ഉത്തർപ്രദേശ് അടക്കമുള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പു ഫലം വന്ന ശേഷം 12 സംസ്ഥാനങ്ങളിലെ ബിജെപി ഇതര മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് ചേർത്ത് സംസ്ഥാനങ്ങളുടെ അധികാരാവകാശങ്ങൾ സംബന്ധിച്ച് അവകാശ പത്രിക സമർപ്പിക്കാൻ ഇടതുപക്ഷം മുൻകൈ എടുക്കുമെന്ന് സിപിഐ(എം) പൊളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പറഞ്ഞു. സിപിഐ(എം) സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭാവി എന്ന വിഷയത്തിൽ നടത്തിയ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദേശീയ ഐക്യം സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ ഇടത് മതേതര കക്ഷികൾ ഒത്തുചേർന്ന് പ്രവർത്തിക്കേണ്ട സമയമാണെന്നും അദ്ദേഹം പറഞ്ഞു. പടിപടിയായി സംസ്ഥാനത്തിന്റെ അധികാരാവകാശങ്ങൾ കവർന്നെടുക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ജിഎസ്ടി നഷ്ടപരിഹാരം സംബന്ധിച്ച് കേരളം അടക്കമുള്ള സംസ്ഥാനങ്ങൾ മുന്നോട്ട് വെച്ച ആവശ്യങ്ങൾ തളളികളഞ്ഞത് ഇതിന് ഉദാഹരണമാണ്. കോവിഡ് കാലത്ത് പ്രധാനമന്ത്രി ജില്ലാ കളക്ടർമാരുടെ യോഗം നേരിട്ട് വിളിച്ചതും സംസ്ഥാനങ്ങളുടെ അധികാരത്തിലുള്ള കൈ കടത്തലായിരുന്നു. പുതിയ വിദ്യാഭ്യാസ നയം വഴി കേരളമടക്കമുള്ള സംസ്ഥാനങ്ങളുടെ മതനിരപേക്ഷ കരിക്കുലത്തെ അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും കാരാട്ട് പറഞ്ഞു.
കേന്ദ്ര സർക്കാർ നിയോഗിച്ചിട്ടുള്ള ഗവർണർമാർ വൈസ്രോയി മാരെ പോലെയാണ് പെരുമാറുന്നത്. കേരളത്തിലെ ഗവർണറുടെ നിലപാടുകളേക്കാൾ കഠിനമായ നിലപാടുകളാണ് മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ സംഥാനങ്ങളിലെ ഗവർണർമാർ കൈക്കൊള്ളുന്നത്. ഫെഡറലിസത്തിന് പകരം ഹിന്ദുത്വ‑കുത്തക മുതലാളിമാരുടെ കൂട്ടുകെട്ടിന് വഴിയൊരുക്കുന്ന ഏകാധിപത്യ നിലപാടുകളാണ് ബിജെപി സർക്കാരിനുള്ളതെന്നും കാരാട്ട് കുറ്റപ്പെടുത്തി. കെ ചന്ദ്രൻ പിള്ള അധ്യക്ഷത വഹിച്ചു. എൽ ഡി എഫ് കൺവീനർ എ വിജയരാഘവൻ, എം സി ജോസഫൈൻ എന്നിവർ സംസാരിച്ചു.
English Summary:Dictatorship of the Central Government: Prakash Karat
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.