസ്‌പിഎംഎല്‍ ഓം മെറ്റല്‍ ജെവി നികുതി വകുപ്പ് അന്വേഷണത്തെത്തുടര്‍ന്ന് അഞ്ച് കോടിയുടെ ബോണ്ടുകള്‍ വാങ്ങി. ഡോളോ 650ന്റെ നിര്‍മ്മാതാക്കളായ മൈക്രോ ലാബ്സ് 2022 ഒക്ടോബറിനും 2023 ഒക്ടോബറിനും ഇടയില്‍ 16 കോടിയുടെ ബോണ്ട് വാങ്ങി. സിമന്റ് നിര്‍മ്മാതാക്കളായ രാംകോ ഗ്രൂപ്പ് കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തിന് പിന്നാലെ 2022–23 കാലയളവില്‍ 54 കോടിയുടെ ബോണ്ട് വാങ്ങി. കെജെഎസ് ഗ്രൂപ്പ്, ത്രിവേണി എര്‍ത്ത് മൂവേഴ്സ്, ട്രിഡെന്റ് ലിമിറ്റഡ്, കപ്പാസിറ്റി ഇന്‍ഫ്ര പ്രൊജക്ട്സ്, ഐഎല്‍എബിഎസ് ടെക്നോളജി സെന്റര്‍ പ്രൈവറ്റ് ലിമിറ്റഡ്, ആല്‍കേം ലബോറട്ടറീസ് തുടങ്ങിയ കമ്പനികളെല്ലാം തന്നെ ഐടി, ഇഡി റെയ്ഡുകൾക്ക് പിന്നാലെ ഇലക്ടറല്‍ ബോണ്ടുകൾ സ്വന്തമാക്കിയതായി തെരഞ്ഞെടുപ്പ് കമ്മിഷൻ പുറത്ത് വിട്ട രേഖകളില്‍ വ്യക്തമാക്കുന്നു.

Eng­lish Summary:Companies that faced cen­tral action bought bonds
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.