23 December 2024, Monday
KSFE Galaxy Chits Banner 2

കോപ് 28 ഉച്ചകോടി ചരിത്ര നേട്ടമോ?

സജി ജോണ്‍
December 21, 2023 4:15 am

“ലോകത്തിന് ഒരു പുതിയ വഴി കണ്ടെത്തേണ്ടിയിരുന്നു. ധ്രുവ നക്ഷത്രത്തെ പിന്തുടർന്ന് ഞങ്ങൾ ആ വഴി കണ്ടെത്തി. ഭൂമിയുടെയും മാനവരാശിയുടെയും ഭാവി സുരക്ഷയ്ക്കായി കഠിനമായി അധ്വാനിച്ചു നേടിയ ഈ ചരിത്ര നേട്ടത്തിൽ നാം അഭിമാനം കൊള്ളണം.” ഇതാണ് കഴിഞ്ഞ ദിവസം ദുബായിൽ അവസാനിച്ച യുഎൻ ആഗോള കാലാവസ്ഥാ ഉച്ചകോടിയുടെ സമാപന പ്രസംഗത്തിൽ അധ്യക്ഷനായിരുന്ന ഡോ. സുൽത്താൻ അൽ ജാബർ നടത്തിയ പ്രഖ്യാപനം. എന്നാൽ, രണ്ടാഴ്ച നീണ്ടുനിന്ന ഉച്ചകോടിയുടെ തീരുമാനങ്ങൾ യുഎഇ കോൺസെൻസസ് എന്ന പേരിൽ നമുക്ക് മുമ്പിൽ തുറന്നു വയ്ക്കപ്പെടുമ്പോൾ, കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭീഷണികളെ നേരിടുവാനുള്ള യഥാർത്ഥ വഴി തിരഞ്ഞെടുക്കുന്നതിൽ ലോകരാഷ്ട്രങ്ങൾക്കിടയിൽ ഉണ്ടായിരുന്ന ആശങ്കയാണ് ഏവരും പങ്കുവയ്ക്കുന്നത്.
കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിന് ആഗോളതലത്തിൽ കൈക്കൊള്ളേണ്ട നിയന്ത്രണങ്ങളുടെയും തിരുത്തലുകളുടെയും ധനസമാഹരണത്തിന്റെയുമൊക്കെ കണക്കെടുപ്പായ ഗ്ലോബൽ സ്റ്റോക്ക് ടേക്കിന്റെ 2030ലെ ലക്ഷ്യങ്ങളിൽ വന്നിട്ടുള്ള കുറവുകൾ പരിഹരിക്കുക, ഹരിതഗൃഹ വാതക ഉദ്‌വമനത്തിൽ ‘നെറ്റ് സീറോ’ ലക്ഷ്യം കൈവരിക്കുന്നതിന് ഇന്ധനങ്ങളില്‍ വഴിമാറുക, സൗരോർജം, കാറ്റ്, ജലം തുടങ്ങി പുനരുപയോഗ ഊർജ സ്രോതസുകളുടെ ഉപയോഗം മൂന്നിരട്ടിയായും ഊർജോപയോഗ കാര്യക്ഷമത ഇരട്ടിയായും വർധിപ്പിക്കുക, എല്ലാ രാജ്യങ്ങളും ആഗോളതാപനം പരിമിതപ്പെടുത്താനുള്ള സുസ്ഥിര നടപടികളും സമയബന്ധിത ലക്ഷ്യങ്ങളും പ്രഖ്യാപിക്കുക, കാലാവസ്ഥാ ഫണ്ട് രൂപപ്പെടുത്തുന്നതിലും ഉപയോഗിക്കുന്നതിലും ക്രിയാത്മക സമീപനം സ്വീകരിക്കുക തുടങ്ങിയവയാണ് കോപ് 28 ഉച്ചകോടി കെെക്കൊണ്ടിട്ടുള്ള മുഖ്യ തീരുമാനങ്ങൾ.
ആഗോള താപന വർധനവ് വ്യാവസായിക യുഗത്തിനു മുമ്പുള്ള നിലയിൽ നിന്നും 1.5 ഡിഗ്രിയിലധികം ഉയരാതിരിക്കുവാനുള്ള ധാരണാപത്രമാണ് 2015ലെ പാരീസ് ഉടമ്പടി. ഇതുപ്രകാരം ഉണ്ടായിട്ടുള്ള പുരോഗതി വിലയിരുത്തുന്നതിനുള്ള യുഎൻ അവലോകനമാണ് “ഗ്ലോബല്‍ സ്റ്റോക്ക്ടേക്”. ലക്ഷ്യങ്ങൾ കൈവരിക്കുന്നതിലും കാലാവസ്ഥാ ദുരന്തങ്ങൾ തടയുന്നതിലും ലോകരാജ്യങ്ങൾ പരാജയപ്പെട്ടിരിക്കുകയാണെന്ന് ഗ്ലോബൽ സ്റ്റോക് ടേക്ക് റിപ്പോർട്ട് വ്യക്തമാക്കുന്നു. കാർബൺ മലിനീകരണം കുറയ്ക്കുന്നതിനോ വികസ്വര രാജ്യങ്ങൾക്കുള്ള ധനസഹായം വർധിപ്പിക്കുന്നതിനോ കഴിയുന്നില്ല. ആഗോള കാർബൺ ഉദ്‍വമന നിരക്ക്, 2050 ൽ പൂജ്യം ആകണമെങ്കിൽ, 2019 ലെ ഉദ്‍വമന നിരക്കിൽ നിന്നും അത് 2030 ആകുമ്പോഴേക്കും 43 ശതമാനവും; 2035ൽ 60 ശതമാനവും ആയി കുറയ്ക്കേണ്ടി വരും. 2025 ഓടെ ഹരിതഗൃഹ വാതക ഉദ്‍വമനം ഏറ്റവും ഉയർന്ന തലത്തിലെത്തുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.


