30 April 2024, Tuesday

വികസനപ്രവർത്തനങ്ങള്‍ തടയാന്‍ കോൺഗ്രസ് — ബിജെപി കൂട്ടുകെട്ട്: മുഖ്യമന്ത്രി

പ്രത്യേക ലേഖകന്‍
തിരുവനന്തപുരം
February 24, 2022 10:26 pm

വികസനപ്രവർത്തനങ്ങളെ വിവാദങ്ങളുയര്‍ത്തി തടയാനുള്ള അവിശുദ്ധ കൂട്ടുകെട്ടാണ്‌ കോൺഗ്രസും ബിജെപിയും തമ്മിലുള്ളതെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് കെ റയിലിനെതിരെ കോൺഗ്രസ്‌ സംഘടിപ്പിക്കുന്ന പരിപാടിയിൽ ഇ ശ്രീധരന്‍ മുഖ്യ പങ്കാളിയാകുന്നത്. വികസനത്തിന്‌ ഒപ്പം നിൽക്കാതെ കേരളത്തെ പിന്നോട്ടടിപ്പിക്കാനാണ്‌ ഇവരുടെ ശ്രമമെന്ന് നിയമസഭയിൽ നന്ദിപ്രമേയ ചർച്ചയ്ക്കുള്ള മറുപടിയില്‍ മുഖ്യമന്ത്രി പറഞ്ഞു.

പ്രതികൂല സാഹചര്യങ്ങളിലും ബദലുകൾ മുന്നോട്ടുവച്ച്‌ പ്രതിസന്ധികളെ മറികടക്കാനാണ്‌ എൽഡിഎഫ്‌ സർക്കാർ ശ്രമിക്കുന്നത്‌. പ്രഖ്യാപനങ്ങള്‍ പൂര്‍ത്തീകരിക്കുവാനുള്ള പദ്ധതികളുടെ രൂപരേഖ തന്നെയാണ്. ഇത് തെളിയിക്കാന്‍ സാധിച്ച സര്‍ക്കാരാണ് കഴിഞ്ഞ അഞ്ചു വര്‍ഷവും ഇവിടെയുണ്ടായിരുന്നത്. അതിന്റെ തുടര്‍ച്ചയായുള്ള ഇപ്പോഴത്തെ സര്‍ക്കാരും കേരളത്തിന്റെ വികസനമാണ്‌ ലക്ഷ്യമിടുന്നത്, മുഖ്യമന്ത്രി പറഞ്ഞു. വിവാദങ്ങളുണ്ടാക്കി എല്ലാ വികസന പ്രവര്‍ത്തനങ്ങളെയും തടയുക എന്ന കോണ്‍ഗ്രസ് തന്ത്രവും ഭരിക്കാനനുവദിക്കാതെ എങ്ങനെയെല്ലാം ഇടങ്കോലിട്ടു തടസമുണ്ടാക്കാനാവും എന്ന ബിജെപി തന്ത്രവും പരസ്പരം യോജിച്ചു നീങ്ങുന്ന കാഴ്ചയാണ് കേരളത്തില്‍‍ കാണുന്നത്. എല്‍ഡിഎഫിന്റെ കാര്യക്ഷമതയുള്ള ഭരണം തുടര്‍ന്നാല്‍ വിസ്മയകരമായ വികസനത്തിലേക്കു കേരളം ഉയരും. ഇതറിയുന്നതുകൊണ്ടാണ് കോണ്‍ഗ്രസും ബിജെപിയും ഒറ്റയ്ക്കും കൂട്ടായും വികസന പ്രവര്‍ത്തനങ്ങളെ തടയാന്‍ ഇടപെടുന്നത്.

നല്ല നേട്ടങ്ങളെ അട്ടിമറിക്കാന്‍ വലതുപക്ഷ ശക്തികള്‍ വല്ലാതെ ശ്രമിക്കുന്നു എന്നതാണ് കേരളത്തിന്റെ ദുരനുഭവം. 1957–59 ഘട്ടത്തില്‍ ഭൂപരിഷ്‌കരണത്തെ അട്ടിമറിക്കാന്‍ ഇവിടെ അവിശുദ്ധകൂട്ടുകെട്ടുകളുണ്ടായി. ഇപ്പോള്‍ വികസനത്തെ അട്ടിമറിക്കാന്‍ സമാനമായ അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടാവുകയാണ്. ഭൂപരിഷ്‌കരണമുണ്ടായാല്‍ കേരളത്തിന്റെ സാമൂഹിക ബന്ധങ്ങള്‍ പുരോഗമനപരമായി മാറിപ്പോകും എന്ന ആശങ്കയാണ് അന്ന് വലതുപക്ഷ കക്ഷികളെ ഒരുമിപ്പിച്ചതെങ്കില്‍ കെ റയില്‍ അടക്കമുള്ള വികസന പദ്ധതികളുണ്ടായാല്‍ തങ്ങള്‍ക്കു കളിക്കാന്‍ ഒരു കളവും അവശേഷിക്കില്ല എന്ന ഉത്കണ്ഠയാണ് എല്ലാ വലതുപക്ഷ ശക്തികളെയും ഒരുമിപ്പിക്കുന്നത്, പിണറായി വിശദീകരിച്ചു.

 

Eng­lish Sum­ma­ry: Con­gress-BJP alliance to block devel­op­ment: CM

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.