2 March 2024, Saturday

തിരുടാ… തിരുടാ..!

എം എസ് മോഹനചന്ദ്രൻ
October 30, 2022 6:50 am

പ്പീസറാവുക എന്നത് ഏതൊരു ക്ലാർക്കിന്റെയും മിനിമം മോഹമാണല്ലോ. പ്രൊമോഷനോടൊപ്പം ട്രാൻസ്ഫർ ഉറപ്പ്. സർക്കാർ സർവീസിലാണെങ്കിൽ അത് അയൽ ജില്ലയിലൊതുങ്ങിയേക്കും. പക്ഷേ, ഞാൻ ജോലി ചെയ്തിരുന്ന പൊതുമേഖലാ ബാങ്കിൽ പ്രൊമോഷനും ട്രാ‍ൻസ്ഫറും അഖിലേന്ത്യാടിസ്ഥാനത്തിലായിരുന്നു. ഹെഡ് മൂത്ത് എസ്ഐ ആകുന്നതുപോലെ സീനിയോറിറ്റിയിൽ ആഫീസറാകുന്നവർക്കും അയൽസംസ്ഥാനം വരെ പോകാൻ യോഗമുണ്ടാകുമായിരുന്നു. മെരിറ്റ് ക്വാട്ടയിൽ പ്രൊമോഷൻ ലഭിക്കുന്ന മിടുക്കന്മാർ വടക്കേ ഇന്ത്യയുടെ വടക്കേ അറ്റംവരെ പോകാൻ ബാധ്യസ്ഥരാണ്. അങ്ങനെ ആപ്പീസറാകാൻ വേണ്ടി വീടും കൂടുമുപേക്ഷിച്ച് ഈ കൊച്ചു കേരളത്തിൽ നിന്ന് ശ്രീനഗറിലേക്കും സിലിഗുരിയിലേക്കും പെട്ടിയെടുത്തവരെത്ര! നഷ്ടമാകുന്ന ഔദ്യോഗിക സ്വാതന്ത്ര്യവും കുടുംബബന്ധങ്ങളും കാരണം, മക്കളൊക്കെ ഒരു കര പറ്റിയതിനുശേഷമേ ഞാൻ പ്രൊമോഷൻ സ്വീകരിച്ചുള്ളു. എന്നിട്ടും ചെന്നെവരെ പോകേണ്ടിവന്നു. മറ്റൊരു ബാങ്കിലെ ജീവനക്കാരിയായ ശ്രീമതിക്ക് ഒപ്പം ചേരാൻ ബുദ്ധിമുട്ടുണ്ടായില്ല. ഇവരുടെയും ഓഫീസ് പാരിസ് കോർണറിൽ. താമസം അഡയാറിൽ .പോക്കുവരവ് സർക്കാർ വക ബസിലും!
നമ്മുടെ ആനവണ്ടിയിലേതിൽ നിന്നും വ്യത്യസ്തമാണ് അവിടുത്തെ ട്രാ‍ൻസ്പോർട്ട് ബസിലെ ഏർപ്പാടുകൾ. ടിക്കറ്റെടുക്കുന്നത് യാത്രക്കാരന്റെ ഉത്തരവാദിത്തമാണ്. കണ്ടക്ടർ സാർ മിക്കപ്പോഴും പിൻവാതിലിനടുത്തുള്ള അദ്ദേഹത്തിന്റെ ഔദ്യോഗിക സീറ്റിലിരിക്കയേയുള്ളു. ബസിന്റെ മുൻവാതിലിലൂടെ കയറുന്നവർ സഹയാത്രികർ വഴി പണം പിന്നിലേക്ക് പാസുചെയ്ത് ടിക്കറ്റെടുക്കുന്ന സംവിധാനം രസകരമാണ്. ഇടതുഭാഗത്തെ സീറ്റുകൾ സ്ത്രീകൾക്കും വലതുഭാഗത്തേക്ക് പുരുഷന്മാർക്കുമായി സംവരണം ചെയ്യപ്പെട്ടിരിക്കുന്നു. സ്ത്രീകളുടെ സീറ്റിൽ ഉപവിഷ്ടരാകുന്ന പുരുഷകേസരികളെയും ടിക്കറ്റെടുക്കാതെ പമ്മിയിരിക്കുന്ന വിരുതന്മാരെയും പൊക്കാനും ഫൈനടിക്കാനുമായി ഇടയ്ക്കിട സ്ക്വാഡുകൾ പറന്നുവരും!
