23 June 2024, Sunday

‘400ന് മുകളിൽ’തലവാചകമല്ലാതായതെങ്ങനെ

ജയ്സണ്‍ ജോസഫ്
April 30, 2024 4:30 am

വീണ്ടും അധികാരത്തിലെത്തിയാൽ ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന ചട്ടക്കൂട്ടിൽ മാറ്റം വരുത്തുകയോ സംവരണം ഇല്ലാതാക്കുകയോ ചെയ്യില്ലെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ആവർത്തിക്കുന്നു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ “സംവരണം അവസാനിപ്പിക്കുന്ന പ്രശ്നമില്ല. സംവരണം ആവശ്യമാണെന്ന് ഉറച്ചു വിശ്വസിക്കുന്നു. ഭരണഘടനയുടെ അടിസ്ഥാന ഘടനയിൽ മാറ്റം വരുത്തേണ്ടതിന്റെ ആവശ്യകതയുമില്ല എന്നാണ് ഉറച്ചു വിശ്വസിക്കുന്നത്” എന്നാണദ്ദേഹം പറഞ്ഞത്.
മഹാരാഷ്ട്രയിലെ അങ്കോളയിലെ തെരഞ്ഞെടുപ്പ് പ്രചരണ വേളയിൽ അമിത് ഷായും ഇത് ഏറ്റുപറഞ്ഞു. “ബിജെപി അധികാരത്തിൽ വന്നാൽ പട്ടികജാതി, പട്ടികവർഗ, ഒബിസി സംവരണം ഇല്ലാതാക്കില്ല”. എന്നാൽ ‘ബിജെപി അധികാരത്തിലേറിയാൽ സംവരണം ഇല്ലാതാക്കും’ എന്ന തിരിച്ചറിവിലാണ് ഇപ്പോള്‍ പൊതുസമൂഹം. ബിജെപി ഭരണഘടന മാറ്റും എന്ന ബോധ്യത്തിനു പിന്നിൽ ഒട്ടേറെ കാരണങ്ങളുമുണ്ട്.
2009 മുതൽ ഒബിസി വോട്ടുകൾ അനുകൂലമായി വർധിച്ചതിന്റെ ഫലമാണ് ബിജെപിയുടെ തെരഞ്ഞെടുപ്പ് വിജയങ്ങള്‍. ഒബിസി വോട്ടുകളില്‍ നിര്‍ണായകമായ ഭാഗം നേടിയെടുക്കുന്നതിൽ അവര്‍ എങ്ങനെ വിജയിച്ചുവെന്ന് സെന്റർ ഫോർ ദ സ്റ്റഡി ഓഫ് ഡെവലപ്പിങ് സൊസൈറ്റീസ് (സിഎസ്ഡിഎസ്) കണക്കുകളിലൂടെ ചൂണ്ടിക്കാട്ടുന്നു. 2009ലെ ഒബിസി വോട്ടിന്റെ 17ശതമാനത്തിൽ നിന്ന്, 2019ൽ എത്തുമ്പോൾ 47ശതമാനം നേടാൻ ബിജെപിക്കു കഴിഞ്ഞു. എന്നാൽ ബിജെപി സംവരണം ഇല്ലാതാക്കുമെന്ന സംശയം ബലപ്പെടുംതോറും ഒബിസി വോട്ടു വിഹിതം ഗണ്യമായി വിരുദ്ധചേരിയിലേക്ക് മറിയും.
ബിജെപി നേതാക്കൾ ആവർത്തിക്കുന്നത് ‘400 ലോക്‌സഭാ സീറ്റുകൾ = ഭരണഘടനാ മാറ്റം’ എന്ന പുതിയ സമവാക്യമാണ്. 400 സീറ്റുകൾ എന്ന ലക്ഷ്യം നേടിയാൽ സംവരണം ഇല്ലാതാക്കുമെന്ന ബോധ്യം ബിജെപിയോട് അനുഭാവം പുലര്‍ത്തുന്ന ദളിത്, ഗോത്ര, ഒബിസി വിഭാഗങ്ങൾക്കിടയിൽ പ്രചരിച്ചത് തിരിച്ചടിയാണ്. തുടര്‍ന്നാണ് ‍ ‘400 പാർ’ (400ന് മുകളില്‍) എന്ന തലവാചകം ബിജെപി ഒഴിവാക്കി തുടങ്ങിയത്.

പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി ചെയർമാൻ ബിബേക് ദെബ്രോയ്, 2023 ഓഗസ്റ്റ് 14ലെ ഒരു ലേഖനത്തിൽ, ”വി ദ പീപ്പിള്‍” മാറ്റിയെഴുതേണ്ട സാഹചര്യത്തെക്കുറിച്ച് വാചാലനായി. ഭരണഘടനയുടെ ആമുഖം തുടങ്ങുന്നതുതന്നെ ‘വി ദ പീപ്പിള്‍’ എന്ന ബഹുവചനത്തിലാണല്ലോ. അവ്യക്തതയ്ക്ക് ഇടം നൽകാതെ ഒരു പുതിയ ഭരണഘടനയെക്കുറിച്ചും അദ്ദേഹം പറഞ്ഞു. ഭേദഗതികളല്ല വേണ്ടത് എന്നും വിസ്തരിച്ചു. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി ഇത് വ്യക്തിപരമായ അഭിപ്രായമാണ് എന്ന നിലപാട് പിന്നിട് സ്വീകരിച്ചു. പക്ഷെ ദെബ്രോയ് വിതച്ച വിത്ത് മുളപൊട്ടിയിരുന്നു.
2024 മാർച്ച് 11ന്, കർണാടകയിൽ നിന്നുള്ള ബിജെപി എംപി അനന്ത്കുമാർ ഹെഗ്ഡെ ‘ഭരണഘടനാ ഭേദഗതിക്ക് 400 സീറ്റ് ലക്ഷ്യം’ ആവര്‍ത്തിച്ചു. ഹെഗ്ഡെ സംഘ്പരിവാറുമായി ഏറെ അടുപ്പമുള്ള, തീവ്രചിന്താഗതിക്കാരനാണ്. ദെബ്രോയിയെപ്പോലുള്ള സാങ്കേതിക വിദഗ്ധർ മാത്രമല്ല, സംഘ്പരിവാരങ്ങളും ആഗ്രഹിക്കുന്നതാണ് ഭരണഘടനാ മാറ്റമെന്ന് ഹെഗ്ഡെ സ്ഥിരീകരിച്ചു.
കോൺഗ്രസിൽ നിന്ന് കൂറുമാറി ബിജെപിയില്‍ എത്തിയ ജ്യോതി മിർധ 2024 ഏപ്രിൽ രണ്ടിന് പൊതുയോഗത്തിൽ ഭരണഘടനയിൽ മാറ്റങ്ങൾ വരുത്താൻ പാർട്ടിക്ക് വലിയ ഭൂരിപക്ഷം നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ചു. ഫൈസാബാദിൽ നിന്ന് രണ്ടുതവണ എംപിയും അയോധ്യയിൽ നിന്നുള്ള ദീർഘകാല എംഎൽഎയുമായിരുന്ന ലല്ലു സിങ്, ഭരണഘടന മാറ്റുന്നതിനോ പുതിയത് ഉണ്ടാക്കുന്നതിനോ മൂന്നിൽ രണ്ട് ഭൂരിപക്ഷം നല്‍കണമെന്ന് പറഞ്ഞുകൊണ്ടേയിരിക്കുന്നു. മിൽകിപൂർ നിയമസഭാ മണ്ഡലത്തിൽ നടന്ന പൊതുയോഗത്തിലാണ് ലല്ലു സിങ് ഇക്കാര്യം പറഞ്ഞുതുടങ്ങിയത്. മീററ്റിൽ നിന്നുള്ള ബിജെപി സ്ഥാനാർത്ഥി അരുൺ ഗോവിലാകട്ടെ കാലക്രമേണ ഭരണഘടനയിൽ മാറ്റങ്ങളുണ്ടായിട്ടുണ്ടെന്നും അതിൽ ഒരു ദോഷവുമില്ല എന്ന തരത്തിലുള്ള വീഡിയോ സന്ദേശം പ്രചരിപ്പിച്ചു. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി വീണ്ടും അധികാരത്തിലെത്തിയാൽ ഭരണഘടനയിൽ മാറ്റം വരുത്തുമെന്ന വസ്തുതയോട് പ്രതികരിച്ചുള്ളതായിരുന്നു ഗോവിലിന്റെ വീഡിയോ സന്ദേശം. “ഭരണഘടന കാലഘട്ടങ്ങള്‍ക്കനുസരിച്ച് മാറിയിട്ടുണ്ട്. മാറ്റം വികസനത്തിന്റെ അടയാളമാണ്. അതൊരു മോശം കാര്യമല്ല. കഴിഞ്ഞകാല സാഹചര്യങ്ങൾ വ്യത്യസ്തമായിരുന്നു; നിലവിലെ സാഹചര്യവും വ്യത്യസ്തമാണ്. ഭരണഘടന ഒരു വ്യക്തിയുടെ ഉദ്ദേശ്യത്തോടെ മാറില്ല. എന്നാല്‍ എല്ലാവരുടെയും സമ്മതത്തോടെ ഇത് മാറും.”

