19 April 2024, Friday

വികസനം

രാജേഷ് തെക്കിനിയേടത്ത്
കഥ
May 2, 2022 7:41 am

രു പൂവിനും പറ്റിയ ചരിവുതട്ട് നോക്കിയാണ് രാമു വയൽ വാങ്ങിയത്. തോടൊഴുകുന്ന കനാലും, കറ്റയേറ്റി നടക്കാൻതരം ബണ്ടുപാതയുള്ളതാണ് ആ നിലംതന്നെ തെരഞ്ഞെടുക്കാൻ കാരണം.

ബണ്ടിന് നെടുങ്ങനെ വരിയായി നിൽക്കുന്ന ശീമക്കൊന്നകൾ നോക്കി ബ്രോക്കർ കുമാരൻ പറഞ്ഞു. “കൊഴിഞ്ഞ ഇലകൾ കിടന്നു ചീയുന്നത് പോരെ വേറെ വളമെന്തിനാ സാറേ?”

ഉഴുതുമറിച്ച കറുത്ത നിലം കണ്ടാൽ കുമാരൻ പറയുന്നത് ശരിയാണെന്ന് തോന്നും. വിചാരിച്ചതുപോലെ കാര്യങ്ങൾ നടന്നപ്പോൾ രാമുവിന് കുറച്ചൊന്നുമല്ല ആശ്വാസം തോന്നിയത്.

ദുബായ് മീൻചന്തയിൽ മീൻ വെട്ടായിരുന്നു രാമുവിന് ജോലി. വർഷം നാലാകുമ്പോഴേക്കും വീട് വെച്ചു. കൊള്ളാവുന്ന വീട്ടിലേക്ക് പെങ്ങളെ കെട്ടിച്ചയച്ചു. ഇനി സ്വന്തമായൊന്ന് കെട്ടണം. അതിനുമുൻപ് കൃഷിയിടം ഒന്ന് വാങ്ങണം. അമ്മയുടെ ആഗ്രഹമായിരുന്നു അത്. ഒന്നുമില്ലെങ്കിലും കഞ്ഞിയെങ്കിലും കുടിച്ചു കിടക്കാമല്ലോ.

കണ്ടക്കരയിൽ പച്ചമണ്ണിന്റെ മിടിപ്പുകേട്ടപ്പോൾ രാമു ചിരിച്ചു. ഇടപാടുകൾക്ക് ശേഷം ആദ്യത്തെ വിത വിരിപ്പായിരുന്നു. ഭൂമിപൂജ നടത്തിയ അമ്മ ആകാശവും കനാലിൽ വെള്ളമൊഴുക്കിന്റെ കലപില ശബ്ദങ്ങളും ശ്രദ്ധിച്ച് നിമിത്തമെന്നോണം പറഞ്ഞു. “ചാക്കിൽക്കെട്ടിത്താഴ്ത്തിയ വിത്തുണർന്ന് കലമ്പിത്തുടങ്ങി. എല്ലാത്തിനുമുണ്ട് പേറ്റ് നോവ്.”

“നെല്ലിന് താങ്ങ് വേണാമല്ലോ രാമു.” വെയിൽ തട്ടി പച്ചയുടെ പലഭാഗങ്ങളും സ്വർണ്ണനിറം കവരുന്നതും നെൽച്ചെടിയോളം നീണ്ട കതിരും കണ്ട് ആളുകൾ ചോദിച്ചു, ”ഇങ്ങനെയും ഉണ്ടോ ഒരു വിള?” രാമുവിന് പോലും അതിശയമായിരുന്നു. നൂറാംനാളിന് കൊയ്തു. ബണ്ടിറക്കിൽ ഷെഡ് കെട്ടിയായിരുന്നു മെതിക്കളം. നൂറുമേനി വിളവുകണ്ട് ചവിട്ടിക്കുടയാൻ നിന്ന പെണ്ണുങ്ങൾ പറഞ്ഞു. “എന്താ കഥ?”

രണ്ടാംവിത മുണ്ടകൻ. ആ കുറി ഉഴുവിന് ട്രാക്ടറായിരുന്നു. അതിനുമുൻപ് ബണ്ട് വഴിയിൽ ജെസിബികൾ രണ്ടെണ്ണം നിലയുറച്ചു. “അറിഞ്ഞില്ലേ നിങ്ങൾ? ബണ്ട് റോഡാകുന്നു. കനൽ ഒഴിച്ച് പതിനാറടിയോളം അളന്നെടുക്കും. ആദ്യം കല്ല് വിരിയ്ക്കും രണ്ടാം ഗഡുവിന് ടാറും.”

കിഴക്കൻ കറ്റ് വീശിയടിച്ചിട്ടുപോലും രാമുവിന്റെ മുഖത്ത് വിയർപ്പ് കുത്തിയൊഴുകി. “അപ്പോൾ എന്റെ വയൽ…?” ബണ്ടിനോട് ചേർന്ന് നെടുനീളനെ കിടക്കുന്ന തന്റെ വയൽ നോക്കി ഒരു വിറയലോടെ രാമു ചോദിച്ചു.

“അതിന് രൂപയുണ്ട്. അതും ഇരട്ടി.”

“ഉവ്വോ… ?” രാമുവിന് അതിശയമായിരുന്നു. നിസാരകാലം കൊണ്ട് ഒരു ഇൻവെസ്റ്റ്മെന്റ് കൊള്ളലാഭം തരുന്നു.

വയൽ അളന്നുപോയതിന്റെ വേദന രാമു അറിഞ്ഞില്ല. കിട്ടിയ ഇരട്ടിപണം അത് മറച്ചുപിടിച്ചു. “രാമു രക്ഷപ്പെട്ടു. കിട്ടിയത് ബാങ്കിലിട്ടാൽ പോരെ ഇനി ജീവിക്കാൻ?” ആളുകൾ പറഞ്ഞു. നഗരത്തിൽ നിന്നുള്ള വണ്ടിയിൽ കണ്ണടച്ചിരിക്കുമ്പോൾ രാമുവിന്റെ കീശ പലിശപ്പണംകൊണ്ട് വീർത്തിരുന്നു. അടുത്ത നിമിഷം ശബ്ദിച്ച ഫോണിൽ സൊസൈറ്റി സെക്രട്ടറി ജോണിയായിരുന്നു ലൈനിൽ.

“നെല്ലിന്റെ മുഴുവൻ തുകയും അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്തിട്ടുണ്ട്. ഈ വിളയും സൊസൈറ്റിയ്ക്കു തന്നെ തരണം.” വെന്തുനീറിയ കുറേ സങ്കടചീന്തുകൾ രാമുവിന്റെ ഉള്ളിനെ കീറി കടന്നുപോയി. അടുത്ത നിമിഷം കീശയിൽ തിരുകിയ പലിശപ്പണത്തിൽ കൈവെച്ചു. ചേറിന്റെ മണമുള്ള ഒരു തണുത്ത കാറ്റ് വീശി. രാമു ചിരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.