പതിവുപോലെ അന്നു രാവിലെയും ബസിൽ നല്ല തിരക്കുണ്ടായിരുന്നു. പക്ഷേ, വലതുവശത്തെ രണ്ട് സീറ്റുകൾ ഒഴിഞ്ഞു കിടക്കുകയാണ്, ആരും ഇരിക്കുന്നില്ല! സീറ്റിൽ വെള്ളമോ താഴെ ഛർദ്ദിലോ ഒന്നുമില്ല! ഞങ്ങൾ സധൈര്യം കയറിയിരുന്നു. നിൽപ്പുയാത്രക്കാരിൽ ചിലർ ഞങ്ങളെ പരിഹാസപൂർവം വീക്ഷിക്കുന്നതും സീറ്റിനു മുകളിലേക്ക് ദൃഷ്ടി പായിക്കുന്നതും കണ്ടു! എന്തേലും പന്തികേടുണ്ടോ? കേരളത്തിലെ ബസുകളിൽ… കൈയും തലയും പുറത്തിടരുത്, പുകവലി പാടില്ല, സ്ത്രീകൾ, പുരുഷന്മാർ, വികലാംഗർ, കണ്ടക്ടർ, സീനിയർ സിറ്റിസൺ… എന്നൊക്കെ എഴുതി വച്ചിട്ടുള്ളതുപോലെ അതിലും എന്തൊക്കെയോ കുറിമാനങ്ങൾ കാണുന്നുണ്ട്. ലേശം തമിഴ് വശമുള്ള ശ്രീമതി തപ്പിത്തട‍ഞ്ഞു വായിച്ചു- മകളിർ, ഊനമുറ്റോർ, മുതിയോർ, മാറ്റത്തിരനാളികൾ.. ഞങ്ങളുടെ സീറ്റിനുള്ളിൽ ‘തി… രു… ട… ർ’ എന്നെഴുതിയിരിക്കുന്നു! എന്നു വച്ചാൽ ‘കള്ളൻ’ എന്നല്ലേ അർത്ഥം? അതേല്ലോ! ഭഗവാനേ, തമിഴ്‌നാട്ടിലെ ബസുകളിൽ കള്ളന്മാർക്കും സീറ്റു സംവരണമോ!
തമിഴ്‌നാട്ടിൽ തിരുട്ടുപശങ്കളുക്കു മാത്രമായി ചില ഗ്രാമങ്ങളുണ്ടെന്നു കേട്ടിട്ടുണ്ട്- തിരുട്ടു ഗ്രാമം! അങ്കെ അപ്പാ, അമ്മാ, അണ്ണൻ, തങ്കച്ചി, മാമൻ, മച്ചാ… എല്ലാമേ തിരുട്ടുപശങ്കതാൻ- തിരുട്ടുഫാമിലി! അപ്പാ അമ്മാ അവങ്കെ വേലയെ പാക്കപോയിരിക്കാങ്കേ- എന്നു പറഞ്ഞാൽ രണ്ടുംകൂടീ ജോലിക്കായി കേരളത്തിലോ മറ്റോ പോയിരിക്കുന്നെന്നും ബാഗറുപ്പും മാലപൊട്ടിക്കലുമൊക്കെ കഴിഞ്ഞ്, പൊലീസിന്റെ പിടിയിലായില്ലെങ്കിൽ പേർഷ്യാക്കാരെപ്പോലെ തിരുമ്പിവരുമെന്നും സാരം. ചിന്ന പശങ്കളും കാലേകൂട്ടി പരിശീലനം സമ്പാദിക്കാറുണ്ട്. ഇന്നത്തെ ചിന്ന തിരുടനാണല്ലോ നാളത്തെ പെരിയ തിരുടൻ! സീനിയറായ തിരുടന്മാർ അവശകലാകാരന്മാർക്കുള്ള പെൻഷന് ശ്രമിക്കുന്നതായി അറിയുന്നു. മോഷണവും ഒരു കലയാണല്ലോ!
ആയതിനാൽ, തമിഴ്‌നാട്ടിലെ ബസിൽ ‘തിരുടർ’ക്കായി പ്രത്യേകം സീറ്റു നീക്കിവച്ചിരിക്കുന്നതിൽ അന്യായവും അത്ഭുതവും തോന്നിയില്ല. എങ്കിലും സംശയം ബാക്കിനിന്നു, തല പുകഞ്ഞുകൊണ്ടേയിരുന്നു.
വൈകിട്ട് ഞങ്ങൾ കയറിയത് ഒരു പുത്തൻ ബസിലായിരുന്നു. രാവിലത്തെപ്പോലെ അബദ്ധം പറ്റരുതല്ലോ. സീറ്റിനു മുകളിലെ ലേബലുകൾ ഒന്നൊന്നായി പഠിച്ചു- പുകൈ പിടിക്കാതിർ… മകളിർ… മുതിയോർ… എല്ലാമുണ്ട്. അടുത്തത്- തിരുടർ ജാഗ്രതൈ! അപ്പോൾ അതാണ് സംഗതി! രാവിലെ ഞങ്ങളെ കുഴപ്പിച്ച സ്റ്റിക്കറിലെ ‘ജാഗ്രതൈ’ ഏതോ കുബുദ്ധികൾ മുറിച്ചുമാറ്റിയതാകണം, സാമൂഹ്യദ്രോഹികൾ! അതുമൂലം, ശുദ്ധാത്മാക്കളായ ഞങ്ങൾ എത്രമാത്രം കൺഫ്യൂഷനിലായി! തമിഴന്മാരും എത്ര ശുദ്ധന്മാരാണ്. ‘തിരുടർ’ എന്നു കണ്ടിട്ട് ഞങ്ങൾക്കായി സീറ്റ് ഒഴിവാക്കിയിട്ടിരുന്നില്ലേ? സോ മെനി താങ്ക്സ് ടു തിരുടർകൾ! 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.