ബിജെപി ഉന്നതതലത്തില്‍ എടുത്ത ഉറച്ച തീരുമാനമില്ലാതെ ഇങ്ങനെ ആവര്‍ത്തിക്കാനാവില്ല എന്ന ബോധ്യം ജനങ്ങളില്‍ കനപ്പെടുകയാണ്. ചരിത്രപരമായി, ആർഎസ്എസ് ഭരണഘടനയെ എതിർക്കുന്നു. 1949 നവംബർ 26ന് ഭരണഘടന അംഗീകരിച്ച് ദിവസങ്ങൾക്ക് ശേഷം നവംബർ 30ലെ ആർഎസ്എസ് മുഖപത്രമായ ഓർഗനൈസർ അവ്യക്തതയൊന്നും അവശേഷിപ്പിക്കാതെ എഴുതി.
‘ഭാരതത്തിന്റെ പുതിയ ഭരണഘടനയിൽ ഭാരതീയമായി ഒന്നുമില്ല എന്നതാണ് ഏറ്റവും മോശം. ഭരണഘടനയുടെ സ്രഷ്ടാക്കള്‍ അതിൽ ബ്രിട്ടീഷ്, അമേരിക്കൻ, കനേഡിയൻ, സ്വിസ്, മറ്റ് ഭരണഘടനകളുടെ ഘടകങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ പുരാതന ഭാരതീയ ഭരണഘടനാ നിയമങ്ങൾ, സ്ഥാപനങ്ങൾ, നാമകരണം, പദാവലി എന്നിവ പേരിനുപോലും ഇല്ല. ഭാരതത്തിന്റെ ഭരണഘടനയിൽ, പ്രാചീന ഭാരതത്തിലെ അതുല്യമായ ഭരണഘടനാ വികാസത്തെക്കുറിച്ച് പരാമർശമില്ല. മനുവിന്റെ നിയമങ്ങൾ സ്പാർട്ടയിലെ ലൈക്കർഗസിനും പേർഷ്യയിലെ ശലോമോനും ഏറെ മുമ്പേ എഴുതിയതാണ്. മനുസ്മൃതിയിൽ പറഞ്ഞിരിക്കുന്ന നിയമങ്ങൾ ലോകം പ്രശംസിക്കുന്നതാണ്. എന്നാൽ ഭരണഘടനാ പണ്ഡിതന്മാർ അതൊന്നും പരിഗണിക്കുന്നില്ല.’

മനുസ്മൃതി “ഹിന്ദുത്വ വോട്ടർമാർക്കുള്ള ഒരു പ്രബന്ധമാണ്”, പത്രപ്രവർത്തകനും എഴുത്തുകാരനുമായ നിലഞ്ജൻ മുഖോപാധ്യായ എഴുതി. വി ഡി സവർക്കറുടെ മറുപടി ഇങ്ങനെ: “ഹൈന്ദവ രാഷ്ട്രത്തിന് വേദങ്ങൾക്കുശേഷം ഏറ്റവും ആരാധനായോഗ്യമായതും പുരാതന കാലം മുതൽ സംസ്കാരത്തിന്റെയും ആചാരങ്ങളുടെയും ചിന്തയുടെയും പ്രയോഗത്തിന്റെയും അടിസ്ഥാനവുമായി മാറിയ ഗ്രന്ഥമാണ് മനുസ്മൃതി. ഈ പുസ്തകം നൂറ്റാണ്ടുകളായി രാജ്യത്തിന്റെ ആത്മീയവും ദൈവികവുമായ യാത്രയെ ക്രോഡീകരിച്ചു. കോടിക്കണക്കിന് ഹിന്ദുക്കൾ അവരുടെ ജീവിതത്തിലും പ്രയോഗത്തിലും പിന്തുടരുന്ന നിയമങ്ങൾ മനുസ്മൃതിയെ അടിസ്ഥാനമാക്കിയുള്ളതാണ്. മനുസ്മൃതി ഹിന്ദു നിയമമാണ്’’. ഇന്ത്യൻ ഭരണഘടനയെക്കാൾ മനുസ്മൃതിക്ക് പ്രാമുഖ്യം നൽകുന്നത് സംഘത്തിന്റെ ദീർഘകാല രീതിയാണ്.
2015ൽ ആർഎസ്എസ് മുഖപത്രമായ പാഞ്ചജന്യയിൽ നൽകിയ അഭിമുഖത്തിൽ, സംവരണം പുനഃപരിശോധിക്കണമെന്നും ഭരണഘടനയിൽ അടിസ്ഥാനപരമായ മാറ്റങ്ങൾ വരുത്തുന്നത് ചിന്തിക്കണമെന്നും ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് പറഞ്ഞിരുന്നു. 2015ല്‍ നടന്ന ബിഹാർ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ പരാജയത്തിന് ആ പ്രസ്താവന കാരണമായതായി പിന്നീട് ചൂണ്ടിക്കാട്ടിയിരുന്നു. ഇ‌ക്കഴിഞ്ഞദിവസം ഭാഗവത് പഴയ പ്രസ്താവനകളില്‍ നിന്ന് വഴുതി. ഭരണഘടന അനുശാസിക്കുന്ന ‍ സംവരണം നല്‍കുന്നതിനെ സംഘടന എപ്പോഴും പിന്തുണച്ചിരുന്നതായി അവകാശപ്പെട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.