ഇതുകൂടി വായിക്കൂ:  യുഎന്‍ സംഘടനകളുടെ വിശ്വാസ്യത നഷ്ടപ്പെടുന്നു


കാർബൺ ഉദ്‍വമനവും അതുവഴിയുള്ള ആഗോള താപനവും ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിൽ എത്തിനിൽക്കുകയാണ്. വ്യാവസായിക യുഗത്തിന് മുമ്പുള്ള ആഗോള താപനിരക്കിൽ നിന്നും 1.5 ഡിഗ്രിക്കുമേൽ ചൂട് രേഖപ്പെടുത്തിയ 80 ദിനങ്ങളെങ്കിലും 2023ല്‍ ഉണ്ടായി എന്നത് നാം എവിടെ നിൽക്കുന്നുവെന്നതിന്റെ തെളിവാണ്. ചുഴലിക്കാറ്റ്, പേമാരി, ഉഷ്ണവാതം, വെള്ളപ്പൊക്കം, വരൾച്ച തുടങ്ങിയ തീവ്രകാലാവസ്ഥാ പ്രതിഭാസങ്ങൾ നിത്യേനയെന്നോണം ലോകത്തിന് അഭിമുഖീകരിക്കേണ്ടി വരുന്നു. ജൈവവൈവിധ്യവും ആവാസ വ്യവസ്ഥകളും വലിയ ഭീഷണി നേരിടുന്നു. ശുദ്ധജല ലഭ്യതയും ഭക്ഷ്യസുരക്ഷയും അപകടത്തിലേക്ക് നീങ്ങുന്നു. സമുദ്രനിരപ്പ് ഉയരുന്നത് ലക്ഷക്കണക്കിന് ജനങ്ങളെ പുനരധിവാസത്തിലേക്കും പട്ടിണിയിലേക്കും നയിക്കുന്നു. പ്രധാനപ്പെട്ട ഭക്ഷ്യമേഖലകളിൽ പലതും കൃഷിക്ക് അനുയോജ്യമല്ലാത്തവിധം മാറ്റത്തിനു വിധേയമായിക്കൊണ്ടിരിക്കുന്നു. കാലാവസ്ഥാ വ്യതിയാനം സൃഷ്ടിച്ചേക്കാവുന്ന സർവനാശത്തിൽ നിന്നും ഭൂഗോളത്തെ രക്ഷിക്കുവാനുള്ള അവസാനത്തെ അവസരമായാണ്, 2020–30 ദശാബ്ദത്തെ ശാസ്ത്രകാരന്മാർ വിശേഷിപ്പിക്കുന്നത്. അതുകൊണ്ടുതന്നെയാണ് ‘കോപ് 28 ഉച്ചകോടി‘യെ ലോകം ഉറ്റുനോക്കിയത്.
പ്രകൃതിവാതകം, കൽക്കരി തുടങ്ങിയ ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗമാണ് കാർബൺ ഉദ്‍വമനത്തിന്റെ മൂലഹേതുവെന്നത് ലോകത്തിന് ഒരു വെല്ലുവിളി തന്നെയാണ്. ജെെവ ഇന്ധനങ്ങളുടെ വർധിച്ച ഉപയോഗംമൂലം 90 ശതമാനം ജനങ്ങളും വായുമലിനീകരണം വഴിയുള്ള ആരോഗ്യപ്രശ്നങ്ങളും നേരിടുന്നു. എല്ലാവിധത്തിലും, ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം കുറയ്ക്കാൻ ഉതകുന്ന ക്രിയാത്മക തീരുമാനങ്ങളാണ് കാലാവസ്ഥാ ഉച്ചകോടിയിൽ നിന്നും ഉണ്ടാകേണ്ടിയിരുന്നത്. സമവായ ശ്രമങ്ങളുടെ അന്ത്യത്തിൽ ജെെവ ഇന്ധനങ്ങളിൽ നിന്ന് വഴിമാറുക എന്ന ഒഴുക്കൻ പ്രയോഗത്തിലൂടെ ഉച്ചകോടി തന്നെ ഇതിൽനിന്നും വഴിമാറുകയാണ് ചെയ്തത്. പസഫിക് ദ്വീപ് രാജ്യങ്ങൾ ഉൾപ്പെടെയുള്ള പല രാജ്യങ്ങളും ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം പൂർണമായും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും, പ്രധാനപ്പെട്ട എണ്ണ ഉല്പാദക രാജ്യങ്ങളെല്ലാം കടുത്ത എതിർപ്പ് പ്രകടമാക്കി. ജൈവ ഇന്ധന ഉപയോഗം, ഘട്ടംഘട്ടമായി ഒഴിവാക്കുമെന്നു പ്രഖ്യാപിക്കുന്നതിനുപോലും ഉച്ചകോടിക്ക് കഴിഞ്ഞില്ല. എന്നിരുന്നാലും; ഫോസിൽ യുഗത്തിൽ നിന്ന് വഴിമാറേണ്ടിയിരിക്കുന്നുവെന്നുള്ള തിരിച്ചറിവ് ഔദ്യോഗികമായി ഉച്ചകോടി രേഖപ്പെടുത്തി എന്നത്, ഒരു മാറ്റത്തിന്റെ തുടക്കമായി കാണാം. ജൈവ ഇന്ധനയുഗത്തിന്റെ താൾ മറിക്കുവാൻ നമുക്ക് ആയിട്ടില്ല. എന്നാൽ അത് അവസാനിപ്പിക്കുന്നതിന് വേണ്ടിയുള്ള തുടക്കം നാം ദുബായിൽ കുറിച്ചിട്ടിട്ടുണ്ട്. യുഎൻ കാലാവസ്ഥാ വ്യതിയാന വിഭാഗം എക്സിക്യൂട്ടീവ് സെക്രട്ടറി സൈമൺ സ്റ്റീലിന്റെ ഈ വാക്കുകളിൽ, ഉച്ചകോടിയുടെ പ്രതീക്ഷകൾ നിറവേറാത്തതിന്റെ നിരാശ തന്നെയാണ് നിറഞ്ഞുനിന്നത്.


ഇതുകൂടി വായിക്കൂ: മുതലാളിത്തത്തിന്റെ സത്ത


ആഗോളതാപനത്തിനു നിദാനമായ കാർബൺ ഉദ്‍വമനത്തിന് എല്ലാ ലോകരാഷ്ട്രങ്ങളും ഉത്തരവാദികളാണ്. എന്നാൽ ലോകത്തിലെ 10 സമ്പന്ന രാഷ്ട്രങ്ങളുടെ മാത്രം വിഹിതം 68 ശതമാനമാണ്. കുറഞ്ഞ ഉദ്‍വമന നിരക്കുള്ള 100 രാജ്യങ്ങളുടെ വിഹിതം മൂന്ന് ശതമാനം മാത്രമാണെന്നത് ഉയർന്ന ഉദ്‍വമന നിരക്കുള്ള രാജ്യങ്ങളുടെ ഉത്തരവാദിത്തം പതിന്മടങ്ങ് വർധിപ്പിക്കുന്നു. ആഗോള താപനം 1.5 ഡിഗ്രിയിൽ പിടിച്ചുനിർത്തുന്നതിന്, പുനരുപയോഗ ഊർജസ്രോതസുകൾക്കായി മാത്രം 2050നുള്ളിൽ ലോകരാഷ്ട്രങ്ങൾക്ക് 131 ലക്ഷം കോടി ഡോളറിന്റെ നിക്ഷേപം വേണ്ടിവരും. ഇന്ത്യയെപ്പോലുള്ള വികസ്വര രാഷ്ട്രങ്ങൾക്ക്, ഇതെല്ലാം വലിയ വെല്ലുവിളി തന്നെയാണ്.
കാലാവസ്ഥാ വ്യതിയാനം സൃഷ്ടിക്കുന്ന ദുരന്തങ്ങൾക്കുള്ള നഷ്ടപരിഹാരം ലക്ഷ്യമിട്ട്, ഒരു ആഗോള നിധി (ലോസ്&ഡാമേജ് ഫണ്ട്) രൂപീകരിക്കുന്നതിന് രണ്ടുവർഷം മുമ്പ് തീരുമാനം എടുത്തിരുന്നെങ്കിലും അത് പ്രാവർത്തികമാക്കുവാൻ കഴിഞ്ഞിരുന്നില്ല. സുപ്രധാനമായ ഒരു കാൽവയ്പ് ഇക്കാര്യത്തിൽ നടത്തുവാൻ ഉച്ചകോടിക്ക് കഴിഞ്ഞിട്ടുണ്ട്. ഉച്ചകോടിയുടെ ആദ്യദിനം, നിധിയിലേക്ക് 100 ദശലക്ഷം ഡോളർ സംഭാവന ചെയ്ത് ആതിഥേയ രാഷ്ട്രമായ യുഎഇ തന്നെയാണ് ഇതിനു തുടക്കമിട്ടത്. ഉച്ചകോടി അവസാനിക്കുമ്പോഴേക്കും ഇത് 800 ദശലക്ഷം ഡോളറിലേക്കുയർന്നു. എന്നാൽ പ്രകൃതിദുരന്ത പരിഹാരത്തിന് ഇതൊന്നും മതിയാകില്ലെന്ന തിരിച്ചറിവ് ഏവർക്കുമുണ്ട്. എങ്കിലും ആഗോള ലക്ഷ്യങ്ങൾ നേടുന്നതിലെ പുരോഗതി പരിശോധിക്കുന്നതിനുള്ള സൂചകങ്ങൾ നിർണയിക്കുന്നതിലും ഇനിയും മുന്നോട്ടു പോകേണ്ടിയിരിക്കുന്നു.


ഇതുകൂടി വായിക്കൂ: വരള്‍ച്ചാദുരിതത്തില്‍ 23 രാജ്യങ്ങള്‍


‘കാലാവസ്ഥാ ഫണ്ട്’ എന്ന ആശയത്തിന്റെ പ്രാധാന്യവും പ്രസക്തിയും, ചർച്ചകളുടെ കേന്ദ്ര സ്ഥാനത്തേക്ക് കൊണ്ടുവരുവാൻ കഴിഞ്ഞത് ഈ ഉച്ചകോടിയുടെ വലിയ നേട്ടമായി യുഎൻ അവകാശപ്പെടുന്നു. വിവിധ പ്രവർത്തനങ്ങൾക്കായി 8,500 കോടി ഡോളർ സമാഹരിക്കുവാൻ ഇതിനകം കഴിഞ്ഞതായി സമ്മേളന അധ്യക്ഷന്‍ അവകാശപ്പെട്ടു. 31 രാജ്യങ്ങളുടെ പങ്കാളിത്തത്തോടെ, ഗ്രീൻ ക്ലൈമറ്റ് ഫണ്ട്, 1280 കോടി ഡോളറായി ഉയർന്നു. അവികസിത രാഷ്ട്രങ്ങൾക്ക് വേണ്ടിയുള്ള പ്രത്യേക ഫണ്ട് 174 ദശലക്ഷം ഡോളറായും പ്രത്യേക കാലാവസ്ഥാ വ്യതിയാന അനുരൂപീകരണ (അഡാപ്റ്റേഷൻ) ഫണ്ട് 188 മില്യൺ ഡോളർ ആയും വർധിച്ചു. കൂടുതൽ രാജ്യങ്ങൾ ഇതിൽ പങ്കാളികളായി വരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ചുരുക്കത്തിൽ, കാലാവസ്ഥാ വ്യതിയാനം ലോകത്തിനു നൽകുന്ന ഭീഷണിയെ ശാശ്വതമായി നേരിടുന്നതിനുള്ള കർമ്മ പദ്ധതികളുടെ റൂട്ട്മാപ്പ് രൂപപ്പെടുത്തുവാൻ ഉച്ചകോടിക്ക് കഴിഞ്ഞിട്ടില്ല. ‘എല്ലായിടത്തും മാറ്റത്തിനായി ശബ്ദമുയർത്തുന്ന സാധാരണ ജനങ്ങളോടാണ് എന്റെ അവസാന വാക്ക്. നിർണായകമായ വരും വർഷങ്ങളിൽ നിങ്ങളുടെ ശബ്ദവും നിശ്ചയദാർഢ്യവും എന്നത്തേക്കാളും പ്രധാനമാണ്. ഒരിക്കലും കീഴടങ്ങരുതെന്ന് നിങ്ങളോട് അഭ്യർത്ഥിക്കുന്നു’ സമാപന യോഗത്തിൽ, യുഎൻ കാലാവസ്ഥാ വ്യതിയാന വിഭാഗം എക്സിക്യൂട്ടീവ് സെക്രട്ടറി സൈമൺ സ്റ്റീൽ പറഞ്ഞ ഈ വാക്കുകൾ തന്നെയാണ്, കോപ് 28 കാലാവസ്ഥാ ഉച്ചകോടി ലോകത്തിനു നൽകുന്ന സന്ദേശവും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.